ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, July 13, 2011

ലൈലതുല്‍ ബറാ‌അ ഹദീസുകളില്‍

ഇവ്വിഷയകമായി റിപ്പോർട്ടുചെയ്യപ്പെട്ട ഹദീസുകളിലേക്ക്‌ കണ്ണോടിക്കാം: നബി(സ്വ) പറയുന്നു: ശഅബാൻ പകുതിയുടെ രാത്രിയിൽ അല്ലാഹു അവന്റെ കരുണാവിശേഷം കൊണ്ട്‌ വെളിവാകയും അവന്റെ സൃഷ്ടികളിൽ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവർക്കും പാപമോചനം നൽകുകയും ചെയ്യും'. മറ്റു ചില നിവേദനങ്ങളിൽ ജ്യോത്സ്യനും മാരണക്കാരനും മദ്യപാനിക്കും മാതാപിതാക്കളെ വെറുപ്പിക്കുന്നവനും നിത്യവ്യഭിചാരിക്കും ഒഴികെ എന്നും വന്നിട്ടുണ്ട്‌.

ഈ ഹദീസ്‌ മൂ'അ​‍ാദ്‌(റ) മുഖേന ഇബ്നുഹിബ്ബാൻ, ത്വബ്‌റാനി, ബൈഹഖ്വി(റ.ഹും) എന്നിവരും അബൂമുസൽഅശ്‌'അരി(റ)വിലൂടെ ഇബ്നുമാജ(റ)യും അബൂബക്ര്(റ)വഴി ബസ്സാർ, ബൈഹഖ്വി(റ.ഹും) എന്നിവരും റിപ്പോർട്ടു ചെയ്തിരിക്കുന്നു. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ ഇബ്നുഹിബ്ബാൻ(റ)വും ഹസാനാണെന്ന്‌ 'അല്ലാമാ സുർഖ്വാനിയും പറഞ്ഞിട്ടുണ്ട്‌. അൽഹാഫിളുൽ മുൻദിരി(റ) പറയുന്നത്‌ ഇതിന്റെ സനദിന്‌ (നിവേദകപരമ്പര) യാതൊരു ദോഷവുമില്ല എന്നാണ്‌.

ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു രാത്രിയിൽ എഴുന്നേറ്റു നിസ്കരിച്ചു. വളരെ ദീർഘമായ സുജൂദായിരുന്നു അവിടുന്ന്‌ ചെയ്തത്‌. നബി(സ്വ) വഫാത്തായിപ്പോയിരിക്കുമോ എന്നോർത്ത്‌ ഞാൻ അടുത്തുചെന്നു. അവിടുന്ന്‌ സുജൂദിൽ നിന്ന്‌ തല ഉയർത്തുകയും നിസ്കാരം അവസാനിപ്പിക്കുകയും ചെയ്ത ശേഷം എന്നോട്‌ ചോദിച്ചു: 'ആഇശാ! നബി നിന്നെ വഞ്ചിച്ചു എന്ന്‌ നീ വിചാരിച്ചുവോ' ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ, ഞാനങ്ങനെ വിചാരിച്ചിട്ടില്ല. പക്ഷേ, അങ്ങയുടെ സുജൂദിന്റെ ദൈർഘ്യം കാരണം അവിടുന്ന്‌ വഫാത്തായിപ്പോയിരിക്കുമോ എന്ന്‌ ഞാൻ ഊഹിക്കുകയുണ്ടായി'.

അവിടുന്ന്‌ ചോദിച്ചു: 'ഈ രാവ്‌ എത്ര മഹത്വമുള്ളതാണെന്ന്‌ നിനക്കറിയാമോ?' ഞാൻ പറ ഞ്ഞു: 'അല്ലാഹുവിനും അവന്റെ തിരുദൂതർക്കും കൂടുതലായറിയാം'. അപ്പോൾ നബി(സ്വ) പറഞ്ഞു: 'ഇത്‌ ശ'അബാൻ പതിനഞ്ചാം രാവാണ്‌. നിശ്ചയം ഈ രാവിൽ അല്ലാഹു അവന്റെ അടിമകളിൽ കരുണാകടാക്ഷം കൊണ്ട്‌ പ്രത്യക്ഷപ്പെടുകയും അനന്തരം പാപമോചനത്തിനർഥിക്കുന്നവർക്ക്‌ മോചനം നൽകുകയും കരുണാർഥികൾക്ക്‌ കരുണ ചെയ്യുകയും മനസിൽ ശത്രുതവെച്ചു നടക്കുന്നവരെ അതേ നിലയിൽത്തന്നെ വിട്ടുകളയുകയും ചെയ്യും (അവർ പശ്ചാതപിച്ചു മടങ്ങുന്നതുവരെ പൊറുക്കുകയില്ല എന്നു സാരം)  (ബൈഹഖ്വി, 'അലാഇബുനു ഹാരിസ്‌)

