സൽക്കർമ്മങ്ങൾക്ക് അനേകമിരട്ടി പ്രതിഫലം നൽകപ്പെടുന്ന മാസമാണ് റമളാൻ. സുന്നത്തിനു മറ്റു മാസങ്ങളിലെ ഫർളിന്റെയും ഫർളിനു മറ്റു മാസങ്ങളിലെ എഴുപത് ഫർളിന്റെയും കൂലിയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. പരമാവധി നല്ല നടപ്പുകളിലും പുണ്യ പ്രവർത്തികളിലും മുഴുകി റമളാൻ മാസത്തെ അനുകൂലമാക്കിയെടുക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.
രാത്രിയുടെ അവസാനത്തിൽ അത്താഴം കഴിക്കുക, എല്ലാദിവസവും മഗ്‌രിബിനു ശേഷം കുളിക്കുക, വലിയ അശുദ്ധിയുള്ളവർ ഫജ്‌റിന്നു മുമ്പ് കുളിച്ച് ശുദ്ധിയാവുക, അത്താഴ സമയത്ത് സുഗന്ധം പുരട്ടുക, പകലിൽ സുറുമ സുഗന്ധം പോലുള്ളവ ഉപേക്ഷിക്കുക,(നോമ്പ്കാരനു പകൽ സമയത്ത് ആരെങ്കിലും സുഗന്ധം നൽകിയാൽ അത് നിരസിക്കാവുന്നതാണ്. അല്ലാത്ത സമയത്ത് സുഗന്ധം നിരസിക്കൽ കറാഹത്താണ്) വൈകാരിക ചിന്തയിൽ നിന്ന് വിട്ട് നിൽക്കുക, നിശിദ്ധകാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക,സൂര്യാസ്തമയം ഉറപ്പായാൽ ഉടൻ നോമ്പ് തുറക്കുക,ഈത്തപ്പഴം കാരക്ക വെള്ളം ഇവയിൽ ഒന്നു കൊണ്ട് നോമ്പ് തുറക്കുക (ഏറ്റവും നല്ലത് ഈത്തപ്പഴമാണ്. ഇല്ലെങ്കിൽ കാരക്ക.അതുമില്ലെങ്കിൽ വെള്ളം എന്നിങ്ങനെയാണ് ക്രമം. സംസം വെള്ളത്തേക്കാൾ കാരക്ക തന്നെയാണുത്തമം) നോമ്പ് തുറന്ന ഉടനെ അല്ലാഹുവെ ഓർത്ത് അപ്പോൾ ചൊല്ലേണ്ട ദിക്‌ർ ചൊല്ലുക അതിങ്ങനെയാണ്.
اَللَّهُمَّ لَكَ صُمْتُ وَبِكَ آمَنْتُ وَعَلَى رِزْقِكَ أَفْطَرْتُ ذَهَبَ الظَّمَأُ وَابْتَلَّتِ الْعَرُوقُ وَثَبَتَ الْأَجْرُ إِنْ شَـاءَ الله اَلْحَمْدُ للهِ الَّذِي أَعَانَنِي فَصُمْتُ وَرَزَقَنِي فَأَفْطَرْتُ ، اَللَّهُمَّ إِنِّي أَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْءٍ أَنْ تَغْفِرَ لِي.
“അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ടിച്ചു നിന്നിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു നിന്റെ റിസ്ക്ക് കൊണ്ട് ഞാൻ നോമ്പ് തുറക്കുകയും ചെയ്തു ദാഹം പോയി ഞരമ്പുകൾ നനഞ്ഞു അല്ലാഹു ഉദ്ദേശിച്ചെങ്കിൽ പ്രതിഫലം സ്ഥിരപ്പെട്ടു അല്ലാഹുവിന്റെ സഹായത്താൽ നോമ്പനുഷ്ടിക്കാനും അവൻ തന്ന ഭക്ഷണം, കൊണ്ട് നോമ്പ് തുറക്കാനും ഭാഗ്യം തന്ന അല്ലാഹുവിനാണ്. സർവ്വ സ്തുതിയും.നാഥാ!എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന നിന്റെ കാരുണ്യം കൊണ്ട് ഈ എളിയവനു പൊറുത്ത് തരേണമേ“
ഭാര്യക്കും സന്താനങ്ങൾക്കും വിശാലത ചെയ്ത് കൊടുക്കൽ കുടുംബങ്ങൾക്കും അയൽ വാസികൾക്കും കാരുണ്യം ചെയ്തു കൊടുക്കൽ എന്നിവയെല്ലാം സുന്നത്താണ്
(അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്)
No comments:
Post a Comment