ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

വിശുദ്ധ കബർ ശരീഫ്

നബി صلى الله عليه وسلم യുടെ ഖബ്‌റ് നിലകൊള്ളുന്ന ഹുജ്‌റത്തുശരീഫ് മഹതിയായ ആ‌ഇശ ബീവി رضي الله عنها യുടെ വീടായിരുന്നു. ഈ വീട് ഈത്തപ്പനമടലുകളെകൊണ്ട് ഉണ്ടാക്കിയതായിരുന്നു. റസൂലുല്ലാഹി صلى الله عليه وسلم വഫാത്തായപ്പോൾ അവിടെതന്നെ മറവ് ചെയ്തു. പിന്നീട് ഉമർ رضي الله عنهന്റെ കാലത്താണ് ഇതിനു ചുമർ പണിതത്. ഇതിന്റെ മേല്‌പുര കൈകൊണ്ട് തൊടാൻ പറ്റുന്നവിധമായിരുന്നു. നബി صلى الله عليه وسلم യുടേ വഫാത്തിന് ശേഷം മഹതി ഈ വീടിനെ ഒരു ചെറിയ ചുമരു വെച്ച്കൊണ്ട് ഖബ്‌റിനെയും തന്റെ കിടപ്പ്മുറിയെയും വേർതിരിച്ച് പിന്നീട് പിതാവ് സിദ്ദീഖ് رضي الله عنهനെയും ഇവിടെ ഖബറടക്കം ചെയ്തു. പിന്നീട് ഉമർ رضي الله عنهനെയും മറവ് ചെയ്തു. അതിനു ശേഷം മഹഹി പൂർണ്ണ പർദയോ‍ട് കൂടെയല്ലാതെ അങ്ങോട്ട് പ്രവേശിച്ചിരുന്നില്ല.

ശേഷം ഈ വീടിന്റെ ചുറ്റും മഹാനായ ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنهഭദ്രമായ ഭിത്തി പണിയുകയുണ്ടായി.

ഇതിനു മുകളിൽ ആദ്യമായി ഖുബ്ബ പണിയുന്നത് സുൽതാൻ മൻസൂർ ഖലാവൂൻ അൽ സാലിഹി എന്ന രാജാവാണ് ഹിജ്‌റ 678 ലായിരുന്നു ഇത്. പിന്നീട് ഹി‌ജ്‌റ 755 ലും 765 ലും 881 ലും 974 ലുമൊക്കെ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. ഹി‌ജ്‌റ 1288 ൽ സുൽതാൻ മഹ്‌മൂദ് രണ്ടാമനാണ് ഖുബ്ബക്ക് പച്ച പെയിന്റ് നൽകുന്നത്. അന്ന് മുതൽക്കാണ് ‘ഖുബ്ബത്തുൽ ഖളിറ’ القبة الخضراء യായി അറിയപ്പെടുന്നത്. അതിന്റെ മുമ്പ് വെള്ളയും നീലയുമൊക്കെയായിരുന്നു ഇതിന്റെ നിറം. ഇന്ന് കാണുന്ന മനോഹരമായ ഇതാണ്. സൌദി ഭരണകൂടം വളരെ ആദരവോടെ ഇതിനെ പരിപാലിക്കുകയും ആവശ്യമാവുമ്പോൾ അറ്റകുറ്റപണികളും പെയിന്റിംഗും ചെയ്ത് വരുന്നു.

ഇതിനുള്ളിൽ മൂന്ന് ഖബ്‌റുകളാണുള്ളത് നബി صلى الله عليه وسلم യുടെയും സിദ്ദീഖ് رضي الله عنه വിന്റെയും ,ഉമർ رضي الله عنهവിന്റെയും ഖബ്‌റുകളാ‍ണത്. ഇവിടെ തന്നെയാണ് ഇനി ഈസാ നബി عليه السلام നെയും മറവ് ചെയ്യുക. ഈ വീടിന്റെ തൊട്ട് പിറകിൽ കാണുന്നതാണ് മഹതിയായ ഫാതിമ ബീവി رضي الله عنهاയുടെ വീട്. ഇവിടെയാണ് മഹതിയുടെ ഖബ്‌ർ എന്ന് പറയുന്ന ചരിത്രകാരന്മാരുണ്ട്. പ്രബലമായ അഭിപ്രായമനുസരിച്ച് മഹതിയുടെ ഖബ്‌ർ ബഖ്വീ‍‌ഇലാണ്.

