ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

റമളാനിലെ ഖുര്‍‌ആന്‍ പാരായാണം

സ്രഷ്ടാവായാ അല്ലാഹു മാനവരാശിയുടെ വിമോചനത്തിനും മാർഗ ദർശനത്തിനുമായി അവതരിപ്പിച്ച വിശുദ്ധ ഖുർആനിന്റെ വാർഷിക മഹോൽസവമാണല്ലോ റമളാൻ. അത്‌ കൊണ്ട്‌ തന്നെ വിശുദ്ധ റമളാനിൽ ഖുർആൻ പാരായണം ചെയ്യുന്നതിന്‌ പ്രത്യേക പുണ്യമുണ്ട്‌. തിന്മകൾ നിറഞ്ഞ നമ്മുടെ റേക്കോർഡ്‌ ബുക്ക്‌ നന്മകളാൽ നിറക്കപ്പെടാനും തിന്മകൾ മായ്ച്ച്‌ കളയാനും ഏറ്റവും മികച്ച ഇബാദത്താണ്‌ ഖുർആൻ പാരായണമെന്നു പറയേണ്ടതില്ലല്ലോ

ഖുർആൻ വിശ്വാസിക്ക്‌ മനശ്ശാന്തി നൽകുന്നു. ഹൃദയ രോഗങ്ങളിൽ നിന്നും ശാരീരിക രോഗങ്ങളിൽ നിന്നും അവനെ പരിരക്ഷിക്കുന്നു. എല്ലാ വിധ തിന്മകളിൽ നിന്നും അസാന്മാർഗികതകളിൽ നിന്നും അതവനെ തടയുന്നു. ജീവിതത്തിന്‌ ലക്ഷ്യവും മാർഗവും നൽകുന്നു. വിശുദ്ധിയും സംരക്ഷണവും നൽകുന്നു.

അൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ പിശാചിന്റെ ശല്യമുണ്ടാവുകയില്ല. സൂറത്തുൽ മുൽക്‌ പാരായണം ചെയ്യുന്നവന്‌ ഖബർ ശിക്ഷയിൽ നിന്നും രക്ഷനേടാനാവും. അൽ വാഖിഅ പാരായണം ചെയ്യുന്നവർ ദാരിദ്ര്യം ഭയപ്പെടേണ്ടതില്ല. തുടങ്ങീ ധാരാളം നബി വചനങ്ങൾ ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠതകളെകുറിച്ച്‌ വന്നിട്ടുണ്ട്‌.

ഖുർആൻ ഓതുന്ന വിശ്വാസിയെ നല്ല മണവും രുചിയുമുള്ള മധുര നാരങ്ങയോടും ഓതാത്ത വിശ്വാസിയെ മണമില്ലാത്തതും എന്നാൽ മധുരമുള്ളതുമായ കാരക്കയോടുമാണ്‌ നബി (സ) ഉപമിച്ചിരിക്കുന്നത്‌. മാത്രമല്ല ഖുർആൻ പാരായണം ചെയ്യപ്പെടാത്ത വീടിനെ ഖബറിനോടുമാണവിടുന്ന് ഉപമിച്ചിരിക്കുന്നത്‌.

വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ്‌ റമളാൻ. ഖുർആൻ പാരായണം അധികരിപ്പിക്കൽ ഏറ്റവും പ്രസക്തമാകുന്ന അവസരമാണിത്‌. റമളാനിൽ കൂടുതൽ പാരായണം ചെയ്യപ്പെടേണ്ടതാണെങ്കിലും ഇതര മാസങ്ങളിലും അത്‌ ഏറെ പുണ്യകരമാണ്‌.



ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ ഓരോ അക്ഷരത്തിനും പത്തു നന്മകൾ നൽകപ്പെടുമെന്ന് തിരുനബി (സ) പഠിപ്പിച്ചിരിക്കുന്നു. അക്ഷരത്തെറ്റു കൂടാതെയും സാവധാനത്തിലുമാണ്‌ ഖുർആൻ പാരായണം ചെയ്യപ്പെടേണ്ടത്‌. ' എത്രയെത്ര ഓത്തുകാരാണ്‌, അവരെ ഖുർആൻ ശപിച്ച്‌ കൊണ്ടിരിക്കുന്നു.' ശരിയായ രൂപത്തിലല്ലാതെ ഖുർആൻ ഓതുന്നവരെ താക്കിത്‌ ചെയ്ത്‌ കൊണ്ട്‌ അവിടുന്നരുളുകയുണ്ടായി. ശരിയായ രൂപത്തിൽ ഖുർആൻ ഓതാനുള്ള പരിശീലനം ബന്ധപ്പെട്ടവരിൽ നിന്നും എല്ലാ മുസ്ലിമും കരഗതമാക്കേണ്ടതനിവാര്യമായ കാര്യമാണ്‌.

