ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

ദുല്‍ ഹജ്ജ് പതിനൊന്ന്

പത്തിന്റെ അന്ന് ത്വവാഫും സ‌അ്യുമുണ്ടെങ്കില്‍ അതും കഴിഞ്ഞാല്‍ ളുഹ്‌റിന്റെ മുമ്പ് തന്നെ മിനയിലേക്ക് മടങ്ങലാണ് സുന്നത്ത്. അന്ന് രാത്രി അഥവാ പതിനൊന്നിന്റെ രാവില്‍ മിനയില്‍ രാപാര്‍ക്കല്‍ നിര്‍ബന്ധമാണ്. രാത്രിയുടെ ഭൂരിഭാഗസമയവും മിനയിലുണ്ടായിരിക്കലാണ് വാജിബ്. സ്ഥലകാലത്തിന്റെ മാഹത്മ്യം മനസ്സിലാക്കി മിനയിലെ ദിനരാത്രങ്ങള്‍ ഇബാദത്തിലും ദിക്‌റിലും ദുആയിലും സ്വലാത്തിലുമായി കഴിച്ചുകൂട്ടുകയാണ് വേണ്ടത്. മിനയില്‍ ടെന്റുകളോ രാപാര്‍ക്കാന്‍ മറ്റു സൌകര്യങ്ങളോ ഇല്ലാത്ത , അസീസിയയിലും ന്യൂ മിനയിലുമൊക്കെ താമസിക്കുന്നവര്‍ മഗ്‌രിബിന് മുമ്പ് തന്നെ മിനയിലെത്തി പഴയ മിനയുടെ അതിര്‍ത്തിക്കുള്ളില്‍ എങ്ങിനെയെങ്കിലും അര്‍ദ്ധരാത്രി വരെ കഴിച്ചുകൂട്ടി തിരിച്ചു പോരുന്ന രീതി സ്വീകരിക്കലായിരിക്കും കൂടുതല്‍ പ്രായോഗികം. കാരണം , ഇന്നത്തെ തിരക്കു കാരണം ടെന്റുകള്‍ക്ക് പുറത്ത് കിടക്കാനോ ഇരിക്കാനോ ബന്ധപ്പെട്ടവര്‍ അനുവദിക്കുകയില്ല. അപ്പോള്‍ ഈ രീതി സ്വീകരിച്ചാല്‍ ക്ഷീണവും ഉറക്കവും വരുന്നതിനു മുമ്പ് മിനയില്‍ രാപ്പാര്‍ത്ത് തിരിച്ച് താമസ സ്ഥലത്ത് എത്താവുന്നതാണ്. മൂന്ന് ദിവസവും മിനയില്‍ താമസിക്കാത്തവന് അറവ് നിര്‍ബന്ധമാകും. ഒരു ദിവസം ഒഴിഞ്ഞു പോയാല്‍ ഒരു മുദ്ദ് ഭക്ഷണവും രണ്ട് ദിവസം ഒഴിഞ്ഞ് പോയാല്‍ രണ്ട് മുദ്ദ് ഭക്ഷണവും നല്‍കണം.

സ്‌ദലിഫയില്‍ രാപാര്‍ത്തിട്ടില്ലെങ്കില്‍ അതിന് വേറെ ഫിദ്‌യ കൊടുക്കണം. എന്നാല്‍ രോഗികളെ ശുശ്രൂഷിക്കുക പോലുള്ള കാരണങ്ങളാല്‍ മിനയിലോ മുസ്‌ദലിഫയിലോ രാപാര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഫിദ്‌യ നിര്‍ബന്ധമില്ല. പതിനൊന്നിന് മൂന്ന് ജം‌റകളേയും എറിയണം. ഇതിന്റെ സമയം തുടങ്ങുന്നത് അന്നത്തെ ളുഹ്‌റു വാങ്കു കൊടുത്തതു മുതല്‍ക്കാണ്. പതിമൂന്നിന്റെ സൂര്യന്‍ അസ്തമിക്കുന്നത് വരേക്കും സമയം നിലനില്‍ക്കും.

ഓരോ ജം‌റകളേയും ഏഴ് കല്ലുകള്‍ വീതം കൊണ്ടാണ് എറിയേണ്ടത്. മിനയുടെ ഭാഗത്തുള്ള ജം‌റത്തുല്‍ ഊലയില്‍ നിന്ന് തുടങ്ങി മക്കയുടെ ഭാഗത്തുള്ള ജം‌റത്തുല്‍ അഖബയില്‍ അവസാനിപ്പിക്കുന്ന രൂപത്തിലാണ് എറിയേണ്ടത്. ഈ തര്‍തീബ് നിര്‍ബന്ധമാണ്. മറ്റൊരാള്‍ക്ക് വേണ്ടി എറിയുന്നുവെങ്കില്‍ സ്വന്തം ഏറ് പൂര്‍ണ്ണമായും കഴിഞ്ഞതിന് ശേഷം ഇതേ തര്‍തീബില്‍ ചെയ്യേണ്ടതാണ്. ഖിബ്‌ലക്ക് മുന്നിട്ട് കൊണ്ടാണ് എല്ലാ ജം‌റകളേയും ഈ ദിവസങ്ങളില്‍ എറിയേണ്ടത്. നേരത്തെ പറഞ്ഞ ദിക്‌റുകളും ചൊല്ലണം. ഒന്നാമത്തെ ജം‌റയെ എറിഞ്ഞു അല്പം മുന്നോട്ട് മാറി ദുആ ചെയ്യല്‍ സുന്നത്തുണ്ട്. രണ്ടാമത്തെ ജം‌റയിലും ഇതേ പോലെ ദുആ ചെയ്യല്‍ സുന്നത്തുണ്ട്. മക്കയിലെ, ദുആക്ക് ഉത്തരം കിട്ടുന്ന സ്ഥലങ്ങളില്‍ പെട്ട സ്ഥലമാണിത് രണ്ടും. ജം‌റത്തുല്‍ അഖബയില്‍ പറഞ്ഞ് മറ്റെല്ലാ നിബന്ധനകളും പാലിക്കണം.

No comments:

Post a Comment