ഈ ഹദീസിന്റെ സനദിൽക്കാണുന്ന അൽ'അലാഅ​‍്‌(റ), ആഇശാ(റ)വിൽ നിന്ന്‌ ഈ ഹദീസ്‌ കേട്ടിട്ടില്ല. പക്ഷേ, അദ്ദേഹം സത്യവാനും പയണ്ഢിതനുമാണ്‌. ഇമാം മുസ്ലിം(റ)വും നാല്‌ സുനനുകളുടെ കർത്താക്കളായ അബൂദാവൂട്‌(റ), തിർമുദി(റ), നസാഇ(റ), ഇബ്നുമാജ(റ) എന്നിവരും അദ്ദേഹത്തിന്റെ ഹദീസ്‌ സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഇമാം ബൈഹഖ്വി(റ) ഈ ഹദീസിനെക്കുറിച്ച്‌ സ്വീകാര്യയോഗ്യമായ മുർസൽ അഥവാ മുൻഖത്വി'അ​‍്‌ (ഒരാൾ വിട്ടുപോയ നിവേദകപരമ്പര) ആണെന്ന്‌ പ്രസ്താവിച്ചതു.

അലാഅ​‍്‌ മഖൂൽ (റ)ൽ നിന്ന്‌ കേട്ടതാവാനും സാധ്യതയുണ്ടെന്ന്‌ ബൈഹഖ്വി(റ) പറയുന്നു (സുർഖ്വാനി 7/411). അങ്ങനെയാകുമ്പോൾ ഈ ഹദീസ്‌ മുത്തസ്വിലുസ്സനദും (പൂർണ നിവേദക പരമ്പര) സംശയത്തിനവകാശമില്ലാത്തതുമായിത്തീരുന്നു.

ആഇശ(റ) പറയുന്നു: 'ഒരു രാത്രിയിൽ നബി(സ്വ)യെ ഞാൻ ശയ്യയിൽ കണ്ടില്ല. അപ്പോൾ നബിയെ അന്വേഷിച്ചു ഞാൻ പുറപ്പെട്ടു. മിഴികൾ ആകാശത്തേക്കുയർത്തിയതായി മദീനയിലെ ഖ്വബർസ്ഥാനായ ബഖ്വീ'ഇൽ നബി(സ്വ) നിൽക്കുന്നതാണ്‌ എനിക്ക്‌ കാണാൻ കഴിഞ്ഞത്‌. 'ആ ഇശാ, അല്ലാഹുവും അവന്റെ റസൂലും നിന്നോട്‌ നീതികേട്‌ ചെയ്യുമെന്ന്‌ നീ ഭയപ്പെടുന്നുവോ' നബി(സ്വ) ചോദിച്ചു. ഞാൻ പ്രതിവചിച്ചു. 'അല്ലാഹുവിന്റെ റസൂലേ, മറ്റേതെങ്കിലും ഭാര്യമാരു ടെ അടുത്തേക്ക്‌ അങ്ങ്‌ പോയിരിക്കുമെന്ന്‌ ഞാൻ വിചാരിച്ചു. അപ്പോൾ നബി(സ്വ) ഇപ്രകാരം പറഞ്ഞു: 'തീർച്ചയായും ശ'അബാൻ പതിനഞ്ചാം രാവിൽ അല്ലാഹു (അവന്റെ കരുണാതിരേകത്താൽ) ഒന്നാം ആകാശത്തിലേക്കിറങ്ങും. എന്നിട്ട്‌ കൽബ്‌ ഗോത്രക്കാരുടെ ആട്ടിൻപറ്റത്തിന്റെ രോമങ്ങളുടെ എണ്ണത്തെക്കാൾ കൂടുതൽ പാപങ്ങൾ പൊറുത്തുകൊടുക്കും (അക്കാലത്ത്‌ ഏറ്റവും കൂടുതൽ ആടുകൾ ഉണ്ടായിരുന്നത്‌ അവർക്കായിരുന്നു). ശ'അബാൻ പതിനഞ്ചാം രാത്രിയായിരുന്നു ഈ സംഭവമെന്നും അന്ന്‌ തന്റെ ഊഴത്തിൽപെട്ട രാത്രിയായിരുന്നുവേന്നും ആ'ഇശ(റ) പ്രസ്താവിച്ചതായി അഹ്മദ്‌ ഇബ്നു അബീശൈബ, തിർമുദി, ഇബ്നുമാജ, ബൈഹഖി, ഹജ്ജാജുബ്നു അർത്വ, യഹ്‌യബ്നു അബീകസീർ വഴി ഉർവ(റ) വഴി ആഇശ(റ)യിൽ നിന്ന്‌ ബൈഹഖിയും ദാറഖ്വുത്വ്നിയും ഉദ്ധരിച്ച ഒരു ഹദീസിൽ വന്നിട്ടുണ്ട്‌.

