(1) ഇരുപത് റക്'അത് തറാവീഹിനെകുറിച്ച് 'ഉമർ(റ) തന്നെ നല്ല ബിദ്'അതെന്ന് പ്രസ്താവിച്ചു. അപ്പോ ൾ അത് ബിദ്‌അതല്ലേ?.
മറുപടി: ഉബയ്യുബ്നു ക'അ്ബി(റ)ന്റെ നേതൃത്വത്തിൽ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചശേഷം ഇത് നല്ല ബിദ്‌അതെന്ന് 'ഉമർ(റ) പ്രസ്താവിച്ചതു റക്'അതുകളുടെ എണ്ണത്തെ സംബന്ധിച്ചല്ല. പ്രത്യുത, ഒരു ഇമാമിന്റെ കീഴിലായി വിപുലമായൊരു ജമാ'അത് സംഘടിപ്പിച്ചതിനെ സംബന്ധിച്ചാണ്.
ഇമാം ശ'അ്റാനി(റ) പറയുന്നു: "നബി(സ്വ)യുടെ വഫാതിനു ശേഷവും ജനങ്ങൾ വിവിധ സംഘങ്ങളായിട്ടായിരുന്നു നിസ്കരിച്ചിരുന്നത്. ചിലർ ജമാ'അതായും മറ്റുചിലർ തനിച്ചും. അപ്പോൾ 'ഉമർ(റ) പറഞ്ഞു. അല്ലാഹുവാണ് സത്യം. ഇവരെ ഒരു ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുന്ന പക്ഷം അതായിരിക്കും നല്ലതെന്ന അഭിപ്രായം എനിക്കുണ്ട്. അങ്ങനെ ഉബയ്യുബ്നു ക'അ്ബി(റ)ന്റെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു." (ശ'അ്റാനി(റ)യുടെ കശ്ഫുൽ ഗുമ്മ, 1/95)
ഔജസുൽ മസാലിക് 1/391ൽ പറയുന്നു: "ഇത് നല്ല ബിദ്'അതെന്ന് പറഞ്ഞത് വിപുലമായ ജമാ'അതിനെ കുറിച്ചാണ്. തറാവീഹ് നിസ്കാരത്തിനെ കുറിച്ചോ കേവലം തറാവീഹിലെ ജമാ'അതിനെ കുറിച്ചോ അല്ല."
ശൈഖ് മുഹമ്മദുൽ കൗസരി(റ) എഴുതുന്നു: "അപ്പോൾ 'ഉമർ(റ) പ്രവർത്തിച്ചതു ഒരു ഇമാമിന്റെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിക്കുക മാത്രമാണ്. എന്നാൽ റക്'അതുകളുടെ എണ്ണം പരമ്പരാഗതമായി കിട്ടിയ പ്രകാരം തന്നെ. അപ്പോൾ പിന്നെ തറാവീഹ് ഇരുപത് റക്'അതാണെന്നതിനെ എതിർക്കാൻ വേണ്ടി ഇത് ചിലർ ആധാരമാക്കുന്നത് ശരിയല്ല. 'ഉമർ(റ), 'ഉസ്മാൻ(റ), 'അലി(റ) എന്നിവരുടെ കാലങ്ങളിലൊക്കെയും സ്വഹാബതിന്റെ 'അമലും ഇതു തന്നെയായിരുന്നു. അവരുടെ അടുത്ത് പ്രബലമായൊരു രേഖയില്ലാതെ ഈ എണ്ണത്തിൽ അവർ ഏകോപിക്കുക എന്നത് അതി വിദൂരമാണ്." (കൗസരി(റ)യുടെ തഖ്വ്‌രീറതുബ്‌യീൻ, പേജ് 98)
ഈ അടിസ്ഥാനത്തിലാണ് ശൈഖ് അബ്ദുൽ ഹഖ്്വ ദഹ്ലവി(റ) ഇപ്രകാരം പ്രസ്താവിച്ചതു: 'നബി(സ്വ) ഇരുപത് റക്'അത് നിസ്കരിച്ചതായി അവരുടെ അരികിൽ സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇബ്നു 'അബ്ബാസി(റ)ൽ നിന്നുള്ള ഒരു നിവേദനത്തിൽ ഇങ്ങനെ വന്നിട്ടുമുണ്ട്. 'ഉമർ(റ) തെരഞ്ഞെടുത്തതും അതുതന്നെ." (തഅ്ലീഖ്വുസ്സബീഹ് 2/105)
(2) ഉബയ്യുബ്നു ക'അ്ബി(റ)ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട തറാവീഹ് നിസ്കാരത്തിൽ 'ഉമർ(റ) പങ്കെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ അവിടുന്ന് ആജ്ഞാപിച്ച എണ്ണത്തിലധികം റക്'അതുകൾ അവർ വർധിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്. പതിനൊന്ന് റക്'അത് നിസ്കരിക്കുവാൻ 'ഉമർ(റ) ആജ്ഞാപിച്ചുവേന്ന റിപ്പോർട്ട് ഇതിനുപോൽബലകമാണ്.
