ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

ബദര്‍ ദിനം

എ.ഡി 624 ജനുവരിയിൽ, ഹിജ്‌റയുടെ പത്തൊമ്പതാം മാസം റമളാൻ പതിനേഴിന്‌ ബദർ യുദ്ധം നടന്നു. അല്ലാഹുവിന്റെ തിരുദൂതർ മുഹമ്മദ്‌ നബി(സ്വ)യുൾപ്പടെ 313 പേർ(എണ്ണത്തിൽ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌) സത്യവിശ്വാസികളുടെ ഭാഗത്ത്‌ അണിചേർന്നു. മക്കയിലെ പ്രമുഖ പ്രഭു അബൂജഹ്‌ലിന്റെ നായകത്വത്തിൽ ആയിരത്തോളം പടയാളികൾ നിഷേധികളുടെ ഭാഗത്ത്‌ അണിചേർന്നിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനം ശത്രുക്കളുമായി നടത്തിയ പ്രഥമ പോരാട്ടമായിരുന്നു ബദർയുദ്ധം. നിർണായകമായിരുന്നു അതിന്റെ ഫലം.

സ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദർയുദ്ധം. ലോകത്ത്‌ ഇസ്‌ലാമിന്റെയും പ്രവാചകന്റെയും നിലനിൽപ്പു നിർണയിച്ച യുദ്ധമായിരുന്നു ഇത്‌. യുദ്ധത്തിനു മുന്നോടിയായി തിരുനബി(സ്വ) നടത്തിയ ആത്മാർഥമായ പ്രാർഥന ഇതിനു മതിയായ ചരിത്രസാക്ഷ്യമാണ്‌. തങ്ങൾ ദു'ആ ചെയ്തു. "അല്ലാഹുവേ, ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കിൽ പിന്നെ ഭൂമുഖത്ത്‌ നിനക്ക്‌ ആരാധന നടക്കുന്നതല്ല. അതുകൊണ്ട്‌ നീ എനിക്കുതന്ന വാക്കു പാലിക്കണേ. നിന്റെ സഹായം കൊണ്ടനുഗ്രഹിക്കണേ".

ബദർയുദ്ധം നടന്നത്‌ പരിശുദ്ധ റമളാനിലായിരുന്നുവെന്ന്‌ പറഞ്ഞല്ലോ. റമളാൻ വ്രതനിർബന്ധത്തിനു പിന്നാലെയാണ്‌ യുദ്ധമുണ്ടായത്‌. അൽഹാഫിള്‌ ഇബ്നുകസീർ(റ) കുറിക്കുന്നത്‌ കാണുക: "ബദർദിനം ഹിജ്‌റ രണ്ടാം വർഷം റമളാൻ മാസം പതിനേഴിനായിരുന്നു. അന്നത്തെ രാവിൽ തിരുദൂതർ നിസ്കാരാദി കർമ്മങ്ങൾ കൊണ്ട്‌ ധന്യമാക്കിയിരുന്നു. അവിടുന്ന്‌ സുജൂദി'യാഹയ്യു യാ ഖയ്യൂം' എന്ന ദിക്‌റ്‌ ആത്മാർഥമായി ആവർത്തിച്ചിരുന്നു".

ബദ്‌റിൽ നബിക്കും സ്വഹാബത്തിനും പൊരുതേണ്ടിവന്നത്‌ സർവ്വായുധ സജ്ജരായ ശത്രുസൈന്യത്തോടായിരുന്നു. ആർഭാടത്തോടെ, അതിലുപരി അഹങ്കാരത്തോടെ യുദ്ധസന്നദ്ധരായി വന്ന സൈന്യ ത്തെ കുറിച്ച്‌ ചരിത്രകാരനായ ഇബ്നു ഇസ്‌ഹാഖ് (റ) പറയുന്നു: "തൊള്ളായിരത്തി അൻപതിൽ പരം യോദ്ധാക്കൾ ഖുറൈശി പക്ഷത്തുണ്ടായിരുന്നു. ഇരുനൂറോളം കുതിരകൾ മുന്നിൽ അണിനിരന്നിരുന്നു. സത്യവിശ്വാസികളെ അപഹസിച്ചും പരിഹസിച്ചും ദഫും മേളവും കൊണ്ട്‌ മുഖരിതമായിരുന്നു ശത്രുസൈന്യവ്യൂഹം".

സൈനിക സഹായവും ആയുധബലവും മാത്രമല്ല അത്യാവശ്യ ഭക്ഷണം പോലും മുസ്‌ലിംകൾക്കുണ്ടായിരുന്നില്ല. ഹുദലി(റ)യിൽ നിന്നുദ്ധരിക്കുന്നത്‌ കാണുക: "മുശ്‌രിക്കുകളുടെ പക്കൽ അറുനൂറിൽപ്പരംഅങ്കികൾ ഉണ്ടായിരുന്നു. എന്നാൽ മുസ്ലിം പക്ഷത്തു കേവലം രണ്ട്‌ കുതിരയും അറുപത്‌ അങ്കിയും മാത്രമാണുണ്ടായിരുന്നത്‌".

അലി(റ) സ്മരിക്കുന്നു: "ബദർ ദിനത്തിൽ ഞങ്ങളുടെ കൂടെ ആകെ രണ്ട്‌ കുതിരകൾ മാത്രമാണുണ്ടായിരുന്നത്‌. ഒന്ന്‌ സുബൈറിനും മറ്റൊന്ന്‌ മിഖ്വ്ദാദുബ്നു അസ്‌വദിനും".

