ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

ദുല്‍ ഹജ്ജ് പത്തിലെ കര്‍മ്മങ്ങള്‍- 1 : ജം‌റകളെ എറിയല്‍

ദുല്‍ ഹജ്ജ് പത്തിനാണ് ഹജ്ജിന്റെ ഭുരിഭാഗം അമലുകളും ചെയ്യേണ്ടത്.

അവകള്‍ : ജം‌റത്തുല്‍ അഖബയെ എറിയുക, അറവ് നടത്തുക, മുടി മുറിക്കുക, ത്വവാഫ് ചെയ്യുക, മുമ്പ് സ‌അ്യ് ചെയ്യാത്തവര്‍ സ‌അ്യും ചെയ്യുക. ഇവ ഈ തര്‍ത്തീബനുസരിച്ചാവല്‍ സുന്നത്തുണ്ട്. ഈ തര്‍ത്തിബില്ലെങ്കിലും ഹജ്ജ് ശരിയാകും.
മുസ്‌ദലിഫയില്‍ നിന്ന് സുബ്‌ഹി നിസ്കരിച്ച് പുറപ്പെടലാണ് ശ്രേഷ്ഠത. എങ്കിലും രോഗികള്‍ക്കും കുട്ടികളുള്ളവര്‍ക്കും അര്‍ദ്ധരാത്രിക്ക് ശേഷം മുസ്‌ദലിഫയില്‍ നിന്ന് പുറപ്പെട്ട് ഏറും മറ്റ് കര്‍മ്മങ്ങളും നിര്‍വ്വഹിക്കാവുന്നതാണ്.

മുസ്‌ദലിഫയില്‍ നിന്ന് പുറപ്പെട്ട് മിനായിലെത്തിയാല്‍ ഇങ്ങനെ ദുആ ചെയ്യുക.

اَللَّهُمَّ هٰذِهِ مِنىً قَدْ أَتَيْتُهَا وَأَنَا عَبْدُكَ وَابْنُ عَبْدِكَ أَسْأَلُكَ أَنْ تَمُنَّ عَلَيَّ بِمَا مَنَنْتَ بِهِ عَلَى أَوْلِيَائِكَ ، اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْحِرْمَانِ وَالْمُصِيبَةِ فِي دِينِي يَا أَرْحَمَ الرَّاحِمِينَ


സുന്നത്തനുസരിച്ച് ദുല്‍‌ഹജ്ജ് പത്തിന് ആദ്യം ചെയ്യേണ്ടത് ജം‌റത്തുല്‍ അഖബയെ എറിയുകയാണ്. മുസ്‌ദലിഫയില്‍ നിന്ന് വരുമ്പോള്‍ അവസാനമായി കാണുന്ന ജം‌റയാണ് ജം‌റത്തുല്‍ അഖബ. ആദ്യം കാണുന്നവ ജം‌റത്തുല്‍ ഊലയും പിന്നെ വുസ്‌ഥ്വയുമാണ്. ഈ ഏറ് ഹജ്ജിന്റെ വാജിബാത്തുകളില്‍ പെട്ടതാണ്. പെരുന്നാള്‍ ദിവസം ജം‌റത്തുല്‍ അഖബയെ മാത്രമേ എറിയാന്‍ പാടുള്ളൂ. ഇത് അനുവദനീയമാകുന്ന സമയം പെരുന്നാള്‍ രാവിന്റെ പകുതി കഴിഞ്ഞത് മുതല്‍ തുടങ്ങി ദുല്‍ ഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയം വരേക്കും നീണ്ടുനില്‍ക്കുന്നതാണ്. ശ്രേഷ്ഠമായ സമയം ദുല്‍ ഹജ്ജിന് പത്തിന് സൂര്യന്‍ ഉദിച്ചത് മുതല്‍ ളുഹ്‌റ് വാങ്ക് കൊടുക്കുന്നത് വരേക്കുമാണ്.

