ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Saturday, July 30, 2011

എട്ട്‌ റക്‌'അത്‌ നിഷ്ഫലം

തറാവീഹ്‌ എട്ട്‌ റക്‌'അതാണെന്ന വിശ്വാസത്തോടെ പ്രസ്തുത റക്‌'അതുകൾ മാത്രം ഒരാൾ നിസ്കരിച്ചാൽ ആ നിസ്കാരത്തിന്‌ സാധുതയുണ്ടോ? എന്ന കാര്യം നമുക്ക്‌ പരിശോധിക്കാം.

'ആനതുൽ മുസ്ത'ഈൻ 1/349ൽ പറയുന്നു: "തറാവീഹിന്റെ റക്‌'അതുകൾ ഇരുപതിൽനിന്ന്‌ ചുരുക്കി (ഇരുപതിനെക്കാൾ ചുരുങ്ങിയതാണെന്ന്‌ കരുതി) തറാവീഹിനു വേണ്ടി തക്ബീറതുൽ ഇഹ്‌റാം ചെയ്താൽ അത്‌ സാധുവാകുകയില്ല. സഹ്‌വിന്റെ സുജൂട്‌ രണ്ടെണ്ണമുണ്ടായിരിക്കെ ഒന്നിൽ ചുരുക്കി സുജൂട്‌ ചെയ്താൽ സാധുവാകാത്തപോലെത്തന്നെ. മാത്രമല്ല, ആ സൂജൂട്‌ കൊണ്ട്‌ നിസ്കാരം ബാത്വിലാകും. അപ്പോൾ ഇരുപതിൽ ചുരുക്കി നിസ്കരിക്കുന്നത്‌ സാധുവാകണമെങ്കിൽ തറാവീഹ്‌ ഇരുപത്‌ റക്‌'അത്താണെന്ന വിശ്വാസത്തോടെ ഉദ്ദേശിച്ച എണ്ണത്തിലേക്ക്‌ ചുരുക്കി നിസ്കരിക്കേണ്ടതാണ്‌. അത്‌ പ്രതിഫലാർഹവുമാണ്‌. ഇപ്രകാരം തുഹ്ഫയിൽ പ്രസ്താവിച്ചിട്ടുണ്ട്‌. പുത്തൻ വാദികളുടെ എട്ട്‌ റക്‌'അത്‌ നിസ്കാരം അസ്വീകാര്യമാണെന്ന്‌ ചുരുക്കം. അടിസ്ഥാനമായി ഇരുപത്‌ റക്‌'അത്‌ അംഗീകരിക്കാത്തത്താണ്‌ കാരണം.

എന്നാൽ ഇരുപത്‌ റക്‌'അത്‌ അംഗീകരിച്ചു കൊണ്ടു തന്നെ എട്ടിലേക്ക്‌ ചുരുക്കാതിരിക്കലാണ്‌ ഉത്തമം. കാരണം അത്‌ ബിദ്‌'അതുകാരുടെ ആചാരമായി മാറിയിട്ടുണ്ട്‌. ബിദ്‌'അതുകാരുടെ ചിഹ്നമായ ചര്യകൾ ഉപേക്ഷിക്കലാണ്‌ അഭികാമ്യമെന്ന്‌ മിർഖ്വാത്‌ 2/367ൽ പ്രസ്താവിച്ചിട്ടുണ്ട്‌.

ഈ അടിസ്ഥാനത്തിലാണ്‌ മോതിരം ധരിക്കൽ വലതു കയ്യിന്റെ ചെറുവിരലിൽ ആയിരിക്കലാണ്‌ ഏറ്റ വും ശ്രേഷ്ഠമായതെന്ന്‌ ഇബ്നുഹജർ(റ) പറഞ്ഞശേഷം ഇപ്രകാരം പറഞ്ഞത്‌. "എന്നാൽ (ബിദ'ഈ കക്ഷിയായ) റാഫിൾവുകളുടെ ചിഹ്നമാണ്‌ അതെന്നത്‌ അടിസ്ഥാന രഹിതമാകുന്നു.' (തുഹ്ഫ 3/276)

ഈ വാക്ക്‌ കുറിക്കുന്നത്‌ അവർ (ബിദ്‌'അതുകാർ) ചിഹ്നമാക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുക തന്നെയാണ്‌ അഭികാമ്യമെന്നാണ്‌. പക്ഷേ, ശറഇൽ സുന്നതാണെന്ന്‌ സ്ഥിരപ്പെട്ട ഒരു കാര്യത്തോട്‌ വല്ല ബിദഈ കക്ഷികളും യോജിക്കുന്നുണ്ടെന്ന്‌ വെച്ച്‌ അത്‌ ഉപേക്ഷക്കേണ്ടതില്ല. ഈ വസ്തുത തുഹ്ഫയുടെ ഉപര്യുക്ത വാക്കിന്റെ വ്യാഖ്യാനത്തിൽ ശർവാനി(റ) വിശദീകരിച്ചിട്ടുണ്ട്‌.

എട്ട്‌ റക്‌'അതിലേക്ക്‌ ചുരുക്കൽ അനുവദനീയമാണെന്നല്ലാതെ അത്‌ സ്ഥിരപ്പെട്ട സുന്നതല്ലെന്നതിൽ സന്ദേഹമില്ല. മാത്രമല്ല, എട്ടിലേക്ക്‌ ചുരുക്കി നിസ്കരിക്കുന്നവൻ പുത്തൻ പ്രസ്ഥാനക്കാരനാണെന്നുവെച്ച്‌ അതറിയാത്ത ജനങ്ങൾ ആക്ഷേപിക്കാനും അവനെ അപമാനപ്പെടുത്താനും സാധ്യതയുണ്ടാകുമ്പോൾ ഈ തെറ്റിദ്ധാരണയുടെ വഴി കൊട്ടിയടക്കുക എന്ന സദുദ്ദേശ്യത്തിൽ എട്ടിൽ ചുരുക്കാതിരിക്കുന്നത്‌ കൊണ്ട്‌ പ്രതിഫല ലബ്ധി പ്രതീക്ഷിക്കാൻ വരെ അവകാശമുണ്ടെന്ന്‌ അൽഫതാവൽ കുബ്‌റ 2/7ൽ നിന്ന്‌ ഗ്രഹിക്കാം.

(അവലം‌ബം : മുസ്‌ലിം‌പാത്ത്)