മുസ്‌ലിംകൾക്കുണ്ടായിരുന്നത്‌ ആകെ എഴുപത്‌ ഒട്ടകങ്ങളായിരുന്നു. ഓരോ ഒട്ടകത്തെയും മൂ ന്നുപേർ വീതം പങ്കുവെച്ചായിരുന്നു യാത്ര. നബി(സ്വ)യും ഈ കൂട്ടത്തിൽ ഒരു കൂറുകാരനായിരുന്നു. അങ്ങനെ നബിയുടെ ഊഴമെത്തിയാൽ സ്വഹാബത്ത്‌ പറയും: "തിരുദൂതരേ, ഞങ്ങൾ നടന്നുകൊള്ളാം. അവിടുന്ന്‌ ഒട്ടകപ്പറത്ത്‌ യാത്ര ചെയ്യുക". ഇതു കേൾക്കുമ്പോൾ നബി(സ്വ)യുടെ പ്രതികരണം. "നിങ്ങൾ എന്നെക്കാൾ ആരോഗ്യവാന്മാരൊന്നുമല്ല. ഞാനാണെങ്കിൽ നിങ്ങളെക്കാൾ പ്രതിഫലം ആവശ്യമില്ലാത്തവനുമല്ല'. മുസ്‌ലിംകളുടെ വിശ്വാസത്തിന്റെയും ആത്മവീര്യത്തിന്റെയും മാറ്റു തെളിയിച്ച യുദ്ധമായിരു ന്നു ബദർ.' വളരെ ചെറിയ ഒരു സംഘം മൂന്നിരട്ടി വരുന്ന സർവ്വായുധ വിഭൂഷിതരായ വൻ സൈന്യത്തോടാണ്‌ പൊരുതി ജയിച്ചതു. ആൾബലമല്ല ആത്മശക്തിയാണ്‌ വിജയപരാജയങ്ങൾ നിർണയിക്കുന്നതെന്ന്‌ തെളിയിക്കാൻ സ്വഹാബത്തിന്‌ കഴിഞ്ഞു. ഇസ്‌ലാമിനുവേണ്ടി ജീവാർപ്പണം ചെയ്യാനുള്ള അചഞ്ചലമായ ഉറപ്പായിരുന്നു ബദ്‌രീങ്ങളുടെ ശക്തിരഹസ്യം. നബി(സ്വ) പറഞ്ഞതനുസരിച്ച്‌ പ്രവർത്തിക്കാൻ അവരുടെ മനസ്സിന്‌ ചാഞ്ചല്യമുണ്ടായിരുന്നില്ല. അൻസ്വാരികളായ സ്വഹാബികൾ നബി(സ്വ) യോട്‌ പ്രഖ്യാപിച്ച വാക്കുകൾ ഇതു വ്യക്തമാക്കുന്നു.

"നബിയേ, എന്തിനു ഭയക്കണം? യുദ്ധവേദിയൊരുങ്ങിയാൽ മൂസാ നബിയോട്‌ തന്റെ ജനത പറഞ്ഞത്‌ പോലെ ഞങ്ങളും പറയുമെന്ന്‌ അങ്ങ്‌ കരുതുന്നുണ്ടോ. അവർ പറഞ്ഞത്‌ "നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക" എന്നാണെങ്കിൽ ഞങ്ങൾ പ്രഖ്യാപിക്കുന്നു. അവിടത്തെ മുന്നിലും പിന്നിലും ഇടതും വലതുമെല്ലാം നിന്നു ഞങ്ങൾ പൊരുതും. അങ്ങയെ ദൂതനായി അയച്ച നാഥനെ തന്നെ സത്യം. ഞങ്ങൾ അവിടത്തെ ആജ്ഞകളെന്തും ശിരസ്സാവഹിക്കാൻ പ്രതിജ്ഞാബദ്ധരാകുന്നു".

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും അഭൗതിക സഹായവും മുസ്‌ലിംകൾക്കു വന്നെത്തിയതിനു കാരണം അവർ പ്രകടിപ്പിച്ച ഉത്സാഹമായിരുന്നു. മലക്കുകളുടെ അവതരണം കൊണ്ട്‌ ബദ്‌റിൽ അല്ലാഹു വിശ്വാസികൾക്കു സഹായം പകർന്നതായി ഖുർആൻ പറയുന്നുണ്ട്‌.

സ്‌ലാമിക ചരിത്രത്തിലെ നിർണായകമായ ഈ യുദ്ധത്തെ വിശ്വാസികൾ എന്നും സ്മരിക്കുന്നു. റമളാനിൽ ബദ്‌ര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ പ്രകീർത്തനവും നടത്തുന്നു. ബദ്‌രീങ്ങളുടെ മഹത്വത്തെപറ്റി ബോധമുള്ള പൂർവ്വികർ തുടങ്ങിവെച്ച ഈ ആചാരം അണഞ്ഞു പോകാതെ നോക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. ഭൗതികവും ആത്മീയവുമായ അർഥതലങ്ങൾ ഈ ആചാരത്തിനു പിന്നിലുണ്ട്‌. ഒന്നാമതായി ബദർ ചരിത്രസ്മരണ അനേകം ഗുണപാഠങ്ങൾ നമുക്കു സമ്മാനിക്കുന്നു. വിശ്വാസത്തിന്റെ ഈ വിജയം ലോകത്തിനു ലഭിക്കുന്ന ഉത്തമ പാഠമാണ്‌. രണ്ടാമത്തെ നേട്ടം ആത്മീയമാണ്‌.