മറുപടി: പ്രസ്തു റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് നേരത്തെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ 'ഉമർ(റ) പ്രസ്തുത നിസ്കാരത്തിൽ പങ്കെടുത്തിട്ടില്ലെന്ന് പറയുന്നത് അജ്ഞത മാത്രമാണ്. നൗഫലുബ്നു ഇയാസി(റ)ൽനിന്ന് നിവേദനം: "അവർ പറഞ്ഞു. 'ഉമർ(റ)വിന്റെ കാലത്ത് റമൾവാനിൽ പള്ളിയിൽവെച്ച് അവിടവിടങ്ങളിലായി പല സംഘങ്ങളായിട്ടായിരുന്നു ഞങ്ങൾ നിസ്കരിച്ചിരുന്നത്. ശബ്ദമാധുര്യമുള്ള ആളിലേക്കായിരിക്കും ജനങ്ങൾ ആകർഷിക്കുക. അപ്പോൾ 'ഉമർ(റ) ഇങ്ങനെ പറഞ്ഞു. നിശ്ചയം ജനങ്ങൾ ഖ്വുർആനിനെ രാഗമാക്കിയിരിക്കുന്നു. അല്ലാഹുവാണ് സത്യം. എനിക്ക് കഴിയുന്ന പക്ഷം ഞാനിതിന് മാറ്റം വരുത്തും. അങ്ങനെ അധികം താമസിച്ചില്ല, മൂന്ന് രാത്രികൾ പിന്നിട്ടപ്പോഴേക്കും ഉബയ്യുബ്നുക'അ്ബി(റ)നോട് നിസ്കരിക്കാനാജ്ഞാപിച്ചു. ജനങ്ങൾക്ക് ഇമാമായി അവർ നിസ്കരിച്ചു. 'ഉമർ(റ) പിൻ സ്വഫ്ഫിൽ നിന്നിരുന്നു. അവിടുന്നിപ്രകാരം പറഞ്ഞു. ഇത് ബിദ്'അതാണെങ്കിൽ ഇതു തന്നെയാണ് നല്ല ബിദ്'അത്. (ത്വബഖാതു ഇബ്നി സ'അ്ദ് 5/59)
ഇപ്രകാരം ഇമാം ബുഖാരി(റ) ഖൽഖ്വുൽ ഖ്വുർആനിലും, ജ'അ്ഫറുൽ ഫിർയാബി(റ) തന്റെ സുനനിലും നിവേദനം ചെയ്തത്തായി കൻസുൽ 'ഉമ്മാൽ 4/283ൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, 'ഉമർ(റ)ന്റെ ആജ്ഞക്കെതിരായി ജനങ്ങൾ നിസ്കരിച്ചിരുന്നുവേന്ന് അനുമാനിക്കാൻ പോലും ഒരു മുസ്ലി മിനാകില്ല.
(3) 'ഉമർ(റ)വിന്റെ കാലത്ത് ജനങ്ങൾ ഇരുപത് റക്'അത് നിസ്കരിച്ചിരുന്നുവേന്ന സാഇബുബ്നു യസീദി(റ)ൽനിന്ന് ബൈഹഖ്വി(റ) ഉദ്ധരിച്ച ഹദീസ് ബലഹീനമാണ്. കാരണം അതിന്റെ നിവേദക പരമ്പരയിൽ അബൂ 'അബ്ദില്ലാഹിബ്നു ഫൻജവൈഹി(റ) എന്നൊരാളുണ്ട്. അദ്ദേഹത്തിന്റെ ചരിത്രമറിയപ്പെടുന്നില്ലെന്നും അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഹദീസ് രേഖയാക്കുന്നവർ അദ്ദേഹം യോഗ്യനാണെന്ന് സ്ഥിരീകരിക്കേണ്ടതാണെന്നും തുഹ്ഫതുൽ അഹ്‌വദി 2/75ൽ പ്രസ്തവിച്ചിട്ടുണ്ട്.
