ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

മസ്ജിദുന്നബിയിലെ തൂണുകൾ

നബി صلى الله عليه وسلم യുടെ കാലത്ത് തൂണുകൾ ഈത്തപ്പനത്തടികളായിരുന്നു. പിന്നീട് ഉമർ رضي الله عنه ന്റെ കാലത്ത് ഇത് ഇഷ്ടികകൊണ്ടുള്ളതാക്കി. കഴിഞ്ഞ നൂറ്റാണ്ടുകൾക്കിടയിൽ പള്ളിയിൽ അനേകം വിപുലീകരണങ്ങൾ നടന്നെങ്കിലും ഈ തൂണുകളുടെ സ്ഥാനം ആരും മാറ്റിയിട്ടില്ലെന്നതാണ് ചരിത്രം. അത് മൂലം പല ചരിത്രസത്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന തൂണുകൾ കാണാ‍നും അവിടങ്ങളിൽ നിസ്കരിക്കാ‍നും പുണ്യം നേടാനും ഇന്നും മുസ്‌ലിംകൾക്ക് സാധിക്കുന്നു. ഈ ഓരോ തൂണുകളും പ്രവാചകർ صلى الله عليه وسلم യുടെ കാലത്തുള്ള പല ചരിത്രങ്ങളോടും ബന്ധപ്പെട്ടുകിടക്കുന്നു. മഹാന്മാരായ പല സഹാബത്തും ഈ തൂണുകളുടെ പിന്നിൽ നിസ്കരിക്കാൻ ത്യാഗം സഹിച്ചതായി ചരിത്രങ്ങളിൽ കാണാം. നബി صلى الله عليه وسلم യുടെ പുണ്യസ്പർശമേറ്റ സ്ഥലമാണെന്നതും അനേകം ഖുർ‌ആൻ വാക്യങ്ങൾ അവതരിച്ച സ്ഥലമാണെന്നതുമാണ് അതിനു കാരണം. ഇതാണ് ഈ സ്ഥലം ബറക്കത്താക്കപ്പെട്ടതാകാൻ കാരണവും.

ഇവയിൽ പ്രധാനമാണ് ‘ഉസ്‌തുവാനത്തു അൽ മുഖല്ലമ’ (أسطوانة المخلقة) ഇത് റസൂലുല്ലാഹി صلى الله عليه وسلم യുടെ മിഹ്‌റാബിനോട് ചേർന്നാണുള്ളത്. ഇതിന്റെ മുകളിൽ ഇതിന്റെ പേര് എഴുതിയതായി കാണാം ഇവിടെ നബി صلى الله عليه وسلم നിസ്കരിച്ചിട്ടുണ്ട്. ഇതിന് ഈ പേര് വരാനുള്ള കാരണം ഒരിക്കൽ നബി صلى الله عليه وسلم പള്ളിയിലേക്ക് വന്നപ്പോൾ ഈ തൂണിൽ ആരോ തുപ്പിവെച്ചത് കണ്ടു. ഉടനെ ഒരു സഹാബി അത് നീക്കുകയും ചെയ്തു. പകരം അത്തർ പൂശുകയും ചെയ്തു. അങ്ങിനെയാണ് ഖലൂഖ് പൂശപ്പെട്ട എന്നർത്ഥം കുറിക്കുന്ന ഉസ്തുവാനത്തുൽ മുഖല്ലഖ എന്ന പേര് വരാൻ കാരണം. മഹാനായ സൽമത്തുബ്നുൽ അക്‌വ‌അ് رضي الله عنه എന്ന സഹാബി ഇവിടെ നിസ്കരിക്കാൻ വല്ലാതെ സൂക്ഷമത കാണിച്ചതായും അതിന്റെ കാരണം ചോദിച്ചപ്പോൾ ഇവിടെ നബി صلى الله عليه وسلم നിസ്കരിക്കാൻ തത്പര്യം കാണിച്ചിരുന്നു എന്നദ്ദേഹം മറുപടി പറഞ്ഞതായും ഇമാം ബുഖാരി رضي الله عنه റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

