ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

ലൈലത്തുൽ ഖദ്‌ർ

ലൈലതുൽഖദ്‌റിനെ പരാമർശിക്കുന്ന ഒരധ്യായം തന്നെ വിശുദ്ധ ഖുർആനിലുണ്ട്‌. പ്രസ്‌തുത സൂറത്തിന്റെ ആശയം ശ്രദ്ധിക്കുക: 'ഖുർആൻ നാം അവതരിപ്പിച്ചതു ലൈലതുൽഖദ്‌റിലാകുന്നു. ലൈലതുൽ ഖദ്‌ര്‍ എന്താണെന്നാണ്‌ തങ്ങൾ മനസ്സിലാക്കുന്നത്‌. ലൈലതു ൽ ഖദ്‌ര്‍ ആയിരം മാസത്തെക്കാൾ പുണ്യപൂരിതമാണ്‌. അല്ലാഹുവിന്റെ ആജ്ഞാനുസരണം മലകുകളും ആത്മാവും ആ രാവിൽ ഇറങ്ങും. പ്രഭാതം വരെ തുടരുന്ന സലാമിന്റെ രാവാണത്‌'.

ഈ സൂക്തത്തിൽ പ്രധാനമായ ചില വസ്തുതകളുണ്ട്‌. ഒന്ന്‌: ഖുർആൻ അവതരണം റമളാനിലെ ലൈലതുൽ ഖദ്‌റിലാണെന്നു തീർത്തു പറയുന്നു. ലൈലതുൽഖദ്‌ര്‍ ആയിരം മാസത്തെക്കാൾ പുണ്യമുള്ളതാണെന്നും പറയുന്നു. മഹത്തായ ഈ രാവ്‌ അല്ലാഹു നമുക്കു നൽകാൻ എന്താണ്‌ കാരണം? ഈ സൂക്തത്തിന്റെ അവതരണ പശ്ചാതലത്തിൽ നിന്ന്‌ ഇതിനുള്ള ഉത്തരംകിട്ടും. ഹദീസ്‌, ഖുർആൻ വ്യാഖ്യാനങ്ങൾ നൽകുന്ന വീക്ഷണം ശ്രദ്ധിക്കുക. മാലികുബ്ൻ അനസ്‌(റ) പറയുന്നു: "പൂർവ്വകാല സമുദായത്തിന്റെ ആയുർദൈർഘ്യത്തെപ്പറ്റി ചിന്തിച്ചപ്പോൾ അവരുടെ അടുത്തെത്താൻ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ്‌ എന്ന്‌ റസൂൽകരീം(സ്വ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണ്‌ ലൈലതുൽഖദ്‌ര്‍ വിളംബരപ്പെടുത്തുന്ന സൂക്തം അവതീർ ണമായത്‌' (മാലിക്‌ - മുവത്വ, ബൈഹഖി ഫീ ശുഅ​‍്ബിൽ ഈമാൻ).

മുജാഹിദ്‌(റ): 'ബനൂ ഇസ്രാഈൽ സമൂഹത്തിർ രാവ്‌ മുഴക്കെ അല്ലാഹുവിന്‌ ആരാധനയും പകൽ മുഴുവൻ ദീനന്റെ ഉയർച്ചക്കുവേണ്ടിയുള്ള സമരവും നയിച്ച്‌ ആയിരം മാസം ജീവിച്ച ഒരു മഹാഭക്തനുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ചു കേട്ട തിരുനബി(സ്വ)യും അനുചരന്മാരും ആശ്ചര്യപ്പെടുകയും തങ്ങളുടെ സുകൃതങ്ങൾ എത്ര കുറവാണെന്നു ഖേദം കൊള്ളുകയും ചെയ്തു. ഈ പശ്ചാതലത്തിലാണ്‌ പ്രസ്തുത സൂറത്ത്‌ അവതീർണമായത്‌' (ഇബ്നുജരീർ). ഈ വീക്ഷണത്തിനു സമാനമായി ആയിരം മാസം ദീനിനുവേണ്ടി പൊരുത്തിയ ഒരു യോദ്ധാവിനെപ്പറ്റിയുള്ള വിവരണം ഇബ്നുഅബീഹാതിം, ഇബ്നുൽമുൻദിർ, ബൈഹഖി - സുനൻ തുടങ്ങിയവർ വെളിപ്പെടുത്തുന്നുണ്ട്‌.
ലൈലതുൽഖദ്‌ര്‍: തിരുവചനങ്ങളിൽ

ലൈലതുൽഖദ്‌ര്‍ ധാരാളം ഹദീസുകളിൽ പരാമർശിക്കപ്പെട്ടതായി കാണാം. സൽമാൻ  (റ)വിൽ നിന്ന്‌ നിവേദനം: 'ശഅ​‍്ബാൻ അന്ത്യത്തിൽ നബി(സ്വ) ഉത്ബോധനം നടത്തി. 'ജനങ്ങളേ, നിങ്ങൾക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തിൽ ഒരു രാവുണ്ട്‌. ആയിരം മാസത്തെക്കാൾ നന്മ നിറഞ്ഞതാണത്‌' (ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാൻ).

അബുശ്ശൈഖ്‌(റ) നിവേദനം ചെയ്യുന്നു: 'റമളാൻ മാസത്തിൽ ഹലാലായ ഭക്ഷണം കൊ ണ്ട്‌ ഒരു നോമ്പുകാരനെ നോമ്പ്‌ തുറപ്പിക്കുന്നവന്‌ റമളാൻ രാവുകൾ മുഴുക്കെ മാലാഖമാർ അനുഗ്രഹ പ്രാർഥന നടത്തുന്നതാണ്‌. ലൈലതുൽഖദ്‌റിൽ ജിബ്‌രീൽ(അ) അവന്റെ കരം ചുംബിക്കുന്നതുമാണ' (ബൈഹഖി, ഇബ്നുഖുസൈമ). അബൂഹുറയ്‌റ(റ)വിൽ നിന്നു നിവേദനം: 'റമളാൻ മാസത്തിൽ ഒരു രാത്രി അല്ലാഹു സംവിധാനിച്ചിരിക്കുന്നുവെന്നത്‌ സത്യമാണ്‌. ആയിരം മാസത്തെക്കാൾ നന്മയേറിയതാണ്‌ പ്രസ്തുത രാവ്‌. ആ രാവിന്റെ പുണ്യം നിഷേധിക്കപ്പെട്ടവൻ പരാചിതൻ തന്നെയാകുന്നു.' (നസാഇ, ബൈഹഖി).

ഖദ്‌റിന്റെ രാത്രി റമളാനിലെ ഏതോ രാവിലാണെന്നേ പ്രമാണങ്ങളിൽ നിന്നു വ്യക്തമാകുന്നുള്ളൂ. ഏത്‌ രാവാണെന്നു കൃത്യമായി പറയുന്നില്ല. താഴെ പറയുന്ന നബിവചനങ്ങൾ ശ്രദ്ധിക്കുക.

ഉബാദതുബ്നു സ്വാമിതിൽ നിന്ന്‌: 'നബി(സ്വ) ഒരിക്കൽ ലൈലതുൽഖദ്‌ര്‍ ഏതു ദിവസമാണെന്നറിയിക്കാൻ സ്വഹാബാക്കളുടെ അടുത്തേക്ക്‌ ചെന്നു.അപ്പോൾ രണ്ടുപേർ പള്ളിയിൽ വെച്ച്‌ എന്തോ കാര്യത്തിൽ ശബ്ദമുണ്ടാക്കുന്നു. ഇതുകണ്ട്‌ നബി(സ്വ) പറഞ്ഞു: 'ലൈലതുൽഖദ്‌ര്‍ ഏതു ദിവസമാണെന്ന്‌ പ്രഖ്യാപിക്കാൻ വന്നതായിരുന്നു ഞാൻ. പ ക്ഷേ, ഇവർ ബഹളമുണ്ടാക്കുന്നത്‌ ഞാൻ കാണാനിടയായി. അതോടെ പ്രസ്തുത ജ്ഞാനം അല്ലാഹു എന്നിൽ നിന്നു പിൻവലിച്ചു കളഞ്ഞു എങ്കിലുമത്‌ നിങ്ങൾക്ക്‌ നന്മവരുത്തുമെന്ന്‌ തന്നെയാണെന്റെ പ്രതീക്ഷ'. 'രണ്ടുപേർ തർക്കിക്കുകയായിരുന്നു. അവരുടെ കൂടെ പിശാചുമുണ്ടായിരുന്നു' എന്നുകൂടി മുസ്‌ലിമിന്റെ നിവേദനത്തിൽ കാണുന്നു.

അബൂഹുറയ്‌റ(റ)യിൽ നിന്ന്‌, നബി(സ്വ) പറഞ്ഞു: 'ലൈലതുൽഖദ്‌ര്‍ എനിക്കു നിർണിതമായ രൂപത്തിൽ തന്നെ അറിയിക്കപ്പെടുകയായിരുന്നു. അതിനിടക്കാണ്‌ വീട്ടുകാരാരോ എന്നെ വന്നുണർത്തിയത്‌. അതോടെ ഞാനത്‌ മറന്നുപോയി' (മുസ്‌ലിം).

