ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Saturday, July 30, 2011

രേഖകൾ ഇരുപതിനു തന്നെ

(1) ഹസൻ(റ)വിൽ നിന്ന്‌ നിവേദനം: "നിശ്ചയം 'ഉമർ(റ) ജനങ്ങളെ ഉബയ്യുബ്നു ക'അ​‍്ബ്‌(റ) വിന്റെ നേതൃത്വത്തിൽ തറാവീഹ്‌ നിസ്കാരത്തിന്‌ വേണ്ടി സംഘടിപ്പിച്ചപ്പോൾ ഇരുപത്‌ റൿഅതുകളായിരുന്നു നിസ്കരിച്ചിരുന്നത്‌." (സുനനു അബീദാവൂട്‌ 1/202) ഈ ഹദീസ്‌ ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂട്‌(റ) ഒന്നും പറയാത്ത സ്ഥിതിക്ക്‌ രേഖയാക്കാൻ പറ്റുന്ന ഹസനായ ഹദീസാണെന്നാണ്‌ വെക്കേണ്ടത്‌. ഇമാം നവവി(റ) പറയുന്നു: "അബൂദാവൂട്‌(റ) ബലഹീനമാക്കാത്ത ഹദീസുകൾ അവരുടെ അടുക്കൽ ഹസനാണെന്ന്‌ നാം മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌." (ശർഹുൽ മുഹദ്ദബ്‌ 5/8)

(2) യഹ്‌യ ബ്നു സ'ഈദ്‌(റ)വിൽ നിന്ന്‌ നിവേദനം: "നിശ്ചയം ഇരുപത്‌ റക്‌'അത്‌ ജനങ്ങൾക്ക്‌ ഇമാമായി നിസ്കരിക്കാൻ 'ഉമർ(റ) ഒരു വ്യക്തിയോട്‌ ആജ്ഞാപിച്ചു." (മുസ്വന്നഫു ഇബ്നു അബീശൈബ 2/392) ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്‌യബ്നു സ'ഈദ്‌(റ) 'ഉമർ(റ)വിനെ കണ്ടിട്ടില്ലെന്ന്‌ ശൈഖ്‌ നൈമവി(റ) തഅ​‍്ലീഖു ആശാരിസ്സുനനിൽ 2/55 പറയുന്നു. അപ്പോൾ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത്‌ കൊണ്ട്‌ രേഖയാക്കാൻ പറ്റില്ലെന്നാണ്‌ മുബ്തദി'ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുൽ അഹ്‌വദി 2/75ൽ പറയുന്നത്‌. എന്നാൽ യഹ്‌യബ്നു സ'ഈദ്‌(റ) യോഗ്യനായ താബി'ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ൽ നിന്ന്‌ ഹദീസ്‌ കേട്ടിട്ടുണ്ടെന്നും ഖത്വീബുൽ ബഗ്ദാദി(റ) താരീഖു ബഗ്ദാദ്‌ 14/101ൽ പ്രസ്താവിച്ചിട്ടുണ്ട്‌.

'ഉമർ(റ)വിന്റെ പ്രസ്തുത ഹദീസ്‌ സാഇബു ബ്നുയസീദ്‌(റ) ആണ്‌ ഉദ്ധരിക്കുന്നതും. അപ്പോൾ സാഇബ്‌(റ)വിൽ നിന്ന്‌ കേട്ടു തന്നെയാണ്‌ യഹ്‌യബ്നു സ'ഈദ്‌(റ) പറയുന്നതെന്ന്‌ വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തിൽ കണ്ണിയറ്റ ഹദീസ്‌ രേഖയാക്കാമെന്ന്‌ ഇമാം ബൈഹഖ്വി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ൽ വ്യക്തമാക്കിയിട്ടുണ്ട്‌.

(3) സാഇബു ബ്നു യസീദി(റ)ൽനിന്ന്‌ നിവേദനം: "നിശ്ചയം 'ഉമർ(റ) ഉബയ്യുബ്നു ക'അ​‍്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്‌റ്‌ സഹിതം ഇരുപത്തിയൊന്ന്‌ റക്‌'അതുകളുടെ മേൽ ജനങ്ങളെ സംഘടിപ്പിച്ചു." (മുസ്വന്നഫു അബ്ദിർറസ്സാഖ്​‍്വ 4/260)

(4) സാഇബി(റ)ൽനിന്ന്‌ നിവേദനം:" 'ഉമർ(റ)വിന്റെ കാലത്ത്‌ ഞങ്ങൾ ഇരുപത്‌ റക്‌'അതും വിത്‌റും നിസ്കരിക്കാറുണ്ടായിരുന്നു." (ബൈഹഖ്വി(റ)യുടെ മ'അ​‍്‌രിഫതുസ്സുനൻ 4/72) ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന്‌ ഇമാം നവവി(റ) ഖുലാസ്വയിൽ പ്രസ്താവിച്ചതായി മിർഖ്വാത്‌ 2/175ലും ഇമാം സുബ്കി(റ) ശർഹുൽ മിൻഹാജിൽ പ്രസ്താവിച്ചതായി ഫതാവാ സുയൂഥ്വി 1/350ലും ഇബ്നുൽ ഇറാഖ്വി ശറഹുത്തഖ്വ്‌രീബിൽ പ്രസ്താവിച്ചതായി തഅ​‍്ലീഖ്വു ആശാരിസ്സുനൻ 2/54ലും രേഖപ്പെടുത്തിയിട്ടുണ്ട്‌.

