ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Saturday, July 30, 2011

തറാവീഹിന്റെ റക്‌'അതുകൾ

മുസ്ലിം ലോകം ഏകോപിച്ചംഗീകരിച്ച തറാവീഹെന്ന നിസ്കാരത്തിൽ തർക്കമുന്നയിക്കുന്നവർ അതിന്റെ റക്‌'അതുകളുടെ എണ്ണത്തിലും തർക്കമുന്നയിക്കുന്നു. വാസ്തവത്തിൽ ഇത്‌ വിരോധാഭാസമാണ്‌. തറാവീഹിന്റെ അസ്തിത്വം പോലും നിഷേധിക്കുന്നവർ അതിന്റെ റക്‌'അതുകളെകുറിച്ച്‌  ചർച്ച ചെയ്യു ന്നത്‌ തന്നെ ബാലിശമല്ലേ?. തറാവീഹ്‌ എന്ന പ്രത്യേക സുന്നത്‌ നിസ്കാരത്തിൽ മുസ്ലിം ഉമ്മത്‌ ഏ കോപിച്ചതു പോലെ അത്‌ ഇരുപത്‌ റക്‌'അതാണെന്നതിലും അവർ ഏകോപിച്ചിരിക്കുന്നു.

മുസ്ലിം ഉമ്മത്തിന്റെ ഈ ഇജ്മാ'അ​‍്‌ തീർത്തും അപ്രതിരോധ്യമാണ്‌. മാത്രമല്ല മറ്റു രേഖകളുടെയും പിൻബലം ഇതിനാണുള്ളത്‌. എന്നാൽ നബി(സ്വ) നിർവഹിച്ചു കാണിച്ച ഈ നിസ്കാരം സ്വഹീഹായ പരമ്പരയിലൂടെ റിപ്പോർട്ടു ചെയ്യപ്പെട്ട ഹദീസുകളിലൊന്നും റക്‌'അതുകളുടെ എണ്ണം വ്യക്തമാക്കുന്നില്ല. എണ്ണം പരാമർശിച്ച ഹദീസുകളാകട്ടെ അവയുടെ നിവേദക പരമ്പര സ്വഹീഹായി വന്നിട്ടുമില്ല. സ്വഹീഹായ ഹദീസിൽ മൂന്നു ദിവസങ്ങളിൽ നബി(സ്വ) ഇമാമായി പ്രസ്തുത നിസ്കാരം നിർവഹിച്ചുവേന്നും നാലാം ദിവസം ജനബാഹുല്യം കൊണ്ട്‌ മസ്ജിടുന്നബവി നിറഞ്ഞുവേങ്കിലും നബി(സ്വ) നിസ്കാരത്തിന്‌ നേതൃത്വം നൽകാൻ അവിടുന്ന്‌ വീട്ടിൽ നിന്ന്‌ പുറത്ത്‌ വന്നില്ലെന്നുമാണുള്ളത്‌. ഇത്‌ 'ആഇശ(റ)യിൽ നിന്ന്‌ ബുഖാരി, മുസ്ലിം അടക്കമുള്ള എല്ലാ ഹദീസ്‌ ഗ്രന്ഥങ്ങളിലും നിവേദനം ചെയ്തത്താണ്‌.

എന്നാൽ ഇപ്പറഞ്ഞ മൂന്നു രാത്രികൾ തന്നെ റമൾവാൻ 23, 25, 27 എന്നീ ഇടവിട്ട രാവുകളാ യിരുന്നുവേന്ന്‌ നു'അ​‍്മാനുബ്നു ബശീറി(റ)ൽനിന്ന്‌ ഉദ്ധരിക്കപ്പെട്ട ഹദീസ്‌ അടിസ്ഥാനമാക്കി ഇബ്നു 'അബ്ദിൽ ബര്റ്‌(റ) പ്രസ്താവിച്ചതായി ഇമാം സുയൂഥ്വി(റ) തൻവീറുൽ ഹവാലിക്‌ 1/102ലും ഇമാം സുർഖ്വാനി(റ) ശർഹുൽ മവാഹിബ്‌ 7/416ലും ഉദ്ധരിച്ചിട്ടുണ്ട്‌. നു'അ​‍്മാനുബ്നു ബശീറി(റ)ൽ നിന്ന്‌ പ്രസ്തുത ഹദീസ്‌ മുസ്വന്നഫു ഇബ്നി അബീ ശൈബ 2/394, സുനനുന്നസാഇ 1/182, ഖ്വിയാമുല്ലൈൽ പേജ്‌ 89, സ്വഹീഹു ബ്നി ഖുസൈമ 3/336, മുസ്തദ്‌റക്‌ 1/440 എന്നീ ഹദീസ്‌ ഗ്രന്ഥങ്ങളിൽ നിവേദനം ചെയ്തിട്ടുണ്ട്‌.