മറുപടി: തുഹ്ഫതുൽ അഹ്‌വദിയുടെ രചയിതാവ് പുത്തൻ വാദിയായ അബ്ദുറഹ്മാൻ മുബാറക്ഫൂരി വേണ്ടത്ര നിരൂപണ ഗ്രന്ഥങ്ങൾ പരതിയിട്ടില്ലെന്ന് വ്യക്തം. ഹാഫിൾവുദ്ദഹബിയുടെ തദ്കിറതുൽ ഹുഫ്ഫാൾവ് 3/1057ൽ അബൂ അബ്ദില്ലാഹിബ്നു ഫൻജവൈഹി (റ)യെ പരാമർശിച്ചിട്ടുണ്ട്. ഹിജ്‌റ 414 റബീ'ഉൽ ആഖിറിലാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായതെന്നും അദ്ദേഹം യോഗ്യുനും ഗ്രന്ഥകാരനുമായിരുന്നുവേന്നും ഹാഫിൾവ് ഇബ്നുൽ 'ഇമാദ്(റ)തന്റെ ശദറാത്തുദ്ദഹബ് 3/200ൽ പ്രസ്താവിച്ചിട്ടുണ്ട്.
ദഹബി പറയുന്നു: "ഇദ്ദേഹം യോഗ്യനും സത്യസന്ധനുമായിരുന്നു. നല്ല കയ്യെഴുത്ത് കാരനും ഗ്രന്ഥകാരനുമായ ഇദ്ദേഹം വെറുക്കപ്പെട്ട കുറേ റിപ്പോർട്ടുകളും ചെയ്തിട്ടുണ്ട്." (ദഹബിയുടെ സിയറു അ'അ്ലാമിന്നുബലാഅ് 17/384)
ചുരുക്കത്തിൽ യോഗ്യനും സത്യസന്ധനുമായ അദ്ദേഹം വെറുക്കപ്പെട്ട ഹദീസ് റിപ്പോർട്ട് ചെയ്ത ആളായിപ്പോയി എന്നത് അയോഗ്യതയല്ല. ഇമാം ബുഖാരി(റ)യുടെ റിപ്പോർട്ടർമാരിൽ പോലും വെറുക്കപ്പെട്ട റിപ്പോർട്ടുകൾ ചെയ്തവരുണ്ട്. ഖാലിദുബ്നു മഖ്ലദ്(റ) ഇതിനുദാഹരണമാണ്. മീസാനുൽ ഇ'അ്തിദാൽ 1/641 നോക്കുക. എന്നാൽ ബൈഹഖ്വി റിപ്പോർട്ട് ചെയ്ത ഈ ഹദീസ് ആ വെറുക്കപ്പെട്ട റിപ്പോർട്ടുകളിൽ പ്പെട്ടതാണെന്ന് ഒരു പണ്ഢിതനും പറഞ്ഞിട്ടില്ല. മറിച്ച് ഹദീസ് റിപ്പോർട്ടർമാരൊക്കെ ഇതിന്റെ പരമ്പര സ്വഹീഹാണെന്നാണ് പറഞ്ഞിട്ടുള്ളത്. ശർഹുൽ മുഹദ്ദബ് 4/32 നോക്കുക.
അബൂ 'അബ്ദില്ലാഹിബ്നു ഫൻജവൈഹി(റ) അറിയപ്പെടാത്ത ആളാണെന്ന് പ്രസ്താവിച്ച പുത്തൻ വാ ദിയായ മുബാറക്ഫൂരിയുടെ ധാരണ താൻ പരിശോധിച്ച നിരൂപണ ഗ്രന്ഥങ്ങളിലൊന്നും കാണാത്ത വ്യക്തി മഝൂലാണെന്നാകും. മുബാറക് ഫൂരിയുടെ ജഹാലത്താണ് യഥാർത്ഥത്തിൽ ഇവിടെ മനസ്സിലാക്കേണ്ടത്. മഝൂലാണെന്ന വാദം പൊളിഞ്ഞതോടെ അദ്ദേഹം അയോഗ്യനാണെന്നോ ഈ ഹദീസ് വെറുക്കപ്പെട്ടവയിൽ പെട്ടതാണെന്നോ വാദിക്കാനുള്ള ശ്രമവും വിഫലമായി.
