ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

റമളാനും ദാനധര്‍മ്മവും

അഗതികളുടെയും അശരണരുടെയും പ്രശ്നങ്ങളറിയാൻ ശ്രമിക്കേണ്ട അവസരമാണ്‌. അവർക്ക്‌ നേരെ സഹായ ഹസ്തം നീളേണ്ടത്‌ ഏറ്റവും ആവശ്യമാണ്‌. റമളാൻ അതിനുള്ള മഹനീയ വേളയാണ്‌. കഷ്ടപ്പെടുന്നവരെ കണ്ടറിഞ്ഞ്‌ അർഹമായ സഹായമെത്തിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. ചില്ലറ നാണയത്തുട്ടുകൾ സംഭരിച്ച്‌ 'ധർമ്മിഷ്ടർ' എന്ന പേര്‌ സമ്പാദിക്കുക എന്ന ലക്ഷ്യം വെച്ച്‌ തുട്ടുകൾ പിച്ചച്ചട്ടിയിലേറിഞ്ഞ്‌ കൊടുക്കുക മാത്രം ചെയ്യുന്നവർ താൻ നൽകുന്നത അപരന്‌ ഒരു പറയത്തക്ക ഉപകാരത്തിലെത്തുന്നുണ്ടോ എന്നാലോചിക്കേണ്ടത്‌.

വിശുദ്ധിയുടെ മാസമായ റമളാൻ മുഴുവനും പാവപ്പെട്ടവരും എല്ലാവരാലും ഒറ്റപ്പെട്ടവരുമായ അഗതികളെ സഹായിക്കാനും പെണ്മക്കളെ വിവാഹം ചെയ്തയക്കാൻ കഴിയാതെ ഉറക്കം നഷ്ടപ്പെട്ട ഉമ്മമാരുടെ കണ്ണുനീരോപ്പാനും ,വിശപ്പിന്റെ കാഠിന്യം കൊണ്ട്‌ ബസിൽ നിന്ന് ചർദ്ദിക്കുന്നതിലേക്ക്‌ ആർത്തിയോടെ വായതുറന്ന് കൊടുത്ത അനേകായിരം പിഞ്ചുമക്കളിലേക്ക്‌ ഒരു നേരത്ത ഭക്ഷണമെത്തിക്കാനും, ജീവിതം മടുത്ത, കുടുംബവും സ്വന്തക്കാരും ഉപേക്ഷിച്ച്‌ മരുന്ന് വാങ്ങാൻ കഴിയാതെ സമൂഹത്തിന്റെ മുമ്പിൽ ചോദ്യ ചിഹ്നമായി ഹോസ്പിറ്റൽ കിടക്കയിൽ കഴിയുന്ന രോഗികളേയും അവശരേയും സഹായിക്കാനും ബുദ്ധിയും യോഗ്യതയുമുണ്ടായിട്ടും അയൽപക്കത്തെ ഗൾഫുകാരന്റെ മക്കൾ വിലകൂടിയ കാറുകളിലും എയർ കണ്ടീഷൻ ചെയ്ത ബസുകളിലും സ്കൂളിൽ പോകുന്നത കാണുന്ന മകൻ /മകൾ , ഉമ്മാ ഒരു രൂപ ബസിന്‌ വേണമെന്ന് പറയുമ്പോൾ എടുത്ത്‌ കൊടുക്കാനില്ലാത്തതിന്റെ പേരിൽ വിദ്യഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ പഠനത്തിന്‌ സഹായിക്കാനും അയലത്ത്‌ കോൺക്രീറ്റ്‌ സൗദങ്ങളിൽ എ.സിയുടെയുടെയും ടി.വിയുടേയും ഇന്റർ നെറ്റിന്റെയും മറ്റും ആധുനിക സുഖ സൗകര്യങ്ങളുടെ മടിത്തട്ടിൽ സുഖിച്ചാനന്ദിക്കുമ്പോൾ, ആകെയുള്ള ഏക കിടപ്പു മുറിയിൽ മഴയത്ത്‌ ചോർന്നൊലിച്ച്‌ ഉറക്കമുത്തിയ കുട്ടികളെ ഒന്ന് തല ചായ്പ്പിക്കാൻ ഇടം കാണാതെ ഭ്രാന്തനായ പിതാവിന്‌ ആശ്വാസത്തിന്റെ കിരണങ്ങളെത്തിച്ച്‌ കൊടുക്കാൻ , കാരുണ്യത്തിന്റെ നേതാവായ തിരുനബി (സ) യുടെ തൃപ്തി സമ്പാദിക്കാൻ , യുദ്ധക്കളത്തിൽ പരുക്ക്‌ പറ്റി വേദന കൊണ്ട്‌ പുളയുമ്പോൾ ഒരിറ്റ്‌ വെള്ളം കിട്ടിയാൽ ഒന്ന് നാവു നനക്കാമെന്ന് കരുതുന്ന സമയത്ത്‌ വെള്ളപ്പാത്രവുമായി കൂട്ടുകാരൻ അടുത്ത്‌ നിൽക്കുന്നത്‌ കാണുന്നു. ആർത്തിയോടേ വള്ളത്തിന്‌ കൈ നീട്ടുമ്പോഴാണ്‌ മറ്റൊരു സുഹൃത്തിന്റെ ആർത്ത നാദം കേൾക്കുന്നത്‌. എനിക്ക്‌ വേണ്ട ! എന്റെ സഹോദരനതാ വെള്ളത്തിന്‌ കെഞ്ചുന്നു. ഈ വെള്ളം അവനെത്തിച്ച്‌ കൊടുത്താലും. വെള്ളവുമായി അവിടെച്ചെന്ന് നോക്കുമ്പോൾ മറ്റൊരു സഹോദരന്റെ വിലാപം കേൾക്കുന്നു. വെള്ളം അങ്ങോട്ടെത്തിക്കാൻ ഈ സ്വഹാബിയും പറയുന്നു. അവിടെയെത്തിയപ്പോഴേക്കും ആ തേജസ പൊലിയുന്നു. തിരിച്ച്‌ രണ്ടാമത്തെയാളുടെ അടുത്ത്‌ എത്തുമ്പോഴേക്കും അദ്ധേഹവും മരണപ്പെടുന്നു. അവസാനം ആദ്യത്തെ സ്വഹാബിയുടെ അടുത്ത്‌ ചെന്നെങ്കിലും അദ്ധേഹത്തെയും മരണം കീഴടക്കുന്നു. സഹോദരന്റെ ആവശ്യത്തിന്‌ മുൻഗണന നൽകിയതിന്റെ പേരിൽ മൂന്ന് പേരും വെള്ളം കുടിക്കാതെ മരണം വരിച്ച ഈ സ്വഹാബികളുടെ പിൻഗാമികളെന്ന അർഹത ലഭിക്കാൻ , സമൂഹത്തിന്റെ വേദനകളും കഷ്ടതകളും മനസ്സിലാക്കി ,ഹൃദയങ്ങൾ തമ്മിൽ സ്നേഹിച്ച സ്വഹാബത്തിന്റെ പാത അവലംഭിക്കാൻ നമുക്കൊന്നായി റമളാനിലെ ഒഴിവ്‌ സമയങ്ങൾ റിലീഫ്‌ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാം.
ദാന ധർമ്മങ്ങൾ

കാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അനേകം നബി വചനങ്ങൾ കാണാം . ചിലത്‌ താഴെ കുറിക്കാം.

عن ابن عمر رضي الله عنهما أن رسول اله صلى الله عليه وسلم قال المسلم أخو المسلم لا يظلمه ولا يسلمه من كان في حاجة أخيه كان الله في حاجته ومن فرج عن مسلم كربة فرج الله عنه بها كربة من كرب يوم القيامة ومن ستر مسلما ستره الله يوم القيامة.
(متفق عليه)

'മുസ്‌ലിം, മുസ്‌ലിമിന്റെ സഹോദരനാണ്‌, അവൻ തന്റെ സഹോദരനെ അക്രമിക്കുകയോ നിന്ദിക്കുകയോ അരുത്‌. വല്ലവനും തന്റെ സഹോദരന്റെ ആവശ്യം നിർവ്വഹിച്ച്‌ കൊടുത്താൽ അല്ലാഹു അവന്റെ ആവശ്യം പൂർത്തീകരിച്ച്‌ കൊടുക്കുന്നതാണ്‌. വല്ലവനും ഒരു മുസ്‌ലിമിനെ ഒരു പ്രയാസത്തിൽ നിന്നും രക്ഷപ്പെടുത്തിയാൽ അല്ലാഹു അവനെ അന്ത്യദിനത്തിലെ പ്രയാസത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതാണ്‌. വല്ലവനും ഒരു മുസ്‌ലിമിന്റെ ന്യൂനത മറച്ച്‌ വെച്ചാൽ അല്ലാഹു അവന്റെ ന്യൂനത അന്ത്യദിനത്തിൽ മറച്ച്‌ വെക്കുന്നതാണ്‌. (ബുഖാരി, മുസ്‌ലിം )

عن عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم: الساعي على الأرملة والمسكين كالمجاهد في سبل الله
(متفق عليه).