വ്യക്തമായി ഈ ദിനം എന്നാണെന്നു ജ്ഞാനമില്ലെങ്കിലും പണ്ഢിതന്മാർ പല തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ചില നിഗമനങ്ങൾ നടത്തിയിട്ടുണ്ട്‌. മുസ്‌ലിം ലോകം കാലാന്തരങ്ങളിലായി ഈ ദിനം റമളാൻ ഇരുപത്തിയേഴാം രാവാണെന്നു കണക്കാക്കുന്നു. ആഗോള തലത്തിൽ തന്നെ പ്രസ്തുത രാവിനെ സജീവമാക്കാൻ വിശ്വാസികൾ താത്പര്യപ്പെട്ടു കാണുന്നുണ്ട്‌. ഇരുപത്തിയേഴാം രാവിനെപ്പറ്റി പരാമർ ശിച്ചു തർശീഹ്‌ ഉണർത്തുന്നത്‌ കാണുക: 'ഇരുപത്തിയേഴാമത്തെ രാവ്‌ തന്നെയാണ്‌ മുസ്‌ലിം ലോകം പൂർവ്വികമായി (ലൈലതുൽഖദ്‌റായി) സജീവമാക്കി വരുന്നത്‌. ഇതുതന്നെയാണ്‌ ഭൂരിപക്ഷ ജ്ഞാനികളുടെ വീക്ഷണവും. ഇമാം റാസി(റ) ഉദ്ധരിക്കുന്നതും ഇതുതന്നെയാണ്‌'.

സിർറുബ്ൻ ഹുബൈശി(റ)ൽ നിന്ന്‌: ഞാനൊരിക്കൽ ഉബയ്യുബ്ൻ കഅ​‍്ബ്‌(റ)നോട്‌ പറഞ്ഞു. 'വർഷം മുഴുവൻ ആരാധനാ നിമഗ്നരാകുന്നവർക്ക്‌ ലൈലതുൽഖദ്‌ര്‍ പ്രാപിക്കാവുന്നതാണ്‌ എന്ന്‌ നിങ്ങളുടെ സഹോദരൻ അബ്ദുല്ലാഹിബ്നു മസ്‌ഊദ് (റ) പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌.' അപ്പോൾ അദ്ദേഹം പറഞ്ഞു. 'പാവം അബൂ അബ്ദിറഹ്മാൻ, അവിടന്നെന്താണാവോ മനസ്സിലാക്കിയത്‌? ലൈലതുൽഖദ്‌ര്‍ റമളാൻ അവസാന പത്തിലാണെന്നും അതുതന്നെ ഇരുപത്തിയേഴാം രാവാണെന്നും അറിയപ്പെട്ടതല്ലേ. ജനങ്ങൾ ആ രാവിനെ മാത്രം ആശ്രയിക്കാതിരിക്കാനാണ്‌ അത്‌ തറപ്പിച്ചു പ്രഖ്യാപിക്കാതിരുന്നത്‌. സത്യത്തിൽ ലൈലതുൽഖദ്‌ര്‍ റമളാൻ ഇരുപത്തിയേഴാം രാവ്‌ തന്നെയാണ്‌'. എന്തുകാരണത്താലാണ്‌ താങ്കളിങ്ങനെ തറപ്പിച്ചു പറയുന്നതെന്ന്‌ ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. 'നബി(സ്വ) പഠിപ്പിച്ചുതന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ്‌'. (അഹ്മദ്‌, മുസ്ലിം, അബൂദാവൂട്‌, തിർമുദി, നസാഇ, ഇബ്നുഹിബ്ബാൻ).

ഇബ്നുഉമർ(റ)വിൽ നിന്ന്‌; നബി(സ്വ) പറഞ്ഞു: 'നിങ്ങൾ ലൈലതുൽഖദ്‌റിനെ ഇരുപത്തി യേഴാമത്തെ രാവിൽ പ്രതീക്ഷിക്കുവിൻ'.

ഉമർ(റ)വിന്റെ സാന്നിധ്യത്തിൽ ഇബ്നുഅബ്ബാസ്‌(റ) പ്രകടിപ്പിച്ചതാണ്‌ മറ്റൊരഭിപ്രായം. സ്വഹാബത്തിനെ ഒന്നിച്ചുചേർത്ത്‌ ഉമർ(റ) ഇതിനെക്കുറിച്ചൊരു ചർച്ച നടത്തി. കൂട്ടത്തിൽ ചെറുപ്പക്കാരനായ ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു: 'അല്ലാഹുവിന്‌ ഏറെ താത്പര്യം ഒറ്റ സംഖ്യകളോടാണ്‌. ഒറ്റകളിൽ തന്നെ ഏഴിനോട്‌ പ്രത്യേക താത്പര്യമുണ്ടെന്നു കാണാം. ഭൂമിയും ആകാശവും ദിനങ്ങളും ത്വവാഫിന്റെ എണ്ണവും അവയവങ്ങളും ഏഴായാണ്‌ കാണുന്നത്‌. ഇത്‌ ലൈലതുൽഖദ്‌ര്‍ ഇരുപത്തിയേഴാം രാവാകാനുള്ള സാധ്യതക്കു തെളിവായിക്കാണുന്നതിൽ തെറ്റില്ല. ലൈലതുൽഖദ്‌ര്‍ എന്ന വാചകത്തിൽ ഒമ്പത്‌ അക്ഷരങ്ങളാണുള്ളത്‌. ഇതാവട്ടെ സൂറത്തിൽ മൂന്നുതവണ ആവർത്തിക്കുന്നു. ഇത്‌ ഗുണിക്കുമ്പോൾ ഇരുപത്തിയേഴ്‌ ലഭിക്കുന്നു. ഇരുപത്തിയേഴാമത്തെ രാവിൽ ലൈലതുൽ ഖദ്‌ര്‍ വരുമെന്നതിന്‌ ഇതും സൂചനയാകാം' (എഴുത്തിൽ പ്രയോഗിക്കുന്ന എല്ലാ അക്ഷരങ്ങളും അറബിയിൽ അക്ഷരമായിത്തന്നെ പരിഗണിക്കണം)

ഗാലിം(റ) തന്റെ പിതാവിൽ നിന്നുദ്ധരിക്കുന്നു: 'ലൈലതുൽഖദ്‌ര്‍ ഇരുപത്തിയേഴാം രാവിൽ താൻ ദർശിച്ചതായി ഒരു സ്വഹാബി നബി(സ്വ)യോട്‌ പറഞ്ഞു. അപ്പോൾ അവിടുന്ന്‌ പറഞ്ഞു. 'ലൈലതുൽഖദ്‌ര്‍ സംബന്ധമായ നിങ്ങളുടെ ദർശനങ്ങൾ അവസാന പത്തിൽ ഏകോപിച്ചതായി ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ റമളാൻ അവസാന പത്തിലെ ഒറ്റരാവുകളിൽ നിങ്ങളതിനെ പ്രതീക്ഷിക്കുക' (മുസ്‌ലിം).

അബൂഹുറയ്‌റ(റ) പറഞ്ഞു: 'ഞങ്ങൾ ഒരിക്കൽ ലൈലതുൽഖദ്‌ര്‍ സംബന്ധമായ ചർച്ചയിലായിരുന്നു. അപ്പോൾ നബി(സ്വ) ആരാഞ്ഞു. 'ചന്ദ്രൻ ഒരു തളികയുടെ അർധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓർമിക്കുന്നവർ നിങ്ങളിൽ ആരാണ്‌?' അബുൽഹസൻ(റ) പറയുന്നു: ഇരുപത്തിയേഴാത്തെ രാവാണ്‌ ഇവിടെ ഉദ്ദേശ്യം. കാരണം ചന്ദ്രൻ മേൽപ്പറഞ്ഞവിധം പ്രത്യക്ഷപ്പെടുന്നത്‌ ഇരുപത്തിയേഴാമത്തെ രാവിലാണ്‌'.

ഖദ്‌റിന്റെ രാവിലെ വിശേഷങ്ങൾ

ലൈലതുൽഖദ്‌ര്‍ ഏറെ ആത്മീയ പ്രാധാന്യമുള്ള രാവാണ്‌. ഖുർആൻ ഈ രാവിനെ വിശേഷിപ്പിച്ചതു 'മലക്കുകളും റൂഹും അവതരിക്കുന്ന രാവ്‌' എന്നാണ്‌. ഇതിനു തഫ്സീറുൽ കബീറിൽ നൽകിയ വ്യാഖ്യാനം കാണുക: "മലക്കുകളും റൂഹും അവതരിക്കുമെന്നു പറഞ്ഞതിന്റെ പൊരുൾ പലതരത്തിൽ യുക്തമാണ്‌. മലക്കുകൾ ആത്മീയതയെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരാണ്‌. മനുഷ്യരാവട്ടെ മാനുഷിക ഭാവങ്ങൾക്കു പ്രാധാന്യം കൽപ്പിക്കുന്നു. ചീത്ത വിചാരവികാരങ്ങൾ വെച്ചുപുലർത്തുന്നവരായതു കൊണ്ട്‌ മനുഷ്യരോട്‌ മലക്കുകൾക്കു മടുത്തു. അവർ പറഞ്ഞു. ഭൂമിലോകത്ത്‌ രക്തം ചൊരിയുന്ന ഈ വർഗത്തെയാണോ നീ പ്രതിനിധിയായി വാഴ്ത്തിയയക്കാൻ പോകുന്നത്‌?' മനുഷ്യനായ നിന്നെ പ്രഥമഘട്ടത്തിൽ നിന്റെ മാതാപിതാക്കൾ പോലും വെറുക്കുന്നു. ഇന്ദ്രിയമായ നിന്നെ, രക്തപിണ്ഡമായ നിന്നെ വസ്ത്രത്തിലായാൽ കഴുകിക്കളയുന്നു.നിനക്ക്‌ അല്ലാഹു സുന്ദര രൂപം നൽകിയപ്പോൾ അവർ നിന്നെ സ്വീകരിച്ചു. താത്പര്യപൂർവ്വം താലോലിച്ചു. ഇതുപോലെ നിന്റെ ആത്മാവ്‌ ഇലാഹീബോധത്താലും ജ്ഞാനാനുസരണത്താലും നിറഞ്ഞു സൗകുമാര്യം പൂണ്ടുനിൽക്കുന്നത്‌ കണ്ടു മലക്കുകൾ നിന്നിലേക്കടുത്തു. നിന്നെ പ്രിയംവെച്ചു. നേരത്തേ പ്രകടിപ്പിച്ച അഭിപ്രായം തെറ്റായിപ്പോയെന്ന മട്ടിൽ അവർ നിന്നിലേക്കിറങ്ങി വരുന്നു. ഇതാണ്‌ മലക്കുകൾ അവതരിക്കുമെന്നു പറഞ്ഞതിന്റെ പൊരുൾ.