നു'അ​‍്മാനുബ്നു ബശീറി(റ)ൽനിന്നുദ്ധരിക്കപ്പെട്ട പോലെ അബൂദര്റ്‌(റ)വിൽ നിന്ന്‌ ദാരിമി(റ) സുനൻ 2/26ലും നിവേദനം ചെയ്തിട്ടുണ്ട്‌. അബൂദര്റ്‌(റ) വഴിയായി തന്നെ ത്വയാലിസി(റ), ഇബ്നു സൻജവൈഹി(റ), ഇബ്നുഹിബ്ബാൻ(റ), ബൈഹഖ്വി(റ) തുടങ്ങിയവർ നിവേദനം ചെയ്തത്തായി അദ്ദുർറുൽ മൻസൂർ 6/374ലും കാണാം.

ഈ ഹദീസിന്റെ വാചകത്തിൽ ഇരുപത്തിമൂന്നാം രാവിൽ രാത്രിയുടെ മൂന്നിലൊന്ന്‌ ഭാഗം വരെയും ഇരുപത്തി അഞ്ചാം രാവിൽ പകുതി വരെയും ഇരുപത്തിയേഴാം രാവിൽ പുലർച്ചയോടടുക്കും വരെയും ഞങ്ങൾ നബി(സ്വ)യുടെ കൂടെ നിസ്കരിച്ചുവേന്നാണുള്ളത്‌. ഇതിലും റൿഅതുകളുടെ എണ്ണം വ്യക്തമാക്കുന്നില്ല.

ഈ അടിസ്ഥാനത്തിലാണ്‌ അൻവർഷാ കാശ്മീരി ഇപ്രകാരം പ്രസ്താവിച്ചതു. "ഹദീസ്‌ അവലംബമാക്കിയാണ്‌ താൻ 'അമൽ ചെയ്യുന്നതെന്ന്‌ വാദിക്കുന്നവർ പുലർച്ചയോട്‌ അടുക്കും വരെ നിസ്കരിക്കുകയാണ്‌ വേണ്ടത്‌. കാരണം നബി(സ)യുടെ അവസാന ദിവസത്തെ നിസ്കാരം ഇങ്ങനെയായിരുന്നു. എന്നാൽ വെറും എട്ട്‌ റക്‌'അത്‌ കൊണ്ട്‌ മതിയാക്കി വമ്പിച്ച ബഹുഭൂരിപക്ഷത്തെ വെടിഞ്ഞ്‌ അവരെ ബിദ്‌'അത്‌ കൊണ്ട്‌ ആരോപിക്കുന്നവർ തന്റെ അന്ത്യം എങ്ങനെ സംഭവിക്കുമെന്ന്‌ കണ്ടറിയേണ്ടതാണ്‌." (ഫൈൾവുൽ ബാരി 3/181)


തറാവീഹ്‌ റക്‌'അതുകൾ പരാമർശിച്ച ഹദീസുകൾ

(1) നബി(സ്വ) എട്ട്‌ റക്‌'അത്തും വിത്‌റും നിസ്കരിച്ചുവേന്ന്‌ ജാബിർ(റ)വിൽ നിന്ന്‌ സ്വഹീഹു ഇബ്നി ഖുസൈമ 2/138, ഖ്വിയാമുല്ലൈൽ 1/90, കിതാബുൽ വിത്‌റ്‌ പേജ്‌ 197 എന്നീ ഹദീസ്‌ ഗ്രന്ഥങ്ങളിലും അബൂ യ'അ​‍്ല(റ), ത്വബ്‌റാനി(റ) നിവേദനം ചെയ്തത്തായി മജ്മ'ഉസ്സവാഇദ്‌ 3/182ലും ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാൽ ഈ ഹദീസിന്റെ എല്ലാ നിവേദക പരമ്പരയിലും 'ഈസബ്നു ജാരിയ എന്ന വ്യക്തിയുണ്ട്‌. ഇദ്ദേഹം ഹദീസ്‌ നിരൂപകന്മാർക്കിടയിൽ യോഗ്യത സംബന്ധിച്ച്‌ തർക്കത്തിലിരിക്കുന്ന ആളാണെന്ന്‌ തഹ്ദീബുത്തഹ്ദീബ്‌ 8/207, ദഹബിയുടെ മീസാനുൽ ഇ'അ​‍്തിദാൽ 3/310, മജ്മ'ഉസ്സവാഇദ്‌ 3/172 തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്‌.

