ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Saturday, July 30, 2011

തറാവീഹിന്റെ ശ്രേഷ്ഠത

 
ഹാഫിൾവ്‌ അബ്ദുറസാഖ്‌(റ) 'അലി(റ)യിൽ നിന്ന്‌ നിവേദനം: "അവിടന്നരുളി. റമൾവാൻ മാസത്തി ലെ നിസ്കാരത്തിന്‌ 'ഉമറി(റ)നെ പ്രേരിപ്പിച്ചതു ഞാനായിരുന്നു. ഞാൻ 'ഉമറി(റ)നോട്‌ ഇപ്രകാരം പറഞ്ഞു കൊടുത്തു. നിശ്ചയം ഏഴാമാകാശത്തിൽ ഒരു മതിൽക്കെട്ടുണ്ട്‌. 'ഹൾവീറതുൽ ഖ്വുദ്സ്‌' എന്നാണതിന്റെ പേര്‌. അർറൂഹ്‌ എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം (മലക്കുകൾ) ആണവിടെ താമസിക്കുന്നത്‌. ലൈലതുൽഖ്വദ്‌റിന്റെ രാത്രിയായാൽ ഭൂമിയിലേക്കിറങ്ങുന്നതിനു വേണ്ടി റബ്ബിനോടവർ അനുമതി തേടുന്നു. അപ്പോൾ അല്ലാഹു അവർക്ക്‌ അനുമതി നൽകുന്നു. (റമൾവാനിൽ) നിസ്കരിക്കുന്ന ഏതൊരു വ്യക്തിക്കു വേണ്ടിയും ദു'ആ ചെയ്തിട്ടല്ലാതെ അവന്റെ അരികിലൂടെ അവർ നടക്കില്ല. അങ്ങനെ അവരുടെ പുണ്യം ഈ വ്യക്തിക്കും ലഭ്യമാകുന്നു. ഓ അബുൽ ഹസൻ!, എങ്കിൽ ഈ നിസ്കാരത്തിന്‌ ജനങ്ങളെ പ്രേരിപ്പിക്കണം. അവർക്ക്‌ ആ പുണ്യം  ലഭിക്കുന്നതിനു വേണ്ടി. അങ്ങനെ ആ വർഷം തന്നെ ജനങ്ങളോട്‌ നിസ്കാരത്തിന്‌ വേണ്ടി ഉത്തരവിട്ടു." (ഇമാം സുയൂഥ്വി(റ)യുടെ അൽ ജാമി'ഉൽ കബീർ 1/84)

ഇമാം അബൂല്ലൈസ്‌(റ) 'അലിയ്യുബ്നു അബീത്വാലിബി(റ)ൽ നിന്ന്‌ നിവേദനം: "അലി(റ) പറഞ്ഞു. നിശ്ചയം 'ഉമർ(റ) ഈ തറാവീഹ്‌ നിസ്കാരം എന്നിൽ നിന്നു കേട്ട ഒരു ഹദീസിൽ നിന്നാണ്‌ ഗ്രഹിച്ചെടുത്തത്‌. അവർ (ജനങ്ങൾ) ചോദിച്ചു. ഓ അമീറുൽ മുഅ​‍്മിനീൻ! ഏതാണ്‌ ആ ഹദീസ്‌? 'അലി(റ) പറഞ്ഞു: നബി(സ്വ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു. 'അർശിന്റെ പരിസരത്ത്‌ അല്ലാഹുവിനൊരു സ്ഥലമുണ്ട്‌. ഹളീറതുൽ ഖ്വുദ്സ്‌ എന്നാണ്‌ അതിന്റെ പേര്‌. പ്രകാശത്താൽ നിബിഢമാണിത്‌. എണ്ണമറ്റ മലകുകൾ അവിടെയുണ്ട്‌. അവർ ഒരു സമയവും തളർച്ചയില്ലാതെ അല്ലാഹുവിന്‌ 'ഇബാദത്ത്‌ ചെയ്ത്‌ കൊണ്ടേയിരിക്കുന്നു. റമൾവാനിന്റെ രാവുകളായാൽ ഭൂമിയിലേക്കിറങ്ങാനും മനുഷ്യരോടൊന്നിച്ച്‌ നിസ്കരിക്കാനും അവരുടെ റബ്ബിനോടവർ അനുമതി തേടുന്നു. അങ്ങനെ അവർ റമൾവാനിന്റെ എല്ലാ രാവുകളിലും ഭൂമിയിലേക്കിറങ്ങുന്നു. വല്ല വ്യക്തിയും അവരെ സ്പർശിക്കുകയോ അവർ അവനെ സ്പർശിക്കുകയോ ചെയ്യുന്ന പക്ഷം പിന്നീടൊരിക്കലും പരാജയപ്പെടാത്ത വിധമുള്ള വിജയത്തിൽ അവനെത്തുന്നു. ഇതുകേട്ട 'ഉമർ(റ) ഇപ്രകാരം പറഞ്ഞു. എന്നാൽ ഇതു കൊണ്ട്‌ ഏറ്റവുംകടമപ്പെട്ടവർ നാം തന്നെ. അങ്ങനെ തറാവീഹിന്‌ വേണ്ടി ജനങ്ങളെ സംഘടിപ്പിക്കുകയും തറാവീഹ്‌ നിസ്കാരത്തെ നിലനിർത്തുകയും ചെയ്തു." (അബുല്ലൈസി(റ)ന്റെ തൻബീഹ്‌, പേജ്‌ 124)

