ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, July 13, 2011

പണ്ഡിതന്മാര്‍ എന്ത് പറയുന്നു

ഇമാം ശാഫി'ഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ്‌ എന്ന ഗ്രന്ഥം ഒന്നാം വാള്യം  204-​‍ാം പേജിൽ പറയുന്നു: "വെള്ളിയാഴ്ച രാവ്‌, വലിയ പെരുന്നാൾ രാവ്‌, ചെറിയ പെരുന്നാൾ രാവ്‌, റജബ്‌ ഒന്നാം രാവ്‌, 'അബാൻ പതിനഞ്ചാം രാവ്‌ എന്നീ അഞ്ചു രാവുകളിൽ പ്രാർഥനകൾക്ക്‌ പ്രത്യേകം ഉത്തരം ലഭിക്കും".

അല്ലാമാ ഇബ്നുഹജർ(റ) പറയുന്നു: "ഈ രാവിന്‌(ബറാഅത്‌ രാവ്‌) മഹത്തായ ശ്രേഷ്ഠതയുണ്ടെന്നത്‌ തീർച്ചയാണ്‌. അതുകൊണ്ടാണ്‌ ആ രാത്രി പ്രാർഥനക്ക്‌ ഉത്തരം ലഭിക്കുമെന്ന്‌ ഇമാംശാഫി'ഈ(റ) പ്രസ്താവിച്ചിട്ടുള്ളത്‌. ബറാഅത്‌ രാവിന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ആ രാത്രിയിലെ പ്രത്യേക നിസ്കാരത്തെപ്പറ്റി അദ്ദേഹത്തിന്‌ അഭിപ്രായ ഭിന്നതയുണ്ട്‌. ആ നിസ്കാരം ദുരാചാര മാണെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം' (ഫതാവൽ കുബ്‌റ 2/80). ഈ നിസ്കാരത്തെപ്പറ്റി ഇമാം ഗസ്സാലി(റ) തന്റെ ഇഹ്‌യാ 'ഉലൂമിദ്ദേ‍ീനിൽ വിവരിച്ചിട്ടുള്ളത്‌ ഇങ്ങനെയാണ്‌: "ആ രാത്രിയിൽ ഈരണ്ടു റക്‌'അത്തായി നൂറു റക്‌'അത്‌ നിസ്കരിക്കുക. ഓരോ റക്‌'അത്തിലും ഫാതിഹക്കുശേഷം പതിനൊന്നു പ്രാവശ്യം സൂറഃ ഇഖ്ലാസ്വ്‌ ഓതുക. ഇനി ഒരാൾ പത്തു റൿഅത്‌ നിസ്കരിക്കുകയും ഓരോ റക്‌'അത്തി ലും സൂറഃ ഇഖ്ലാസ്വ്‌ നൂറുവട്ടം ഓതുകയും ചെയ്താൽ അതിനും വിരോധമില്ല' (ഇഹ്‌യ, 1/209).

ഈ നിസ്കാരത്തെക്കുറിച്ചുള്ള ഹദീസ്‌ ബാത്വിലാണെന്ന്‌ സൈനുൽ ഇറാഖ്വി(റ) തന്റെ തഖ്‌രീജുൽ ഇഹ്‌യാ (പേജ്‌ 210) യിൽ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ ഇതിന്‌ വേറെയും നിവേദക പരമ്പരകൾ ഉണ്ടെന്നും അവയെ ഒന്നായി വിലയിരുത്തി ചിന്തിക്കുമ്പോൾ പുണ്യകർമ്മങ്ങളിൽ സ്വീകാര്യമായി എടുക്കത്തക്കനിലയിൽ ഇത്‌ ശക്തിയാർജിച്ചിട്ടു ണ്ടെന്നുമാണ്‌ മറ്റൊരു വിഭാഗം പണ്ഢിതന്മാർ പറയുന്നത്‌.

ശഅബാൻ പതിനഞ്ചാം രാവിനെ പുണ്യകർമ്മങ്ങളാൽ ഹയാത്താക്കുന്നതിൽ വിവിധ നിവേദക പരമ്പരകളിൽ വന്നിട്ടുള്ള ഹദീസുകൾ നിരവധിയുണ്ട്‌' (ഇഥാഫുസ്സാദാത്ത്‌ 3/325).

ഇത്രയും പ്രതിപാദിച്ചതിൽ നിന്നും ബറാഅത്‌ രാവിന്റെ മഹത്വത്തെപ്പറ്റി പണ്ഢിതലോകത്തിന്‌ ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്നും വല്ല അഭിപ്രായഭിന്നതയുമുണ്ടെങ്കിൽ അത്‌ ആ രാ ത്രിയിലെ പ്രത്യേക എണ്ണത്തിലും ക്രമത്തിലുമുള്ള നിസ്കാരത്തെക്കുറിച്ച്‌ മാത്രമാണെന്നും വ്യക്തമായി. ഉൽകൃഷ്ട സമയത്ത്‌ ചെയ്യപ്പെടുന്ന സൽക്കർമ്മങ്ങൾക്ക്‌ കൂടുതൽ പ്രതിഫലം ലഭിക്കുമെന്നത്‌ തർക്കമറ്റ വസ്തുതയാണ്‌. ആകയാൽ ബറാഅത്ത്‌ രാവിൽ പുണ്യകർമ്മങ്ങൾ വർദ്ധിപ്പിക്കുകയും ആ രാത്രിയെ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത നാം മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുമാണ്‌.
(അവലം‌ബം : മുസ്‌ലിം‌പാത്ത്.കോം)