എല്ലാ ദിവസവും ശരിയായ രൂപത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവർക്ക്‌ ഖുർആൻ ഖിയാമത്ത്‌ നാളിൽ ശിപാർശകനായിവരുമെന്ന് റസൂൽ(സ) പഠിപ്പിച്ചിട്ടുണ്ട്‌. ആയതിനാൽ ദിനചര്യയുടെ ഒരു പ്രധാന ഘടകമായി ഖുർആൻ പാരായണത്തെ പരിഗണിച്ച്‌ കൊണ്ട്‌ വിശുദ്ധ ഗ്രന്ഥത്തോടുള്ള കടമ നിറവേറ്റാനും റമളാനിൽ കൂടുതൽ പാരായണം ചെയ്ത്‌ കൊണ്ട്‌ വിശുദ്ധ മാസത്തെ ആദരിക്കാനും നാം തയ്യാറാവേണ്ടതാണ്‌.

വിശൂദ്ധ ഖുർആൻ നമ്മുടെ മാർഗ ദർശിയാണ്‌ . കഠിനോൽ കഠോരമായ നരകാഗ്നിയിൽ നിന്നും സ്വർഗത്തിന്റെ സ്വഛന്ത ശീതളിമയിലേക്ക്‌ നമ്മെ കൈപിടിച്ച്‌ കൊണ്ടുപോകുന്ന ഉത്തമ കൂട്ടുകാരനാണ്‌. മനസ്സിന്‌ ശാന്തിയും സമാധാനവും നൽകുന്ന ദീപനാളമാണ്‌. വിശുദ്ധ ഖുർആനിന്‌ പകരം മറ്റൊന്നില്ല. ആ വിശുദ്ധ ഗ്രന്ഥം ഹൃദയത്തോട്‌ ചേർത്ത്‌ പിടിച്ച്‌ മനശ്ശാന്തിയും ശാശ്വത വിജയവും കൈ വരിക്കുക. ഖുർ ആൻ പഠിച്ചും പാരായണം ചെയ്തും പുണ്യം നേടുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

ഖുർആൻ നിസ്കാരത്തിലല്ലാത്തപ്പോൾ മുസ്‌ഹഫിലേക്ക്‌ നോക്കി ഓതുന്നതാണ്‌ ഉത്തമം. ഖുർആൻ പാരായണത്തിന്‌ ഏറ്റവും ശ്രേഷ്ഠമായ സമയം പകലിൽ സുബ്‌ഹി നിസ്കാര ശേഷവും രാത്രിയിൽ അത്താഴ സമയവുമാകുന്നു. ഇത്‌ കഴിഞ്ഞാൽ മഗ്‌രിബിന്നും ഇശാഇന്നുമിടയിലുമാകുന്നു

മുസ്‌ഹഫിന്റെ താളുകൾ തുപ്പ്നീരു തൊട്ട്‌ മറിക്കുന്നത്‌ ഹറാമാണെന്ന് മഹാനായ ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ) പറഞ്ഞിട്ടുണ്ട്‌. ഖുർആനിനെ ആദര പൂർവ്വം മുത്തലും ഖുർആനിലേക്ക്‌ നോക്കലും കാണുമ്പോൾ എഴുന്നേറ്റ്‌ നിൽക്കലും പുണ്യമാണ്‌. ഖുർആനിനെ അനാദരിക്കുന്ന രൂപത്തിൽ പിടിക്കുകയോ അതിലേക്ക്‌ കാല്‌ നീട്ടുകയോ തന്റെ താഴെയാവുന്ന രൂപത്തിൽ വെക്കുകയോ ചെയ്യരുത്‌. കയ്യിൽ പിടിക്കുമ്പോഴും അരയുടെ താഴെയാവുന്ന വിധം പിടിക്കാതെ നെഞ്ചോട്‌ ചേർത്ത്‌ പിടിക്കുകയാണ്‌ നല്ലത്‌.

(അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍)

No comments:

Post a Comment