മറ്റൊരു വീക്ഷണം ശ്രദ്ധിക്കുക: മലകുകൾ അവതരിക്കുമെന്നു പറയുന്നതിന്റെ താത്‌ പര്യം ബാഹ്യമായിത്തന്നെ എല്ലാ മലക്കുകളും ഇറങ്ങിവരുമെന്നു തന്നെയാണ്‌. എല്ലാ മലക്കുകൾക്കും ഇറങ്ങിവരാൻ മാത്രം ഭൂമുഖം പ്രവിശാലമാണോ എന്നു സംശയിക്കാം. ഇതിനു പണ്ഢിതന്മാർ വ്യത്യസ്ത വിശദീകരണങ്ങൾ നൽകുന്നുണ്ട്‌. ചിലർ പറയുന്നത്‌ മലക്കുകളത്രയും ഒന്നാമാകാശത്തേക്കവതരിക്കുമെന്നാണ്‌. എന്നാൽ അധിക പണ്ഢിതന്മാരുടെയും അഭിപ്രായം മലക്കുകൾ ഭൗമലോകത്തേക്ക്‌ അവതരിക്കുമെന്നു തന്നെയാണ്‌. കാരണം, പ്രസ്തുത രാവിനെ സജീവമാക്കുന്നതിനു പ്രേരണ നൽകുകയാണ്‌ ഈ സൂക്തത്തിന്റെ താത്പര്യം. മറ്റുചില ദിവസങ്ങളിലും മാലാഖമാർ ഭൂമിയിലേക്കിറങ്ങുമെന്ന്‌ ഹദീസുകളിൽ കാണാം. എങ്കിൽ ലൈലതുൽഖദ്‌റ്‌ ഇതിനേറ്റവും അർഹതപ്പെട്ടതാണല്ലോ.

മാലാഖമാരുടെ വരവ്‌ സംബന്ധിച്ച്‌ പണ്ഢിതന്മാരുടെ ചില അഭിപ്രായങ്ങൾ കാണുക: "ഈ രാവിൽ മലകുകൾ ഭൗമലോകത്തെത്തുന്നത്‌ മനുഷ്യരുടെ ആരാധനയും പരിശ്രമസ്വഭാവവും അടുത്തറിയാനാണെന്ന്‌ ഒരു വിഭാഗം പണ്ഢിതന്മാർ അഭിപ്രായപ്പെടുന്നു. ഭൗമലോകത്തേക്കിറങ്ങാൻ മലക്കുകൾ അല്ലാഹുവിനോട്‌ സമ്മതമാരായുന്നതിൽ നിന്നു മനുഷ്യരെ ദർശിക്കാൻ മലകുകൾ താത്പര്യം കാണിക്കുന്നു എന്ന്‌ മനസ്സിലാക്കാം. അല്ലാഹുവിന്റെ അനുമതി പ്രകാരം അവർ അവതരിക്കുമെന്നു പറഞ്ഞതിന്റെ പൊരുൾ ഇതാണെന്നനുമാനിക്കുന്നതിൽ തെറ്റില്ല. ഇതനുസരിച്ച്‌ അവരോഹണത്തിൽ മലക്കുകൾ സമ്പൂർണ സംതൃപ്തരാണെന്നു വ്യക്തമാകുന്നു. പാരത്രിക ലോകത്ത്‌ മലക്കുകൾ വന്നു സലാം നേരുമെന്നു അല്ലാഹു പറഞ്ഞതാണ്‌. എന്നാൽ ലൈലതുൽഖദ്‌റിലൂടെ ദുനിയാവിൽ വെച്ചുതന്നെ ഇബാദത്തിൽ മുഴുകിയവരെ മലകുകൾ സന്ദർശിക്കുമെന്നും രക്ഷാപ്രാർഥന നടത്തുമെന്നും വ്യക്തമാകുന്നു. നബി(സ്വ) തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌. 'നമുക്കു സലാം പറയാനും ശിപാർശ നടത്താനും മലക്കുകൾ അവതീർണമാകും. ഇങ്ങനെ മലക്കുകളുടെ സലാം എത്തിയവർ പാപങ്ങൾ പൊറുക്കപ്പെട്ടവരാകുന്നതാണ്‌.'

ഈ രാവിൽ ഭൂമിയിലെ ആരാധന അല്ലാഹു ഏറ്റവും മഹത്തരമാക്കി നിശ്ചയിച്ചിരിക്കുന്നു എന്നു പറയാവുന്നതാണ്‌. അപ്പോൾ മലകുകൾ അവരുടെ സദ്‌വൃത്തികൾക്ക്‌ അധിക പ്രതിഫലം കാംക്ഷിച്ചു ഭൂമിയിലേക്ക്‌ ഇബാദത്തിനായി അവതരിക്കുകയാകാം. സാധാരണ മനുഷ്യൻ പണ്ഢിതന്മാരുടെയും ഉന്നതസ്ഥാനീയരുടെയും സാന്നിധ്യത്തിൽ നല്ല കാര്യങ്ങൾ കൂടുതൽ ഭംഗിയായി നിർവഹിക്കാറുണ്ട്‌. ഈ തത്വമനുസരിച്ച്‌ ഉന്നത സ്ഥാനീയരായ മാലാഖമാരുടെ സാന്നിധ്യത്തിൽ മനുഷ്യൻ സദ്കർമ്മങ്ങൾ പൂർണമായും ആത്മാർഥതയോടെയും നിർവഹിക്കട്ടേയെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരിക്കാം. ഇമാം റാസി(റ) കഅ​‍്ബ്‌(റ)വിൽ നിന്നുദ്ധരിക്കുന്നു: സിദ്‌റതുൽ മുൻതഹായിൽ കഴിഞ്ഞുകൂടുന്ന മലകുകളെല്ലാം വിശ്വാസികൾക്കു കാരുണ്യവും സ്നേഹവും ചൊരിഞ്ഞുകൊണ്ട്‌ ലൈലതുൽഖദ്‌റിൽ ജിബ്‌രീലു(അ​‍ാമൊത്തു ഭൂമിയിലേക്കിറങ്ങുന്നതാണ്‌. ഭൂമിയിലെല്ലായിടത്തും അല്ലാഹുവിന്‌ സുജൂദും  റുകൂഉം ചെയ്തുകൊണ്ട്‌ വിശ്വാസികൾക്കായി അവർ പ്രാർഥിക്കുന്നു. ജിബ്‌രീൽ(അ) എല്ലാ വിശ്വാസികളുടെയും കരതലം ചുംബിക്കും. ജിബ്‌രീൽ(അ) ഹസ്തദാനം ചെയ്ത വ്യക്തിയുടെ ശരീരം രോമാഞ്ചമണിയുകയും മന സ്സ്‌ ആർദ്രമാവുകയും നയനങ്ങൾ ഈറനണിയുകയും ചെയ്യും. ഈ അവസരത്തിലാരെങ്കിലും ലാഇലാഹ ഇല്ലല്ലാഹ്‌ എന്നു മൂന്നുതവണ പറഞ്ഞാൽ അതിൽ ഒന്നുകൊണ്ട്‌ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുകയും രണ്ടാമത്തെയും മൂന്നാമത്തെയും കൊണ്ട്‌ അവന്‌ നരകമുക്തിയും സ്വർഗപ്രവേശവും വിധിക്കപ്പെടുകയും ചെയ്യും.

തുടർന്ന്‌ ആദ്യം ആരോഹണം ചെയ്യുന്നത്‌ ജിബ്‌രീൽ(അ) ആയിരിക്കും. ജിബ്‌രീൽ(അ) സൂര്യഗോളത്തിനടുത്തെത്തിയാൽ തന്റെ ഹരിത ചിറകുകൾ രണ്ടും വിടർത്തും. ഈ രാ വിലല്ലാതെ ജിബ്‌രീൽ(അ) ഈ ചിറക്‌ വിടർത്താറില്ല. തുടർന്ന്‌ ഓരോ മലകിനെയും വിളിച്ചു വാനലോകത്തേക്ക്‌ കയറ്റുന്നതാണ്‌. ഒരു പകൽ മുഴുവൻ ജിബ്‌രീലും(അ) മറ്റു മലക്കുകളും വായുമണ്ഡലത്തിൽ കഴിച്ചുകൂട്ടുന്നതാണ്‌. ഈ അവസരത്തിൽ അവർ വി ശ്വാസികൾക്കുവേണ്ടി പ്രാർഥിക്കും. പാപമോചനാർഥന നടത്തും. കാരുണ്യവും സ്നേ ഹവും ചൊരിയാനർഥിക്കും.