മറ്റൊരു തൂണാണ് ഉസ്തുവാനത്തുൽ വുഫൂദ് (أسطوانة الوفود) ഇത് നബി صلى الله عليه وسلم ചാരിയിരുന്നിരുന്ന തൂണാണ്. ഇവിടെ വെച്ചാണ് തന്നെ കാണാൻ വരുന്നവരെ അവിടുന്ന് സ്വീകരിച്ചിരുന്നത്. ഇത് റസൂലുല്ലാന്റെ ഖബ്‌റിന്റെ ചുറ്റുമുള്ള ഗ്രിൽ‌സിനോറ്റ് ചാരിയാണ് ഉള്ളത്. ഇതിന്റെ മുകളിലും എന്ന പേര് എഴുതി വെച്ചട്ടുണ്ട്

മൂന്നാമത്തെ തൂണ് ഉസ്തുവാനത്തുതൌബയാണ് (أسطوانة التوبة) . അബൂലുബാബ رضي الله عنه എന്ന ഒരു സഹാബി തന്റെ പക്കൽ വന്ന ഒരു അപാകതയിൽ മനം നൊന്ത് ഈ തൂണിൽ സ്വയം ബന്ധിതനാവുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ തൌബ അല്ലാഹു സ്വീകരിച്ചപ്പോൾ നബി صلى الله عليه وسلم യാണ് കെട്ടഴിച്ചു കൊടുത്തത്. ഇതാണ് ഈ തൂ‍ണിന് ഉസ്തുവാനത്തുതൌബ എന്ന പേരു വരാൻ കാരണം. ഉസ്തുവാനത്തു അബൂ ലുബാബ എന്നും ഇതിന്‌ പേരുണ്ട്. ഈ പേരാണ് തൂണിന്റെ മുകളിൽ ഇന്ന് കാണുക.

മറ്റൊരു പ്രധാന തൂണാണ് ; ‘ഉസ്തുവാനത്തു ആ‌ഇശ’ (أسطوانة عائشة رضي الله عنها ) ഇത് റൌളയുടെ മധ്യത്തിലായി , മുമ്പ് പരിചയപ്പെടുത്തിയ ‘ഉസ്തുവാനത്തു അൽ മുഖല്ലഖ’യുടെ പിന്നിൽ ഇടതുഭാഗത്തായിട്ടാണുള്ളത്. ഇവിടെ മൂന്ന് മാസത്തോളം നബി صلى الله عليه وسلم ഇമാമായി നിസ്കരിച്ചിട്ടുണ്ട്. പിന്നീടാണ് ഇന്നുള്ള മിഹ്‌റാബിലേക്ക് മാറിയത്. അത് കൊണ്ട് തന്നെ ഈ തൂണിനടുത്ത് നിസ്കരിക്കാൻ മഹാനായ സിദ്ദീഖ് رضي الله عنه ,ഉമർ رضي الله عنه മറ്റ് ഉന്നതന്മാരായ സഹാബത്തും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുഹാജിറുകളാ‍യ സഹാബികൾ ഇവിടെ ഇരിക്കാൻ കൂടുതൽ താത്പര്യം കാണിച്ചിരുന്നു.