പത്തിന് ജം‌റത്തുല്‍ അഖബയെ എറിയേണ്ടുന്ന സുന്നത്തായ രൂപം : ക‌അ്ബയെ ഇടത് ഭാഗത്തും മിനായെ വലതുഭാഗത്തും ആ‍ക്കി ജം‌റക്ക് മുന്നിട്ട് കൊണ്ടാണ് എറിയേണ്ടത്. മറ്റുള്ള ദിവസങ്ങളിലെല്ലാം ഖിബ്‌ലക്ക് മുന്നിട്ട് കൊണ്ട് എറിയലാണ് സുന്നത്.
ജംറയെന്ന് പറയുന്നത് കോഴിമുട്ട ആകൃതിയിലുള്ള കളത്തെകുറിച്ചാണ്, ചുമരിനെയല്ല. ഈ കളത്തിൽ കല്ല് വീഴുമാറ് അടുത്തുചെന്ന് താഴെ കൊടുത്ത് ദിക്റുകൾ ചൊല്ലി അല്ലെങ്കിൽ بسم الله الله أكبر എന്നുരുവിട്ട് ഓരോ കല്ല് വീതം കക്ഷം വെളിവാകുന്ന രൂപത്തിൽ കൈയുയർത്തി എറിയുകയാണ് വേണ്ടത്. സ്ത്രികൾ ഈ രൂപത്തിൽ കൈയുയർത്താൻ പാടില്ല. ഏഴ് കല്ലുകളെകൊണ്ടാണ് എറിയേണ്ടത്. എണ്ണത്തിൽ സംശയിക്കുകയോ കളത്തിലെത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുകയോ ചെയ്താൽ ഉറാപ്പാകുന്നത് വരെ എറിയണം. കളത്തെ ഉദ്ദേശിച്ചെറിയുകയും കല്ല് കളത്തിൽ വീണ് പുറത്തേക്ക് ഉരുണ്ടുപോവുകയും ചെയ്താൽ ഏറ് ശരിയാകുന്നതാണ്. എന്നാൽ തൂണിനെയോ മറ്റെന്തിനെയോ ഉദ്ദേശിച്ചെറിയുകയും അപ്രതീക്ഷിതമായി കളത്തിൽ വീഴുകയും ചെയ്താൽ തന്നെയും അത് പരിഗണിക്കുന്നതല്ല.

ഒരിക്കൽ എറിഞ്ഞ കല്ലുകൊണ്ട് എറിയുകയോ,മറ്റൊരാൾ എറിഞ്ഞ കല്ലുകൊണ്ട് എറിയുകയോ, ജംറകളിൽ നിന്ന് പെറുക്കിയെടുത്ത് എറിയുകയോ ചെയ്താൽ മതിയാകുന്നതാണ്. പക്ഷെ കറാഹത്താണ്. എറിയുന്ന വസ്തു കല്ലിന്റെ ഇനത്തിൽ പെട്ടതാവണം.എറിയുന്ന വസ്തു കല്ലിന്റെ ഇനത്തില്പെട്ടതാകണം. മണ്ണോ ഇരുമ്പോ പറ്റുന്നതല്ല. കൂടുതൽ വലിയതോ വളരെ ചെറിയതോ ആയ കല്ലുകളെകൊണ്ട് എറിയൽ കറാഹത്താണ്. ചിലരെങ്കിലും ജംറകളെ ചെരിപ്പ് കൊണ്ടും കുടകൊണ്ടുമൊക്കെ എറിയുന്നതും , ‘ശൈത്വാനേ’ എന്ന് വിളിക്കുന്നതും കാണാം. ഇത് തെറ്റാണ്. بسم الله الله أكبر എന്ന് ചൊല്ലുകയാണ് വേണ്ടത്. രോഗമോ മറ്റോ കാരണത്താൽ സ്വയം എറിയാൻ കഴിയാത്തവർ എറിയാൻ മറ്റൊരാളെ ഏല്പിക്കാവുന്നതാണ് . ഇങ്ങിനെ മറ്റൊരാളെ എറിയാൻ ഏല്പിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടുന്ന കാര്യങ്ങൾ :
ഒന്ന് : ദുൽഹജ്ജ് പതിമൂന്നിന്റെ സൂര്യൻ അസ്തമിക്ക്ന്നതിനു മുമ്പ് തന്റെ തടസങ്ങൾ നീങ്ങി എറിയാൻ കഴിയില്ലെന്ന് ഉറപ്പുണ്ടാകണം. എങ്കിൽ മാത്രമേ മരൊരാളെ ഏല്പിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ എല്ലാ ദിവസത്തെ ഏറുകളും കൂടെ അവസാനത്തെ ദിവസം എറിഞ്ഞാൽ മതി. വഴിക്ക് വഴിയായി എറിയണമെന്ന് മാത്രം. ഏറിന്റെ പ്രധാന സമയങ്ങളിൽ ഇന്ന് കാണുന്ന തിരക്കുകൾ സ്വയം ഏറിയുന്നതിൽ നിന്ന് ഒഴിവാക്കുന്ന തടസ്സമായി പരിഗണിക്കുകയില്ല. കാരണം പിറ്റേന്ന് പകൽ സമയത്തും രാത്രിയിലുമെല്ലാം തീരെ തിരക്കില്ലാതെ ജംറകൾ ഒഴിഞ്ഞിരിക്കുന്നത് കാണാം. മിക്ക രോഗികൾക്കും ഈ സമയത്ത് എറിയാവുന്നതാണ്.

