ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

നോമ്പിന്റെ ഫര്‍‌ളുകള്‍ - 2

നോമ്പിന്റെ രണ്ടാമത്തെ ഫര്‍ള് :

നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കലാണ്.

വിവരവും ബോധവുമുള്ള സ്വതന്ത്ര വ്യക്തികളുടെ നോമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ കൊണ്ട് നഷ്ടമാകും.

1. സം‌യോഗം.
2. ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍
3. തടിയുള്ള വല്ല വസ്തുവും ഉള്ളില്‍ പ്രവേശിക്കല്‍.
4. ആര്‍ത്തവ രക്തം പ്രസവ രക്തം എന്നിവ പുറപ്പെടലും പ്രസവിക്കലും.
5. തൊട്ടാല്‍ വുളു മുറിയുന്ന സ്ഥലം മറകൂടാതെ തൊട്ട്കൊണ്ട് കൂടെക്കിടന്നോ മറ്റോ ഇന്ദ്രിയം സ്ഖലിപ്പിക്കല്‍.
6. ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകല്‍.

ഉണ്ടാ‍ക്കി ഛര്‍ദ്ദിക്കുന്നവന്റെ വായയില്‍ നിന്ന് ഒരു വസ്തുവും ഉള്ളിലേക്ക് ഇറങ്ങിയിട്ടില്ലെന്നുറപ്പുണ്ടെങ്കിലും നോമ്പ് മുറിയും. ഉണ്ടാക്കിഛര്‍ദ്ദിച്ചുവെന്നതാണ് കാരണം. ഉള്ളിലേക്ക് അതില്‍ നിന്ന് വല്ലതും പ്രവേശിച്ചോ ഇല്ലയോ എന്ന പരിഗണന ഇവിടെയില്ല.

എന്നാല്‍ തലയുടെ ഭാഗത്ത് നിന്നോ ഉള്ളില്‍ നിന്നോ കാര്‍ക്കിച്ചെടുത്ത് പുറത്തേക്ക് തുപ്പിക്കളയുന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. അത് ഛര്‍ദ്ദി ഉണ്ടാക്കലല്ല എന്നതാണ് കാരണം. ഈ കഫം വായയുടെ പരിധിയിലെത്തിയതിന് ശേഷം തുപ്പാന്‍ സൌകര്യമുണ്ടായിട്ടും തുപ്പിക്കളയാതെ ഉള്ളിലേക്കിറക്കിയാല്‍ നോമ്പ് മുറിയും.

മലമൂത്രദ്വാരം, വായ, മൂക്ക് , ചെവി എന്നിവ തുറന്ന ദ്വാരങ്ങളാകയാല്‍ അവയിലൂടെ വല്ലതും ഉള്ളിലേക്ക് കടന്നാല്‍ നോമ്പ് മുറിയും. വിസര്‍ജ്ജനശേഷം ശുദ്ധിവരുത്തുമ്പോള്‍ ശുദ്ധീകരണം നിര്‍ബന്ധമില്ലാത്ത ഉള്‍ഭാഗത്തേക്ക് വിരല്‍ തുമ്പെത്തിയാല്‍ നോമ്പ് മുറിയും. സ്ത്രീകള്‍ ഇരിക്കുന്ന സമയം, ജനനേന്ദ്രിയത്തില്‍ നിന്ന് വെളിവാകുന്ന സ്ഥലത്തിന് അപ്പുറത്തേക്ക് വിരല്‍ കടന്നാല്‍ നോമ്പ് നഷ്ടപ്പെടും. തടിയില്ലാത്ത മണമോ രുചിയോ ഉള്ളില്‍ കടന്നാല്‍ കുഴപ്പമില്ല. രോമകൂപങ്ങളിലൂടെ കടന്നാലും നോമ്പ് മുറിയില്ല. സുറുമയിടുന്നത് നോമ്പിനെ നഷ്ടപ്പെടുത്തില്ലെങ്കിലും ഉത്തമമല്ല. ചും‌ബനം, ആശ്ലേഷം, കൈപ്പിടുത്തം ഇവകൊണ്ട് വികാരമുണ്ടാകുമെങ്കില്‍ കുറ്റകരമാണവയെല്ലാം. അവകൊണ്ട് ഇന്ദ്രിയം പുറപ്പെട്ടാല്‍ നോമ്പ് മുറിയും. വികാരത്തോടെയുള്ള ദര്‍ശനമോ ചിന്തയോ മൂലം മറ്റു പ്രവൃത്തികളൊന്നും കൂടാതെ ഇന്ദ്രിയം പുറപ്പെട്ടാല്‍ നോമ്പ് നഷ്ടപ്പെടില്ല.
വായിൽ വേള്ളം കൊപ്ലിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോഴുമെല്ലാം അമിതമാകാതെ ശ്രദ്ധിക്കണം. കണ്ണിൽ സുറുമ ഇടൽ,എണ്ണ തേക്കൽ,ഇഞ്ചക്ഷൻ (മസിലിലേക്ക്‌) ചെയ്യൽ എന്നിവ മൂലം നോമ്പ്‌ മുറിയില്ലെങ്കിലും അമിതമാക്കരുത്‌ ഞരമ്പുകളിലൂടെയുള്ള ഇഞ്ചക്ഷൻ,ഗ്ലൂക്കോസ്‌.രക്തം എന്നിവ നൽകൽ എന്നിവ കൊണ്ട്‌ നോമ്പ്‌ മുറിയും