ക‌അബയെ ആദരസൂചകമായി കില്ലയണിയിക്കുന്നത് പോലെ പരിശുദ്ധ ഖബ്‌റുകളെയും കില്ലയണിയിക്കാറുണ്ട്. ഇതാദ്യമായി ആരംഭിച്ചത് ഹി‌ജ്‌റ 200 കളിലാണ്. ഇബ്‌നുൽ ഹയ്ജാ‌അ് എന്ന മിസ്‌റിലെ ഒരു മന്ത്രിയാണ് ഇത് തുടങ്ങിയത്. ഹാറൂ‍ൻ റശീദിന്റെ ഭാര്യയാണെന്നും കാണുനു. ഇടയ്ക്കിടെ പലരും ഇതിന്റെ മുകളിൽ പുതിയത് വിരിക്കാൻ തുടങ്ങി. അവസാനം മലിക് ഫൈസലിന്റെ കാലത്ത് അഥവാ ഹിജ്‌റ 1371 മുതൽ അതിന്നായി പ്രത്യേകം കമ്പനിതന്നെ സ്ഥാപിക്കുകയും ഇടയ്ക്കിടെ മാറ്റി പുതിയത് അണിയിക്കുകയും ചെയ്ത് വരുന്നു. വളരെ മനോഹരവും വിലപിടിപ്പുള്ളതുമായ കില്ലകളാണ് വിരിക്കാറുള്ളത്.

ഇവിടെ സിയാറത്ത് ചെയ്യുമ്പോഴും അവിടെ നിന്ന് ദു‌ആ ചെയ്യുമ്പോഴും പൂർണ്ണ അദബോടുകൂടിയും താഴ്മയോട് കൂടിയും അല്പം വിട്ടു നിനു കൊണ്ട് ആദരവോടെ സലാം പറയുകയും ദുആ ചെയ്യുകവേണം.

ഇവിടെ അനേകം അത്ഭുത സംഭവങ്ങൾ നടന്നതായി ചരിത്രങ്ങളിൽ കാണാം. വലീദ്ബ്നു അബ്ദുൽ മലികിന്റെ കാലത്ത് പള്ളിപുതുക്കിപണിയുന്ന ജോലിയിലേർപ്പെട്ട ഒരു തൊഴിലാളി ഒരു ദിവസം ആളൊഴിഞ്ഞ ഉച്ച സമയത്ത് സിദ്ദീഖ് رضي الله عنه ന്റെയും ഉമർ رضي الله عنهന്റെയും ഖബ്‌റിൽ മൂ‍ത്രമൊഴിക്കാൻ ശ്രമം നടത്തുകയും അതിന്നായി പോകുന്ന സമയത്ത് പെട്ടെന്ന് പേടിച്ച് അട്ടഹസിച്ച് നിലത്ത് വീഴുകയും വയറ് പൊട്ടി മരണപ്പെടുകയും ചെയ്തത് അതിലൊന്നാണ്.

അത് പോലെ ഹറ്‌റ യുദ്ധക്കാലത്ത് മഹാനായ സ‌ഈദുബ്നുൽ മുസയ്യബ് رحمه الله റൌളയിൽ നിന്ന് ബാങ്കും ഇഖാമത്തും കേട്ടതും ഇതിൽ‌പെട്ടതാണ്.

പലരും ഖബ്‌റിൽ നിന്ന് സലാം മടക്കുന്നത് കേട്ടതായി ഇമാം സുയൂതി رحمه الل യും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മറ്റൊരു പ്രധാന സംഭമാണ് ഹിജ്‌റ 558 ൽ നബി صلى الله عليه وسلم യുടെ ഭൌതിക ശരീരം അപഹരിക്കാൻ നടത്തിയ ശ്രമം വിഫലമായത്.