രണ്ട് : അന്നേ ദിവസത്തെ സ്വന്തം ഏറ് മുഴുവനും എറിഞ്ഞതിനു ശേഷമേ മറ്റൊരാളുടെ ഏറ് എറിയാൻ പാടുള്ളൂ. ഈ നിബന്ധനകളുണ്ടാകുന്നതോടൊപ്പം സമ്മതവും ഉണ്ടായിരിക്കണം.

എറിയാൻ കഴിയാത്ത ചെറിയ കുട്ടികൾക്ക് വേണ്ടി എറിയുമ്പോൾ കുട്ടികളെ എറിയുന്ന സ്ഥലത്ത് സന്നിഹിതരാക്കൽ നിർബന്ധമാണ്. കുട്ടികളുടെ കയ്യിൽ കല്ല് വെച്ച് എടുക്കൽ സുന്നത്താണ്.

ജംറകളിൽ എറിയുമ്പോൾ താഴെ പറയുന്ന ദിക്റുകൾ ചൊല്ലേണ്ടതാണ്.
بِسْمِ اللهِ اَللهُ أَكْبَرُ اَللَّهُُمَّ اجْعَلْهُ حَجّاً مَبْرُوراً وَسَعْياً مَشْكُوراً وَعَمَلاً صَالِحاً مَقْبُولاً وَتِجَارَةً لَنْ تَبُورَ ، بِسْمِ اللهِ اَللهُ أَكْبُر صَدَقَ وَعْدَهُ وَنَصَرَ عَبْدَهُ وَأَعَزَّ جُنْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ لاٰ إِلَهَ إِلاَّ اللهُ وَلاٰ نَعْبُدُ إِلاَّ إِيَّاهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ
എറിയാൻ തുടങ്ങുന്നതോടെ തൽബിയത്ത് ഒഴിവാക്കി തക്ബീർ ചൊല്ലാൻ തുടങ്ങണം. ഇനി ഒരാൾ ആദ്യം ചെയ്യുന്നത് മുടി മുറിക്കലോ ത്വവാഫോ ആണെങ്കിൽ അതോടു കൂടെ തൽബിയത്ത് ഒഴിവാക്കി തക്ബീർ തുടങ്ങണം. ഇക്കാലത്ത് ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു പ്രധാന കാര്യമാണ് ജംറകളിലേക്ക് എറിയാൻ പോകുന്ന സമയത്ത് വിലപിടിപ്പുള്ള സാധനങ്ങളോ, പാസ്പോർട്ട്, ഇഖാമ പോലുള്ള രേഖകളോ കൊണ്ടുപോകാതിരിക്കുകയെന്നത്. കൂടാതെ ബാഗ് പോലുള്ള ഒരു സാധനവും ജംറയുടെ ഭാഗത്തേക്ക് കൊണ്ടുപോകാൻ പോലീസുകാർ അനുവദിക്കുകയില്ല. അവരത് തടയുകയോ വാങ്ങിവെക്കുകയോ ചെയ്യും. എറിയാൻ പോകുന്ന വഴിക്ക് തിരിച്ച് പോരാനും അവർ സമ്മതിക്കുകയില്ല. അതിനാൽ സാധനങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നത് കൊണ്ട് ഒരു സാധനവുമില്ലാതെ പോകുന്നതാണ് ബുദ്ധി. പാസ്പോർട്ട് പോലുള്ള സുപ്രധാന രേഖകൾ ജംറകളിലോ ത്വവാഫിലോ മറ്റോ നഷ്ടപ്പെടുകയോ പോക്കറ്റടിക്കപ്പെടുകയോ ചെയ്താൽ ,മിനയിലും മക്കത്തുമെല്ലാം ഇത്തരം പരാതികൾ സ്വീകരിക്കാൻ പ്രത്യേക ഓഫിസുകളും സംവിധാനങ്ങളും ഗവണ്മെന്റ് ഒരുക്കിയിട്ടുണ്ട്. അവിടെ പരാതി കൊടുക്കുകയും അവരിൽ നിന്ന് തന്റെ നഷ്ടപ്പെട്ട രേഖക്ക് പകരം വെക്കാൻ പറ്റിയ അവരുടെ ഔദ്യോഗിക സ്റ്റാമ്പോട് കൂടിയ പേപ്പർ വാങ്ങിക്കുകയും വേണം.

No comments:

Post a Comment