(5) സാഇബി(റ)ൽനിന്ന്‌ നിവേദനം: "'ഉമർ(റ)വിന്റെ കാലത്ത്‌ റമൾവാൻ മാസത്തിൽ ഇരുപത്‌ റക്‌'അതായിരുന്നു ജനങ്ങൾ നിസ്കരിച്ചിരുന്നത്‌. 'ഉസ്മാൻ(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവർ നിസ്കാരത്തിന്റെ ദൈർഘ്യത്താൽ വടി ഊന്നിയായിരുന്നു നിന്നിരുന്നത"(സുനനുൽ ബൈഹഖ്വി 2/496). ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന്‌ ഇമാം നവവി(റ) ശർഹുൽ മുഹദ്ദബ്‌ 4/32ൽ പ്രസ്താവിച്ചിട്ടുണ്ട്‌.

(6) സാഇബി(റ)ൽനിന്ന്‌ നിവേദനം: "'ഉമർ(റ)വിന്റെ കാലത്ത്‌ നിസ്കാരം കഴിഞ്ഞ്‌ ഞങ്ങൾ പിരിഞ്ഞുപോകുമ്പോഴേക്ക്‌ നേരം പുലർച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന്‌ റക്‌'അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്‌"(മുസ്വന്നഫു അബ്ദിർറസ്സാഖ്‌ 4/261).

(7) സാഇബി(റ)ൽനിന്ന്‌ നിവേദനം: "സാഇബ്‌(റ) പറയുന്നു. 'ഉമർ(റ)വിന്റെ കാലത്ത്‌ ഇരുപത്തിമൂന്ന്‌ റക്‌'അതുകളായിരുന്നു നിസ്കരിച്ചിരുന്നത്‌" ഇബ്നു 'അബ്ദിൽ ബര്റ്‌(റ) നിവേദനം ചെയ്തത്തായി 'ഉംദതുൽ ഖ്വാരി 11/127).

(8) ഉബയ്യ്‌(റ)വിൽ നിന്ന്‌ നിവേദനം: "ഉമർ(റ) ഉബയ്യി(റ)നോട്‌ ഇപ്രകാരം പറഞ്ഞു. നിശ്ചയം ജനങ്ങൾ പകൽ നോമ്പനുഷ്ഠിക്കുന്നു. അവർ വേണ്ടത്ര ഖ്വിറാഅത്‌ അറിയുന്നവരല്ല. അതുകൊണ്ട്‌ നിങ്ങൾ റമൾവാൻ രാവുകളിൽ ജനങ്ങൾക്ക്‌ ഇമാമായി നിസ്കരിക്കുക. ഇതു കേട്ടപ്പോൾ ഉബയ്യ്‌(റ) പറഞ്ഞു: ഓ അമീറുൽ മുഅ​‍്മിനീൻ, നടപ്പില്ലാത്തത്താണല്ലോ ഇത്‌. 'ഉമർ(റ) ഇപ്രകാരം പ്രതിവചിച്ചു. അതെനിക്കറിയാം. എങ്കിലും നല്ല കാര്യമാണത്‌. അപ്പോൾ ജനങ്ങൾക്ക്‌ ഇമാമായി ഉബയ്യ്‌(റ) ഇരുപത്‌ റക്‌'അത്‌ നിസ്കരിച്ചു (അബൂ ജ'അ​‍്ഫർ(റ) നിവേദനം ചെയ്തത്തായി കൻസുൽ 'ഉമ്മാൽ 4/284).

(9) ഹസൻ(റ)വിൽ നിന്ന്‌ നിവേദനം: "മദീനയിൽ വെച്ച്‌ ജനങ്ങൾക്ക്‌ ഇമാമായി ഉബയ്യ്‌(റ) ഇരുപത്‌ റക്‌'അതും വിത്‌റ്‌ മൂന്ന്‌ റക്‌'അതും നിസ്കരിച്ചിരുന്നു." (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസൻ(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാൽ ഈ ഹദീസിന്റെ നിവേദക പരമ്പര മുർസൽ(കണ്ണി മുറിഞ്ഞത്‌) ആണെങ്കിലും ശക്തിയുള്ളതാണെന്ന്‌ ശൈഖ്‌ നൈമവി(റ) പ്രസ്താവിച്ചിട്ടുണ്ട്‌." (ആശാറുസ്സുനൻ തഅ​‍്ലീഖ്​‍്വ സഹിതം 2/55)

"സ്വഹാബാക്കളിൽ നിന്ന്‌ ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ്‌ ഉബയ്യ്‌(റ)വിൽ നിന്ന്‌ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന്‌ ഇബ്നു 'അബ്ദിൽബര്റ്‌(റ) പ്രസ്താവിച്ചിട്ടുണ്ട്‌." ('ഉംദതുൽ ഖ്വാരി 11/127, ലാമി'ഉദ്ദിറാരി 2/87, ശർഹുൽ മവാഹിബ്‌ 7/420)

(10) മുഹമ്മദുബ്നു ക'അ​‍്ബി(റ)ൽ നിന്ന്‌ നിവേദനം: "അവർ പറഞ്ഞു: 'ഉമർ(റ)വിന്റെ കാലത്ത്‌ റമൾവാനിൽ ഇരുപത്തിമൂന്ന്‌ റക്‌'അതുകളായിരുന്നു ജനങ്ങൾ നിസ്കരിച്ചിരുന്നത്‌." (ഖ്വിയാമുല്ലൈൽ പേജ്‌ 91) മുഹമ്മദുബ്നു ക'അ​‍്ബ്‌(റ) യോഗ്യനും പണ്ഢിതനും മദീനക്കാരനായ താബി'ഇയ്യുമാണെന്ന്‌ ഹാഫിൾവ്‌ ഇബ്നുഹജർ(റ) തഖ്വ്‌രീബ്‌ 2/203ൽ പ്രസ്താവിച്ചിട്ടുണ്ട്‌.