പ്രദോഷമായാൽ അവർ ഒന്നാമാകാശത്തേക്ക്‌ പ്രവേശിക്കും. അവിടെ ഒന്നാമാകാശത്തിലെ മലകുകളോടൊപ്പം ഭൂമിയിലെ ഓരോ പുരുഷന്റെയും സ്ത്രീയുടെയും അവസ്ഥകൾ വിലയിരുത്തും. പിറ്റേദിവസം അവർ രണ്ടാമാകാശത്തിലേക്ക്‌ കയറുന്നു. അവിടത്തെ മലകുകളുമായി ഭൂമിയിലെ അനുഭവങ്ങൾ പങ്കുവെക്കുന്നു. സിദ്‌റതുൽ മുൻതഹാ വരെ ഓരോ ആകാശത്തിലും ഇത്തരം ചർച്ചകൾ നടക്കുന്നു. അവിടെയെത്തിയാൽ സിദ്‌റ പറയും. 'എന്നിലെ താമസക്കാരേ, എന്താണ്‌ ജനങ്ങളുടെ വർത്തമാനങ്ങൾ?' എല്ലാം പറയൂ, എനിക്കും അതറിയാൻ അവകാശമുണ്ടല്ലോ? അല്ലാഹു സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കട്ടെ.' സിദ്‌റതിന്റെ ഈ അന്വേഷണത്തിനു മലകുകൾ ഓരോ സ്ത്രീയുടെയും പുരുഷന്റെയും നാമങ്ങളും പിതൃനാമങ്ങളും ചേർത്തു വ്യക്തമായി വിവരണം നൽകുന്നതാണ്‌. തുടർന്ന്‌ ആ സുവാർത്ത സ്വർഗലോകത്തെത്തും. അപ്പോൾ സ്വർഗം പ്രതികരിക്കും: 'അല്ലാഹുവേ, ഈ ആളുകളെ എത്രയും പെട്ടെന്ന്‌ എന്നിലേക്ക്‌ ആനയിക്കുക'. സ്വർഗത്തിന്റെ ഈ ആഗ്രഹം കേൾക്കുമ്പോൾ മലകുകളും സിദ്‌റ വാസികളും ആമീൻ എന്നുപറയും'.

ഇമാം റാസി(റ) തുടരുന്നു: 'ഈ വക കാര്യങ്ങൾ പരിഗണിച്ചു നമുക്കിങ്ങനെ പറയാം. സംഘത്തിലെ അംഗസംഖ്യ വർധിക്കുമ്പോൾ അവിടെ കാരുണ്യവർഷവും വർധിക്കുന്നു. ഇതുകൊണ്ടാണ്‌ ഹജ്ജിന്റെ അവസരത്തിൽ റഹ്മത്‌ വർഷം വർധിതമാകുന്നത്‌. ഇതുപോലെ ലൈലതുൽഖദ്‌റിൽ ഇറങ്ങുന്നത്‌ അല്ലാഹുവിന്റെ സാമീപ്യം നേടിയെടുത്ത ഉന്നതസ്ഥാനീയരായ മലക്കുകളുടെ സംഘങ്ങളാണ്‌. അതുകൊണ്ട്‌ ആ രാവിൽ റഹ്മത്‌ ഏറെ വർഷിക്കുമെന്നതിൽ സംശയമില്ല".

ലൈലതുൽഖദ്‌റിന്റെ മഹത്വമായി ഖുർആൻ പറഞ്ഞ മറ്റൊരുകാര്യം റൂഹ്‌ ഭൂമിയിലേക്കിറങ്ങുമെന്നാണ്‌. പ്രസ്തുത പ്രസ്താവത്തെ സംബന്ധിച്ച പണ്ഢിതാഭിപ്രായങ്ങൾ തഫ്‌സീറുൽ കബീറിൽ നിന്നുതന്നെ ഉദ്ധരിക്കട്ടെ. ലൈലതുൽഖദ്‌റിൽ മാത്രം അവതരിക്കുന്ന ഒരുപറ്റം മലകുകളാണ്‌ റൂഹ്‌ കൊണ്ടുദ്ദേശ്യം. ഈ രാവിൽ മാത്രമേ അവരെ കാണുകയുള്ളൂ. റൂഹ്‌ ഒരുപറ്റം ദൈവിക സൃഷ്ടികളാണെന്ന മറ്റൊരഭിപ്രായവുമുണ്ട്‌. അവർ മലകുകളോ മനുഷ്യരോ അല്ല. ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം. സ്വർഗീയ സേവകരാകാമെന്നു പറയപ്പെടുന്നുണ്ട്‌. ഈസാനബി(അ)യാണ്‌ റൂഹ്‌ കൊണ്ടുദ്ദേശ്യം എന്നൊരഭിപ്രായവുമുണ്ട്‌. കാരണം റൂഹ്‌ എന്ന്‌ അദ്ദേഹത്തിന്‌ നാമമുണ്ടല്ലോ. എങ്കിൽ മലക്കുകളോടൊപ്പം മുഹമ്മദ്‌ നബി(സ്വ)യുടെ സമുദായത്തെ വീക്ഷിക്കാൻ അദ്ദേഹവും എത്തുന്നതാകാം.

റൂഹ്‌ എന്ന പ്രയോഗം ഖുർആനെപ്പറ്റി തന്നെയാണെന്നും ഒരഭിപ്രായമുണ്ട്‌. റൂഹ്‌ എന്നാൽ റഹ്മത്താണെന്നാണ്‌ മറ്റൊരഭിപ്രായം. ഇതനുസരിച്ച്‌ പ്രസ്തുത സൂക്തത്തിന്റെ താത്‌ പര്യം ഇങ്ങനെയാകാം. 'മലക്കുകൾ അവതരിക്കുന്നു. അതിന്റെ കൂടെ അല്ലാഹുവിന്റെ അപാരമായ കാരുണ്യവും. അങ്ങനെ ഇഹപര വിജയങ്ങൾക്ക്‌ ദാസന്മാർ പാത്രീഭവിക്കുന്നു.' റൂഹ്‌ എന്നാൽ അല്ലാഹുവിന്റെ മലക്കുകളിൽ പരമശ്രേഷ്ഠരായവരാണ്‌. മനുഷ്യന്റെ നന്മ തിന്മകൾ കുറിക്കുന്നവരും മനുഷ്യർക്കു കാവൽനിൽക്കുന്നവരുമായ മലകുകളാണ്‌ എന്നും അഭിപ്രായമുണ്ട്‌.

റൂഹ്‌ ജിബ്‌രീൽ(അ) ആണെന്നാണ്‌ മറ്റൊരു പക്ഷം. ജിബ്‌രീലി(അ)ന്റെ മഹത്വം കാരണമാണ്‌ ഇങ്ങനെ എടുത്തുപറഞ്ഞതത്രെ. വേറൊരഭിപ്രായത്തിൽ റൂഹ്‌ എന്നത്‌ കൊണ്ടുദ്ദേശ്യം സത്യവിശ്വാസികളുടെ ആത്മാക്കളാണ്‌. ആ ആത്മാക്കൾ തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാൻ ഈ രാവിൽ എത്തുന്നതിനെപ്പറ്റിയാകാം ആത്മാവ്‌ അവതരിക്കുമെന്ന്‌ പറഞ്ഞിരിക്കുന്നത്‌. റൂഹുൽ മആനിയിൽ ഇങ്ങനെയൊരു വീക്ഷണം ഉദ്ധരിച്ചിട്ടുണ്ട്‌. ഈസാനബി(അ) തിരുനബി(സ്വ)യുടെ റൗള സിയാറത്ത്‌ ചെയ്യാൻ ഇറങ്ങിവരുന്നതിനെക്കുറിച്ചാണ്‌ ഈ പ്രസ്താവമെന്നും പറയപ്പെടുന്നു.

ലൈലതുൽഖദ്‌റിൽ മലക്കുകൾ ഇറങ്ങുന്നത്‌ അവരുടെ നാഥന്റെ സമ്മതത്തോടെയാണ്‌ എന്ന്‌ ഖുർആനിൽ പറയുന്നു. മലക്കുകളുടെ അവതരണത്തെ കൂടുതൽ മഹത്വവത്കരിക്കുന്നു ഈ പ്രയോഗം. മനുഷ്യരിൽ സംപ്രീതരായി ഭൂമിലോകത്തേക്കവതരിക്കാൻ മലക്കുകൾ അല്ലാഹുവിനോട്‌ അനുമതി തേടുന്നു. അനുവാദത്തോടെ അവർ വരുന്നു എന്നാണ്‌ ഈ ഖുർആൻ വചനത്തിന്റെ താത്പര്യം. എന്നാൽ മനുഷ്യർ പാപപങ്കിലരായിരിക്കെ മലക്കുകൾ നമ്മെ ഇഷ്ടപ്പെടുന്നതെങ്ങനെ എന്നു സംശയിക്കാം. ഇതിനു ഇമാം റാസി(റ) നൽകുന്ന മറുപടി കാണുക: "മലകുകൾക്ക്‌ മനുഷ്യരുടെ പാപങ്ങളെപ്പറ്റി കൃത്യമായ അറിവ്‌ അല്ലാഹു നൽകുന്നില്ല. അവർ ലൗഹ്‌ ഫലകത്തിൽ മനുഷ്യപ്രവൃത്തികൾ കാണുമ്പോൾ കുറ്റങ്ങളുടെ ഭാഗത്ത്‌ ഒരു മറ വീഴുന്നുവേന്നും അതിനാൽ കുറ്റങ്ങൾ കാണുകയില്ലെന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു".