ഇനി ഈ ഹദീസിന്റെ സനദിനെപ്പറ്റി പരിശോധിക്കാം. നാം ഇവിടെ ഉദ്ധരിച്ച നിവേദക പരമ്പര ക്ക്‌ പുറമെ വേറെ മൂന്ന്‌ വഴികളിൽക്കൂടിയും ഈ ഹദീസ്‌ നിവേദനം ചെയ്യപ്പെട്ടതായി അൽഹാഫിൾ​‍്വ സൈനുദ്ദീ‍ൻ ഇറാഖ്വി(റ) വ്യക്തമാക്കിയിട്ടുണ്ട്‌. അവ ഒന്ന്‌ മറ്റൊന്നിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാണുതാനും. ആകയാൽ ഈ ഹദീസ്‌ ഹസനുൽ ലിഗ്വൈരിഹി (മറ്റൊന്നിന്റെ പിൻബലത്തോടെ സ്വഹീഹിന്റെ അടുത്തപടി) എന്ന ഡിഗ്രി പ്രാപിച്ചിരിക്കുന്നു (സുർഖ്വാനി 7/412).

ഈ വിഷയകമായിവന്ന ഹദീസുകളിൽ ഏറ്റവും സ്വീകാര്യമായത്‌ ഈ ഹദീസാണെന്ന്‌ ഇമാം ഇബ്നുറജബ്‌(റ) പറഞ്ഞതായി ഇമാം സുർഖ്വാനി(റ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്‌. ഒന്നാമതായി പറഞ്ഞ ഹദീസും അങ്ങനെ തന്നെ.

സംശയരഹിതവും നിവേദകപരമ്പര (ഇസ്നാദ്‌)ക്ക്‌ യാതൊരു ദൂഷ്യവുമില്ലാത്തതും ഹസനുൽ ലിഗ്വൈരിഹി എന്ന സ്ഥാനത്ത്‌ നിലകൊള്ളുന്നതുമായ ഹദീസുകളാണ്‌ മേലുദ്ധരിച്ചവയെല്ലാം. നിവേദക പരമ്പരയെക്കുറിച്ച്‌ ഇത്രയും വിശദമായി പ്രസ്താവിച്ചതു ചില ദീനിവിരുദ്ധ പ്രചാരകർ ഈ വിഷയത്തെക്കുറിച്ചു വന്ന ഹദീസുകൾ അസ്വീകാര്യമെന്നും നിവേദകപരമ്പര അപ്രസക്തമാണെന്നും, പ്രസംഗങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും ഈ പുണ്യരാവിന്റെ മഹത്വത്തിന്‌ കളങ്കം ചാർത്താനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനാലാണ്‌. പ്രസ്തുത വിഷയത്തെ പ്രതിപാദിക്കുന്ന ഹദീസുകൾ വേറെയും ധാ രാളമുണ്ട്‌. ദൈർഘ്യം ഭയന്ന്‌ അവ മുഴുവനും ഇവിടെ ഉദ്ധരിക്കുന്നില്ല. മൂന്നാമതായി പറഞ്ഞ ഹദീസുമാത്രം ഇവ്വിഷയകമായി മതിയായ തെളിവാണ്‌. എന്തുകൊണ്ടെന്നാൽ ഹസനുൽ ലിഗ്വൈരിഹി എന്ന സ്ഥാനമുള്ള ഹദീസാണത്‌. അത്തരം ഹദീസുകൾ അഹ്കാമിൽ (മതനിയമങ്ങളിൽ തീർപ്പുകൽപ്പിക്കാവുന്നതിൽ) രേഖയായി സ്വീകരിക്കാമെന്ന വസ്തുത തർക്കമറ്റതാണല്ലോ.

ശൈഖ്‌ അബ്ദുൽഹഖുദ്ദഹ്‌ലവി പറയുന്നത്‌ കാണുക: "സ്വഹീഹായ ഹദീസ്‌ അഹ്കാമുകൾ ക്ക്‌ തെളിവായി എടുക്കാമെന്ന്‌ ഇജ്മാ'അ​‍്‌ ഉണ്ട്‌. അതുപോലെ വിവിധ നിവേദക പരമ്പരകളിലൂടെ ഹസനുൽ ലിഗ്വൈരിഹി എന്ന പദവി ലഭിച്ച ഹദീസും തെളിവാണെന്നുള്ളത്‌ ഇജ്മാ'അ​‍്‌ ആണ്‌. ബലഹീനമായ ഹദീസ്‌ പുണ്യകർമ്മങ്ങളിൽ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന്‌ പ്രസിദ്ധമായത്‌ കൊണ്ടുള്ള വിവക്ഷ അവയെ ഓരോന്നായി എടുക്കുമ്പോൾ എന്നാണ്‌. എല്ലാം ഒന്നായി എടുക്കുമ്പോൾ എന്നല്ല. എന്തുകൊണ്ടെന്നാൽ അത്‌ ഹസനിൽ പ്രവേശിച്ചതാണ്‌. ബലഹീനമായതിൽപ്പെട്ടതല്ല. നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുള്ളത്‌ ഇപ്രകാരമാണ്‌ (അൽമുഖ്വദ്ദിമ, പേജ്‌ 6).

(അവലം‌ബം : മുസ്‌ലീം‌പാത്ത്.കോം)