മു'ആദ്‌(റ) പറയുന്നു: "അമ്പിയാഇനെക്കുറിച്ചുള്ള സ്മരണകൾ ആരാധനയുടെ ഭാഗമാണ്‌. മഹാത്മാക്കളെ സ്മരിക്കൽ പാപമുക്തിക്കു കാരണമാകുന്നു" (മശ്നദുൽ ഫിർദൗസ്‌). ബദ്‌രീങ്ങൾ മഹാത്മാക്കളാണെന്നതിൽ പക്ഷാന്തരമില്ലല്ലോ. ബദ്‌റിൽ പങ്കെടുത്തവർക്ക്‌ വളരെയധികം മഹത്വമുണ്ടെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്‌. സർവ്വാംഗീകൃത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഒരധ്യായത്തിന്റെ നാമം തന്നെ ബദ്‌റിൽ പങ്കെടുത്തവരുടെ മഹത്വം എന്നാണ്‌. പ്രസ്തുത അധ്യായത്തിൽ ഇമാം ബുഖാരി(റ) ബദ്‌രീങ്ങളെ പരാമർശിക്കുന്ന ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്‌. അൽഹാഫിള്‌ ഇബ്നുകസീർ(റ) തന്റെ അൽബിദായതുവന്നിഹായയിൽ ബദ്‌രീങ്ങളുടെ മഹത്വത്തെപ്പറ്റി ഒരധ്യായം ചേർത്തിട്ടുണ്ട്‌. അതിൽ ചിലഭാഗങ്ങൾ കാണുക: "മു'ആദുബ്നു രിഫാഅ(റ) തന്റെ പിതാവിൽ നിന്ന്‌ ഉദ്ധരിക്കുന്നു: ഒരിക്കൽ നബി സവിധത്തിൽ ജിബ്‌രീൽ(അ) വന്നു ചോദിച്ചു. "ബദ്‌റിൽ പങ്കെടുത്തവരെ എങ്ങനെയാണ്‌ നിങ്ങൾ കണക്കാക്കുന്നത്‌?" നബി(സ്വ) മറുപടി പറഞ്ഞു: "മുസ്‌ലിംകളിൽ സർവ്വശ്രേഷ്ഠൻ എന്ന പദവിയാണ്‌ ഞങ്ങൾ അവർക്ക്‌ നൽകുന്നത്‌" അപ്പോൾ ജിബ്‌രീൽ(അ) പറഞ്ഞു: 'ബദ്‌റിൽ പങ്കെടുത്ത മലകുകൾക്കും ഞങ്ങൾ ഈ പദവി തന്നെയാണ്‌ നൽകിയിരിക്കുന്നത" (ബുഖാരി).


ഹാരിസ(റ)വിനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ മാതാവ്‌ നബി(സ്വ)യോടിങ്ങനെ ആരാഞ്ഞു. "നബിയേ, എനിക്കെന്റെ പുത്രനുമായുള്ള ബന്ധത്തെപ്പറ്റി തങ്ങൾക്കറിവുള്ളതാണല്ലോ. അവൻ സ്വർഗപ്രവേശിതനാണോ?' പ്രവാചകൻ പറഞ്ഞു; 'സ്വർഗം പലതുണ്ട്‌. നിങ്ങളുടെ പുത്രൻ ഫിർദൗസുൽ അ'അ​‍്ലാ എന്ന അത്യുന്നത സ്വർഗത്തിലാകുന്നു'(ബുഖാരി). ഈ ഹദീസ്‌ ഉദ്ധരിച്ച്‌ ഇബ്നുകസീർ(റ) പറയുന്നു.

"ബദ്‌റിൽ പങ്കെടുത്തവരുടെ മഹത്വത്തെപ്പറ്റി ഈ സംഭവം വ്യക്തമായ ബോധനം നൽകുന്നു. ബഹുമാനപ്പെട്ട ഹാരിശത്ത്‌ യുദ്ധക്കളത്തിലോ യുദ്ധം കൊടുമ്പിരി കൊണ്ട സ്ഥലത്തോ ആയിരുന്നില്ല. അകലെ നിന്നു യുദ്ധം നോക്കിക്കാണുകയായിരുന്നു. ഒരു ജലാശയത്തിൽ നിന്നു വെ ള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്പേറ്റാണ്‌ അദ്ദേഹം രക്തസാക്ഷിയായത്‌. എന്നിട്ടുപോലും സ്വർ ഗത്തിൽ അത്യുന്നതസ്ഥാനമായ ഫിർദൗസിലാണദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്‌. സ്വർഗത്തിലെ മുഴുവൻ നദികളും ഒഴുകുന്നത്‌ ഫിർ ദൗസിൽ നിന്നാണ്‌. ആ സ്ഥാനം ആവശ്യപ്പെടാൻ നബി(സ്വ) നമ്മോട്‌ പ്രത്യേകം ആജ്ഞാപിക്കുന്നുണ്ട്‌. ഇത്രുയം മഹത്തായ സ്ഥാനം പ്രാപിക്കാൻ ഹാരിസ(റ)വിനായെങ്കിൽ മൂന്നിരട്ടിയിലധികം വരുന്ന സൈന്യത്തോട്‌ പൊരുത്തിയവർക്കുള്ള മഹത്വവും പ്രതിഫലവും എത്രമാത്രമായിരിക്കും".

ബദർ രക്തസാക്ഷികൾ 14 പേർ മാത്രമാണ്‌. എന്നാൽ യുദ്ധത്തിൽ സംബന്ധിച്ചവരെല്ലാവരും വിശുദ്ധ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു. നബി(സ്വ) പറഞ്ഞു: 'അല്ലാഹു ബദർ പോരാളികൾക്ക്‌ പ്രത്യക്ഷനായി അറിയിച്ചേക്കും; നിങ്ങൾക്കിനി ഇഷ്ടമുള്ളതാകാം. എല്ലാം നിങ്ങൾക്ക്‌ പൊറുത്തുതന്നിരിക്കുന്നു' (സ്വഹീഹു മുസ്‌ലിം 4/1941 നമ്പർ 2494, സ്വഹീഹുൽ ബുഖാരി 3/1095 നമ്പർ 2845).

ബദ്‌റിൽ പങ്കെടുത്തവർക്കു മതവിധിവിലക്കുകൾ ബാധകമല്ലെന്നോ ശിഷ്ടകാലം തോന്നിയപോലെ ആ കാമെന്നോ ഈ പറഞ്ഞതിനർഥമില്ല. ബദ്‌രീങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. ജാബിർ(റ)വിൽ നിന്നുള്ള ഒരു ഹദീസിൽ ഇങ്ങനെ കാണാം. "ബദ്‌റിൽ പങ്കെടുത്ത മുസ്‌ലിം സൈന്യത്തിലെ ഒരാളും നരകത്തിൽ കടക്കുന്നതല്ല"(അഹ്മദ്‌). ഈ ഹദീസ്‌ സ്വീകാര്യമായതാണെന്ന്‌ ഇബ്നുഹജറിൽ അസ്ഖ്വലാനി(റ) പറഞ്ഞിരിക്കുന്നു.