മലകുകൾ ഭൂമിയിലേക്ക്‌ ഇറങ്ങിവരുന്നതിന്‌ മറ്റുപല പ്രേരണകളുമുണ്ട്‌. പ്രധാനമായി വാനലോകത്ത്‌ കാണപ്പെടാത്ത പല സദ്പ്രവർത്തനങ്ങളും ഭൂമിയിൽ നടക്കുന്നു. ഉദാഹരണമായി ദാനധർമ്മങ്ങൾ. ഇത്‌ വാനലോകത്തില്ലാത്തത്താണല്ലോ. അതുപോലെ തന്നെ പാപികളുടെ ദുഃഖപൂർണമായ തേങ്ങിക്കരച്ചിൽ. ഇതും വാനലോകത്തുണ്ടാവില്ല. അല്ലാ ഹു പറഞ്ഞു: 'പാപിയുടെ തേങ്ങലാണ്‌ തസ്ബീഹിന്റെ ഈണത്തെക്കാൾ എനിക്കേറ്റവും താത്പര്യം". ഇതറിയാവുന്ന മലകുകൾ ഇങ്ങനെ പറയുന്നതായി സങ്കൽപ്പിക്കക്കാം. 'വരൂ കൂട്ടുകാരേ, നമുക്ക്‌ ഭൂമിയിലേക്കിറങ്ങാം. അല്ലാഹുവിനേറ്റവും താത്പര്യമുള്ള പാപികളുടെ തേങ്ങൽ കേൾക്കാം'.

ഖുർആനിൽ 'അവരുടെ നാഥന്റെ സമ്മതത്തോടെ' എന്നാണ്‌ പറഞ്ഞത്‌. അല്ലാഹു എല്ലാവരുടെയും നാഥനായിരിക്കെ ഇവിടെ അവരുടെ നാഥൻ എന്നു പറഞ്ഞത്‌ മലകുകളെ വന്ദിക്കാനും പാപികളെ നിന്ദിക്കാനുമാണെന്ന്‌ ഇമാം റാസി(റ) അഭിപ്രായപ്പെടുന്നു. ലൈലതുൽഖദ്‌ര്‍, നാം അല്ലാഹുവിന്റേതാകാനുള്ള അവസരമാണെന്നും അത്‌ ഉപയോഗപ്പെടുത്തിയാൽ അല്ലാഹു നമ്മുടെ മിത്രമാകുമെന്നുമുള്ള സൂചനയാണ്‌ ഈ പ്രയോഗത്തിലുള്ളതെന്നാണ്‌ പണ്ഢിതാഭിപ്രായം. "അവർ സർവകാര്യങ്ങൾക്കുമായി അവതരിക്കുന്നു" എന്നാണ്‌ സൂറത്തിലെ മറ്റൊരു വാക്യം. ഇതിന്റെ താത്പര്യം മലകുകൾ റുകൂഅ​‍്‌, സുജൂദ്, പ്രാർഥന, ധ്യാനം, പഠനം, ദിവ്യബോധന കൈമാറ്റം, ലൈലതുൽഖദ്‌ര്‍ മാഹാത്മ്യ കാംക്ഷ, വിശ്വാസികൾക്കു സലാം പറയൽ തുടങ്ങി വ്യത്യസ്ത ജോലികളിൽ വ്യാപൃതരാണ്‌. ഇതാണ്‌ പണ്ഢിതന്മാരിൽ ചിലരുടെ അഭിപ്രായം. അതാത്‌ വർഷത്തെ നന്മ തിന്മകൾ കണക്കാക്കുന്ന ഏർപ്പാടുമായി മലക്കുകൾ അവതരിക്കുന്നു എന്നാണ്‌ മറ്റുചിലരുടെ അഭിപ്രായം. താരതമ്യേന അംഗീകൃതമായ അഭിപ്രായമിതാകുന്നു.

ഇവിടെ ഖുർആൻ പ്രയോഗിച്ച അമ്ര്‌ എന്ന പദം മനുഷ്യരുടെ ഐഹികപാരത്രിക കാര്യങ്ങൾക്കെല്ലാം ബാധകമാകുംവിധം അർഥവ്യാപ്തിയുള്ളതാണ്‌.ഇത്‌ പരിഗണിക്കുമ്പോൾ മലക്കുകളുടെ അവതരണം നമ്മുടെ ഭൗതിക പാരത്രിക താത്പര്യങ്ങൾ ഉദ്ദേശിച്ചാണെന്നു വരുന്നു.

ഇവിടെ സ്വാഭാവികമായി ഒരു സംശയമുണ്ടാകും. മനുഷ്യന്റെ ഭക്ഷണം, മരണം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച കണക്കുകൾ ശഅ​‍്ബാൻ പതിനഞ്ചിനാണവതരിക്കുന്നതെന്നല്ലേ പറയുന്നത്‌? എങ്കിൽ പിന്നെ ലൈലതുൽഖദ്‌റിൽ അതെങ്ങനെ സംഭവിക്കുന്നു? 'ലൈലതുൽബറാഅതിലാണ്‌ അല്ലാഹു കാര്യങ്ങൾ കണക്കാക്കുന്നത്‌. ലൈലതുൽ ഖദ്‌റിലാണ്‌ പ്രസ്തുത രേഖകൾ അതുമായി ബന്ധപ്പെട്ട വകുപ്പുകൾക്കു നൽകുന്നത്‌' എന്ന ഹദീസ്‌ ഇതിനു വ്യക്തമായ മറുപടിയാണ്‌. ലൈലതുൽഖദ്‌റിന്റെ വൈശിഷ്ട്യമായി ഖുർആൻ പറയുന്ന മറ്റൊരു കാര്യം 'അത്‌ പ്രഭാതം വരെ സലാമാണെന്നാണ്‌'. ഈ രാവിൽ മലക്കുകളെത്തി വിശ്വാസികൾക്കു സലാം ചൊരിയുന്നുവെന്നാണിതു കൊണ്ടുദ്ദേശ്യമെന്നാണഭിപ്രായം. മലക്കുകൾ കൂട്ടംകൂട്ടമായി അവതരിച്ചു ഭൂമിയിൽ സലാം വർഷം നടത്തുന്നു. അങ്ങനെ ആ രാവ്‌ സലാമിന്റേതായിത്തീരുന്നു.

മറ്റൊരു വീക്ഷണം 'ലൈലതുൽഖദ്‌റ്‌ വിഷമങ്ങൾ, ദുരിതങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവയിൽ നിന്നെല്ലാമുള്ള രക്ഷയാണ്‌ എന്ന അർഥത്തിലാണ്‌ സലാം പ്രയോഗിച്ചതു എന്നാണ്‌. അബൂമുസ്‌ലിമിന്റെ പക്ഷം ഈ രാവ്‌ കൊടുങ്കാറ്റ്‌, ഇടിത്തീ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം മുക്തമായിരിക്കുമെന്നാണ്‌. ലൈലതുൽഖദ്‌റിൽ പ്രഭാതം വരെ ഓരോ നിമിഷവും പൂർണമായി ആയിരം മാസത്തെക്കാൾ പുണ്യമേറിയതു തന്നെയാണ്‌. മറ്റു രാവുകളിലേത്‌ പോലെ ഫർളായ കാര്യങ്ങൾക്ക്‌ ഉത്തമം രാവിന്റെ ഒന്നാം ഭാഗം, മറ്റ്‌ ഇബാദത്തുകൾക്കു രണ്ടാം ഭാഗം, പ്രാർഥനക്ക്‌ മൂന്നാം ഭാഗം എന്നിങ്ങനെയു ള്ള വിഭജനം ലൈലതുൽ ഖദ്‌റിലില്ല എന്നും പ്രഭാതം വരെ ഈ രാവ്‌ സലാമാണെന്നും അഭിപ്രായമുണ്ട്‌.


വൈശിഷ്ട്യങ്ങൾ

ഇബ്നുഅബ്ബാസ്‌(റ)വിൽ നിന്ന്‌ ഉദ്ധരിക്കുന്ന സുദീർഘമായ ഹദീസിൽ നബി(സ്വ) പറയുന്നു: "ലൈലതുൽഖദ്‌ര്‍ ആസന്നമായാൽ അല്ലാഹു ജിബ്‌രീൽ(അ)ന്‌ ആജ്ഞ നൽകും. ജിബ്‌രീൽ(അ) ഉടൻ ഒരു സംഘം മലകുകളുമൊത്ത്‌ ഭൂമിയിലേക്കിറങ്ങും. ഒരു പച്ചപ്പതാകയുമായാണിറങ്ങുക. ആ പതാക അവർ കഅ​‍്ബയുടെ മുകളിൽ ഉയർത്തും.. ജിബ്‌ രീൽ(അ)ന്‌ നൂറ്‌ ചിറകുകളുണ്ട്‌. അവയിൽ രണ്ടെണ്ണം ലൈലതുൽഖദ്‌റിൽ മാ ത്രമേ വിടർത്തൂ. അത്‌ വിടർത്തുമ്പോൾ കിഴക്ക്‌ പടിഞ്ഞാറ്‌ ഭാഗങ്ങൾ പൂർണമായി നിറഞ്ഞുനിൽക്കും. ജിബ്‌രീൽ(അ)ന്റെ നിർദേശാനുസരണം മറ്റു മലകുകൾ ഭൂവിതാനത്തിലേക്ക്‌ സഞ്ചരിച്ചു നിന്നും ഇരുന്നും ആരാധനയിലേർപ്പെട്ടിരിക്കുന്നവർക്കു സലാം പറഞ്ഞ്‌ അവരുടെ കരതലം ചുംബിക്കുകയും അവരുടെ പ്രാർഥനയിൽ ചേർന്ന്‌ ആമീൻ പറയുകയും ചെയ്യും. ഈ അവസ്ഥ പ്രഭാതം വരെ തുടരും.

