ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

ദുല്‍ ഹജ്ജ് പത്തിലെ കര്‍മ്മങ്ങള്‍- 4 - ത്വവാഫ്

ദുല്‍ ഹജ്ജ് പത്തിന് ചെയ്യേണ്ടുന്ന നാലാമത്തെ കര്‍മ്മം ത്വവാഫാണ്. ഇത് ഹജ്ജിന്റെ ഫര്‍ളായ ത്വവാഫാണ്. ഇത് ചെയ്യാതെ ഹജ്ജ് പൂര്‍ത്തിയാകുന്നതല്ല. പെരുന്നാളിന്റെ രാവ് പകുതിയാകുന്നതോടെ ഈ ത്വവാഫിന്റെ സമയം പ്രവേശിക്കും. മരണം വരേക്കും അതിന്റെ സമയം നിലനില്‍ക്കും. ശ്രേഷ്ഠമായ സമയം പെരുന്നാളിന്റെ പകല്‍ സമയത്താണ്. അതിനുമപ്പുറം പിന്തിപ്പിക്കല്‍ കറാഹത്താണ്. ഖുദൂമിന്റെ ത്വവാഫിന് ശേഷം സ‌അ്യ് ചെയ്യാത്തവര്‍ ഈ ത്വവാഫിന് ശേഷം സ‌അ്യും ചെയ്യണം. മുമ്പ് ചെയ്തവര്‍ പിന്നീട് ചെയ്യല്‍ കറാഹത്താണ്. സ‌അ്യ് ചെയ്യാത്ത കാലത്തോളം ഹജ്ജില്‍ നിന്ന് പൂര്‍ണ്ണവിരാമം ലഭിക്കുകയില്ല.

സ്ത്രീകള്‍ക്ക് ആര്‍ത്തവമുള്ള സമയത്ത് ത്വവാഫ് ചെയ്യാന്‍ പാടുള്ളതല്ല. ശുദ്ധിയാകുന്നത് വരെ കാത്തിരിക്കണം. മരുന്നു കൊണ്ട് മുന്‍‌കൂട്ടി നിയന്ത്രിക്കുന്നതിന് വിരോധമില്ല. ആര്‍ത്തവസമയത്ത് വിദാഇന്റെ ത്വവാഫ് ഉപേക്ഷിക്കുന്നതാണ്. ആര്‍ത്തവക്കാരിക്ക് മക്ക വിടുന്നതിന് മുമ്പ് ഫര്‍ളായ ത്വവാഫ് ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പാകുകയും നാട്ടിലേക്ക് പോയാല്‍ ഇനി തിരിച്ച് വരാന്‍ സാധിക്കില്ലെന്നും ഉറപ്പായാല്‍ അവളെന്ത് ചെയ്യണമെന്നതിനെക്കുറിച്ച് മക്കയിലെ പ്രസിദ്ധ പണ്ഡിതനായ മുഹമ്മദ് അലവി മാലികി رحمه الله യുടെ ഒരുദ്ധരണി താഴെ കൊടുക്കാം.

സ്ത്രീകളെ നാലായി തിരിക്കാം. ഒന്ന് , മരുന്ന് മുഖേന ആര്‍ത്തവം നിര്‍ത്തി കുളിക്കുകയും ത്വവാഫ് ചെയ്യുകയും പിന്നീട് ആര്‍ത്തവം ഉണ്ടാകുകയും ചെയ്തവള്‍. രണ്ട് , പ്രത്യേക കാരണങ്ങളൊന്നും കൂടാതെ രക്തം നിലക്കുകയും , കുളിയും ത്വവാഫും കഴിഞ്ഞതിന് ശേഷം വീണ്ടും രക്തം കണ്ടവള്‍. ഈ രണ്ട് വിഭാഗത്തിന്റെയും ത്വവാഫ് , ഇടയില്‍ കാണുന്ന ശുദ്ധി ശുദ്ധിയായി പരിഗണിക്കുമെന്ന ശാഫി‌ഈ ഇമാമിന്റെ അഭിപ്രായമനുസരിച്ച് ശരിയാകുന്നതാണ്. ഈ അഭിപ്രായത്തെ പ്രബലമാക്കിയവരാണ് ഇമാം ഗസാലിയും മഹാമിലിയുമൊക്കെ. മാലികി മദ്‌ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ചും ഇവരുടെ ത്വവാഫ് സ്വീകാര്യമാണ്. ഇപ്രകാരം ഹനഫി മദ്‌ഹബനുസരിച്ചും സ്വഹീഹാകും. കാരണം അവര്‍ക്ക് നജസില്‍ നിന്നും അശുദ്ധിയില്‍ നിന്നും ശുദ്ധിയാവല്‍ ത്വവാഫിന് നിര്‍ബന്ധമില്ല. മൂന്നാമത്തെ വിഭാഗം : ആര്‍ത്തവമുള്ളതോടു കൂടെ കുളിക്കുകയോ ശുദ്ധിയാകുകയോ ചെയ്യാതെ ത്വവാഫ് ചെയ്തവള്‍ : ഇവളുടെ ത്വവാഫും ഹനഫീ മദ്‌ഹബനുസരിച്ചും ഹന്‍‌ബലി മദ്‌ഹബിലെ ഒരഭിപ്രായമനുസരിച്ചും സ്വഹീഹാകുന്നതാണ്. ഇവള്‍ക്ക് ഫിദ്‌യ നിര്‍ബന്ധമാകും. നാലമത്തെ വിഭാഗം : ആര്‍ത്തവം കാരണം ത്വവാഫ് ഉപേക്ഷിച്ച് നാട്ടിലേക്ക് പോയവര്‍ : ഇവര്‍ ഖുദൂമിന്റെ ത്വവാഫ് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ഹജ്ജ് സ്വഹീഹാകുമെന്ന് ഇമാം മാലികില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഹമ്മദ് അലവി മാലികിയുടെ لبيك اللهم لبيك എന്ന പുസ്തകത്തിന്റെ 88 ആം പേജില്‍ ഇത് കാരണം.

No comments:

Post a Comment