ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

മസ്ജിദുന്നബവി

നബി صلى الله عليه وسلم മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്തതിനു ശേഷം രണ്ടാമതായി നിർമ്മിച്ച പള്ളിയായിരുന്നു പരിശുദ്ധ മസ്ജിദുന്നബവി. ആദ്യമായി നിർമ്മിച്ചത് മദീനയിലെതന്നെ ഖൂബാ പള്ളിയായിരുന്നു. സഹ്‌ല് ,സുഹൈൽ എന്നീ രണ്ട് അനാഥരുടെ ഭൂമിയായിരുന്നു മസ്ജിദുന്നബവി നിലകൊള്ളുന്ന സ്ഥലം. ഈ സ്ഥലം ആവശ്യപ്പെട്ടപ്പോൾ അവർ സൌജന്യമായി തരാമെന്ന് പറഞ്ഞെങ്കിലും അവിടുന്ന് സൌജന്യമായി സ്വീകരിക്കാൻ തയ്യാറാ‍കാതെ പകരം അബൂബക്കർ (റ) നൽകിയ പത്ത് സ്വർണ്ണനാണയങ്ങൾ നൽകി ആ ഭൂമി വിലക്ക് വാങ്ങുകയായിരുന്നു. ഈ സ്ഥലത്ത് നബി صلى الله عليه وسلم യും സ്വഹാബത്തും ചേർന്ന് പള്ളി നിർമ്മിച്ചു. 33 /35 ചതുരശ്ര മീറ്ററായിരുന്നു ഈ പള്ളിയുടെ അന്നത്തെ വിസ്താരം. അടിത്തറ കല്ലുകൾ കൊണ്ടും ചുമരുകൾ ഇഷ്ടിക കൊണ്ടുമായിരുന്നു. ഈത്തപ്പനയുടെ തടികളായിരുന്നു തൂണുകൾ. മേൽ‌പ്പുര ഈത്തപ്പനയുടെ ഓലകൊണ്ടുമായിരുന്നു. മൂ‍ന്ന് വാതിലുകളും മുറ്റവും ഉണ്ടായിരുന്നു . സർവ്വാദരണീയനും നേതാവുമായ നബി صلى الله عليه وسلم പൂർണ്ണമായും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ച് ലോകനേതാക്കൾക്ക് മാതൃക കാണിച്ചത് എടുത്ത് പറയേണ്ടുന്ന ചരിത്രമാണ്. ക്രിസ്താബ്ദം 622 ജൂണിലായിരുന്നു ഇത് അഥവാ ഹി‌ജ്‌റ ഒന്നാം വർഷം റബീഉൽ അവ്വലിൽ

ഈ പള്ളിയുടെ ഖിബ്‌ല ശരിപ്പെടുത്തിയതും അത്ഭുതകരമാണ്. നിർമ്മാണം കഴിഞ്ഞു ഖിബ്‌ലയുടെ ഡയരക്ഷൻ കൃത്യമായി മനസ്സിലാക്കാൻ വിഷമം നേരിട്ടപ്പോ ജിബ്‌രീൽ (അ) ഇറങ്ങി വരികയും പ്രശ്നത്തിനു പരിഹാരം നൽകുകയും ചെയ്തു. അവിടുന്ന് മക്ക വരേക്കുമുള്ള ക‌അബയെ നേരിട്ട് കാണുന്നതിനു തടസ്സമാകുന്ന മലകളും മറ്റും മാറ്റിക്കൊടുക്കുകയുംനബി صلى الله عليه وسلم ക‌അ‌ബ നേരിട്ട് കാ‍ണുകയും അതനുസരിച്ച് ഖിബ്‌ല ശരിപ്പെടുത്തുകയും ചെയ്തു.
മസ്ജിടുന്നബവി വിപുലീകരണം

ഖൈബർ യുദ്ധത്തിനു ശേഷം മുസ്‌ലിംകൾ ഗണ്യമായി വർദ്ധിക്കുകയും പള്ളിയിലെ സന്ദർശകർ കൂടി വരികയും ചെയ്തപ്പോൾ അവിടുന്ന് പള്ളി വീണ്ടും വിപുലീകരിക്കുകയുണ്ടായി അങ്ങിനെ വിസ്താരം 50x50 മീറ്ററായി വർദ്ധിച്ചു. ഈ പള്ളിയുടെ പരിധി അറിയിക്കാനായി ഇന്നും അവിടുത്തെ തൂണുകളിൽ
هذا حد مسجد النبي عليه الصلاة والسلام
ഇങ്ങനെ എഴുതി വെച്ചതായി കാണാം. റൗദയിൽ സ്ഥലം കിട്ടാത്തപ്പോൾ കൂടുതൽ പുണ്യമുള്ള സ്ഥലമാണ്‌ ഈ പഴയ പള്ളിയെന്ന് ഓർക്കുമല്ലോ