ഇതിന് ഈ പേരു വരാനുള്ള കാരണം ; ഒരിക്കൽ ആ‌ഇശബീവി رضي الله عنها യുടെ അടുക്കൽ സഹാബത്തും താബി‌ഈങ്ങളിൽ പ്രമുഖനും ആ‌ഇശബീവി യുടെ സഹോദരിയുടെ മകനുമായ ഉർവത്ത് رضي الله عنه വും ഇരിക്കുമ്പോൾ മഹതി പറഞ്ഞു. ഈ പള്ളിയിൽ ഒരു തൂണുണ്ട്. ആ തൂണിനടുത്ത് നിസ്കരിക്കുന്നതിന്റെ ശ്രേഷ്ടത ജനങ്ങൾ അറിയുകയാണെങ്കിൽ അവർ നറുക്കിട്ടെങ്കിലും അവിടെ നിസ്കരിക്കാൻ ശ്രമിക്കുമായിരുന്നു എന്ന്. സഹാബത്ത് ഏതാണ് ആ തൂണെന്ന് ചോദിച്ചെങ്കിലും മഹതി അറിയിച്ചു കൊടുത്തില്ല. അവർ പുറത്ത് പോയപ്പോൾ തന്റെ സഹോദരിയുടെ മകന് ആ തൂണ് കാണിച്ച് കൊടുക്കുകയും ഉടനെ മഹാനവർകൾ അവിടെ നിസ്കരിക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ സഹാബത്തിനു ബോധ്യമായി പ്രസ്തുത തൂണാണ് നേരത്തെ മഹഹി പറഞ്ഞതെന്ന്. അങ്ങീനെയാണ് ‘ഉസ്തുവാനത്ത് ആഇശ’ എന്ന പേരു വരാൻ കാരണം. ഇന്നും ഈ പേര് ഈ തൂണിന്റെ മുകളിൽ എഴുതിവെക്കപ്പെട്ടത് കാണാം.

സൈദുബുനു അസ്‌ലം رضي الله عنه പറയുന്നു. ഈ തൂണിന്റെ പിന്നിൽ ഞാൻ റസൂലുല്ലാഹി صلى الله عليه وسلم യുടെ നെറ്റിയുടെ അടയാളവും അതിന്റെ തൊട്ടു പിന്നിൽ സിദ്ദീഖ് رضي الله عنه വിന്റെ നെറ്റിയുടെ അടയാളവും അതിനു പിറകിൽ ഉമർرضي الله عنه വിന്റെ നെറ്റിയുടെ അടയാളവും കണ്ടിരുന്നു എന്ന്. ഇത് ഈ മഹാന്മാരൊക്കെ ഇവിടെ നിസ്കരികാൻ വല്ലാതെ താത്പര്യം കാണിച്ചിരുന്നു എന്ന് തെളിയിക്കുന്നു. ഇവിടെ ദു‌ആക്ക് ഉത്തരമുള്ള സ്ഥലമാണെന്നുമുണ്ട്.

അഞ്ചാമത്തേത്, ‘ഇസ്തുവാനത്തുസ്സരീർ’ (أسطوانة السرير ) ആണ് . ഇവിടെയായിരുന്നു നബി صلى الله عليه وسلم ഇ‌അ്തികാഫ് ഇരുന്നിരുന്നത്. ഇവിടെ അതിന്നായി ഒരു കട്ടിലും ഇട്ടിരുന്നു. ഇതാണ് സരീർ എന്ന പേർ വരാൻ കാരണം. ഇതും വിശുദ്ധ ഖബ്‌റിന്റെ ഗ്രിൽ‌സിനോട് ചേർന്നാണുള്ളത്.

ആറാമത്തേത് ‘ഉസ്തുവാനത്തുൽ ഹറസ്’ (أسطوانة الحرس )ആണ്. ഇതിന് ഉസ്തുവനത്തു അലിയ്യുബ്നു അബീതാലിബ്’ എന്നും പേരുണ്ട്. ആദ്യ കാലത്ത് നബി صلى الله عليه وسلم ക്ക് അംഗരക്ഷകനായി ഇവിടെ അലി رضي الله عنه നിൽകാറുണ്ടായിരുന്നു. അതാണ് ഈ പേരു വരാനുള്ള കാരണം. ഇതും ഗ്രിൽ‌സിനോട് ചേർന്നാണുള്ളത്. ഇതിന്റെ മുകളിലും ‘ഉസ്തുവാനത്തുൽ ഹറസ്’ എന്ന് കാണാം വേറെയും പല തൂണുകളുമുണ്ടെങ്കിലും അവ പുറത്ത് കാണുകയില്ല.

ഇന്ന് മൊത്തം മസ്ജിദുന്നബവിയിൽ 4658 തൂണുകളുണ്ട്

അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:

Post a Comment