(11) യസീദുബ്നു റൗമാനി(റ)വിൽ നിന്ന്‌ നിവേദനം: "'ഉമർ(റ)വിന്റെ കാലത്ത്‌ റമൾവാനിൽ ഇരുപത്തിമൂന്ന്‌ റക്‌'അതുകളായിരുന്നു ജനങ്ങൾ നിസ്കരിച്ചിരുന്നത്‌" (മുവത്ത്വഅ​‍്‌ പേജ്‌ 40 സുനനുൽ ബൈഹ ഖ്വി 2/496, ഖ്വിയാമുല്ലൈൽ, പേജ്‌ 91). യസീദു ബ്നു റൗമാൻ(റ) മദീനക്കാരിൽ എണ്ണപ്പെടുന്നുവേന്ന്‌ ഇമാം ബുഖാരി(റ) താരീഖുൽ കബീർ 4/331ൽ പ്രസ്താവിച്ചിട്ടുണ്ട്‌. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന്‌ സുർഖ്വാനി(റ) ശർഹുൽ മുവത്ത്വ 1/239ലും പറയുന്നു.


ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാർജ്ജിച്ചതാണെങ്കിലും യസീദ്‌(റ), 'ഉമർ(റ)വിന്റെ കാലത്തില്ലാത്തത്‌ കൊണ്ട്‌ ഈ ഹദീസ്‌ മുർസൽ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി'ഇയ്യ്‌ ഒരു സ്വഹാബിയിൽ നിന്ന്‌ ഉദ്ധരിച്ചാൽ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന്‌ അൽഹാഫിൾവുൽ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്‌രീബുർറാവിയിൽ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്‌. (ആശാറുസ്സുനൻ തഅ​‍്ലീഖ്വ്‌ സഹിതം 2/55)

(12) 'അബ്ദുറഹ്മാനി(റ)ൽനിന്ന്‌ നിവേദനം: "നിശ്ചയം 'അലി(റ) റമൾവാനിൽ ഓത്തറിയുന്നവരെ വിളിച്ച്‌ അവരിൽപ്പെട്ട ഒരാളോട്‌ ജനങ്ങൾക്ക്‌ ഇമാമായി ഇരുപത്‌ റൿഅത്‌ നിസ്കരിക്കാൻ ആജ്ഞാപിച്ചു. 'അലി(റ)വിന്റെ നേതൃത്വത്തിൽ വിത്‌റ്‌ നിസ്കാരവും നടക്കുമായിരുന്നു." (സുനനുൽ ബൈഹഖി 2/496) 'അബ്ദുറഹ്മാൻ(റ), 'അലി(റ)വിൽനിന്ന്‌ ഹദീസ്‌ കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ  റിപ്പോർട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവേന്ന്‌ ഇബ്നുസ'അ​‍്ദ്‌(റ) ത്വബഖ്വാത്‌ 6/175ൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

(13) അബുൽ ഹസനാഇ(റ)ൽനിന്ന്‌ നിവേദനം: "നിശ്ചയം 'അലി(റ) ജനങ്ങൾക്ക്‌ ഇമാമായി ഇരുപത്‌ റക്‌'അത്‌ നിസ്കരിക്കാൻ ഒരാളോട്‌ ആജ്ഞാപിച്ചു."(മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഈ ഹദീസ്‌ ഇമാം ബൈഹഖ്വി(റ) സുനൻ 2/497ലും നിവേദനം ചെയ്തിട്ടുണ്ട്‌.

(14) അ'അ​‍്മശ്‌(റ) വഴി സൈദുബ്നു വഹബി(റ)ൽനിന്ന്‌ നിവേദനം: " 'അബ്ദുല്ലാഹിബ്നു മസ്‌'ഊട്‌(റ) റമൾവാനിൽ ഞങ്ങൾക്ക്‌ ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അ'അ​‍്മശ്‌(റ) പറയുന്നു: "ഇരുപത്‌ റക്‌'അതും വിത്‌റ്‌ മൂന്ന്‌ റക്‌'അതുമായിരുന്നു നിസ്കരിച്ചിരുന്നത്‌." (ഖ്വിയാമുല്ലൈൽ, പേജ്‌ 91)

(15) 'അബ്ദുല്ലാഹിബ്നു ഖ്വൈസി(റ)ൽ നിന്ന്‌ നിവേദനം: "ശുതൈർ(റ) ജനങ്ങൾക്ക്‌ ഇമാമായി റമൾവാനിൽ ഇരുപത്‌ റക്‌'അതും വിത്‌റും നിസ്കരിച്ചിരുന്നു." (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ശുതൈർ(റ) സ്വഹാബിവര്യരായ 'അലി(റ), 'അബ്ദുല്ലാഹി(റ) അവരുടെ പിതാവ്‌ തുടങ്ങിയവരിൽ നിന്ന്‌ ഹദീസ്‌ നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവേന്ന്‌ ഇബ്നു സ'അ​‍്ദ്‌ ത്വബഖ്വാത്‌ 6/181ൽ പ്രസ്താവിച്ചിട്ടുണ്ട്‌. വിത്‌റ്‌ മൂന്ന്‌ റക്‌'അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന്‌ സുനനുൽ കുബ്‌റ 2/492, ഖ്വിയാമുല്ലൈൽ പേജ്‌ 91 എന്നീ ഗ്രന്ഥങ്ങളിൽ കാണാം.