എന്നാൽ എല്ലാ അടവുകളും തകർന്നു തരിപ്പണമായപ്പോൾ ഒരു പുത്തൻ മൗലവി എഴുതുന്നത് കാ ണുക: "ഈ ഹദീസിന്റെ റിപ്പോർട്ടർമാരുടെ പരമ്പരയിൽ ഒരാളായ അബൂ അബ്ദുല്ലാഹി ബ്നു ഫൻജവൈഹി അറിയപ്പെടാത്ത വ്യക്തിയാണെന്നും ഭൂരിപക്ഷം പണ്ഢിതന്മാരും അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും ഇബ്നുഹജറിൽ 'അസ്ഖലാനി(റ) നുഷുതുന്നൾവ്ര് ഫീ നുഖ്ബതിൽ ഫിക്ര് എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. പേജ് 71 (അൽ മനാർ പേജ് 131, റമൾവാൻ സ് പേഷ്യൽ 1984)
കല്ലു വെച്ച നുണയാണിത്. ഇബ്നുഹജറി(റ)ന്റെ പ്രസ്തുത കിതാബിന്റെ എഴുപത്തിയൊന്നാം പേജിൽ ഇതില്ലെന്നു മാത്രമല്ല, ആ ഗ്രന്ഥത്തിൽ തന്നെ ഒരിടത്തും പ്രസ്തുത റിപ്പോർട്ടറെ പരാമർശിച്ചിട്ടേയില്ല, പരാമർശിക്കേണ്ട കാര്യവുമില്ല, കാരണം നിരൂപണ ഗ്രന്ഥമല്ല അത്. പ്രത്യുത ഹദീസ് നിദാന ശാസ്ത്രമായ ഉസ്വൂലുൽ ഹദീസിലെ ഗ്രന്ഥമാണത്. പക്ഷേ, ഇതുണ്ടോ പാവം മൗലവികൾക്കറിയുക. എന്ന് മാ ത്രമല്ല, 150 ഓളം ഗ്രന്ഥങ്ങൾ രചിച്ച ഇബ്നുഹജർ(റ) അബൂ 'അബ്ദില്ലാഹിബ്നു ഫൻജവൈഹി(റ) അയോഗ്യനാണെന്ന് തന്റെ ഒരു ഗ്രന്ഥത്തിലും പ്രസ്താവിച്ചതായോ, ഇബ്നുഹജരിൽ 'അസ്ഖ്വലാനി(റ)യുടെ മുൻഗാമികളിലോ പിൻഗാമികളിലോ പെട്ട ഒരു ആധികാരിക പണ്ഢിതനും ഇദ്ദേഹം മഝൂലാണെന്നോ അയോഗ്യനാണെന്നോ പ്രസ്താവിച്ചതായോ തെളിയിക്കാൻ ഒരാൾക്കും കഴിയില്ല. താൻ നോക്കിയ നിരൂപണ ഗ്രന്ഥങ്ങളിലൊന്നും ഇദ്ദേഹത്തെ കാണുന്നില്ലെന്ന മുടന്തൻ ന്യായവും പറഞ്ഞ് ഇവരുടെ ആചാര്യനായ മുബാറക് ഫൂരി മാത്രമാണ് ഈ ആരോപണം ഉന്നയിച്ചതു. ഈ ന്യായം ശരിയാണെങ്കിൽ ഒരു നിരൂപണ ഗ്രന്ഥത്തിലും മുബാറക് ഫൂരിയെ പരാമർശിച്ചതായി കാണാത്തത് കൊണ്ട് അദ്ദേഹം മഝൂലാണെന്നും എന്തു കൊണ്ട് വാദിച്ചു കൂടാ. അപ്പോൾ അബൂ 'അബ്ദില്ലാഹിബ്നു ഫൻജവൈഹി(റ)യെ മജ്‌ഹൂലാക്കിയ വ്യക്തിയുടെ ജഹാലത്തു വാക്കുകൾക്ക് യാതൊരു പരിഗണനയുമില്ലെന്ന് സംക്ഷിപ്തം