'വിധവകൾക്കും അഗതികൾക്കും വേണ്ടി പ്രവർത്തിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെപോലെയാണ്‌ (ബുഖാരി, മുസ്‌ലിം )


عن أنس رضي الله عنه قال: قال رسول الله صلى الله عليه وسلم : صنائع المعروف إلى الناس تقي مصارع السوء والآفات والهلكات ، وأهل المعروف في الدنيا هم أهل المعروف في الآخرة. رواه الحاكم في المستدرك.

മനുഷ്യരിലേക്ക്‌ കാരുണ്യപ്രവർത്തനങ്ങൾ എത്തിച്ച്‌ കൊടുക്കുന്നവർ, നാശങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ദുരനുഭവങ്ങളിൽ നിന്നും സംരക്ഷിതരാകുന്നതാണ്‌. സൽ പ്രവർത്തനങ്ങളാൽ ഭൗതിക ലോകത്ത്‌ അറിയപ്പെട്ടവർ പാരത്രിക ലോകത്തും പ്രസിദ്ധരായിരിക്കും (ഹാകിം )


عن عبد الله بن عمر رضي الله عنهما أن رسول الله صلى الله عليه وسلم قال: إن لله عز وجل خلقا خلقهم لحوائج الناس يفزع الناس إليهم في حوائجهم. أولئك الآمنون غدا من عباب الله تعالى رواه الطبراني.

'നിശ്ചയം അല്ലാഹുവിന്‌ ചില സൃഷ്ടികളുണ്ട്‌. മനുഷ്യരുടെ അവശ്യനിർവ്വഹണങ്ങൾക്കായാണ്‌ അവരെ സൃഷ്ടിച്ചിരിക്കുന്നത്‌. ജനങ്ങൾ തങ്ങളുടെ ഉദ്ദേശ്യ പൂർത്തീകരണത്തിന്‌ അവരിലേക്ക്‌ ചെന്നണയും. അത്തരക്കാരാണ്‌ നാളെ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും നിർഭയർ ( ത്വബ്‌റാനി)


عن ابن عباس رضي الله عنهما عن النبي صلى الله عليه وسلم قال من مشى في حاجة أخيه كان خيرا له من اعتكاف عشر سنين
സഹോദരന്റെ അവശ്യനിർവ്വഹണത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടവന്‌ പത്ത്‌ വർഷം ഇഅ്തികാഫിരിക്കുന്നതിനേക്കാൾ പുണ്യമുണ്ട്‌ ' (ഹാകിം, ത്വബ്‌റാനി )


പ്രവാചകർ (സ) ഒരു അവസരത്തിൽ സ്വഹാബികളെ അഭിമുഖീകരിച്ച്‌ കൊണ്ട്‌ ചോദിച്ചു. ' നിങ്ങളിലാരാണ്‌ സ്വന്തം സ്വത്തിനേക്കാൾ അനന്തിരവന്റെ സ്വത്തിനെ പ്രിയം വെക്കുന്നത്‌' ? ഇത്‌ കേട്ട സ്വഹാബികൾ പ്രതിവചിച്ചു. ' ഞങ്ങളാരും സ്വന്തം സ്വത്തിനേക്കാൾ അനന്തിരവന്റെ സ്വത്തിനെ ഇഷ്ടപ്പെടുന്നില്ല' തദവസരത്തിൽ റസൂൽ (സ) അറിയിച്ചു. ' നിങ്ങൾ നല്ല മാർഗത്തിൽ ചിലവഴിച്ചത്‌ നിങ്ങളുടെ സ്വത്തും , ചിലവഴിക്കാതെ സൂക്ഷിച്ച്‌ വെക്കുന്നത്‌ അനന്തിരവന്റെ സ്വത്തുമാണ്‌ " നല്ല വഴിയിൽ ചിലവഴിക്കുന്ന സമ്പത്ത്‌ മാത്രമേ മരണ ശേഷം തനിക്കുപകരിക്കുന്നതും തന്റെതായതുമായ സ്വത്ത്‌ എന്നും നാം ചിലവഴിക്കാതെ സംഭരിച്ചു വെക്കുന്നത്‌ മരണാനന്തരം തന്റെതല്ലാതാവുകയും അനന്തിരവന്മാരൂടെ അവകാശത്തിലേക്ക്‌ മാറുകയും ചെയ്യുന്നതാണെന്നാണീ ഹദീസ നമ്മെ പഠിപ്പിക്കുന്നത്‌.

(അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍)

No comments:

Post a Comment