"പ്രഭാതമായാൽ നമുക്ക്‌ യാത്ര തിരിക്കാൻ സമയമായി എന്നു മലകുകളോട്‌ ജിബ്‌രീൽ (അ) പറയും. അപ്പോൾ മലകുകൾ സജ്ജരാകും. അവർ ജിബ്‌രീൽ(അ)നോട്‌ ചോദിക്കും. അല്ലാഹു മുഹമ്മദീയ സമുദായത്തിന്റെ കാര്യത്തിൽ എന്തു തീരുമാനമാണ്‌ എടുത്തത്‌? അപ്പോൾ ജിബ്‌രീൽ(അ) പ്രതികരിക്കും. ഈ രാവിൽ അല്ലാഹു ഇവർക്കു കാരുണ്യം ചൊരിഞ്ഞിരിക്കുന്നു. എല്ലാവരോടും വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. നാലു വിഭാഗം മാത്രം ഈ മാപ്പിനർഹരല്ല. ഈ ഹദീസ്‌ കേട്ടുകൊണ്ടിരുന്ന സ്വഹാബികൾ ചോദിച്ചു. ഹതഭാഗ്യരായ ആ നാലുവിഭാഗം ആരാണ്‌ റസൂലേ? നബി(സ്വ) വിശദീകരിച്ചു: ഒന്ന്‌: സ്ഥിരമായി മദ്യപിക്കുന്നവർ, രണ്ട്‌: മാതാപിതാക്കളെ പീഡിപ്പിക്കുന്നവർ, മൂന്ന്‌: കുടുംബബന്ധം വിച്ഛേദിക്കുന്നവർ. നാല്‌: കാപട്യവും കുശുമ്പും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന അധർമ്മികൾ'. ഈ ഹദീസ്‌ ഇബ്നുഹിബ്ബാൻ(റ), ബൈഹഖി(റ) എന്നീ ഹദീസ്‌ നിവേദകർ ഉദ്ധരിച്ചിട്ടുണ്ട്‌. ഈ ഹദീസ്‌ ഉദ്ധരിച്ചവരിൽ ആരും ദുർബലർ എന്ന അയോഗ്യതയുള്ളവരല്ലെന്ന്‌ അൽഹാഫിള്‌ മുൻദിരി(റ) പറഞ്ഞിരിക്കുന്നു.

ളഹ്ഹാക(റ)ൽ നിന്ന്‌ നിവേദനം: 'ഖുർആനിൽ പറഞ്ഞ റൂഹ്‌ കൊണ്ടുദ്ദേശ്യം ജിബ്‌രീൽ (അ) ആകുന്നു. ലൈലതുൽഖദ്‌റിൽ പ്രഭാതം വരെ തെറ്റിമാറുന്ന ഒറ്റനക്ഷത്രവും കാണപ്പെടുന്നതല്ല'(ഇബ്നുമുൻദിർ). മുജാഹിദ്‌(റ)ൽ നിന്ന്‌: 'ലൈലതുൽ ഖദ്‌റിനെപ്പറ്റി അത്‌ രക്ഷയാണെന്ന്‌ ഖുർആണ്‌ ഉണർത്തിയതിന്റെ താത്പര്യം ആ രാവിൽ പിശാചിന്റെ കുതന്ത്രങ്ങൾക്ക്‌ ശക്തിയും പ്രസക്തിയും ഉണ്ടാവില്ല എന്ന അർഥത്തിലാണ്‌' (ബൈഹഖി, സഈദുബ്ൻ മൻസ്വൂർ, അബ്ദുബ്നു ഹമീദ്‌, മുഹമ്മദ്‌ ബിൻ നസ്‌ര്‍, ഇബ്നു അബീഹാതിം). മൻസ്വൂറുബ്നു സാദാതിൽ നിന്ന്‌: 'ലൈലതുൽ ഖദ്‌റിന്റെ സൂര്യാസ്തമയം മുതൽ പ്രഭാതം വരെ മലക്കുകൾ ഇറങ്ങുന്നതാണ്‌. അവർ ഓരോ വിശ്വാസിയുടെയും ചാരത്തുകൂടെ നടന്ന്‌ അസ്സലാമു അലൈക യാ മുഅ​‍്മിൻ' (സത്യവിശ്വാസീ, നിനക്ക്‌ അല്ലാഹുവിന്റെ കരുണാ കടാക്ഷമുണ്ടാകട്ടെ) എന്ന്‌ സലാം പറയുന്നതാണ്‌'(സഈദുബ്ൻ മൻസ്വൂർ, ഇബ്നുൽ മുൻദിർ).

ഹസൻ(റ)വിൽ നിന്ന്‌: 'ലൈലതുൽഖദ്‌റിൽ, മഗ്‌രിബ്‌ നിസ്കാരം മുതൽ പ്രഭാതം വരെ അല്ലാഹുവിന്റെ മാലാഖമാർ കാരുണ്യത്തിന്റെയും രക്ഷയുടെയും സന്ദേശങ്ങളുമായി ചിറകടിച്ചെത്തുന്നതാണ്‌' (ഇബ്നുൽ മുൻദിർ). സൂറതുൽഖദ്‌റിലെ 'സലാം' എന്ന പദത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു: 'ആ രാവിൽ ജിന്ന്‌, പിശാച്ച്‌, ഇഫ്‌രീത്‌ വർഗങ്ങൾക്കെല്ലാം അല്ലാഹു വ്യക്തമായ വിലക്കേർപ്പെടുത്തുന്നതാണ്‌. വാനലോകത്തിന്റെ കവാടങ്ങൾ മുഴുക്കെ തുറക്കപ്പെടുന്നതാണ്‌. ആ രാവിൽ പശ്ചാതപിക്കുന്നവർക്കെല്ലാം അല്ലാഹു പാപമുക്തി നൽകുന്നതാണ്‌. ഈ വക കാര്യങ്ങൾ പരിഗണിച്ചാണ്‌ പ്രസ്തുത രാവ്‌ സലാം ആണെന്നു പറഞ്ഞത്‌. പ്രദോഷം മുതൽ പ്രഭാതം വരെയാണ്‌ ഈ രക്ഷയുടെ മുഹൂർത്തം' (മുഹമ്മദ്‌ ബിൻ നസ്വ്ര്, ഇബ്നു മുർദവൈഹി).

അലി(റ)വിൽ നിന്ന്‌ നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം: "ഏഴാമാകാശത്ത്‌ ഒരു സ്വർഗീയ പൂങ്കാവനമുണ്ട്‌. അവിടെ റൂഹ്‌ എന്ന പേരിൽ അറിയപ്പെടുന്ന ഒരുപറ്റം മലകുകളെ കാണാം. ലൈലതുൽഖദ്‌ര്‍ ആസന്നമായാൽ ഭൗമലോകത്തിലേക്കിറങ്ങാൻ അവർ അല്ലാഹുവോട്‌ അനുമതി തേടും. അല്ലാഹുവിന്റെ അനുവാദത്തോടെ അവർ ഭൂമിയിലേക്കിറങ്ങും. പള്ളികളിൽ നിസ്കരിക്കുന്നവർക്കും വഴികളിൽ തങ്ങൾ കണ്ടുമുട്ടുന്നവർക്കുമെല്ലാം അവർ ഗുണത്തിനായി പ്രാർഥിക്കും' (ബൈഹഖി).