അബൂഹുറയ്‌റ(റ)വിൽ നിന്നുള്ള മറ്റൊരു ഹദീസിൽ 'ഇൻശാ അല്ലാഹ്‌, ബദ്‌റിൽ പങ്കെടുത്ത ആരും തന്നെ നരകത്തിൽ പ്രവേശിക്കുന്നതല്ലെന്നു ഞാൻ ന്യായമായും പ്രതീക്ഷിക്കുന്നു' (ബസ്സാർ) എന്നു നബി(സ്വ) പറഞ്ഞതായി കാണാം. ബദ്‌റിൽ പങ്കെടുത്ത മഹാത്മാക്കളെ സ്മരിക്കേണ്ടത്‌ വിശ്വാസികളുടെ ബാധ്യതയാണ്‌. റമളാൻ പതിനേഴിനു ബദർദിനം ആചരിക്കുന്നതിലൂടെ ആ ബാധ്യതയാണ്‌ നാം നിറവേറ്റുന്നത്‌.

പോരാളികൾ ബദ്‌റിന്‌ ശേഷം

അല്ലാഹുവിന്റെ സത്യമാർഗത്തെ സംരക്ഷിക്കുവാൻ തീരുമാനമെടുത്ത ബദർ പോരാളികളെ സംരക്ഷിക്കാൻ അവനും തീരുമാനിച്ചു. ധർമപോരാളികളുടെ പേരും പെരുമയും അന്ത്യനാൾ വരെ യഥോചിതം സംരക്ഷിക്കുവാൻ ആദർശബോധമുള്ള അവരുടെ പിൻഗാമികളെ അല്ലാഹു തിരഞ്ഞെടുക്കുകയും ചെയ്തു.

ബദർ പോരാളികളെ അളവറ്റ ആദരവോടെയാണ്‌ ഈ സമുദായം പിൽക്കാലത്ത്‌ സമീപിച്ചതു. ബദർ പടക്കളത്തിൽ സാക്ഷികളായ ഏക കാരണത്തിൽ അവരെയെല്ലാവരെയും മരണം വരെ പ്രത്യേക പരിഗണന നൽകി ബഹുമാനിക്കുവാൻ നബിയും സ്വഹാബത്തും മറ്റു മുസ്ലിംകളും തയ്യാറായിരുന്നു. ഏതു രംഗത്തും എന്തെന്നില്ലാത്ത ആദരവും പ്രത്യേകതയും കൽപ്പിച്ചുകൊണ്ടാണ്‌ ബദർ പോരാളികൾ ഓർമിക്കപ്പെട്ടത്‌. ബദർ പോരാളികളിൽ പലരും ബദർ യുദ്ധത്തിനുശേഷം പതിറ്റാണ്ടുകൾ ജീവിച്ചു. പോരാളികളിൽ പ്രമുഖനായ കഅ​‍്ബ്‌ ബ്നു അമ്ര്‌ അൽ ഖസ്‌റജി(റ) തന്റെ നൂറ്റി ഇരുപതാം വയസ്സിൽ ഹിജ്‌റാബ്ദം 55-​‍ാം വർഷമാണ്‌ മൃതിയടഞ്ഞത്‌(അൽ തുഹ്ഫതുല്ലത്വീഫ 2/395). ഹിജ്‌റാബ്ദം 61ൽ തന്റെ തൊ ണ്ണൂറ്റി ഒന്നാം വയസ്സിൽ നിര്യാതനായ ജബ്‌റുബ്നു അതീഖ്‌(റ) ആണ്‌ ബദർ പോരാളികളിൽ നിന്ന്‌ ഏറ്റവും ഒടുവിൽ മരണപ്പെട്ടതെന്ന്‌ അഭിപ്രായമുണ്ട്‌(അൽ തുഹ്ഫതുല്ലത്വീഫ1/233). സുദീർഘമായ ഇക്കാലമത്രയും മുസ്‌ലിംകൾക്കിടയിൽ ജീവിച്ചിരുന്ന ബദർ പോരാളികൾ സമുദായത്തിലെ ഒന്നാം നിരക്കാരും, സർവാദരണീയരുമായാണ്‌ കരുതപ്പെട്ടത്‌. ബദർ പോരാളികൾക്ക്‌ ലഭിച്ച ബഹുമാനാദരവുകൾക്കു സമാനമായ ഒരു വിശിഷ്ട സമീപനം ഈ സമുദായത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ല. ഏതാനും ഉദാഹരണങ്ങൾ ചരിത്രത്തിൽ നിന്നും നമുക്കുദ്ധരിക്കാം.

