ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

വിശുദ്ധ റമളാൻ


ആത്മ സംസ്കൃതിയുടെ ഉന്നത വിഹായസ്സിലേക്ക്‌ ചിറകടിച്ചുയരുകയാണു വിശ്വാസി. വർഷം പ്രതി ആവർത്തിച്ചു വരുന്ന വ്രത നാളുകൾ വിശ്വാസിയുടെ ജീവിതം നിഷ്കളങ്കവും ലക്ഷ്യാധിഷ്‌ഠിതവുമാക്കുന്നു. വ്രതം ഒരു പരിചയാണെന്നാണ്‌ തിരുനബി(സ്വ) പറഞ്ഞത്‌. തന്റെ അടിമത്തവും വിനയവും പ്രകടിപ്പിക്കുന്നതിനു മുന്നിൽ വന്ന്‌ ചേരുന്ന പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും തടുക്കാനുള്ള പരിച. ധിക്കാരത്തിന്റെയും അനുസരണക്കേടിന്റെയും രാക്ഷസീയ മാർഗത്തിലേക്ക്‌ തന്നെ തകർത്തെറിയാൻ പ്രലോഭനങ്ങളുമായി വരുന്ന ദുശ്ശക്തി ക്കെതിരിലുള്ള ചെറുത്ത്‌ നിൽപിന്റെ പരിച.

ആത്മ നിയന്ത്രമാണ്‌ വ്രതം. പഞ്ചേന്ദ്രിയങ്ങളുടെ സ്വഛന്ദ വിഹാരത്തിനു നിയന്ത്രണം. ആന്തരികേന്ദ്രീയം മനുഷ്യനെ ഭരിക്കുന്ന ഒരപൂർവ്വ സംവിധാനം. കണ്ണും കാതും ഖൽബുമെല്ലാം അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടുമെന്ന്‌ വിശുദ്ധ ഖുർആൻ താക്കീത്‌ നൽകുന്നുണ്ട്‌. ഇതറിയുന്ന വിശ്വാസി ജീവിതത്തിന്റെ അതിശ്രീഘ പ്രയാണത്തിനിടക്ക്‌ താനറിയാതെ വഴിമാറി നടക്കുന്നു. കണ്ണും കാതും, നാക്കും വായയും കൈകാലുകളും മററംഗങ്ങളുമെല്ലാം ചില ദുർബല സാഹചര്യങ്ങളിൽ, അശ്രദ്ധമായ നിമിഷങ്ങളിൽ നിയന്ത്രണം വിട്ടോടുകയും ആപൽകരമായ അപകടങ്ങൾ വരുത്തിവയ്ക്കുകയും ചെയ്യുന്നു. നിയമമനുസരിച്ച്‌ വാഹന മോടിക്കുന്ന സജീവ ശ്രദ്ധാലുവായ ഒരു ഡ്രൈവറിൽ നിന്ന്‌ അപകടമുണ്ടാകുന്നില്ല. വാഹനാപകടങ്ങൾക്ക്‌ പ്രധാന കാരണം ഡ്രൈവറുടെ അശ്രദ്ധയാണ്‌. ചിലപ്പോൾ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടത്‌ മൂലമുണ്ടാകുന്ന കുറ്റ കൃത്യവും.