മൊറോക്കൊക്കാരായ രണ്ട് ക്രിസ്ത്യാനികളായിരുന്നു ഈ നീചശ്രമം നടത്തിയത്. സന്ദർശകരായി ചമഞ്ഞ് വന്ന് ഭൂമി തുരന്ന് ഖബ്‌ർ പൊളിക്കാനായിരുന്നു അവരുടെ ശ്രമം. അന്നത്തെ മുസ്‌ലിം രാജാവായിരുന്ന നൂറുദ്ദീൻ സൻ‌കി നബി صلى الله عليه وسلم യെ സ്വപനത്തിൽ കാണുകയും ഈ രണ്ടുപേരെ കാണിച്ചു കൊടുത്ത് ഉടനെ ശ്രമം വിഫലമാക്കാൻ കല്‌പിക്കുകയും ചെയ്തു. ഈ സ്വപ്നം കണ്ടയുടനെ തന്റെ ഉപദേഷ്ടാക്കളെ വിവരം അറിയിക്കുകയും അവരുമായി കൂടിയാലോചന നടത്തി ഉടനെ മദീനയിലേക്ക് അനേകം സമ്പത്തുമായി പുറപ്പെട്ടു. മദീനയിലെ എല്ലാവരെയും വിളിച്ച് കൂട്ടി എല്ലാവർക്കും രാജാവിന്റെ വക സമ്മാനം നൽകി. എല്ലാവരും സമ്മാനം വാങ്ങാൻ വരുന്ന സമയത്ത് നബി صلى الله عليه وسلم കാണിച്ചുകൊടുത്ത രണ്ടാളെ മനസ്സിലാക്കാമെന്നായിരുന്നു രാജാവ് കരുതിയത് പക്ഷെ അവർ രണ്ട് പേരും സമ്മാനം വാങ്ങാൻ വന്നില്ല.

ഇനി മദീനയിൽ ആരെങ്കിലും സമ്മാനം വാങ്ങാൻ ബാക്കിയുള്ളവരുണ്ടോയെന്ന് രാജാവ് അന്വേഷിച്ചു. ഇനി ആരുമില്ല മൊറോക്കോക്കാരായ രണ്ടാളൊഴികെ . അവർ വലിയ സമ്പന്നരാണ്. അവർ തന്നെ ധാരാളം സദഖ ചെയ്യുന്നവരാണ് .രാജാവിന്റെ സമ്മാനം ആവശ്യമുള്ളവരല്ല എന്നവർ മറുപടി നൽകി. രാജാവിനു അവരെ സംശയമായി . അവരെ വിളിച്ച് കൊണ്ട് വരാൻ പറഞ്ഞു. നോക്കുമ്പോൾ താൻ സ്വപ്നത്തിൽ കണ്ട അതേ വ്യക്തികളായിരുന്നു അവർ. നിങ്ങൾ എവിടെ നിന്നുള്ളവരാണെന്ന് ചോദിച്ചപ്പോൾ , ഞങ്ങൾ മൊറൊക്കൊയിൽ നിന്നുള്ള ഹാജിമാരാണെന്ന് ഉത്തരമേകി. സത്യമാണോ പറയുന്നത് ? എന്നാൽ നിങ്ങൾ താമസിക്കുന്ന സ്ഥലം എനിക്കൊന്ന് കാ‍ണണമെന്ന് രാജാവ് ആവശ്യപ്പെടുകയും അത് പ്രകാരം അവർ താമസിച്ചിരുന്ന സ്ഥലത്ത് ചെന്ന് നോക്കുകയും എന്നാൽ സംശയകരമായി ഒന്നും കാണാൻ കഴിഞ്ഞില്ല. കുറെ പുസ്തകങ്ങളും പണവും മാത്രമാണ് കാണാൻ സാ‍ധിച്ചത്. താഴെ വിരിച്ചിരുന്ന പായ ഉയർത്തി നോക്കിയപ്പോഴാണ് അമ്പരപ്പിച്ച രംഗം കാണുന്നത്. ഒരു വലിയ തുരങ്കം പായ കൊണ്ട് മൂടിയിട്ടിരിക്കുന്നു. അത് ഏകദേശം നബി صلى الله عليه وسلم യുടെ റൌളയുടെ അടുത്ത് വരെ എത്തിയിരിക്കുന്നു. ! അങ്ങിനെ നബി صلى الله عليه وسلم യുടെ ഭൌതിക ശരീരം എടുത്ത്കൊണ്ട് പോകാൻ അന്ന് ആ രണ്ട് ക്രിസ്ത്യാനികൾ നടത്തിയ ഒരു വലിയ ഗൂഢാലോചന പൊളിഞ്ഞു. അവരെ വധിക്കുകയും റൌളക്ക് ചുറ്റും ലോഹങ്ങളെകൊണ്ട് ശക്തമായ മറയുണ്ടാക്കുകയും ചെയ്തു.

അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:

Post a Comment