(1)      ബദർ പോരാളികളിൽപ്പെട്ട മുഴുവനാളുകളുടെയും പേരുവിവരങ്ങൾ കൃത്യമായും കണിശമായും സൂക്ഷിക്കപ്പെട്ടു. ലോകചരിത്രവായനയിൽ തന്നെ വല്ലാത്ത വിസ്മയം സൃഷ്ടിക്കുന്ന സംഗതിയാണിത്‌. ആയിരത്തി നാനൂറ്റി ചില്വാനം വർഷങ്ങൾക്കപ്പുറത്ത്‌ അറേബ്യയിൽ നടന്ന ഒരു പോരാട്ടത്തിൽ പോരാളികളായി അണിനിരന്ന മുഴുവൻ സൈനികാംഗങ്ങളുടെയും പേരും പിതൃനാമവും കുടുംബപ്പേരും മറ്റും ഇന്നും കൃത്യമായി സൂക്ഷിക്കപ്പെടുന്നു എന്നത്‌ ചരിത്രപരമായി നിസ്സാരകാര്യമല്ല. .നിരവധി ചരിത്രരേഖകളിലും പ്രാമാണിക ഗ്രന്ഥങ്ങളിലും 313 പേരുകൾ അതിസൂക്ഷ്മമായി രേഖപ്പെട്ടുകിടക്കുന്നു. പലരെക്കുറിച്ചും വിശദവിവരണങ്ങൾ തന്നെ ലഭ്യമാണ്‌. കുടുംബ നാമവും പിതൃനാമവും ലഭ്യമല്ലാത്തവരായി ആരും തന്നെയില്ല.(ബദർ മൗലിദിലും മറ്റും പാരായണ സൗകര്യത്തിനുവേണ്ടിയാണ്‌ ചുരുക്കപ്പേരുകൾ മാത്രം പരാമർശിച്ചതു). ക്രൈസ്തവ- ഹൈന്ദവ സമൂഹങ്ങളിലും മറ്റും ആയിരം വർഷം മുമ്പ്‌ നടന്ന ഏതെങ്കിലുമൊരു ചരിത്ര സംഭവത്തിൽ സംബന്ധിച്ച നൂറുപേരുടെ പോലും പേരുവിവരങ്ങൾ ഇന്ന്‌ സൂക്ഷിക്കപ്പെടുന്നില്ലെന്ന യാഥാർഥ്യത്തോട്‌ താരതമ്യം ചെയ്യുമ്പോഴാണ്‌ മുസ്‌ലിം പണ്ഢിതന്മാരുടെ ചരിത്രബോധവും പോരാളികളുടെ മഹത്വവും ബോധ്യപ്പെടുക.


ഹിജ്‌റ 266ൽ അന്തരിച്ച ഇമാം അഹ്മദുബ്നു മുഹമ്മദ്‌ ബ്നു ഹമ്പൽ((റ) എന്ന പണ്ഢിതൻ രചിച്ച മസാഇലുൽ ഇമാം അഹ്മദ്‌(റ) എന്ന വിഖ്യാത ഗ്രന്ഥത്തിൽ ബദ്‌ര്‍ പോരാളികളുടെ പേരുവിവരങ്ങൾ വിശദമായി കണ്ടെടുക്കാവുന്നതാണ്‌. ഇമാം ഇബ്നുഹജറുൽ അസ്ഖലാനി(റ)യുടെ അൽഇസ്വാബ, ഇമാം ശംസുദ്ദിനുസ്സഖാവി റ, (മരണം 902) യുടെ അൽതുഹ്ഫതുല്ലത്വീഫ, ഇമാം അബ്ദുൽ ഹയ്യ്‌ അൽകത്താനി(റ)യുടെ അൽതറാത്തീബുൽ ഇദാരിയ്യ മുതലായ ഗ്രന്ഥങ്ങളിലെല്ലാം ബദ്‌രീങ്ങളുടെ പേരുവിവരങ്ങൾ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്‌. ഡോ. മുഹമ്മദ്‌ അബ്ദുയമാനിയുടെ അൽബദ്‌റുൽ കുബ്‌റാ എന്ന വിശിഷ്ട ഗ്രന്ഥത്തിൽ ബദ്‌രീങ്ങളുടെ പേരു വിവരങ്ങൾ മുഹാജിറുകളെയും അൻ സ്വാറുകളെയും മറ്റും വേർതിരിച്ച്‌ വിവരിച്ചിരിക്കുന്നു. ഇത്രയധികം വരുന്ന പോരാളികളുടെ പേരുകൾ പൂർവീകന്മാർ മനഃപാഠമാക്കുകയും രേഖപ്പെടുത്തുകയും പിൻതലമുറക്ക്‌ പകർന്നു കൊടുക്കുകയും ചെയ്ത്തതിൽ നിന്നും ബദ്‌ര്‍ പോരാളികളുടെ മഹത്വം ഗ്രഹിക്കാവുന്നതാണ്‌. ഇസ്‌ലാമിക പ്രസ്ഥാനത്തിന്‌ ജീവൻ നൽകിയ മഹാത്മാക്കളെ അനുസ്മരിക്കാതെ മുന്നോട്ടുപോകാൻ പ്രബുദ്ധതയുള്ള പിൻതലമുറക്ക്‌ സാധ്യമല്ല.

അറബിഭാഷയും ചരിത്രവുമൊന്നും വശമില്ലാത്തവരെങ്കിൽ പോലും 313 ബദർ പടയാളികളുടെ വിശുദ്ധ നാമങ്ങൾ മനഃപാഠം സൂക്ഷിക്കുന്ന, പതിവ്‌ തെറ്റാതെ ചൊല്ലി അനുസ്മരിക്കുന്ന വലിയൊരു ഭക്ത വിഭാഗം ഈ സമുദായത്തിൽ ഇന്നും ജീവിക്കുന്നുണ്ട്‌ എന്നത്‌ ബദർ പോരാളികളുടെ മഹത്വത്തിന്റെ അനശ്വരതയാണ്‌ വ്യക്തമാക്കുന്നത്‌.