യോഗ്യത സംബന്ധിച്ച്‌ തർക്കത്തിലിരിക്കുന്ന വ്യക്തിയുടെ ഹദീസ്‌ രേഖക്ക്‌ പറ്റില്ലെന്ന്‌ കർമശാസ്ത്ര നിദാനഗ്രന്ഥങ്ങളായ ജാം'ഉൽ ജവാമി'അ​‍്‌ 2/164 (ശാഫി'ഈ മധബ്‌), ഫവാതിഹുർറഹ്മൂത്ത്‌ 2/155 (ഹനഫീ മധബ്‌), മുൻതഹൽ 'അമൽ 1/58 (മാലികി മധബ്‌) തുടങ്ങിയവയിൽ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഈ ഹദീസ്‌ സംബന്ധമായ മറ്റു വിശദീകരണം ശേഷം വരുന്നുണ്ട്‌.

(2) ഉബയ്യുബ്നു ക'അ​‍്ബ്‌(റ)വിൽ നിന്ന്‌ നിവേദനം: "ഒരു റമൾവാനിൽ നബി(സ്വ)യുടെ അരികിൽ വന്ന്‌ അവർ ഇങ്ങനെ പറഞ്ഞു. കഴിഞ്ഞ രാത്രി എന്നിൽ നിന്ന്‌ ഒരു സംഭവമുണ്ടായി. നബി(സ്വ) ചോദിച്ചു. അതെന്താണ്‌? ഉബയ്യ്‌(റ) ഇപ്രകാരം പറഞ്ഞു. 'വീട്ടിലെ സ്ത്രീകൾ എന്റെ കൂടെ തുടർന്ന്‌ നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ ഇമാമായി എട്ടു റക്‌'അതും വിത്‌റും നിസ്കരിച്ചു.' നബി(സ്വ) ഇത്‌ തൃപ്തിപ്പെട്ട പോലെ മൗനം ദീക്ഷിച്ചു.

ഈ ഹദീസ്‌ ഇമാം മുഹമ്മദുബ്നു നസ്വ്‌റ്‌(റ) ഖ്വിയാമുല്ലൈൽ 1/90ലും 'അബ്ദുല്ലാഹിബ്നു അഹ്മദ്‌(റ) നിവേദനം ചെയ്തത്തായി മജ്മ'ഉസ്സവാഇദ്‌ 2/74ലും പ്രസ്താവിച്ചിട്ടുണ്ട്‌. പക്ഷേ മുഹമ്മദുബ്നു നസ്​‍്വറ്‌(റ)വിന്റെ നിവേദക പരമ്പരയിൽ 'ഈസബ്നു ജാരിയ എന്ന ഉപര്യുക്ത വ്യക്തിയും 'അബ്ദുല്ലാഹിബ്നു അഹമ്മദ്‌(റ)വിന്റെ നിവേദക പരമ്പരയിൽ പേരറിയപ്പെടാത്ത ഒരു വ്യക്തിയുമുണ്ടെന്ന്‌ മജ്മ'ഉസ്സവാഇദിൽ തന്നെ പറയുന്നു. പേരറിയപ്പെടാത്ത മഝൂലിന്റെ ഹദീസ്‌ സ്വീകാര്യമല്ലെന്ന്‌ പണ്ഢിതന്മാർ ഏകോപിച്ചതായി ജാം'ഉൽ ജവാമി'അ​‍്‌ 2/150ൽ സ്ഥിരീകരിച്ചിട്ടുണ്ട്‌.

(3) ഇബ്നു 'അബ്ബാസ്‌(റ)വിൽനിന്ന്‌ നിവേദനം: "നബി(സ്വ) റമൾവാനിൽ ഇരുപത്‌ റക്‌'അത്‌ തറാവീഹും മൂന്ന്‌ റക്‌'അത്‌ വിത്‌റും നിസ്കരിക്കാറുണ്ടായിരുന്നു." ഈ ഹദീസ്‌ ഇമാം ബൈഹഖ്വി(റ) സുനൻ 2/496ലും ഇബ്നു അബീശൈബ(റ​‍ാമുസ്വന്നഫ്‌ 2/394ലും, 'അബ്ദു ബ്നു ഹുമൈദ്‌(റ) മുസ്നദ്‌ 1/73ലും, ഇമാം ത്വബ്‌റാനി(റ) കബീർ 3/148ലും, ഖത്വീബ്‌(റ) മൂളഹ്‌ 1/209ലും ഇബ്നു 'അടിയ്യ്‌(റ) കാമിൽ 1/20ലും നിവേദനം ചെയ്തിട്ടുണ്ട്‌. ഇമാം അബൂബക്ര്(റ) തന്റെ ശാഫിയിൽ നിവേദനം ചെയ്തത്തായി അർറൗൾവുൽ മുർബി'അ​‍്‌ 2/11ലും അബൂ നു​‍െ'എം(റ)വും ഇമാം ബഗ്‌വി(റ)വും നിവേദനം ചെയ്തത്തായി ഫതാവാ സുയൂഥ്വി 1/347ലും സുലൈമുർറാസി(റ) അത്തർഗീബിൽ നിവേദനം ചെയ്തത്തായി അത്തൽഖീസ്വുൽ ഹബീർ 4/265ലും ഉദ്ധരിച്ചിട്ടുണ്ട്‌.