പുറത്ത്‌ വന്ന മൂലക്കുരു ഉള്ളിലേക്ക്‌ പോകുന്നത്‌ കൊണ്ടോ അത്‌ ഉള്ളിലേക്ക്‌ ആക്കാൻ വിരൽ അകത്തേക്ക്‌ കടത്തുന്നത്‌ കൊണ്ടോ നോമ്പിനു കുഴപ്പമില്ല. വായിലെ ഉമിനീരിറക്കുന്നതിനാൽ തകരാറൊന്നുമില്ല പക്ഷെ ഉമിനീരിനോടൊപ്പം മറ്റു വല്ലതും കലരാൻ പാടില്ല.കലർന്ന ഉമിനീർ വിഴുങ്ങിയാൽ നോമ്പ്‌ നഷ്ടപ്പെടും. പുകയിപ്പിക്കുക പുകവലിക്കുക തുടങ്ങിയവയിലൂടെ പുക ഉള്ളിലേക്ക്‌ കടന്നാൽ നോമ്പ്‌ മുറിയുമെന്നാണ് പ്രബലാഭിപ്രായം

ശരീരത്തിൽ കൊത്തി വ്രണപ്പെടുത്തിയോ കൊമ്പ്‌ വെച്ചോ രക്തം എടുക്കുന്നത്‌ കൊണ്ട്‌ നോമ്പ്‌ മുറിയുന്നതല്ല. പക്ഷെ ഇന്നത്തെ ആധുനിക സംവിധാനമായ ഞരമ്പിന്റെ ഉള്ളിലേക്ക്‌ സിറിഞ്ച്‌ പ്രവേശിപ്പിച്ച്‌ കൊണ്ടുള്ള രക്തമെടുക്കൽ നോമ്പിനെ ബാത്വിലാക്കുമെന്നാണ് ഭൂരിഭാഗം പണ്ഡിതരുടെയും നിഗമനം

ഓർക്കാപുറത്ത്‌ വല്ലതും അകത്ത്‌ കടക്കുകയോ മറന്ന് തിന്നുകയോ നിർബന്ധത്തിനു വഴങ്ങി തിന്നുകയോ കാരണമായി നോമ്പിനു കുഴപ്പമൊന്നുമില്ല നിർബന്ധ ശുദ്ധീകരണത്തിനു വേണ്ടി മുങ്ങാതെ കുളിക്കുമ്പോൾ അവിചാരിതമായി വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ്‌ മുറിയില്ല(നോമ്പുകാരൻ മുങ്ങിക്കുളിക്കൽ കറാഹത്തും അങ്ങനെ വെള്ളം അകത്ത്‌ കടന്നാൽ നോമ്പ്‌ മുറിയുന്നതുമാണ്)

ഈച്ച പോലുള്ള പ്രാണികൾ അകത്ത്‌ കടക്കൽ കൊണ്ട്‌ നോമ്പ്‌ മുറിയില്ല പക്ഷെ ഉള്ളിൽ പോയതിനെ ചർദ്ദിച്ചോ മറ്റോ പുറത്തെടുക്കാൻ ശ്രമിക്കുന്നത്‌ നോമ്പിനെ നഷ്ടപ്പെടുത്തും പൊടിക്കുമ്പോഴോ നനക്കുമ്പോഴോ ധൂളികൾ അറിയാതെ ഉള്ളിൽ പോയാൽ നോമ്പ്‌ മുറിയില്ല തുപ്പുനീരിറക്കുന്നത്‌ കൊണ്ട്‌ നോമ്പ്‌ മുറിയില്ല ഊൻ പൊട്ടിയ രക്തം പോലുള്ളത്‌ കൊണ്ട്‌ അത്‌ കലരാത്തപ്പോഴാണ് നാവിന്മേലല്ലാതെ വായക്ക്‌ പുറത്ത്‌ വന്ന ഉമിനീർ അകത്താക്കിയാൽ നോമ്പ്‌ മുറിയും. തുപ്പുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ചുണ്ടിന്റെ പുറം ഭാഗത്തായ തുപ്പ്‌ നീർ വീണ്ടും വായിൽ കടക്കാനും നോമ്പ്‌ മുറിയാനും സാദ്ധ്യതയേറെയാണ്. തുപ്പ്‌ നീർ തൊട്ട്‌ നോട്ടെണ്ണുന്നതും പേജുകൾ മറിക്കുന്നതും മറ്റും പുറത്ത്‌ വന്ന ഉമിനീരിനെ അകത്തേക്ക്‌ കടത്താൻ സാധ്യതയുള്ള പ്രവർത്തികളാണ്.