(2) പിൽക്കാല ജീവിതത്തിലുടനീളം തിരുനബി(സ്വ) ബദർ പോരാളികൾക്കു കൽപ്പിച്ചു നൽകിയ പരിഗണനകൾ സീമാതീതമായിരുന്നു. പ്രസിദ്ധമായ ഒരു സംഭവം ശ്രദ്ധിക്കുക. ഇമാം മുഖാതിൽ(റ) ഉദ്ധരിക്കുന്നു. ഒരു വെള്ളിയാഴ്ച മദീനാപള്ളി നിബിഢമായി. സ്ഥലപരിമിതിമൂലം ചിലർക്ക്‌ ഇരിക്കാനിടം ലഭിച്ചില്ല. മുഹാജിറുകളും അൻസ്വാറുകളുമായ ബദർ പോരാളികളെ പ്രത്യേകം ആദരിക്കുക നബി(സ്വ)യുടെ പതിവായിരുന്നു.ചില ബദർ പോരാളികൾ എത്തിച്ചേർന്നപ്പോൾ ഇരിപ്പിടം ലഭിച്ചില്ല. മറ്റുചിലർ മുമ്പേ ഇരുന്നു കഴിഞ്ഞിരുന്നു. നബി(സ്വ)ക്കു സലാം ചൊല്ലിയ ശേഷം പോരാളികളിൽപ്പെട്ടവർ ക്ഷമാപൂർവം കാത്തുനിന്നു. ഇരിക്കുന്നവർ പോരാളികൾക്കു ഇരിപ്പിടം തരപ്പെടുത്തിക്കൊടുക്കാത്തതിൽ തിരുനബിക്ക്‌ വിഷമമുണ്ടായി. ഒടുവിൽ മുമ്പേ വന്ന്‌ ഇരിപ്പിടം കൈവശപ്പെടുത്തിയ ചിലരോട്‌ പേരുവിളിച്ചു പറഞ്ഞു നബി(സ്വ) എഴുന്നേൽക്കാനാവശ്യപ്പെട്ടു. പോരാളികളിൽ നിന്നും നിൽക്കുന്നവരുടെ എണ്ണത്തിനനുസരിച്ച്‌ ഇരിപ്പിടം ഒഴിവാക്കിയെടുത്തു. ശേഷം തൽസ്ഥാനത്ത്‌ പോരാളികളോട്‌ ഇരിക്കുവാൻ ആവശ്യപ്പെട്ടു. ഇരിപ്പിടം നഷ്പ്പെട്ടവർക്ക്‌ സദുപദേശം നൽകി ആശ്വസിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ്‌ പരിശുദ്ധ ഖുർആനിലെ അൽമുജാദലയിലെ പതിനൊന്നാം വചനം അവതീർണമായത്‌(ഇമാം ഇബ്നുകസീർ. തഫ്സീർ 4/325, ഇമാം ഖുർത്വുബി. തഫ്സീർ 17/297). ഇബ്നുകസീർ(റ) എഴുതുന്നു: 'ബദർ പോരാളികളുടെ അവകാശത്തിൽ ജനങ്ങൾ വീഴ്ചവരുത്തിയത്‌ പരിഹരിക്കാനും അവരുടെ സവിശേഷമായ മഹത്വം ജനങ്ങളെ തെര്യപ്പെടുത്താനും വേണ്ടിയാണ്‌ തിരുനബി(സ്വ) ഇപ്രകാരം ചെയ്തത്‌' (തഫ്സീറു ഇബ്നുകസീർ 4/326).

(3) ഒരിക്കൽ ഒരു പോരാളിയോട്‌ ഉമർ(റ) അൽപം പരുഷമായി സംസാരിച്ചതു പ്രവാചക തിരുമേനിയുടെ ശ്രദ്ധയിൽപ്പെട്ടു. അവിടുന്ന്‌ ഗൗരവ സ്വരത്തിൽ അതിനെ വിലക്കുകയും പോരാളികളെ വല്ലാതെ പുകഴ്ത്തുകയും ചെയ്തു. ഇതുകേട്ട സ്വഹാബിമാർ പോരാളികളിൽപ്പെട്ട സ്വഹാബിമാരെ തിരഞ്ഞുപിടിച്ച്‌ ആദരപൂർവം ആലിംഗനം ചെയ്തു. അവരോട്‌ 'കളിച്ചാൽ' വല്ലനാശവും പറ്റിപ്പോകുമെന്ന്‌ അവർ ഭയപ്പെട്ടിരുന്നു. പിന്നീട്‌ ഉമർ(റ) പറയുമായിരുന്നു. 'നശിച്ചവരെല്ലാം നശിക്കാനിടവന്നത്‌ ബദർ പോരാളികളോട്‌ കളിച്ചതുകൊണ്ടത്രെ' (തഫ്സീറുത്വബ്‌രി 28/45).

(4) ഖലീഫാ ഉമർ(റ) തന്റെ ഭരണകാലത്ത്‌ മുസ്‌ലിം പൗരന്മാരുടെ പട്ടിക തയ്യാറാക്കുവാൻ ഉത്തരവിട്ടു. ബഹുമാനം, ദാനം, പ്രവേശനാനുമതി മുതലായ കാര്യങ്ങളിൽ പ്രസ്‌ തുത പട്ടിക ക്രമമനുസരിച്ച്‌ പരിഗണന നൽകാനും ഉമർ(റ) കൽപ്പിച്ചു. പ്രസ്തുത പട്ടികയിൽ ആദ്യനിരയിൽ സ്ഥാനം നേടിയവർ ബദർ പോരാളികളായിരുന്നു. ഒന്നാമത്തെ നാമം അലി(റ)യുടേതായിരുന്നു (അൽതറാത്തീബുൽ ഇദാരിയ്യ 1/225).

(5) ഖലീഫാ ഉമറി(റ)ന്റെ ഭരണകാലത്ത്‌ മുസ്ലിംകൾക്കിടയിൽ ധനവിതരണത്തിന്റെ പട്ടിക തയ്യാറാക്കി. അത്വാഅ​‍്‌(റ)പറയുന്നു. ഓരോ ബദർ പോരാളിക്കും(അക്കാലത്ത്‌ ജീവിച്ചിരിപ്പുള്ളവർക്ക്‌) അയ്യായിരം വീതം നിശ്ചയിക്കുവാൻ ഉമർ(റ) കൽപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു: 'ബദർ പോരാളികളെ മറ്റുള്ളവരേക്കാൾ ഞാൻ പരിഗണിക്കുകതന്നെ ചെയ്യും (സ്വഹീഹുൽ ബുഖാരി 4/1475 നമ്പർ 3797).