മനുഷ്യൻ ഒരു വാഹനമാണ്‌. ദേഹത്തെ വാഹനമായും ദേഹിയെ അതിന്റെ ഡ്രൈവറായുമാണ്‌ സ്വൂഫികൾ വിലയിരുത്തിയത്‌. ഭൗതികയുടെ മാദകത്വത്തിലും ആസ്വാദന ലഹരിയിലും മതിമറന്ന്‌ അശ്രദ്ധനായി വാഹനമോടിക്കുന്ന ഈ മനുഷ്യനെ തന്റെ യഥാർഥ വ്യക്തിത്വ വീണ്ടെടുപ്പിന്‌ സജ്ജമാക്കുകയും താൻ ഓടിക്കുന്ന ശരീരമാകുന്ന വാഹനത്തിന്‌ വന്ന്‌ പോയ അപഭ്രംശങ്ങളും ഇഛകളുടെ ദുസ്വാധീനത്താലുണ്ടാകുന്ന തകരാറുകളും ശരിപ്പെടുത്തുകയുമാണ്‌ വ്രത മാസത്തിൽ. തിന്മകളിൽ നിന്നും ആനാവശ്യമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞ്‌ നിൽക്കുന്ന മനുഷ്യൻ വ്രതത്തിലൂടെ വാചാലമായ മൗനമവലംബിക്കുകയാണ്‌. ഇന്ദ്രിയങ്ങളെ തെറ്റിൽ നിന്നും അമിതാനന്ദങ്ങളിൽ നിന്നും പിന്തിരിപ്പിച്ച്‌ നന്മയുടെ താഴ്‌വരകളിലേക്ക്‌ അയക്കുകയാണ്‌. ഇതോടെ തന്റെ ശരീരം ശുദ്ധീകരിക്കുകയും മനസു സംസ്കൃതി നേടുകയും ചെയ്യുന്നു. "അസത്യ പ്രസ്താവനകളും ദുർവൃത്തികളും അവസാനിപ്പിക്കുന്നില്ലെങ്കിൽ പിന്നെ ഭക്ഷണവും പാനീയവും വെടിഞ്ഞിരിക്കണമെന്ന ഒരാവശ്യം അല്ലാ ഹുവിനില്ല" (ബുഖാരി). വ്രത വിശുദ്ധിയുടെ അദ്ധ്യാത്മിക മാനമാണീ ഹദീസ്‌ പഠിപ്പിക്കുന്നത്‌. കേവലം അന്നപാനാദികൾ വെടിഞ്ഞ്‌ അശ്ലീലാഭാസങ്ങൾ, അസഭ്യ വർഷങ്ങൾ, ഫിത്ന ഫസാദുകൾ, ഏഷണി പരദൂഷണം തുടങ്ങിയ തിന്മകളിൽ കഴിയുന്നവർ യഥാർഥത്തിൽ വ്രതത്തിലല്ല; അവർ വ്രതം അഭിനയിക്കുകയാണ്‌. വ്രതത്തിന്റെ ലക്ഷ്യം അവരിലൂടെ യാഥാർഥ്യമാകുന്നില്ല.