പക്ഷേ, ഈ ഹദീസിന്റെ എല്ലാ നിവേദക പരമ്പരയിലും അബൂശൈബ എന്ന പേരിൽ പ്രസിദ്ധനായ ഇബ്‌റാഹീമുബ്നു 'ഉസ്മാൻ എന്നൊരു വ്യക്തിയുണ്ടെന്നും അദ്ദേഹം ബലഹീനനാണെന്നും ബൈഹഖ്വി(റ) പറഞ്ഞതായി ഹാഫിൾ​‍്വ ഇബ്നുഹജർ(റ) തന്റെ തൽഖീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇദ്ദേഹം ദുർബലനാണെന്ന്‌ ഇബ്നുസ'അ​‍്ദ്‌ (റ) ത്വബഖ്വാത്‌ 6/384ലും അദ്ദേഹത്തെകുറിച്ച്‌ ഹദീസ്‌ പണ്ഢിതന്മാർ മൗനം പാലിച്ചിരിക്കയാണെന്ന്‌ ഇമാം ബുഖാരി(റ) തന്റെ താരീഖുൽ കബീർ 1/310ലും രേഖപ്പെടുത്തിയിട്ടുണ്ട്‌. മേൽ ഹദീസുകളൊന്നും തെളിവിന്‌ കൊള്ളുകയില്ലെന്ന്‌ ഇതോടെ വ്യക്തമായി.

നബി(സ്വ)യുടെ തറാവീഹ്‌ നിസ്കാരത്തിന്റെ എണ്ണം പരാമർശിക്കുന്ന ഹദീസുകളൊന്നും സ്വഹീഹായ റിപ്പോർട്ടുകളിലൂടെ സ്ഥിരപ്പെടാത്തതിനാൽ അവ രേഖയാക്കിക്കൂടെന്നാണ്‌ പണ്ഢിതപക്ഷം. ഇമാം അബൂബക്‌രിബ്നുൽ അറബി(റ) തിർമിദിയുടെ വ്യാഖ്യാനമായ 'ആരിളതുൽ അഹ്‌വദി 4/19ൽ എഴുതുന്നു: "നബി(സ്വ)യുടെ നിസ്കാരത്തിന്‌ നിശ്ചിതമായൊരു പരിധി പറയാവതല്ല." ഇമാം സുബ്കി(റ) പറയുന്നു: "പ്രസ്തുതരാവുകളിൽ ഇരുപതോ അതിൽ കുറ വോ നിസ്കരിച്ചുവേന്ന്‌ ഉദ്ധരിക്കപ്പെട്ടിട്ടില്ല" (ഫതാവാ സുയൂഥ്വി 1/350).

ഇബ്നുതൈമിയ്യയുടെ മജ്മൂ'ഉൽ ഫതാവാ 23/113ൽ ഇപ്രകാരമാണ്‌ എഴുതുന്നത്‌. "പ്രസ്തുത നിസ്കാരത്തിൽ നബി(സ്വ) എണ്ണം നിർണയമാക്കിയിട്ടില്ല." ഇബ്നു തൈമിയ്യയിൽ നിന്നു തന്നെ മിർഖ്വാതിൽ ഉദ്ധരിക്കുന്നു: "ഏറ്റുകയോ ചുരുക്കുകയോ ചെയ്യാത്ത വിധം ഖ്വിയാമു റമൾവാനിലെ റക്‌'അത്തുകളുടെ എണ്ണം നബി(സ്വ)യിൽ നിന്ന്‌ ക്ലിപ്തമാക്കപ്പെട്ടിട്ടുണ്ടെന്ന്‌ ആരെങ്കിലും വാദിക്കുന്നുവേങ്കിൽ നിശ്ചയം അവന്‌ പിഴവ്‌ സംഭവിച്ചിരിക്കുന്നു" (മിർഖ്വാത്‌ 2/175). എന്നാൽ ഈ സാഹചര്യത്തിൽ മറ്റു രേഖകളുടെ പിൻബലം ഏതിനാണുള്ളതെന്ന്‌ പരിശോധിക്കുകയാണ്‌ വേണ്ടത്‌. അതാണെങ്കിൽ ഇരുപത്‌ റക്‌'അത്താണെന്നതിന്‌ മാത്രമേയുള്ളൂ. തീർച്ച.

No comments:

Post a Comment