(6) ഉമർ(റ)ന്റെ ഭരണകാലത്ത്‌ ധനസഹായത്തിൽ ബദ്‌ര്‍ പോരാളികൾക്ക്‌ മുന്തിയ പരിഗണന നൽകിയതിനു പുറമെ അവരുടെ വിധവകൾക്കും മക്കൾക്കും പ്രത്യേക ധനസഹായം കൊടുക്കുന്ന സമ്പ്രദായവും നിലവിൽവന്നു. ഇമാം ഇബ്നുസഅദ്‌(റ) രേഖപ്പെടുത്തുന്നു: 'ഉമർ(റ) ബദ്‌ര്‍ പോരാളികളുടെ മക്കൾക്ക്‌ രണ്ടായിരം വീതം സഹായധനം പ്രഖ്യാപിച്ചു'(ത്വബഖാതുൽകുബ്‌റാ 3/296). ഇമാം ത്വബരി(റ) എഴുതുന്നു: 'ഉമർ(റ) ബദർ പോരാളികളുടെ സ്ത്രീകൾക്ക്‌ അഞ്ഞൂറ്‌ നാണയം വിതം ധനസഹായം അനുവദിച്ചു'(താരീഖുത്വബരി 2/452).

(7) ഉമ്മുൽഹകം(റ) പറയുന്നു. ഒരിക്കൽ നബി(സ്വ)യുടെ സവിധത്തിൽ കുറച്ച്‌ ധനം എത്തിച്ചേർന്നു. ഞാനും എന്റെ സഹോദരിയും വിവരമറിഞ്ഞു ചെന്ന്‌ സഹായം ആവശ്യപ്പെട്ടു. അപ്പോൾ തിരുനബി(സ്വ) പറഞ്ഞു: 'വന്ന പണമെല്ലാം ബദർ പോരാളികളുടെ വിധവകൾക്കും അനാഥകൾക്കുമായി വിതരണം ചെയ്തു കഴിഞ്ഞു'(ഇമാം അഹ്മദ്‌ അബൂബക്ര് ശൈബാനി, മരണം ഹി. 287, അൽആഹാദു വൽ മസാനി 6/243).

(8) ബദർ പോരാളികൾക്ക്‌ പ്രത്യേകമായി സ്വഹാബിമാർ കൽപ്പിച്ചുനൽകിയ ആദരവിന്റെ ഏറ്റവും ഉദാത്തമായ ഒരു ഉദാഹരണമാണ്‌ അവരുടെ പേരിലുള്ള മയ്യിത്തു നിസ്കാരത്തിൽ സ്വീകരിക്കപ്പെട്ട സവിശേഷ രീതി. ഇമാം ബുർഹാനുദ്ദീനുൽ ഹലബി(റ) എഴുതുന്നു: 'ബദർ പോരാളികളുടെ പേരിലുള്ള മയ്യിത്ത്‌ നിസ്കാരത്തിൽ സാധാരണ നിസ്കാരത്തേക്കാൾ ഒരു തക്ബീർ കൂടി വർധിപ്പിക്കുന്ന സമ്പ്രദായം സ്വീകരിക്കപ്പെട്ടിരുന്നു. അവരുടെ പ്രത്യേക മഹത്വം പ്രകാശിപ്പിക്കുവാനായി അഞ്ചു തക്ബീറുകൾ ചൊല്ലിയാണ്‌ മയ്യിത്ത്‌ നിസ്കരിച്ചിരുന്നത്‌'(സീറത്തുൽ ഹലബിയ്യ 2/470). ഇമാം ഇബ്നു സഅദ്‌  (റ) രേഖപ്പെടുത്തുന്നു: 'ബദർ പോരാളികളിൽപ്പെട്ട സഹ്‌ലുബ്നു ഹുനൈഫ്‌(റ) വഫാത്തായപ്പോൾ അലി(റ)യാണ്‌ ജനാസ നിസ്കാരത്തിന്‌ നേതൃത്വം നൽകിയത്‌. അദ്ദേഹം അഞ്ച്‌ തക്ബീറുകൾ ചൊല്ലി. ആരോ ചോദിച്ചു: 'ഒരു തക്ബീർ അധികമായത്‌ എന്തുകൊണ്ടാണ്‌? 'അലി (റ) പറഞ്ഞു: 'ഇത്‌ സഹ്‌ലുബ്നു ഹുനൈഫി(റ)ന്റെ ജനാസയാണ്‌. ബദ്‌ര്‍ പോരാളിയാണദ്ദേഹം. പോരാളികൾക്കെല്ലാം അവരെല്ലാത്തവരെക്കാൾ കൂടുതൽ മഹത്വമുണ്ട്‌. ബദർ പോരാളികളുടെ വർധിച്ച പദവി നിങ്ങൾക്കു പഠിപ്പിച്ചുതരുവാൻ വേണ്ടിയാണ്‌ ഞാൻ ഒരു തക്ബീർ വർധിപ്പിച്ചതു' (ത്വബഖാതുൽ കുബ്‌റാ 3/472). ബദർ പോരാളികൾ ജീവിച്ചിരുന്ന കാലമത്രയും സമകാലീന മുസ്‌ലിംകൾ അളവറ്റ ബഹുമാനവും ആദരവും നൽകി അവരുടെ സ്ഥാന മഹത്വങ്ങൾ പ്രകാശിപ്പിക്കുകയുണ്ടായി. നബി(സ്വ)യുടെ കാലശേഷം വന്ന മുസ്‌ലിംകളെല്ലാവരും സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠ വ്യക്തികളായി ബദർ പോരാളികളെ പരിഗണിച്ചുപോന്നു. നിസ്കാരവേളകളിൽ ബദർ പോരാളികളിൽപ്പെട്ട ഒരാൾ സ്ഥലത്തുണ്ടെങ്കിൽ അവരെ മറികടന്ന്‌ ഇമാമത്ത്‌ പദവി സ്വീകരിക്കുവാൻ മറ്റാരും തയ്യാറായിരുന്നില്ല(ഇമാം മഹ്മൂദ് അൽ സമഖ്ശരി, മരണം ഹി. 538 അൽ ഫാഇഖ്‌ 2/105). പണ്ഢിതയായ ആഇശ(റ)യുടെ മുമ്പിൽ വെച്ച്‌ ഒരു മാതാവ്‌ സ്വന്തം മകനെ ശകാരിച്ചു. ഇതുകേട്ട ആഇശ(റ) കോപാകുലയായി ചോദിച്ചു. 'എന്താണിത്‌. അദ്ദേഹം ബദർ പോരാളിയല്ലേ. നിങ്ങളുടെ മകനാണെങ്കിൽ പോലും ബദർ പോരാളികളിൽ അദ്ദേഹം ഉൾപ്പെട്ടുപോയിരിക്കുന്നു. ഇനിമേലിൽ ഇത്‌ പറയരുത്‌' (ഇമാം സുയൂത്വി, തഫ്സീർ ദുർറുൽ മൻസ്വൂർ 6/148). പ്രമുഖ സ്വഹാബിയായ ഖാലിദുബ്നുൽ വലീദ്‌(റ) അബ്ദുറഹ്മാനുബ്നു ഔഫി(റ)നെ കുറിച്ച്‌ നബി(സ്വ)യോട്‌ പരാതിപ്പെട്ടു. നബി(സ്വ) പറഞ്ഞു: 'ഓ ഖാലിദ്‌. ബദർ പോരാളികളിൽപ്പെട്ട ഒരു മാന്യനെ നീ വിഷമിപ്പിക്കുകയാണോ? നീ മനസ്സിലാക്കുക. ഉഹ്ദ്‌ പർവതത്തോളം സ്വർണം നീ വ്യയം ചെയ്താൽ പോലും അന്ന്‌ ബദർ പോരാളികൾ ചെയ്ത പുണ്യം നിനക്കു ചെയ്തു തീർക്കാനാകില്ല' (സ്വഹീഹ്‌ ഇബ്നു ഹിബ്ബാൻ 15/565 നമ്പർ 7091).

