ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, July 13, 2011

ലൈലതുല്‍ ബറാ‌അ എങ്ങിനെ ആചരിക്കണം.

ശഅബാൻ പതിനഞ്ചിന്റെ രാത്രിയിൽ അല്ലാഹുവിൽ നിന്ന്‌ പ്രത്യേകമായി പാപമോചനവും കരുണയും പ്രാർഥനക്കുത്തരവും ലഭിക്കുമെന്ന്‌ സ്വീകാര്യയോഗ്യമായ ഹദീസുകളിൽ നിന്നും ശരിക്കും ഗ്രഹിച്ചതുകൊണ്ടുതന്നെയാണ്‌ ഖാലിദുബ്നു മഅ​‍്ദാൻ,. മഖൂൽ, ലുഖ്വ്മാനുബ്നു 'ആമിർ തുടങ്ങിയ പണ്ഢിതന്മാർ ആ രാത്രിയിൽ ആരാധനകളിൽ കൂടുതൽ വ്യാപൃതരായത്‌. ശാമുകാരായ താബിഈങ്ങളിൽ പെട്ടവരായിരുന്നു ഇവരെല്ലാം. ആ രാത്രിയെ പുണ്യകർമ്മങ്ങളിൽ മുഴുക്കി സജീവമാക്കേണ്ട രീതിയെ സംബന്ധിച്ചു അത്‌ പള്ളിയിൽവെച്ചു ജമാ'അത്തായി നിർവഹിക്കൽ സുന്നത്താണെന്നാണ്‌ പ്രസ്തുത മഹാന്മാരിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇഷാഖ്വുബ്നു റാഹവൈഹി(റ) ഈ അഭിപ്രായത്തോട്‌ യോജിക്കുകയും അങ്ങനെ ചെയ്യുന്നത്‌ അനാചാരമല്ലെന്ന്‌ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. പള്ളിയിൽവെച്ച്‌ ബറാഅത്ത്‌ രാവ്‌ കൂട്ടായി ആചരിക്കൽ കറാഹത്താണെന്ന്‌ പറയുന്ന ഒരു വിഭാഗവുമുണ്ട്‌. വ്യക്തികൾ, ഓരോരുത്തരായി അത്‌ നിർവഹിക്കണമെന്നാണ്‌ അവർ പറയുന്നത്‌. സിറിയയിലെ ഏറ്റവും വലിയ പണ്ഢിതനും ഫഖ്വീഹുമായ ഇമാം ഔസാ'ഇ ഈ അഭിപ്രായമാണ്‌ സ്വീകരിച്ചതു. ശൈഖ്‌ ഇബ്നുറജബ്‌(റ) പറയുന്നതും ഏറ്റവും അനുയോജ്യമായത്‌ ഇങ്ങനെയാണെന്നാണ്‌(സുർഖ്വാനി).

ഇമാം ഇബ്നുമാജ(റ) മർഫൂ'ആയി അലി(റ)വിൽ നിന്ന്‌ ഉദ്ധരിച്ച ഒരു ഹദീസിൽ നബി(സ്വ) പറയുന്നു: ''അബാൻ പതിനഞ്ചാം രാവിൽ നിങ്ങൾ നിസ്കരിക്കുകയും അതിന്റെ പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുവീൻ. നിശ്ചയം അല്ലാഹു ആ രാത്രിയിൽ അടുത്ത ആകാശത്തിൽ സൂര്യാസ്തമയം മുതൽ ഇറങ്ങിനിൽക്കും(അല്ലാഹുവിന്റെ വിശാലമായ കരുണാകടാക്ഷം പ്രത്യക്ഷപ്പെടുമെന്നാണ്‌ ഇതിനർഥം) എന്നിട്ട്‌ മാപ്പപേക്ഷിക്കുന്നവരുണ്ടോ ഞാൻ പൊറുത്തുതരാം, ആഹാരം തേടുന്നവരുണ്ടോ ഞാൻ ആഹാരം നൽകാം, ആരോഗ്യം ആവശ്യപ്പെടുന്നവരുണ്ടോ, ഞാൻ ആരോഗ്യം നൽകാം, ഇന്നവനുണ്ടോ ഇന്നവനുണ്ടോ എന്നിങ്ങനെ പ്രഭാതം വരെ വിളിച്ചു ചോദിക്കും'. എന്നാൽ ഈ ഹദീസ്‌ ബലഹീനമാണ്‌.

പക്ഷേ, ഇതിന്റെ നിവേദക പരമ്പരയിൽ വ്യാജം പറയുന്നവരാരുമില്ല. ഇതിന്റെ അടിസ്ഥാനം സ്ഥിരപ്പെടുത്തുന്നതായി മറ്റു പല തെളിവുകളുമുണ്ട്താനും എന്നാണ്‌ ഇമാം സുർഖ്വാനി(റ) വ്യ ക്തമാക്കിയിരിക്കുന്നത്‌(സുർഖ്വാനി 7/412). ബലഹീനമായ ഹദീസുകൾ സ്വീകരിക്കാമോ? ഇമാമുകൾ ഇക്കാര്യത്തിൽ എന്തുപറയുന്നു എന്നു നോക്കാം. സൽക്കർമ്മങ്ങളിലേക്ക്‌ ആശ വെപ്പിക്കാനും ദുഷ്കർമ്മങ്ങളെക്കുറിച്ച്‌ ഭയപ്പെടുത്താനും വ്യാജനിർമിതമല്ലാത്ത ഹദീസുകൾ ഉപയോഗിക്കുന്നത്‌ അനുവദനീയവും സുന്നത്തുമാണെന്ന്‌ ഹദീസ്‌ വ്യാഖ്യാതാക്കളും കർമശാസ്ത്രപടുക്കളും മറ്റുമായ പണ്ഢിതന്മാർ പ്രസ്താവിച്ചിട്ടുള്ളത്‌. പ്രധാനപ്പെട്ട ഫിഖ്‌ഹ്  ഗ്രന്ഥങ്ങളിലും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്‌.

പുണ്യകർമ്മങ്ങളിൽ, പ്രബലമല്ലാത്ത ഹദീസും സ്വീകാര്യമാണെന്ന്‌ പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമുണ്ട്‌ (മിർഖ്വാത്‌ 2/472). ഇതൊന്നും ഗ്രഹിക്കാതെയാണ്‌ ചിലർ ഈ ഹദീസ്‌ ള'ഈഫാണെന്ന്‌ കേൾക്കുമ്പോഴേക്കും അതിനുനേരെ ചന്ദ്രഹാസമിളക്കുന്നത്‌. ഇത്‌ വിവരക്കേടല്ലെങ്കിൽ തനി ധിക്കാരമാണ്‌. ബലഹീനമായ ഹദീസുകളെ സംബന്ധിച്ചാണ്‌ ഈ പറഞ്ഞിട്ടുള്ളത്‌. വ്യാജനിർമിതമായ ഹദീസുകൾ തികച്ചും വർജിക്കപ്പെടേണ്ടതാണ്‌. അപ്രകാരം തന്നെ മേലുദ്ധരിച്ചവയിൽ നിന്നും വ്യക്തമായത്‌ പോലെ അധികം ദുർബലമായ ഹദീസും (അടിസ്ഥാനം സ്ഥിരപ്പെടുത്തുന്ന മറ്റു തെളിവുകളില്ലാത്ത ഹദീസുകൾ) ഉപേക്ഷിക്കേണ്ടതാണ്‌. ശറഹുൽ 'അദ്കാറിലും മറ്റും ഈ കാര്യം വിശദമാക്കിയിട്ടുണ്ട്‌.

പുണ്യകർമ്മങ്ങളുടെ വിഷയത്തിൽ ള'ഈഫായ ഹദീസുകൾ സ്വീകരിച്ചു പ്രവർത്തിക്കൽ സുന്നത്താണെന്ന്‌ പണ്ഢിതശ്രേഷ്ഠനായ ഇമാം നവവി(റ) തന്റെ അദ്കാറിൽ രേഖപ്പെടുത്തിയത്‌ നാം കണ്ടു. ഈ നിലയിൽ അതിനെക്കാൾ ഉയർന്ന സ്ഥാനത്തു നിൽക്കുന്നതും എല്ലാവരാലും അംഗീകരിക്കപ്പെട്ടതുമായ ഹദീസുകളിലൂടെ ശ'അബാൻ പതിനഞ്ചാം രാവിന്റെ ശ്രേഷ്ഠത തെളിഞ്ഞിരിക്കെ അതിനെ ചിലർ തള്ളിപ്പറയുന്നത്‌ അജ്ഞത കൊണ്ടാണ്‌.

(അവലം‌ബം : മുസ്‌ലീം‌പാത്ത്.കോം)