(16) നാഫി'അ​‍്‌(റ)വിൽ നിന്ന്‌ നിവേദനം: "ഇബ്നു അബീ മുലൈക(റ) റമൾവാനിൽ ഞങ്ങൾക്ക്‌ ഇമാമായി ഇരുപത്‌ റക്‌'അത്‌ നിസ്കരിച്ചിരുന്നു." (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393) ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന്‌ അശ്ശൈഖുന്നൈമവി(റ) ആശാറുസ്സുനൻ 2/56ൽ പ്രസ്താവിച്ചിട്ടുണ്ട്‌. മുപ്പത്‌ സ്വഹാബിവര്യന്മാരുമായി ബന്ധം പുലർത്തിയ വ്യക്തിയാണ്‌ ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന്‌ അബൂ ഹാതിമും(റ) അബൂ സർ'അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിൾവുൽ ഖസ്‌റജി(റ) ഖുലാസ്വത തധീബ്‌ 2/76ൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

(17) അബൂ ഇഷാഖ്വി(റ)ൽ നിന്ന്‌ നിവേദനം: "ഹാരിസ്‌(റ) റമൾവാൻ രാവുകളിൽ ജനങ്ങൾക്ക്‌ ഇമാമായി ഇരുപത്‌ റക്‌'അതും വിത്‌റ്‌ മൂന്ന്‌ റക്‌'അതും നിസ്കരിച്ചിരുന്നു." (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393)

(18) അബ്ദുൽമലികി(റ)ൽ നിന്ന്‌ നിവേദനം: "വിത്‌റ്‌ സഹിതം ഇരുപത്തിമൂന്ന്‌ റക്‌'അതുകൾ നിസ്കരിച്ചിരുന്നതായിട്ടാണ്‌ ഞാൻ ജനങ്ങളെ  കണ്ടതെന്ന്‌ 'അത്വാഅ​‍്‌(റ) പ്രസ്താവിച്ചു. (ഖ്വിയാമുല്ലൈൽ, പേജ്‌ 91) ഈ ഹദീസ്‌ ഇബ്നു അബീ ശൈബ(റ) മുസ്വന്നഫ്‌ 2/393ലും ചെയ്തിട്ടുണ്ട്‌. ഇബ്നു അബീശൈബ (റ)യുടെ നിവേദക പരമ്പര ഹസൻ ആണെന്ന്‌ ആശാറുസ്സുനൻ 2/55ൽ കാണാം.

ഇപ്പറഞ്ഞ 'അത്വാഅ​‍്‌, ഇബ്നു അബീ റബാഹ്‌(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്‌. (കശ്ഫുൽ അസ്താർ, പേജ്‌ 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഢിതനായിരുന്നുവേന്ന്‌ ഖസ്‌റജി(റ) ഖുലാസ്വ 2/230ൽ വ്യക്തമാക്കിയിട്ടുണ്ട്‌.

(19) അബൂ ഖസ്വീബി(റ)ൽ നിന്ന്‌ നിവേദനം: "സുവൈദ്‌(റ) റമൾവാനിൽ ഞങ്ങൾക്ക്‌ ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച്‌ തർവീഹതുകളിലായി ഇരുപത്‌ റക്‌'അതുകളായിരുന്നു നിസ്കരിച്ചിരുന്നത്‌."(സുനനുൽ ബൈഹഖ്വി 2/492). സുവൈദ്‌(റ) താബി'ഈ പ്രമുഖരിൽ ഒരാളായിരുന്നുവേന്ന്‌ ഹാഫിൾ​‍്വ ഇബ്നുഹജർ(റ) തഖ്വ്‌രീബ്‌ 1/341ൽ പ്രസ്താവിച്ചിട്ടുണ്ട്‌. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസൻ ആണെന്ന്‌ നൈമവി(റ) ആശാറുസ്സുനൻ 2/55ൽ വ്യക്തമാക്കിയിട്ടുണ്ട്‌.

(20) റബീ'ഇ(റ)ൽ നിന്ന്‌ നിവേദനം: "അബുൽ ബഖ്തരി(റ) അഞ്ച്‌ തർവീഹതും (ഇരുപത്‌ റൿഅത്‌) മൂന്ന്‌ റക്‌'അത്‌ വിത്‌റും നിസ്കരിക്കാറുണ്ടായിരുന്നു." (മുസ്വന്നഫു ഇബ്നി അബീശൈബ 2/393) അബുൽ ബഖ്തരി(റ) താബി'ഉകളിൽ ശ്രേഷ്ഠനാണെന്നും അബൂ സർ'അ(റ)യും ഇബ്നുമഈനും(റ) അദ്ദേഹം യോഗ്യനാണെന്‌ പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്‌റജി(റ)യുടെ ഖുലാസ്വ 1/388ൽ കാണാം.

(21) സ'ഈദുബ്നു 'ഉബൈദി(റ)ൽ നിന്ന്‌ നിവേദനം: "നിശ്ചയം 'അലിയ്യുബ്നു റബീ'അത്‌(റ) ജനങ്ങൾക്ക്‌ ഇമാമായി അഞ്ച്‌ തർവീഹതും വിത്‌റ്‌ മൂന്ന്‌ റക്‌'അതും നിസ്കരിക്കാറുണ്ടായിരുന്നു." (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). 'അലിയ്യുബ്നു റബീ'അത്‌ (റ) അബുൽ മുഗീറതൽ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവേന്ന്‌ കശ്ഫുൽ അസ്താർ പേജ്‌ 76ൽ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന്‌ ആശാറുസ്സുനൻ 2/56ൽ വ്യക്തമാക്കിയിട്ടുണ്ട്‌.

(22) ഇസ്മാ'ഈലുബ്നു 'അബ്ദിൽ മലികി(റ)ൽനിന്ന്‌ നിവേദനം: "സ'ഈദു ബ്നു ജുബൈർ(റ) റമൾവാൻ മാസത്തിൽ ഞങ്ങൾക്ക്‌ ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച്‌ തർവീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്‌." (മുസ്വന്നഫു അബ്ദിർറസ്സാഖ്വ്‌ 4/266) സ'ഈദുബ്നു ജുബൈർ(റ) സ്വഹാബിവര്യന്മാരായ ഇബ്നു 'അബ്ബാസ്‌, ഇബ്നു 'ഉമർ, 'അബ്ദുല്ലാഹിബ്നു മുഗഫ്ഫൽ, 'അടിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരിൽ നിന്ന്‌ ഹദീസ്‌ നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകൾ) രേഖയാക്കാൻ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുൽ ഖസ്‌റജി 1/374ൽ പ്രസ്താവിച്ചിട്ടുണ്ട്‌.