മനുഷ്യനിലെ മൃഗീയതയെ നിഹനിക്കുകയാണ്‌ വ്രതം. അനിയന്ത്രിതമായ ഭോഗം, അപഥസഞ്ചാരം, അഹങ്കാരം തുടങ്ങിയ ദുർഗുണങ്ങൾ മനുഷ്യനെ മൃഗമാക്കുകയാണ്‌. അസൂയ, കുശുമ്പ്‌, ക്രോധം, അഹംഭാവം എന്നിവ ജന്തുക്കളിൽ കണ്ടുവരുന്ന ദുർഗുണങ്ങളത്രെ. അസൂയാലുവായ കാക്കയെയും വികാര ജീവിയായ കോഴിയേയും അഹംഭാവിയായ മയിലിനേയും അഹങ്കാരിയും ക്രൂദ്ധനുമായ സിംഹത്തേയും അതി കൗശലക്കാരനായ മർക്കടനെയുമൊക്കെ റൂമിയേ പോലുള്ള സ്വൂഫികൾ പരിചപ്പെടുത്തിയിട്ടുണ്ട്‌. വ്യത്യസ്ത ജന്തുക്കളിലുള്ള ഈ ദുർഗുണങ്ങളെല്ലാം ഒത്തു കൂടിയ ചിലർ മനുഷ്യരിലുണ്ട്‌. യഥാർഥത്തിൽ മൃഗീയമായ നിലവാരത്തിൽ നിന്നുയരാൻ കഴിയാത്ത ഇരുകാലികളാണവർ. അത്തരക്കാരെ നിർബന്ധപൂർവം മനുഷ്യത്വത്തിലേക്കുയർത്താനുള്ള ഒരു സംവിധാനമാണ്‌ വ്രതം നിർബന്ധമാക്കിയതിലൂടെ അല്ലാഹു തയാറാക്കിയത്‌. വർഷാന്തം ആവർത്തിച്ച്‌ വരുന്ന ഈ നിർബന്ധ ശാസന മനുഷ്യനെ വ്രതമാകുന്ന കുറ്റിയിൽ തളച്ചിടുകയാണ്‌. കുറ്റിയിൽ കെട്ടിയിട്ട മൃഗത്തെപ്പോലെ നാലുപാടും അലഞ്ഞ്‌ തിരിഞ്ഞ്‌ തിന്ന്‌ കുറ്റിയിലേക്ക്‌ തന്നെ തിരിച്ചെത്തുകയാണ്‌. കെട്ടിയിട്ട മൃഗം ചുറ്റുമുള്ള പുല്ലും പുഷ്പങ്ങളും കളച്ചെടികളുമെല്ലാം തിന്നു തീർത്ത്‌ ഒരു പരിധിയിൽ ഒതുങ്ങി ജീവിക്കാൻ നിർബന്ധിതമാകുന്നത്‌ പോലെ വ്രതമാസത്തിനപ്പുറവും ഇപ്പുറവും അലഞ്ഞ്‌ തിരിഞ്ഞ്‌ ജീർണതകളേറ്റുവാങ്ങി നന്മകൾ തിന്നു തീർത്തു വ്രതമാസത്തിൽ തന്നെ തിരിച്ചേ ത്തുന്ന മനുഷ്യൻ സംസ്കൃതി നേടാൻ നിർബന്ധിതനായിത്തീരുന്നു. ആത്മനിയന്ത്രണം വരുത്താത്ത നോമ്പുകാരൻ ഏന്തിവലിഞ്ഞ്‌ വേലിക്കകത്ത്‌ തലയിട്ടു വിള തിന്നുന്ന അതിമോഹിയായ മൃഗമത്രെ. റമളാന്റെ വിശുദ്ധി കളങ്കപ്പെടുത്തി നിയന്ത്രണം ലംഘിച്ച്‌ വ്രതമനുഷ്ഠിക്കാതെ ധിക്കാരിയായി നടക്കുന്നവൻ കയററുത്ത്‌ ചാടുന്ന മൃഗവും. ഇരുവരും മൃഗീയതയുടെ അധമ വികാരങ്ങളും ദുർഗുണങ്ങളും കയ്യൊഴിക്കാൻ തയാറില്ലെന്ന വാശിയിലാണ്‌. അതിൽ നിന്നു മോചനമാഗ്രഹിക്കാത്ത ഇക്കൂട്ടർക്ക്‌ നോമ്പ്‌ കാലത്ത്‌ വിശപ്പും ദാഹവും മാത്രമാണ്‌ മിച്ചമാകുന്നത്‌. മനുഷ്യനെ മൃഗാവസ്ഥയിലേക്ക്‌ നയിക്കുന്ന ദുർഗുണങ്ങളാണ്‌ കോപം, ക്രോധം, അസൂയ, അഹങ്കാരം, ഗീബത്ത്‌ തുടങ്ങിയവ. 'കിലാബുൽ ഖുലൂബ്‌' ഹൃദയത്തിലെ പട്ടികൾ എന്നാണു ഇമാം ഗസ്സാലി(റ) ഈ ദുർഗുണങ്ങൾക്ക്‌ പേരിട്ടത്‌. ഇവയെ ഹൃദയത്തിൽ നിന്നിറക്കിവിടാതെ അനുഗ്രഹത്തിന്റെ മാലാഖമാരും  നന്മയുടെ വെളിച്ചവും ഹൃദയത്തിലെത്തുകയില്ല. "നായയുള്ള ഭവനത്തിലേക്ക്‌ റഹ്മത്തിന്റെ മാലാഖകൾ കടന്ന്‌ വരില്ലെന്ന" തിരുവചനമാണ്‌ ഇമാം ഗസ്സാലി(റ) ഇതിനു പ്രമാണമായി ഉദ്ധരിച്ചതു. വ്രതമാസത്തിൽ ആഹാരവും പാനീയവും നിയന്ത്രിക്കുന്നതോടെ വിശ്വാസിയിൽ പിശാചിന്റെ സ്വാധീനം കുറയുന്നു. ഇഛാനുസരണം ആഹരിക്കുന്ന വ്യക്തിയിൽ ചോരത്തിളപ്പു കൂടുകയും രോഗാതുരമായ അവന്റെ ശരീരം പിശാചിന്റെ ഉപകരണമായിത്തീരുകയും ചെയ്യുന്നു. "പിശാച്ച്‌ രക്ത സഞ്ചാരമുള്ളിടത്തൊക്കെ കടന്ന്‌ ചെല്ലും. അവന്റെ സഞ്ചാര പഥം നിങ്ങൾ സങ്കോചിപ്പിക്കുക; വ്രതത്തിലൂടെ." എന്ന്‌ തിരുനബി(സ്വ) നിർദേശിച്ചിട്ടുണ്ട്‌.