ലൈലതുൽഖദ്‌റിന്റെ പുണ്യത്തെക്കുറിച്ച്‌ ആലൂസി ഉദ്ധരിക്കുന്നത്‌ കാണുക: "ലൈലതു ൽ ഖദ്‌റിൽ അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്‌രീൽ(അ) ഓഹരി ചെയ്യുന്നതാണ്‌. ജീവിച്ചിരിപ്പുള്ള എല്ലാ സത്യവിശ്വാസികൾക്കും അതിന്റെ വിഹിതം ലഭിച്ചാലും പി ന്നെയും ബാക്കിവരുന്നതാണ്‌. അപ്പോൾ 'നാഥാ, ഈ ബാക്കിയുള്ള കാരുണ്യം എന്തുചെയ്യണം?' എന്ന്‌ ജിബ്‌രീൽ(അ) അല്ലാഹുവിനോട്‌ ചോദിക്കും. അപ്പോൾ മുഹമ്മദീയ സമുദായത്തിൽ നിന്നു മരണപ്പെട്ടവർക്ക്‌ അതിന്റെ നിശ്ചിതവിഹിതം വിതരണം ചെയ്യാൻ അല്ലാഹു കൽപ്പിക്കും. പിന്നെയും ആ കാരുണ്യം ബാക്കിവരുമ്പോൾ അതെന്തു ചെയ്യണമെന്നു ജിബ്‌രീൽ(അ) വീണ്ടും ചോദിക്കും. അപ്പോൾ അല്ലാഹു അത്‌ അവിശ്വാസികൾക്കു കൂടി നൽകാൻ കൽപ്പിക്കും. ആ രാവിൽ പ്രസ്തുത റഹ്മത്‌ ലഭിച്ച അമുസ്‌ലിംകളാണത്രെ പിന്നീട്‌ സത്യവിശ്വാസികളായി മരണപ്പെടാനിടവരുന്ന സൗഭാഗ്യവാന്മാർ. പ്രമുഖ ഖുർആൻ വ്യാഖ്യാതാവ്‌ ഇസ്മാഈൽ ഹഖി(റ) ഉദ്ധരിക്കുന്നു: "ലൈലതുൽഖദ്‌റിന്റെ എണ്ണമറ്റ മഹത്വങ്ങളിൽപെട്ടതാണ്‌ മരണപ്പെട്ടവർക്കു പ്രസ്തുത രാവിൽ ലഭിക്കുന്ന ഖബർശിക്ഷാ മോചനം." ലൈലതുൽഖദ്‌റിൽ വന്നെത്തുന്ന മലക്കുകൾ പ്രവേശിക്കാത്ത ചില ഭാഗങ്ങളുണ്ട്‌. തഫ്സീർ റുഹുൽബയാൻ അവ വ്യക്തമാക്കുന്നു. (1) ക്രൈസ്തവ ദേവാലയങ്ങൾ. (2) ബഹുദൈവ-ബിംബാരാധകരുടെ ഭവനങ്ങൾ. (3) ശറഹ്‌ അനുവദിക്കാത്ത ആവശ്യത്തിനുവേണ്ടി വളർത്തുന്ന നായ്ക്കളുള്ള ഭവനങ്ങൾ. (4) ജീവജാലങ്ങളുടെ പ്രതിമ സ്ഥാപിച്ച സ്ഥലങ്ങൾ, വീടുകൾ. (5) മദ്യപാനി ഇരിക്കുന്ന ഭവനം. (6) മദ്യമുള്ള വീടുകൾ. (7) കുടുംബബന്ധം വിഛേദിച്ചവരുടെ വീടുകൾ. (8) വലിയ അശുദ്ധിക്കാർ താമസിക്കുന്ന വീട്‌. (9) പന്നിമാംസം തിന്നുന്നവർ വസിക്കുന്ന ഭവനം. (10) ശരീരമാസകലം കുങ്കുമമോ മറ്റോ മോശമായ രൂപത്തിൽ പൂശിയവൻ അധിവസിക്കുന്ന ഭവനം.

മേൽപ്പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കണം. ലൈലതുൽഖദ്‌റിന്റെ കാരുണ്യം നിഷേധിക്കപ്പെടുന്ന ഇത്തരം സംഗതികൾ വീടുകളിൽ നാമറിയാതെ വന്നുപെടുന്നത്‌ സൂക്ഷിക്കണം. നായ, ജീവജാലങ്ങളുടെ രൂപം തുടങ്ങിയവയുള്ളതും ജനാബതുകാർ വസിക്കുന്നതുമായ ഭവനത്തിൽ ലൈലതുൽഖദ്‌റിൽ മാത്രമല്ല, അല്ലാത്തപ്പോഴും കാരുണ്യത്തിന്റെ മലകുകൾ പ്രവേശിക്കുന്നതല്ലെന്ന്‌ അബൂദാവൂദ് (റ) നിവേദനം ചെയ്ത ഹദീസിൽ കാണാവുന്നതാണ്‌. ഇബ്നുഹിബ്ബാൻ(റ), ഹാകിം(റ) തുടങ്ങിയ ഹദീസ്‌ നിരൂപകർ ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ വിലയിരുത്തിയതായി ഇബ്നുഹജറിൽ അസ്ഖലാനി(റ) പറയുന്നു. ഇതോടൊപ്പം അദ്ദേഹം പറഞ്ഞ ഒരുകാര്യം ശ്രദ്ധേയമാണ്‌.

ജനാബത്തുകാർ എന്നത്‌ കൊണ്ടുദ്ദേശ്യം ഖത്ത്വാബി ഇമാം പറഞ്ഞതുപോലെ, വലിയ അശുദ്ധിയുടെ കാര്യത്തിൽ അലസത പുലർത്തുകയും കുളി പതിവായി ഒഴിവാക്കുകയും ചെയ്യുന്നവരാണ്‌. അല്ലാതെ അൽപ്പം കഴിഞ്ഞു കുളിക്കാമെന്നുറച്ചു പിന്തിച്ചവർ ഈ ഗണത്തിൽ പെടുന്നതല്ല. അതുപോലെ തന്നെയാണ്‌ നായയുടെ കാര്യവും. കാവലി നോ മറ്റ്‌ അത്യാവശ്യങ്ങൾക്കോ വേണ്ടി വളർത്തുന്ന നായകൾ വസിക്കുന്നിടം റഹ്മതി ന്റെ മലകുകൾ പ്രവേശിക്കാതിരിക്കില്ല.


ലൈലതുൽഖദ്‌റിലെ ആരാധനാ മാഹാത്മ്യം

ലൈലതുൽഖദ്‌റ്‌ സുകൃതങ്ങൾ കൊണ്ട്‌ ധന്യമാക്കണം. ആയിരം മാസത്തെക്കാൾ പു ണ്യമേറിയ രാവാണത്‌. അംറുബ്നു ഖൈസി(റ)ൽ നിന്നുള്ള നിവേദനത്തിൽ 'ആയിരം മാസത്തെക്കാൾ മഹത്തരം' എന്ന ഖുർആനിലെ വിശേഷണത്തെക്കുറിച്ചു പറയുന്നത്‌ കാണുക. 'ആ രാവിലെ സദ്കർമ്മങ്ങൾ ആയിരം മാസത്തെ അണമുറിയാത്ത സദ്‌വൃത്തിക്കു സമാനമാകുന്നു' (ഇബ്നുജരീർ). അനസ്‌(റ)വിൽ നിന്നുള്ള ഒരു വചനത്തിൽ കാണുന്നു: "ലൈലതുൽഖദ്‌റിലെ സദ്പ്രവൃത്തികൾ, ദാനധർമ്മങ്ങൾ, സകാത്‌, നിസ്‌കാരം എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവർത്തനത്തെക്കാൾ പുണ്യമാണ്‌.' ഇമാം നവവി(റ) ഉദ്ധരിക്കുന്നത്‌ കാണുക: 'സ്വാഹിബുൽ ഹാവി പറഞ്ഞിരിക്കുന്നു. 'ലൈലതുൽ ഖദ്‌ര്‍ വ്യക്തമായറിഞ്ഞവർ അത്‌ രഹസ്യമായി സൂക്ഷിക്കൽ സുന്നത്താണ്‌. ആ രാത്രിയിൽ തികഞ്ഞ ആത്മാർഥതയോടെയും താത്പര്യത്തോടെയും കരുത്തോടെയും താൻ ഇച്ഛിക്കുന്ന ഐഹികവും പാരത്രികവുമായ കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കണം. ദുആഇൽ ഭൂരിഭാഗവും ദീനിന്റെ വിജയത്തിനും പരലോകക്ഷേമത്തിനും വേണ്ടിയായിരിക്കണം'.

അബുഹുറയ്‌റ(റ)യിൽ നിന്ന്‌. നബി(സ്വ) പറഞ്ഞു: 'ഖ്വദ്‌റിന്റെ രാവിൽ വിശ്വാസപൂർവ്വം, പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ പൂര്‍വ്വപാപങ്ങൾ പൂർണമായി പൊറുക്കപ്പെടുന്നതാണ്‌'(ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഇ, ഇബ്നുമാജ). ഈ ഹദീസിൽ നിന്ന്‌ പ്രസ്തുത രാവ്‌ സുനിശ്ചിതമാണെന്നും ആ രാവിലെ നിസ്കാരങ്ങൾക്കു മഹത്വമേറെയുണ്ടെന്നും ഗ്രഹിക്കാം. റമളാൻ അവസാന പത്തിൽ ഓരോ രാവും ഖദ്‌റിന്റെ രാവാകാമെന്ന ബോധത്തോടെ സുകൃതങ്ങളിൽ മുഴുകണം. റമളാൻ മുഴുവൻ ഈ ബോധം ആവശ്യമാണെങ്കിലും ഇബ്നുഹജർ(റ) തുഹ്ഫയിൽ പറഞ്ഞതനുസരിച്ച്‌ റമളാൻ അവസാന പത്തിൽ നിശ്ചയമായും ഈ ബോധം ഉണ്ടായിരിക്കണം.

ആഇശാബീവി(റ) പറയുന്നു: 'ഞാൻ നബി(സ്വ)യോട്‌ ചോദിച്ചു. തിരുദൂതരേ, ലൈലതുൽഖദ്‌റിൽ പ്രത്യേകമായി വല്ലതും ചൊല്ലേണ്ടതുണ്ടോ? അവിടുന്ന്‌ പ്രതിവചിച്ചു. നി ങ്ങൾ 'അല്ലാഹുവേ, നീ ഏറ്റവും വിട്ടുവീഴ്ച ചെയ്യുന്നവനാണല്ലോ, വിട്ടുവീഴ്ച നീ ഇഷ്‌ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട്‌ പാപിയായ എനിക്ക്‌ നീ മാപ്പുതരൂ.' എന്നർഥം വരുന്ന പ്രാർഥന ചൊല്ലുക. ഈ പ്രാർഥനാവാചകം അഹ്മദ്‌, തിർമുദി, നസാഇ, ഇബ്നുമാജ(റ.ഹും) തുടങ്ങി അനേകം ഹദീസ്‌ പണ്ഢിതന്മാർ സ്വഹീഹാ യി ഉദ്ധരിച്ചതുകാണാം.