(23) വരിഖ്വാഇ(റ)ൽനിന്‌ നിവേദനം: "സ'ഈദുബ്നു ജുബൈർ(റ) ഞങ്ങൾക്ക്‌ ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. ഇരുപത്‌ രാത്രികളിൽ ആറ്‌ തർവീഹത്‌ വീതം നിസ്കരിക്കും. അവസാനത്തെ പത്തിൽ ഏഴ്‌ തർവീഹതുകളാണ്‌ നിസ്കരിക്കാറുള്ളത്‌." (മുസ്വന്നഫു ഇബ്നി അബീശൈബ 2/394) ഇപ്രകാരം മുഹമ്മദുബ്നു നസ്‌റ്‌(റ) ഖ്വിയാമുല്ലൈൽ പേജ്‌ 92ലും നിവേദനം ചെയ്തിട്ടുണ്ട്‌.

(24) ഹബീബുബ്നു അബീ അമ്ര്‌(റ)യിൽ നിന്ന്‌ നിവേദനം: "സ'ഈദുബ്നു ജുബൈർ(റ) റമൾവാനിൽ ആറ്‌ തർവീഹതുകൾ നിസ്കരിച്ചിരുന്നു. എല്ലാ ഈരണ്ടു റക്‌'അതുകൾക്കുമിടയിൽ സലാം വീട്ടും. ഓരോ തർവീഹതുകളും നാല്‌ റക്‌'അതുകൾ വീതമായിരുന്നു." (ഖ്വിയാമുല്ലൈൽ, പേജ്‌ 92)

(25) 'ഇംറാനി(റ)ൽനിന്ന്‌ നിവേദനം: "അഞ്ച്‌ തർവീഹതുകളാണ്‌ ജനങ്ങൾ നിസ്കരിച്ചിരുന്നത്‌. അവസാനത്തെ പത്താകുമ്പോൾ ഒരു തർവീഹത്‌ അവർ വർധിപ്പിക്കാറുണ്ടായിരുന്നു" (ഖ്വിയാമുല്ലൈൽ, പേജ്‌ 92).

(26) ദക്‌വാൻ(റ)വിൽ നിന്ന്‌ നിവേദനം: "സൂറാറതു ബ്നു 'ഔഫ്‌(റ) റമൾവാനിൽ തന്റെ ഗോത്രത്തിന്‌ ഇമാമായി ആറ്‌ തർവീഹതുകൾ നിസ്കരിച്ചിരുന്നു. അവസാനത്തെ പത്താകുമ്പോൾ ഏഴ്‌ തർവീഹതുകൾ നിസ്കരിക്കും" (ഖ്വിയാമുല്ലൈൽ, പേജ്‌ 92).

(27) 'അംറുബ്നു മുഹാജിറി(റ)ൽ നിന്ന്‌ നിവേദനം: "ഖലീഫാ 'ഉമറുബ്നു 'അബ്ദിൽ 'അസീസ്‌(റ)വി ന്റെ സാന്നിധ്യത്തിൽ റമൾവാനിൽ ജനങ്ങൾ പതിനഞ്ച്‌ പ്രാവശ്യമുള്ള തസ്ലീമതു (സലാംവീട്ടൽ)കളിലായി നിസ്കരിക്കാറുണ്ടായിരുന്നു" (ഖിയാമുല്ലൈൽ, പേജ്‌ 92). അഞ്ചിൽ കൂടുതലായി പറഞ്ഞ എല്ലാ തർവീഹതുകളും വിത്‌റിൽ പെട്ടതാണെന്ന്‌ ഫഥുൽബാരി 4/220ൽ പ്രസ്താവിച്ചിട്ടുണ്ട്‌.

(28) സ'അ​‍്ഫറാനി(റ)ൽ നിന്ന്‌ നിവേദനം: "ഇമാം ശാഫി'ഈ(റ) പറയുന്നു. ഇരുപത്‌ റക്‌'അതാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്‌. ഇപ്രകാരമാണ്‌ മക്കയിൽ നിസ്കരിച്ചു പോരുന്നതും' (ഖ്വിയാമുല്ലൈൽ പേജ്‌ 92).

(29) ദാവൂടി(റ)ൽ നിന്ന്‌ നിവേദനം:" 'അബ്ദുറഹ്മാനു ബ്നു ഹുർമുസ്‌(റ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു. റമൾവാൻ മാസത്തിൽ (നിസ്കാരത്തിൽ) ജനങ്ങൾ കാഫിറുകളെ ശപിക്കുന്നതായിട്ടല്ലാതെ ഞാൻ  കണ്ടിട്ടില്ല. എട്ട്‌ റക്‌'അതുകളിൽ അൽബഖ്വറ സൂറ:യായിരുന്നു ഖ്വിറാഅത്‌ അറിയുന്നവർ ഓതിയിരുന്നത്‌. ശേഷമുള്ള പന്ത്രണ്ട്‌ റക്‌'അതുകളിൽ പ്രവേശിച്ചാൽ നിസ്കാരം ലഘൂകരിച്ചതായി ജനങ്ങൾ അഭിപ്രായപ്പെടും" (മുസ്വന്നഫു അബ്ദിറസാഖ്‌ 4/262).

(30) ഇമാം തിർമുദി(റ) പറയുന്നു: "ബഹുഭൂരിപക്ഷം പണ്ഢിതന്മാരും 'ഉമർ(റ), 'അലി(റ) തുടങ്ങിയ സ്വഹാബിമാരിൽ നിന്ന്‌ റിപ്പോർട്ടു ചെയ്യപ്പെടുന്ന ഇരുപത്‌ റൿഅതിന്റെ അഭിപ്രായക്കാരാണ്‌. സൗരി(റ), ഇബ്നുൽ മുബാറക്‌(റ), ശാഫി'ഈ(റ) തുടങ്ങിയവരുടെ പക്ഷവും ഇതുതന്നെ. ഇമാം ശാഫി'ഈ(റ) ഇപ്രകാരം പറഞ്ഞിട്ടുമുണ്ട്‌; നമ്മുടെ രാജ്യമായ മക്കയിൽ ഇരുപത്‌ റക്‌'അത്‌ നിസ്കരിച്ചു പോരുന്നതായിട്ടാണ്‌ ഞാൻ  കണ്ടിട്ടുള്ളത്‌" (ജാമി'ഉത്തുർമുദി 1/99).

ഇമാം തിർമുദി(റ) പറഞ്ഞ ബഹുഭൂരിപക്ഷത്തിനെതിരിലുള്ളവർ ഇമാം മാലിക്‌(റ)വും അനുയായികളുമാണ്‌. അവർ പറയുന്നത്‌ തറാവീഹ്‌ മുപ്പത്തിയാറ്‌ റക്‌'അതുകളാണെന്നാണ്‌. പക്ഷേ, അടിസ്ഥാനപരമായി ഇരുപത്‌ റക്‌'അതാണെന്ന്‌ അവരും സമ്മതിക്കുന്നു. അഞ്ച്‌ തർവീഹതുകളുടെ നാലു ഇടവേളകളിൽ ഓരോരുത്തരും സ്വന്തമായി നന്നാല്‌ റക്‌'അതുകൾ നിസ്കരിക്കുന്ന സമ്പ്രദായം പണ്ടുകാലം മുതലേ മദീനയിലുണ്ടായിരുന്നു. ജമാ'അതായി നിസ്കരിക്കുന്ന ഇരുപതുകൾക്കിടയിൽ ഒറ്റക്ക്‌ നിസ്കരിക്കുന്ന പതിനാറും കൂട്ടിയാണ്‌ മുപ്പത്തിയാറ്‌ എന്ന്‌ പറഞ്ഞത്‌. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി തറാവീഹ്‌ ഇരുപത്‌ റൿഅതാണെന്നതിൽ രണ്ടു പക്ഷമില്ല. ഈ വസ്തുത ഇർശാദുസ്സാരി 3/426, ഫതാവസ്സുയൂഥ്വി 1/260, വലിയ്യുൽ ഇറാഖ്വി(റ)യുടെ ത്വർഹുത്തസ്‌രീബ്‌ 3/97, സുംഹൂടി(റ)യുടെ വഫാഉൽവഫ 1/85 തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്ന്‌ വ്യക്കമാകും.

ഹിജ്‌റ 911-ൽ വഫാത്തായ സുംഹൂടി(റ)യുടെ വാക്കുകൾ കാണുക:"ഇപ്പറഞ്ഞ എണ്ണം (36) കൊണ്ടു ള്ള നിസ്കാരം ഇന്നേവരെ നിലനിന്നു പോരുന്നു. പക്ഷേ, ഇരുപത്‌ റക്‌'അത്‌ 'ഇശാഅ​‍്‌ നിസ്കാരാനന്തരവും പതിനാറ്‌ റൿഅതുകൾ രാത്രിയുടെ അവസാന സമയത്തുമാണ്‌ അവർ നിസ്കരിച്ചിരുന്നത്‌." (വഫാഉൽ വഫ 1/85)

ഹനഫീ പണ്ഢിതനായ ഇമാം സറഖ്സി(റ) എഴുതുന്നു: "ഇമാം മാലികി(റ)ന്റെ അഭിപ്രായമനുസരിച്ച്‌ പ്രവർത്തിക്കാനുദ്ദേശിക്കുന്നവർ ഇമാം അബൂഹനീഫ(റ) പറയുന്നത്‌ പോലെയാണ്‌ ചെയ്യേണ്ടത്‌. നബിചര്യ പോലെ ഇരുപത്‌ റക്‌'അത്‌ (ജമാഅതായി) നിസ്കരിക്കുകയും ബാക്കിയുള്ളവ സ്വന്തമായി നിസ്കരിക്കുകയും ചെയ്യണം." (മബ്സ്വൂത്‌ 2/144). ഇമാം നവവി(റ) പറയുന്നു: "ഈ പറഞ്ഞ എണ്ണം തന്നെ മദീനക്കാരല്ലാത്തവർക്ക്‌ നിസ്കരിച്ചു കൂടെന്നാണ്‌ നമ്മുടെ അസ്വ്ഹാബ്‌ പ്രസ്താവിച്ചിട്ടുള്ളത്‌." (റൗള 1/335)