പിശാചിന്റെ സഞ്ചാരപഥം നിയന്ത്രിക്കാനുള്ളതാണ്‌ അന്നപാനാദികളുപേക്ഷിക്കുന്ന വ്രത രീതി. സഞ്ചാര പഥം നിയന്ത്രിച്ച്‌ കഴിഞ്ഞാൽ പിന്നെ തന്റെ ഇന്ദ്രിയങ്ങൾ ശക്തമായ നിയന്ത്രണത്തിന്‌ വിധേയമാക്കുന്നതോടെ അകത്തെ പട്ടികൾക്ക്‌ തീറ്റ ലഭിക്കാതെ പോകുന്നു. ഇന്ദ്രിയങ്ങളിലൂടെയാണവ ആഹാരം തേടിയിരുന്നത്‌. അവക്ക്‌ നിയന്ത്രണമേർപ്പെടുത്തുന്ന വ്രതം ഹൃദയത്തിലെ ദുർഗുണങ്ങളെ പുറത്ത്‌ ചാടാൻ നിർബന്ധിക്കുകയാണ്‌. "അസൂയ നന്മകളെ തിന്നു തീർക്കുന്നു; അഗ്നി വിറകിനെ ദഹിപ്പിക്കുന്ന പോലെ". അസൂയാലുവിന്റെ എല്ലാ നന്മകളും അസൂയ എന്ന അഗ്നിയിൽ ഹോമിക്കപ്പെടുന്നത്‌ കാണാം. "അസൂയ എന്റെ അനുഗ്രഹങ്ങളുടെ ശത്രുവാണ്‌. എന്റെ വിധിയോട്‌ ക്ഷോഭം പ്രകടിപ്പിക്കുന്നവനാണ്‌, ഞാൻ എന്റെ അടിമകൾക്ക്‌ വീതം വെച്ച്‌ കൊടുത്തതിൽ തൃപ്തിപ്പെടാത്തവനാണ്‌" എന്ന്‌ അല്ലാഹു പറഞ്ഞതായി ഖുദ്സിയായ ഹദീസിൽ കാണാം.

അല്ലാഹുവിന്റെ ശത്രുവും അല്ലാഹുവിന്റെ തീരുമാനത്തിൽ തൃപ്തിപ്പെടാതെ ക്ഷോഭം പുലർത്തുന്നവനുമായ വ്യക്തിയുടെ ഹൃദയം വെന്തുരുകുകയാണ്‌. അപരന്‌ അല്ലാഹു നൽകിയ പേരിലും, പ്രശസ്തിയിലും സ്ഥാനമാണങ്ങളിലും, ജനപിന്തുണയിലും പൊങ്കിലും റങ്കിലും സമ്പത്തിലുമെല്ലാം അസൂയപ്പെടുന്നവൻ തനിക്കു അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ ഓർക്കാത്തവനാണ്‌. അഹങ്കാരിയുടെ സ്ഥിതിയും ഇത്‌ തന്നെ. മററുള്ളവരെ അവഗണിക്കുകയും സത്യത്തെ നിഷേധിക്കുകയുമാണ്‌ അഹങ്കാരം. ഇഛകൾക്കും വികാരങ്ങൾക്കും അടിമപ്പെട്ട്‌ ജീവിക്കുന്നവരിലാണ്‌ അഹങ്കാരം വിളയാടുന്നത്‌. തന്റെ അധികാരാധിപത്യത്തിലും വ്യക്തിത്വത്തിലും അമിതമായ ആത്മാഭിമാനം തോന്നുകയും മറ്റുള്ളവരെ നിന്ദാപൂർവ്വം നോക്കിക്കാണുകയും ചെയ്യുന്ന അഹങ്കാരിക്ക്‌ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തടയപ്പെടുന്നതാണ്‌." സ്വർഗത്തിൽ അഹങ്കാരി പ്രവേശിക്കുകയില്ലെന്ന്‌ നബി(സ്വ) താക്കീത്‌ നൽകിയിട്ടുണ്ട്‌.


ഭോഗ ഭോജ്യാദികളൊഴിവാക്കുക, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക, ആത്മ സംസ്കൃതി നേടുക, മനസ്സിന്റെ ദുർഗുണങ്ങളിൽ നിന്നു മുക്തി വരിക്കുക. ഇതാണ്‌ വ്രത ലക്ഷ്യം. ഇത്‌ നേടാൻ കഴിയാത്ത നോമ്പുകാരന്‌ വിശപ്പും ദാഹവും മാത്രം ബാക്കി. നേടിയവർ സൗഭാഗ്യർ. റയ്യാൻ കവാടങ്ങളിലൂടെ സ്വർഗസ്ഥരാകുന്നവർ സൗഭാഗ്യവാന്മാർ.

No comments:

Post a Comment