ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

ദുല്‍ ഹജ്ജ് പത്തിലെ കര്‍മ്മങ്ങള്‍ - 2 : അറവ്

ദുൽഹജ്ജ് പത്തിന് ചെയ്യേണ്ടുന്ന രണ്ടാമത്തെ കർമ്മമാണ് അറവ്. ഹാജിമാർക്ക് മൂന്ന് വിധത്തിൽ അറവ് ഉണ്ടാകും.
ഒന്ന് : ഹദ്‌യ് :
ഹാജിമാരുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുർആൻ കൂടുതൽ പരാമർശിച്ച ബലിയാണത്. മക്കയിൽ അറുത്ത് വിതരണം ചെയ്യാൻ ഹാജിമാർ കൊണ്ടുപോകുന്ന ബലിമൃഗത്തിന് ഹദ്‌യ് എന്ന് പറയുന്നു. ഇത് സുന്നത്താണ്. നേർച്ചയാക്കിയാൽ നിർബന്ധമാകും. ആട്, മാട്, ഒട്ടകം എന്നിവയിൽ ഒന്നിനെയാണ് അറുക്കേണ്ടത്. ഒട്ടകമോ മാടോ ആണെങ്കിൽ ഏഴ് പേർക്ക് ഒന്ന് മതിയാകും. പെരുന്നാൾ ദിനം സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട് റകഅത്തിനും രണ്ടു ഖുതുബക്കും മതിയാകുന്നത്ര സമയം കഴിഞ്ഞാൽ അറുക്കാനുള്ള സമയമായി. പതിമൂന്നിന്റെ സൂര്യാസ്തമയം വരേക്കും ഈ സമയം നീണ്ടു നിൽക്കും

രണ്ട് : ഉള്ഹിയ്യത്ത് : ബലി പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാർക്കും അല്ലാത്തവർക്കും ശക്തിയായ സുന്നത്തുള്ള അറവാണിത്. ഇതിന്റെയും സമയം നേരത്ത വിവരിച്ച സമയം തന്നെയാണ്.

ഉള്ഹിയ്യത്തിന്റെയും ഹദ്യിന്റെയും മാംസങ്ങളിൽ നിന്ന് അല്പം തനിക്ക് ഭക്ഷിക്കാൻ മാറ്റി വെച്ച് ബാക്കി മുഴുവനും ദാനം ചെയ്യലാണുത്തമം. ഇവ രണ്ടും നേർച്ചയാക്കിയാൽ നിർബന്ധമാകുന്നതും അതിൽ നിന്ന് ഭക്ഷിക്കുകയോ തോലു പോലുള്ളവ വിൽക്കുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്.

മൂന്ന് : ഫിദ്‌യ : ഹജ്ജിലോ ഉംറയിലോ സംഭവിച്ച ന്യൂനതകൾ പരിഹരിക്കാനായി നൽകുന്ന അറവാണ് ഫിദ്യ. ഇതിന്റെ സമയം, ന്യൂനത സംഭവിച്ചത് മുതൽക്ക് തുടങ്ങും. എന്നാണോ അറവ് നിർവ്വഹിക്കുന്നത് അത് വരെ അതിന്റെ സമയം നീണ്ടു നിൽക്കും. ഹദ്യയും ,ഫിദ്യയും ഹറമിന്റെ പരിധിക്കുള്ളിൽ വെച്ചായിരിക്കലും അവിടെയുള്ള ദരിദ്രർക്ക് വിതരണം ചെയ്യലും നിർബന്ധമാണ്. ഈ മൂന്ന് ഇനമല്ലാതെ മറ്റൊരു അറവില്ല
പുരുഷന്‍ സ്വന്തമായി അറുക്കലാണ് സുന്നത്ത്. സ്ത്രീ, പുരുഷനെ ഏല്‍‌പ്പിക്കേണ്ടതാണ്. അറുക്കുമ്പോഴോ മറ്റുള്ളവരെ ഏല്‍‌പ്പിക്കുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്.

അറുക്കുമ്പോള്‍ ബലിമൃഗത്തിന്റെ കഴുത്ത് ഖിബ്‌ലയിലേക്ക് തിരിക്കലും താഴെ കൊടുത്ത ദിക്‌റു ചൊല്ലലും സുന്നത്താണ്.
بِسْمِ اللهِ وَاللهُ أَكْبَرْ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ اَللَّهُمَّ مِنْكَ وَإِلَيْكَ فَتَقَبَّلْ مِنِّي

No comments:

Post a Comment