(31) തറാവീഹ്‌ ഇരുപത്‌ റക്‌'അതുകളാണെന്നതിന്‌ പണ്ഢിത ലോകത്തിന്റെ ഇജ്മാ'അ​‍്‌ ഉള്ളതായി എല്ലാ മധബ്‌ ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു. ഹനഫീ ഗ്രന്ഥങ്ങളായ മറാഖ്വിൽ ഫലാഹ്‌ പേജ്‌ 82, മിൻഹതുൽ ഖാലിഖ്വ്‌ 2/66, റദ്ദുൽ മുഹ്താർ 1/445, ശർഹുൽ കൻസ്‌1/119, മാലികി ഗ്രന്ഥങ്ങളായ അൽ മുസയ്യറുൽ ജലീൽ 1/258, അദ്ദുർറുസ്സമീൻ പേജ്‌ 198, ശാഫി'ഈ ഗ്രന്ഥങ്ങളായ ഫഥുൽ ജവാദ്‌ പേജ്‌ 163, തുഹ്ഫ 2/241, നിഹായ, മുഗ്നി, അൽ മൻഹജുൽ ഖ്വവീം 2/427, ഇംദാദ്‌ 1/103, ഇർശാദുസ്സാരി 3/426, കിഫായതുൽ അഖ്‌യാർ 1/88, ദലീലുൽ ഫാലിഹീൻ 2/670, ഖ്വൽയൂബി 1/217, ശർഖ്വാവി 1/310, ബുശ്‌റൽ കരീം 1/103, ഹമ്പലീ ഗ്രന്ഥങ്ങളായ മുഗ്നി 1/834 ഹാശിയതുൽ മുഗ്നി 2/167 തുടങ്ങിയവ ഉദാഹരണങ്ങളാണ്‌.


(32) ഇബ്നു തൈമിയ്യ എഴുതുന്നു: "ഖ്വിയാമു റമൾവാനിൽ ഇരുപത്‌ റക്‌'അത്‌ തറാവീഹും മൂന്ന്‌ റക്‌'അത്‌ വിത്‌റുമാണ്‌ ഉബയ്യുബ്നു ക'അ​‍്ബ്‌(റ) ജനങ്ങൾക്ക്‌ ഇമാമായി നിസ്കരിച്ചിരുന്നതെന്ന്‌ സ്ഥിരപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ ഇപ്രകാരം നിസ്കരിക്കുന്നതാണ്‌ നബിചര്യയെന്ന്‌ ഭൂരിപക്ഷം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നു. മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബികൾക്കിടയിൽ ഇപ്രകാരം നിസ്കരിച്ചപ്പോൾ ആരുടെ ഭാഗത്തുനിന്നും യാതൊരു എതിർപ്പുമുണ്ടായിട്ടില്ലെന്നതാണ്‌ ഇതിനു കാരണം." (ഇബ്നുതൈമിയ്യയുടെ മജ്മൂ'ഉൽ ഫതാവ 23/112)

(33) ഇബ്നു ഖയ്യിം പറയുന്നു: "ഉബയ്യു ബ്നു ക'അ​‍്ബ്‌(റ) ജനങ്ങൾക്ക്‌ ഇമാമായി ഇരുപത്‌ റക്‌'അത്‌ നിസ്കരിച്ചതു നമുക്ക്‌ രേഖയാണ്‌." ('ഔനുൽ ബാരി 4/373)

(34) പുത്തൻ വാദികളുടെ നേതാവ്‌ ഇബ്നു 'അബ്ദിൽ വഹാബ്‌ പറയുന്നു: "ഉബയ്യുബ്നു ക'അ​‍്ബി(റ)ന്റെ നേതൃത്വത്തിൽ 'ഉമർ(റ) തറാവീഹിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ ഇരുപത്‌ റക്‌'അത്‌ നിസ്കരിച്ചുവേന്നതാണ്‌ നമ്മുടെ രേഖ" (മുഖ്തസ്വറുൽ ഇൻസ്വാഫ്‌ 1/106)

(35) ശിയാക്കൾ പോലും തറാവീഹ്‌ ഇരുപത്‌ റക്‌'അതാണെന്ന്‌ സമ്മതിക്കുന്നു. വഖ്​‍്വതിന്റെ കാര്യത്തിലാണ്‌ ഭിന്നതയുള്ളത്‌. അവരുടെ കിതാബുശ്ശരീ'അ 1/65ൽ പറയുന്നു: "റമൾവാനിന്റെ എല്ലാ രാത്രികളിലും ഇരുപത്‌ റക്‌'താണ്‌ നിസ്കരിക്കേണ്ടത്‌. മഗ്‌രിബിന്റെ ശേഷം എട്ടും 'ഇശാഇന്റെ ശേഷം പന്ത്രണ്ടുമായിരിക്കണമെന്നതാണ്‌ പ്രബലം." ഇത്രയും വ്യക്തമായ രേഖകളുടെ പിൻബലം ഇരുപതിനുള്ളത്‌ കൊണ്ടു തന്നെ നബി(സ്വ) ഇരുപത്‌ റക്‌'അത്‌ തറാവീഹ്‌ നിസ്കരിച്ചിരുന്നുവേന്ന ഹദീസ്‌ ശക്തിയാർജ്ജിക്കുന്നത്‌ കൊണ്ട്‌ അതിന്റെ നിവേദക പരമ്പരയിലെ ദൗർബല്യം പരിഹരിക്കപ്പെടുമെന്നും അതു കൊണ്ടു തന്നെ പ്രസ്തുത ഹദീസ്‌ രേഖയായി അവലംബിക്കാമെന്നും മിൻഹതുൽ ഖാലിഖ്വ്‌ 2/66, ഫഥുൽ മുൽഹിം 2/319, അത്ത'അ​‍്ലീഖ്വുസ്സ്വബീഹ്‌ 2/105 തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്‌.

ഈ അടിസ്ഥാനത്തിലാകാം ഇമാം റാഫി'ഈ (റ) തന്റെ ശർഹുൽ കബീർ 4/264ൽ പ്രസ്തുത ഹദീസ്‌ രേഖയായി അവലംബിച്ചതു. ശൈഖ്‌ അബ്ദുൽ ഹഖ്​‍്വ അദ്ദഹ്ലവി(റ) തന്റെ ലമ'ആതിൽ പറയുന്നത്‌ കാണുക. "ഇബ്നു 'അബ്ബാസ്‌ (റ) വിന്റെ ഹദീസിൽ വന്നത്‌ പ്രകാരം നബി(സ്വ) ഇരുപത്‌ റക്‌'അത്‌ നിസ്കരിച്ചതായി സ്വഹാബത്തിന്റെ അരികിൽ സ്ഥിരപ്പെട്ടിരിക്കുന്നുവേന്നാണ്‌ വ്യക്തമാകുന്നത്‌. അതു കൊണ്ട്‌ തന്നെയാണ്‌ 'ഉമർ(റ) അപ്രകാരം തെരഞ്ഞെടുത്തത്‌." ശൈഖ്‌ മുഹമ്മദ്‌ ഇദ്‌രീസിന്റെ ത'അ​‍്‌ ലീഖ്‌ 2/105ൽ ഇതുദ്ധരിച്ചിട്ടുണ്ട്‌.

