ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

മദീനയുടെ സവിശേഷതകള്‍

മദീന ,ദാറുസ്സലാം,തൈബ, ദാറുൽ ഹിജ്‌റ ,മദീനത്തുന്നബവിയ്യ, സയ്യിദത്തുൽ ബുൽദാൻ തുടങ്ങി അനേകം മഹത് നാമങ്ങളാൽ അറിയപ്പെടുന്ന നഗരമാണ് മദീന ശരീഫ്. മദീനയുടെ സവിശേഷതകളിൽ‌പ്പെട്ടതാണ് അന്ത്യപ്രവാചകർ മുഹമ്മദ് നബി (صلى الله عليه وسلم )യും പതിനായിരക്കണക്കിന് ഉന്നതന്മാരായ സഹാബി വര്യന്മാരും മഹത്തുക്കളായ അനേകം ശുഹദാക്കളും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണെന്നത്. യുദ്ധം മൂലമോ ശക്തി കൊണ്ടോ അല്ല മദീനയെ ഇസ്‌ലാമീകരിച്ചത്, മറിച്ച് ഖു‌ർ‌ആ‍ൻ കൊണ്ടായിരുന്നു എന്നതും തന്റെ ഈ പള്ളിയിൽ നാല്പത് നിസ്കാരം തുടർച്ചയായി ജമാ‌അത്തായി നിർവഹിച്ചവനെ നരകത്തിൽ നിന്നും കാപട്യത്തിൽ നിനും ശിക്ഷകളിൽ നിന്നും മോചനം എഴുതപ്പെടുമെന്ന നബി വചനവും ഈ നഗരത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്. ഈ പള്ളിയിൽ വെച്ച് രണ്ട് റക‌അത്ത് നിസ്കരിക്കുന്നത് മസ്‌ജിദുൽ ഹറാമല്ലാത്ത് മറ്റ് പള്ളികളിൽ ആയിരം റക‌അത്ത് നിസ്കരിക്കുന്നതിനു തുല്യമാണെന്നതും, റൌളയിലും ഖബ്‌റിന്റെയടുക്കലും ദുആക് ഇജാബത്തുള്ള സ്ഥലമാണെന്നതും എടുത്ത് പറയേണ്ട സവിശേഷതകളാണ്.

വിശുദ്ധ മക്കക്ക് ശേഷം ലോകത്തിലെ ഏറ്റവും ശ്രേഷഠമായ സ്ഥലവും മദീനയാണ് എന്നാൽ നബി (صلى الله عليه وسلم ) അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടം പുണ്യ ക‌അബയേക്കാളും ശ്രേഷ്ഠമായ സ്ഥലമാണെന്നാണ് പണ്ഡിതപക്ഷം.

മദീനയുടെ പുരോഗതിക്ക് വേണ്ടിയും മറ്റും നബി (صلى الله عليه وسلم ) പ്രത്യേകമായി ദുആ ചെയ്തതായി കാണാം.അതിന്റെ ഗുണഫലങ്ങൾ ഇന്നും മദീന ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

മദീനയുടെ മറ്റൊരു സവിശേഷതയാണ് മലക്കുകളുടെ സംരക്ഷണവലയത്തിലാണ് ഈ പ്രദേശമുള്ളതെന്ന് ഹദീസുകളിൽ കാണാം. ദജ്ജാലിന് പ്രവേശിക്കാൻ കഴിയാത്ത സ്ഥലവുമാണിതെന്നതും.

മദീനയിൽ വെച്ച് മരണമടയുന്നത് നബി(صلى الله عليه وسلم )യുടെ ശഫാ‌അത്തിന് അർഹത ലഭിയ്ക്കാൻ കാരണമാകുമെന്ന് ഇമാം തിർമുദി(റ)യും മറ്റും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

ഭയാനകമായ മഹ്‌ശറിൽ നബി صلى الله عليه وسلم യുടെ ശഫാ‌അത്ത് മൂലം രക്ഷപ്പെടാൻ ഭാഗ്യം ലഭിക്കുന്നവരിൽ ആദ്യത്തെ വിഭാഗം മദീനാ നിവാസികളാണെന്നും പിന്നീട് മക്കാ നിവാസികളാണെന്നും ഹദീസുകളിൽ കാണാം.

മദീനാ നിവാസികൾക്കെതിരെ ഗൂഡാലോചന നടത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നവർ കഠിന ശിക്ഷയ്ക്ക് വിധേയമാകുമെന്ന് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്.

ഇങ്ങിനെ അനേകം സവിശേഷതകളും വിഖ്യാത മിമ്പറും റൌദയും ചരിത്ര പ്രാധാന്യമുള്ള തൂണുകളുമുള്ള വിശുദ്ധ നഗരമാണ് മദീന.

അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:

Post a Comment