മഹാനായ സിദ്ധീഖ്‌ رضي الله عنه ന്റെ കാലത്ത്‌ വിപുലീകരണമൊന്നും നടന്നിട്ടില്ല. പിന്നീട്‌ ഉമർ رضي الله عنهന്റെ കാലത്ത്‌ ഹിജ്‌റ പതിനേഴാം വർഷം വീണ്ടും വിപുലീകരിച്ചു. പിന്നീട്‌ ഉസ്മാൻ رضي الله عنهവും ഉമറുബ്നും അബ്ദുൽ അസീസ്‌ رضي الله عنهവും തുടർന്ന് ഖലീഫ മഹ്ദ്‌, ശേഷം ഖലീഫ മുഅ്തസിം, പിന്നീട്‌ സുൽതാൻ ഖായിബ്തായി, തുടർന്ന് സുൽതാൻ അബ്ദുൽ മജീദും പലവിധ വിപുലീകരണങ്ങളും നടത്തി

നബി (صلى الله عليه وسلم )ക്ക്‌ ശേഷം നടന്ന ഏറ്റവും വലിയ വിപുലീകരണമായിരുന്നു സുൽതാൻ അബ്ദുൽ മജീദ്‌ നടത്തിയ വിപുലീകരണം. ഇത്‌ ഹിജ്‌റ 1277 ലായിരുന്നു. ഈ വിപുലീകരണത്തിലാണ്‌ പള്ളിയുടെ മേൽപുര ചെറിയ ചെറിയ ഖുബ്ബകളാക്കി മാറ്റിയതും അവയുടെ ഉൾഭാഗത്ത്‌ മനോഹരമായി ഖുർആൻ വചനങ്ങൾ എഴുതിവെച്ചതും. മാർബിൾ തൂണുകൾക്ക്‌ മുകളിൽ അല്ലാഹുവിന്റെയും റസൂലിന്റെയും നാല്‌ ഖലീഫമാരുടെയും മറ്റും പേരുകൾ എഴുതിവെച്ചതും മനോഹരമായ വാതിലുകൾ വെച്ചതുമൊക്കെ അക്കാലത്തായിരുന്നു. ഇന്നും അവയൊക്കെ കാണാവുന്നതാണ്‌.

പിന്നീട്‌ ഹിജ്‌റ 1368 ൽ തുടങ്ങിയ സഊദി ഗവൺമന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണവും സംരക്ഷണവും ഇന്നും തുടരുന്നു. ഖാദിമുൽ ഹറമൈൻ അൽ-മലിക്‌ അബ്ദുല്ലാഹിബ്നു അബ്ദുൽ അസീസ്‌ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണ്‌. അല്ലാഹു അവർക്ക്‌ അർഹമായ പ്രതിഫലം നൽകട്ടെ എന്ന് ദുആ ചെയ്യാം.

ഏകദേശം മൂന്ന് ലക്ഷത്തോളം പേർക്ക്‌ സുഖമായി നിസ്കരിക്കാനുള്ള സൗകര്യം ഈ പള്ളിക്കുള്ളിൽ ഇന്നുണ്ട്‌. കൂടാതെ മുകൾ നിലയിൽ 6700 പേർക്ക്‌ നിസ്കരിക്കാവുന്നതാണ്‌. അതിനു പുറമെ വിശാലമായ മുറ്റത്ത്‌ നാല്‌ ലക്ഷം പേർക്ക്‌ നിസ്കരിക്കാവുന്നതാണ്‌. എന്നാൽ റമളാൻ , ഹജ്ജ്‌ പോലുള്ള അവസരങ്ങളിൽ പത്ത്‌ ലക്ഷത്തോളം പേരെ മസ്ജിടുന്നബവി ഉൾകൊള്ളുന്നതാണ്‌. ഇന്ന് മദീനയിൽ ആരെയും ആകർശിപ്പിക്കുന്നരീതിയിൽ മനോഹരമായി പത്ത്‌ മിനാരങ്ങളോടേ തലയുയർത്തി നിൽക്കുന്ന ഈ പള്ളിയുടെ പുനർ നിർമ്മാണത്തിന്‌ കോടികൾ ചിലവഴിച്ചിട്ടുണ്ട്‌. സന്ദർശക്കാവശ്യമായ മറ്റെല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ചെയ്തിട്ടുണ്ട്‌. അതിൽ പ്രധാനമാണ്‌ പതിനായിരത്തോളം കാറുകൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യം ഹറമിന്റെ അണ്ടർ ഗ്രൗണ്ടിൽ ചെയ്തതും, ബാത്‌ റൂമുകളും പള്ളിയുടെ ഉള്ളിലുള്ള ലൈബ്രറിയും ചലിക്കുന്ന കൂറ്റൻ ഖുബ്ബകളും ആട്ടോമാറ്റിക്‌ കുടകളും ചുറ്റുമുള്ള താമസ സൗകര്യങ്ങളുമെല്ലാം.

അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:

Post a Comment