ഔജസുൽ മസാലിക്‌ 1/392ൽ പറയുന്നത്‌ കാണുക: "നബി(സ്വ) അനുഷ്ഠിച്ചതായി അറിയപ്പെട്ടാലല്ലാതെ ഒരുകാര്യത്തിന്‌ സ്വഹാബാക്കൾ ഏകോപിക്കുക ഇല്ലതന്നെ. അപ്പോൾ അവർ (തറാവീഹ്‌ 20 ആണെന്ന്‌) ഏകോപിച്ചതിന്റെ നിദാനം നബി(സ്വ)യുടെ പ്രവർത്തിയാണ്‌."

ശൈഖ്‌ മുഹമ്മദ്‌ ഇദ്‌രീസ്‌ പറയട്ടെ: "തറാവീഹ്‌ ഇരുപത്‌ റക്‌'അത്താണെന്ന്‌ ഇബ്നു 'അബ്ബാസ്‌(റ) ഉദ്ധരിച്ച ഹദീസ്‌ പണ്ഢിതന്മാർ ദുർബലമാണെന്ന്‌ പറയുന്നുവേങ്കിലും ഈയുള്ളവൻ അതിന്റെ ആശയം സ്വഹീഹാണെന്നാണ്‌ പറയുന്നത്‌. ഇമാം സുയൂഥ്വി(റ) തദ്‌രീബിൽ പറഞ്ഞത്‌ ആധാരമാക്കിയാണിത്‌. ഹദീസിന്റെ ആശയം ജനങ്ങളിൽ സ്വീകാര്യമായി വന്നാൽ പ്രസ്തുത ഹദീസ്‌ സ്വഹീഹാണെന്ന്‌ വിധിക്കപ്പെടും. ശരിയായൊരു നിവേദക പരമ്പരയില്ലെങ്കിലും ശരി. പണ്ഢിതന്മാർ ഹദീസിന്റെ ആശയത്തെ സ്വീകരിക്കുന്നത്‌ കാരണം ഹദീസ്‌ സ്വഹീഹാണെന്ന്‌ വിധിക്കപ്പെടുമ്പോൾ ഖുലഫാഉർറാശിദുകളടക്കമുള്ള സ്വഹാബാക്കളും താബിഉകളും ഭൂരിപക്ഷം വരുന്ന ഇമാമുകളും മുജ്തഹിദുകളും സ്വീകരിച്ച ഒരു ഹദീസ്‌ എങ്ങനെയാണ്‌ സ്വഹീഹാവാതിരിക്കുക? വിശ്വാസികൾ നല്ലതായി കാണുന്നത്‌ അല്ലാഹുവിന്റെ അരികിലും നല്ലത്‌ തന്നെയാണല്ലോ. അപ്പോൾ മുഹാജിറുകളും അൻസ്വാറുകളുമടക്കമുള്ള മുൻഗാമികളുടെയും ഖുലഫാഉർറാശിദുകളുടെയും അരികിൽ സ്വീകാര്യമായതും എല്ലാ രാജ്യങ്ങളിലും എല്ലാ കാലത്തും നിലനിന്നു പോന്നതുമായ തറാവീഹ്‌ ഇരുപത്‌ റക്‌'അത്താണെന്ന ആശയത്തിൽ ഇബ്നു 'അബ്ബാസ്‌(റ) ഉദ്ധരിച്ച ഹദീസ്‌ സ്വഹീഹാണെന്ന്‌ പറയാൻ ഏറ്റവും കടമപ്പെട്ടതാണ്‌." (അത്തഅ​‍്ലീഖ്വുസ്വബീഹ്‌ 2/105)

തറാവീഹ്‌ ഇരുപത്‌ റക്‌'അതും വിത്‌റ്‌ മൂന്ന്‌ റക്‌'അതും നബി(സ്വ) ജനങ്ങൾക്ക്‌ ഇമാമായി നിസ്കരിച്ചിരുന്നുവേന്ന്‌ കുറിക്കുന്ന ഇബ്നു 'അബ്ബാസ്‌(റ) ഉദ്ധരിച്ച ഹദീസിന്റെ നിവേദക പരമ്പര ദുർബലമാണെങ്കിലും ഹദീസിന്റെ ആശയം ലോക മുസ്ലിംകൾ ഏകോപിച്ച്‌ അംഗീകരിച്ചതായത്‌ കൊണ്ട്‌ ഹദീസ്‌ സ്വഹീഹായി തന്നെ ഗണിക്കേണ്ടതാണെന്നാണ്‌ മുഹമ്മദ്‌ ഇദ്‌രീസ്‌ പറഞ്ഞതിന്റെ സംക്ഷിപ്തം.

ചുരുക്കത്തിൽ നബി(സ്വ) യുടെ സുന്നത്‌ കൊണ്ടും സ്വഹാബാക്കളടക്കമുള്ളവരുടെ ഇജ്മാ'അ​‍്‌ കൊണ്ടും തറാവീഹിന്റെ റക്‌'അതുകൾ ഇരുപതാണെന്ന്‌ വ്യക്തമാകുന്നു.