ഹജ്ജ്‌ വേളകളിലൊന്നിൽ തനിക്ക്‌ അപരിചിതമായ ഒരു മതവിധി മഹാ പണ്ഢിതനായ അബ്ദുല്ലാഹിബ്നു ഉമറി(റ)നെ ഒരാൾ കേൾപ്പിച്ചു. ആരാണിപ്പറഞ്ഞത്‌? ഇബ്നു ഉമർ(റ) ചോദിച്ചു. 'അബൂഹബ്ബ(റ)യാണത്‌' എന്ന മറുപടി കേട്ടപ്പോൾ ഇബ്നു ഉമർ പ്രതികരിച്ചു: 'അബൂഹബ്ബ പറഞ്ഞതാണോ? അദ്ദേഹം പറഞ്ഞത്‌ സത്യമായിരിക്കും. അദ്ദേഹം ബദർ പോരാ ളികളിൽപ്പെട്ട വ്യക്തിയാണ്‌'(ഇമാം ഫാക്കിഹി, അഖ്ബാറു മക്ക 4/297). മഹാത്മാക്കളായ ബദർ പോരാളികളുടെ മഹത്വവും അത്യുന്നത പദവിയും പിൽക്കാല മുസ്‌ലിംകളും അർഹമായി മനസ്സിലാക്കുകയുണ്ടായി. ഈ സമുദായത്തിന്റെ കാവൽഭടന്മാരായ മഹാപുരുഷന്മാരെ സ്നേഹിച്ചും ആദരിച്ചും അനുസ്മരിച്ചുമാണ്‌ ഓരോ തലമുറയും കടന്നുപോന്നത്‌. അവരുടെ ചരിത്രം പറയുന്നതും പെരുമ പ്രചരിപ്പിക്കുന്നതും പുണ്യകർമമായി ഈ സമുദായം ഗണിച്ചുവരുന്നു. അല്ലാഹു അനശ്വരത നൽകിയാദരിച്ച മഹദ്‌ വ്യക്തികളാണവർ. തിരുനബി(സ്വ) യുടെ ഉറ്റ കൂട്ടുകാർ. അതിനിർണായക ഘട്ടത്തിൽ ഈ സത്യമതത്തെ എല്ലാം സമർപ്പിച്ച്‌ പുഷ്ടിപ്പെടുത്തിയവർ. അവരുടെ അപദാനങ്ങൾ പാടിപ്പറഞ്ഞു പുകഴ്ത്തുന്നത്‌ സത്യവിശ്വാസികൾക്ക്‌ ഒഴിച്ചു നിർത്താനാകാത്തത്താണ്‌. സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീസ്‌ ഇങ്ങനെ സംഗ്രഹിക്കാം: 'തിരുനബി(സ്വ) മദീനയിലെ ഒരു വീട്ടിൽ കല്യാണാഘോഷ ത്തിനെത്തുന്നു. അവിടെ ചില പെൺകുട്ടികൾ അപദാന ഗാനങ്ങൾ ആലപിച്ചുകൊണ്ടിരിക്കയാണ്‌. ബദർ രക്തസാക്ഷികളെ പുകഴ്ത്തുന്ന ഗാനങ്ങളായിരുന്നു അത്‌. തിരുനബി(സ്വ) കടന്നുവന്നപ്പോൾ കുട്ടികളുടെ പ്രകീർത്തന ഗാന വിഷയം മാറി. സ്വാഭാവികമായും അവർ തിരുനബി(സ്വ)യെ പ്രകീർത്തിച്ചു പാടാൻ തുടങ്ങി. നബി(സ്വ) അവരോട്‌ പറഞ്ഞു: 'ഇത്‌ നിർത്തി നിങ്ങൾ മുമ്പ്‌ പാടിക്കൊണ്ടിരുന്നതു തന്നെ പാടുവീൻ' (സ്വഹീഹുൽ ബുഖാരി 4/1496 നമ്പർ 3779).

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete