ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, July 13, 2011

ലൈലതുല്‍ ബറാ‌അ : താത്വിക വിശകലനം

യുഗാന്തരങ്ങളായി ഇസ്‌ലാമിക സമൂഹം പ്രാധാന്യം കൽപിച്ചു വരുന്ന ഒരു സുപ്രധാന രാവത്രെ ലൈലതുൽ ബറാഅ. ഈ രാത്രിയെക്കുറിച്ച്‌ ഖൂർആൻ, ഹദീസ്‌ പ്രാമാണങ്ങളിൽ തന്നെ പരാമർശം കാണാവുന്നതാണ്‌. സൂറ അദ്ദൂഖാനിൽ പരാമർശിക്കപ്പെട്ട രാവ്‌ ലൈലതുൽ ബറാഅ അഥവാ ശഅ​‍്ബാൻ പതിനഞ്ചാം രാവാണെന്നാണ്‌ പല ഖുർആൻ വ്യാഖ്യാതാക്കളും വീക്ഷിച്ചിട്ടുള്ളത്‌. പ്രസ്തുത രാവിന്റെ പ്രസക്തി ആ രാവിൽ സർവ കാര്യങ്ങളും വേർതിരിച്ചെഴുതപ്പെടുന്നു എന്നതാണെന്ന്‌ ഖൂർആൻ പറഞ്ഞിരിക്കുന്നത്‌ പ്രസ്താവ്യമാണ്‌. മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകൾ വ്യാപിച്ചിരിക്കുന്ന അവസ്ഥാമാറ്റങ്ങൾ, പരിണാമങ്ങൾ എല്ലാം തന്നെ ഈയൊരു രാവിന്റെ വ്യക്തമായ നിർണയത്തിൽ നാഥൻ ഒരുക്കിയിരിക്കുന്നുവെന്നതാണ്‌ വസ്തുത. എങ്കിൽ പിന്നെ പ്രസ്തുത രാവ്‌ എത്രമാത്രം പ്രസ്താവ്യമാണെന്ന്‌ ഊഹിക്കാവുന്നതാണല്ലോ.

ഈ രാവിന്റെ മറ്റൊരു സവിശേഷതയായി ഖുർആൻ പഠിപ്പിക്കുന്നത്‌ പ്രസ്തുത രാവിൽ ഖുർആൻ അവതരണം നാഥൻ നടത്തിയിരിക്കുന്നു എന്നതാണ്‌. എന്നാൽ ഖുർആൻ അവതരണം ലൈലതുൽഖദ്‌റിൽ ആണ്‌ നടന്നതെന്ന ഖുർആനിന്റെ തന്നെ മറ്റൊരു പ്രഖ്യാപനത്തെ ഇവിടെ പണ്ഢിതർ വ്യാഖ്യാനത്തിന്‌ വിധേയമാക്കിയത്‌ കാണാം. അതായത്‌, ലൈലതുൽ ബറാഅയിൽ ഖുർആൻ ലൗഹുൽ മഹ്ഫൂള്‌ എന്ന സംരക്ഷിത ഫലകത്തിൽ നിന്നും പ്രഥമ വാനലോകത്തേ ക്ക്‌ അവതരിച്ചുവേന്നതാണത്രെ ഇവിടെ വിവക്ഷിക്കപ്പെടുന്നത്‌. ഖുർആൻ ഈ രാവിനെ പറ്റി വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം ലൈതുൻമുബാറക എന്നാണ്‌. ഇതിന്റെ താൽപര്യം ബറകതാക്കപ്പെട്ട പുണ്യപൂരിതരാവ്‌ എന്നത്രെ. അഭിവൃദ്ധി, അനുഗ്രഹം തുടങ്ങിയ താൽപര്യങ്ങൾ നൽകാവുന്ന ഈ പദപ്രയോഗം ഖുർആൻ തിരഞ്ഞെടുത്തിരിക്കുന്നത്‌ തന്നെ ഏറെ ശ്രദ്ധേയമാണ്‌.

അതുകൊണ്ട്‌ ഈ രാവ്‌ മുസ്‌ലിംകൾക്ക്‌ പ്രധാനമാണെന്ന്‌ നമുക്ക്‌ പറയാം. പണ്ഢിതർ പഠിപ്പിച്ചതനുസൃതം ഈ ശഅബാൻ പകുതിയിലെ രാവിന്‌ ലൈലതുസ്സ്വക്ക്‌, ലൈലതുറഹ്മ എന്നീ നാമങ്ങളും കാണാവുന്നതാണ്‌. ഇതിന്റെ താൽപര്യം യഥാക്രമം സർവകാര്യങ്ങളും രേഖപ്പെടുത്തുന്ന രാവ്‌, കാരുണ്യവർഷം സവിശേഷമായ രാത്രി എന്നിങ്ങനെയാണ്‌. എങ്കിൽ ഈ നാമകരണങ്ങൾ തന്നെ ഈ രാവിന്റെ സ്ഥാനമഹാത്മ്യത്തെ നുമുക്ക്‌ മുമ്പിൽ കുടൂതൽ പ്രകടീഭവിപ്പിക്കുന്നു.

പണ്ഢിതർ ഈ രാവിന്റെ മഹത്വസംബന്ധിയായി ഏറെ കാര്യങ്ങൾ പറഞ്ഞതായി കാണാം. അതിൽ പ്രധാനമായ ഒന്നത്രെ നബി(സ്വ)യുടെ ശിപാർശാധികാരം. അതായത്‌ ഈ രാവിലാണ്‌ റസൂലിന്‌ തന്റെ സമുദായത്തിന്നുവേണ്ടി ശിപാർശ ചെയ്യാനുള്ള സമ്പൂർണാധികാരം അല്ലാഹു സമ്മാനിച്ചിരിക്കുന്നതത്രെ. തഫ്സീർ റാസിയടക്കമുള്ള ഗ്രന്ഥങ്ങളിൽ ഈ വിഷയം പറഞ്ഞത്‌ കാണാവുന്നതാണ്‌. ഈ വസ്തുത പ്രവാചക വ്യക്തിത്വത്തെ പ്രധാനപൂർണമാക്കിത്തീർക്കുന്നു. നബി(സ്വ)യുടെ ആത്മീയ വ്യക്തിത്വത്തെ അല്ലാഹു ഉയർത്താൻ തീരുമാനിച്ച രാവ്‌ എന്ന അർ ഥത്തിൽ അതുകൊണ്ടു തന്നെ വിശ്വാസികൾക്ക്‌ ഈ രാവ്‌ എത്രയോ ആദരവുറ്റതായിമാറുന്നു.
(അവലംബം : മുസ്‌ലിം‌പാത്ത്.കോം)