വുളൂഅ് എടുക്കുന്ന സമയത്ത്‌ വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ തുപ്പ്‌ നീരോടൊപ്പം പ്രസ്തുത വെള്ളത്തിന്റെ കലർപ്പുണ്ടാവുകയും അത്‌ ഉള്ളിലേക്കിറങ്ങുകയും ചെയ്താൽ നോമ്പ്‌ മുറിയില്ല സൂക്ഷിക്കാൻ പ്രയാസമായതാണ് കാരണം.

റമളാനിൽ രാത്രി സംയോഗം ചെയ്യൽ അനുവദനീയമാണ്. സുബ്‌ഹിക്കു മുമ്പായി കുളിച്ച്‌ ശുദ്ധിയാവലാണുത്തമം എന്നാൽ ജനാബത്തുള്ളതോടെ നേരം പുലർന്നാൽ അത്‌ നോമ്പിനെ ദോഷകരമായി ബാധിക്കുകയില്ല .റമളാനിന്റെ പകലിൽ സംയോഗം ചെയ്യൽ വളരെ ഗൗരവമായ കുറ്റമാണ്. സംയോഗം കൊണ്ട്‌ റമളാൻ നോമ്പ്‌ നഷ്ടപ്പെടുത്തുന്നത്‌ കുറ്റമാണെന്നതിനു പുറമെ ആ പകലിന്റെ ബാക്കി സമയം ഇംസാക്ക്‌(നോമ്പ്‌ മുറിയുന്ന ഒന്നും ചെയ്യാതെ സൂക്ഷിക്കൽ) ചെയ്യലും ആ നോമ്പ്‌ ഖളാഅ് വീട്ടുകയും ശക്തമായ പ്രായശ്ചിത്തവും നിർബന്ധമാണ്. വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക സാധ്യമല്ലെങ്കിൽ 60 ദിവസം തുടരെ നോമ്പെടുക്കുക അതിനു കഴിയില്ലെങ്കിൽ 60 അഗതികൾക്ക്‌ ഭക്ഷണം നൽകുക ഇതാണ് പ്രായശ്ചിത്തം.

സംയോഗം കൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുത്തിയവനു ഈ പ്രായശ്ചിത്തം നിർബന്ധമാവണമെങ്കിൽ പല നിബന്ധനകളുമുണ്ട്‌ അവയിൽ പ്രധാനപ്പെട്ടവ

1. സംയോഗം മൂലം നഷ്ടപ്പെടുത്തിയത്‌ റമളാൻ നോമ്പാവുക

അപ്പോൾ മറ്റുകാരണങ്ങളാൽ നിർബന്ധമായതോ സുന്നത്തായതോ ആയ നോമ്പ്‌ സംയോഗം മൂലം നഷ്ടപ്പെടുത്തിയാൽ ഈ പ്രായശ്ചിത്തം നിർബന്ധമാകില്ല. ഉദാഹരണമായി ഹജ്ജിൽ വന്ന ന്യൂനത പരിഹരിക്കാൻ നോൽക്കുന്ന ഫിദ്‌യയുടെ നോമ്പ്‌ സംയോഗം കൊണ്ട്‌ നഷ്ടപ്പെടുത്തിയാൽ ഈ പ്രായശ്ചിത്തം വേണ്ടതില്ല. അത്‌ പോലെ അറഫാദിനത്തിലെ നോമ്പ്‌ പോലുള്ള സുന്നത്തായ നോമ്പ്‌ സയോഗം മൂലം നഷ്ടപ്പെടുത്തിയാലും ഈ പ്രായശ്ചിത്തം വേണ്ടതില്ല

2.വെള്ളം കുടിച്ചോ മറ്റോ നോമ്പ്‌ മുറിച്ചതിനു ശേഷമാണ് സംയോഗം ചെയ്തതെങ്കിലും മുകളിൽ പറഞ്ഞ ഫിദ്‌യ നിർബന്ധമില്ല(അങ്ങനെ നോമ്പ്‌ മുറിക്കലും ഹറാമാണെന്ന് ഓർക്കുമല്ലോ)

3.പുരുഷലിംഗത്തിന്റെ മോതിരക്കണ്ണി മുഴുവനും പ്രവേശിച്ചാലേ ഫിദ്‌ യ നിർബന്ധമാവൂ

4.നോമ്പ്‌ ഉപേക്ഷിക്കൽ അനുവദനീയമായ യാത്രയിലോ മറ്റോ ആൺ സംയോഗം ചെയ്തതെങ്കിലും ഈ ഫിദ്‌ യ നിർബന്ധമില്ല

നോമ്പ്‌ ബാത്വിലാകുന്ന കാര്യങ്ങളിൽ പരമാവധി ശ്രദ്ധിച്ച്‌ തികഞ്ഞ സൂക്ഷമത പാലിച്ചില്ലെങ്കിൽ വിശപ്പ്‌ സഹിക്കുന്നതെല്ലാം വെറുതെയാവും അല്ലാഹു കാക്കട്ടെ ആമീൻ.

No comments:

Post a Comment