റമളാൻ അവസാന പത്തിലെ രാവുകളിൽ ഈ ദിക്‌റിന്‌ ഏറെ പ്രാധാന്യമുണ്ട്‌. ഈ പ്രാർഥനയുടെ പൊരുളറിഞ്ഞതുകൊണ്ടാകാം പ്രമുഖ സാത്വികൻ സുഫ്‌യാനുസ്സൗരി(റ) അഭിപ്രായപ്പെടുന്നു. 'ആത്മാർഥമായ ദുആയാണ്‌ ലൈലതുൽഖദ്‌റിൽ ഐച്ഛിക നിസ്കാരത്തെക്കാൾ എനിക്കേറ്റവും പ്രിയങ്കരം. ഖുർആൻ പാരായണവും പ്രാർഥനയുമാണ്‌ മെച്ചമായ ഇബാദത്ത്‌'

ആഇശാബീവി(റ)യിൽ നിന്ന്‌ ഉദ്ധരിക്കുന്നത്‌ കാണുക: 'ലൈലതുൽഖദ്‌റാണെന്നു ഞാൻ മനസ്സിലാക്കിയ രാവിലെല്ലാം അല്ലാഹുവോട്‌ നല്ല കാര്യങ്ങൾ അനുഷ്ഠിക്കാനുള്ള ആരോഗ്യം ഞാൻ ചോദിച്ചിരുന്നു'(ഇബ്നുഅബീശൈബ,ബൈഹഖി). മറ്റൊരു വചനത്തിൽ ആഇശാബീവി(റ) പറയുന്നു: 'ലൈലതുൽ ഖദ്‌റാണെന്നു ഞാൻ അറിഞ്ഞ രാവിൽ എന്റെ അധിക പ്രാർഥനയും അല്ലാഹുവോട്‌ മാപ്പും ആ രോഗ്യവും തേടുന്നതായിരുന്നു' (ഇബ്നു അബീശൈബ).

ലൈലതുൽഖദ്‌ര്‍ സംബന്ധമായി ഇമാം റാസി(റ) പറയുന്നത്‌ കാണുക: "ലൈലതുൽഖദ്‌റിന്റെ കാര്യത്തിൽ അവതീർണമായ വചനത്തിൽ വിശ്വാസികൾക്കു മഹത്തായ സുവിശേഷവും വൻപാപികൾക്കു വ്യക്തമായ താക്കീതും ഉൾക്കൊണ്ടിരിക്കുന്നതായി അനുമാനിക്കാം. ലൈലതുൽഖദ്‌ര്‍ പുണ്യകരമാണെന്നു മാത്രം പറഞ്ഞ്‌ നിർത്തിയതാണ്‌ സുവിശഷ വാർത്തക്കാധാരം. ആ പുണ്യത്തെ കൃത്യമായി അല്ലാഹു നിർവചിച്ചിട്ടില്ല. അപ്പോൾ ഒരു തവണ ഈ രാവിനെ സജീവമാക്കാൻ കഴിഞ്ഞ വ്യക്തിക്ക്‌ എൺപത്തിമൂന്നിൽപ്പരം വർഷത്തെ(ആയിരം മാസം) ആരാധനാഫലം സ്വായത്തമാക്കാമെന്ന്‌ വരുന്നു. ഇങ്ങനെ എല്ലാ വർഷവും സജീവമാക്കുന്ന വ്യക്തി അനേക വർഷത്തെ ആയുർ ദൈർഘ്യം ലഭിച്ചവർക്കു സമാനരാകുന്നതാണ്‌. മാസം മുഴുക്കെ പ്രസ്തുത രാവിനെ പ്രതീക്ഷിച്ചു സജീവമാക്കിയവൻ മുപ്പതു ഖദ്‌ര്‍ രാവുകൾ സ്വായത്തമാക്കിയവനു തുല്യനാണ്‌. ഇതുമായി ബന്ധപ്പെട്ട ഒരു നിവേദനത്തിൽ നാനൂറ്‌ വർഷം ആരാധന നിർവഹിച്ച ഒരു ഇസ്രാഈലി സഹോദരനെയും നാൽപ്പത്‌ വർഷം മാത്രം ആരാധന നിർവഹിച്ച ഒരു മുഹമ്മദീയ സമുദായക്കാരനെയും പരലോകത്ത്‌ ഹാജരാക്കപ്പെടുന്ന കാര്യം പറയുന്നുണ്ട്‌. അവിടെ മുഹമ്മദ്‌ നബി(സ്വ)യുടെ സമുദായക്കാരനായിരിക്കും പ്രതിഫലത്തിൽ മുൻപന്തിയിൽ. അപ്പോൾ ആ ഇസ്രാഈലി സഹോദരൻ ദുഃഖത്തോടെ ചോദിക്കും: 'നാഥാ, നീ നീതിമാനാണല്ലോ. ഇദ്ദേഹത്തിന്റെ സുകൃതഫലങ്ങൾ എത്രയോ പെരുത്തത്തായി കാണപ്പെടുന്നതെന്തുകൊണ്ടാണ്‌?' അപ്പോൾ അല്ലാഹു പറയും: 'നിങ്ങൾ ഇബാദത്തെടുത്തത്‌ ഇഹലോക ശിക്ഷയെ ഭയന്നായിരുന്നു. എന്നാൽ മുഹമ്മദീയ സുദായം ഇഹലോക ശിക്ഷയിൽ നിന്നു നിർഭയത്വം ലഭിച്ചവരായിരിക്കെത്തന്നെ ഇബാദത്തുകളിൽ ശ്രദ്ധ പതിപ്പിച്ചവരാണ്‌. ഇക്കാരണത്താലാണ്‌ അവർ പ്രതിഫലം വർധിച്ചവരാകുന്നത്‌.' ഈ വചനത്തിൽ ഒരു മൂന്നറിയിപ്പുണ്ട്‌. അതായത്‌ വൻപാപങ്ങൾ ചെയ്തുകൂട്ടുന്നവർ പശ്ചാതാപത്തിനൊരുമ്പെടാതെ അധർമ്മിയായി കാലം കഴിക്കുന്നവനാണെങ്കിൽ നൂറുക്കണക്കിന്‌ ലൈലതുൽഖദ്‌ര്‍ സജീവമാക്കിയാലും അവൻ നരകത്തിൽ നിന്നും മോചിതനാകുന്നില്ല. ഇത്‌ പാപത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പര്യാപ്തമായതാകുന്നു'.


ആയിരം മാസത്തെ ആരാധന ഏറെ ശ്രമകരമാണല്ലോ. എന്നിരിക്കെ ഒറ്റ രാവിൽ ആ യിരം മാസത്തെ ഇബാദത്ത്‌ എന്നു പറയുന്നത്‌ യുക്തമോ? എങ്ങനെയാണ്‌ രണ്ടും തു ല്യമാവുക?'

ഈ സംശയത്തിന്‌ ഇമാം റാസി(റ) മറുപടി പറയുന്നത്‌ കാണുക: 'മേൽ സംശയത്തിന്‌ പല അർഥത്തിൽ മറുപടി കാണാവുന്നതാണ്‌. ഒന്നാമതായി നാം ചെയ്യുന്ന പ്രവൃത്തി തന്നെ അവസരങ്ങൾക്കനുസരിച്ച്‌ നന്മയുടെയും തിന്മയുടെയും കാര്യത്തിൽ വ്യത്യസ്ത മാനങ്ങൾ പുലർത്താവുന്നതാണ്‌. ഉദാഹരണത്തിന്‌ നിസ്കാരം സംഘടിതമായി നിർവഹിക്കുന്നത്‌ ഒറ്റക്ക്‌ നിസ്കരിക്കുന്നതിനെക്കാൾ മഹത്തരമാണ്‌. ചിലപ്പോൾ അതിന്റെ രൂപത്തിലും മാറ്റം വരാം. പിന്തിത്തുടർന്ന വ്യക്തിക്ക്‌ ഒരു റൿഅത്‌ തന്നെ ഒഴിവായിപ്പോകും. അതുപോലെ ഒരാളെ വ്യഭിചാരക്കുറ്റത്തിന്‌ എറിഞ്ഞുകൊല്ലുന്നു എന്ന്‌ സങ്കൽപ്പിക്കുക. അയാളെപ്പറ്റി നമ്മൾ 'ആ മനുഷ്യൻ വ്യഭിചാരിയാണ്‌. എറിഞ്ഞുകൊല്ലപ്പെടുകയാണ്‌.' എന്ന്‌ അഭിപ്രായം പറഞ്ഞാൽ അത്‌ തെറ്റല്ല. എന്നാൽ ഇതേ അഭിപ്രായം ചാരിത്ര്യശുദ്ധി അവകാശപ്പെടാവുന്ന ഒരാളെപ്പറ്റിയാണ്‌ പറഞ്ഞതെങ്കിൽ നാം വ്യഭിചാരാരോപണത്തിനുള്ള ശിക്ഷ വാങ്ങാൻ അർഹരാണ്‌'

No comments:

Post a Comment