അബൂ ഇഷാഖ്വൽ ഹമദാനിയി(റ)ൽനിന്ന്‌ ഇബ്നു ശാഹീൻ(റ) നിവേദനം: "റമൾവാനിൽ നിന്നുള്ള ഒരു രാത്രിയുടെ ആദ്യസമയത്ത്‌ 'അലി(റ) (പള്ളിയിലേക്ക്‌) പുറപ്പെട്ടു. വിളക്കുകൾ അവിടെ കത്തിക്കൊണ്ടിരിക്കുകയും അല്ലാഹുവിന്റെ കിതാബ്‌ (തറാവീഹിൽ) അവിടെ പാരായണം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതു കണ്ട 'അലി(റ) ഇങ്ങനെ പറഞ്ഞു: 'ഓ ഖത്ത്വാബിന്റെ പുത്രാ!, ഖ്വുർആൻ കൊണ്ട്‌ അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ പ്രകാശിപ്പിച്ചതു പോലെ നിങ്ങളുടെ ഖ്വബറിനെ അല്ലാഹു പ്രകാശിപ്പിക്കട്ടെ.' (സുയൂഥ്വി(റ)യുടെ അൽ ജാമി'ഉൽ കബീർ 1/158, ശൈഖ്‌ 'അലാഉദ്ദേ‍ീനുൽ ഹിന്ദി (റ)യുടെ കൻസുൽ 'ഉമ്മാൽ 4/248)


തറാവീഹിലെ ജമാ'അത്‌

ഇബ്നു തൈമിയ്യ എഴുതുന്നു: "തറാവീഹ്‌ ജമാ'അത്തായി നിസ്കരിക്കലും ബിദ്‌'അതല്ല. പ്രത്യുത, ശരീ'അത്തിൽ അത്‌ സുന്നതാണ്‌. നിശ്ചയം നബി(സ്വ) റമൾവാൻ മാസത്തിലെ രണ്ട്‌ രാവുകളിൽ ജമാ'അതായി അത്‌ നിർവഹിച്ചിട്ടുണ്ട്‌. എന്നല്ല, മൂന്ന്‌ രാത്രികളിൽ. പള്ളിയിൽ വെച്ച്‌ നബി (സ്വ)യുടെ കാലഘട്ടത്തിൽ തന്നെ ജനങ്ങളും (സ്വഹാബത്‌) അത്‌ ജമാ'അത്തായി നിർവഹിച്ചിരുന്നു. അത്‌ നബി(സ്വ) അംഗീകരിക്കുകയും ചെയ്തു. നബി(സ്വ)യുടെ അംഗീകാരം സുന്നതുമാകുന്നു." (ഇഖ്തിൾവാഉസ്സ്വിറാത്വ്‌, പേജ്‌ 275)

ഇമാം അബൂദാവൂട്‌(റ), അബൂഹുറയ്‌റ(റ)വിൽ നിന്ന്‌ നിവേദനം: അവർ പറയുന്നു: "നബി(സ്വ) (ഒരു രാത്രിയിൽ) പുറപ്പെട്ടു. അപ്പോൾ കുറച്ചാളുകൾ പള്ളിയുടെ ഒരു ഭാഗത്ത്‌ വെച്ച്‌ നിസ്കരിക്കുന്നു. റമൾവാനിലാണിത്‌. ഇതു കണ്ട നബി(സ്വ) ചോദിച്ചു;   ആരാണവർ? ഇപ്രകാരം പ്രത്യുത്തരം നൽകപ്പെട്ടു. വേണ്ടത്ര ഖ്വുർആൻ അറിയാത്ത ആളുകൾ ഉബയ്യുബ്നു ക'അ​‍്ബ്‌(റ)നെ തുടർന്നു നിസ്കരിക്കുകയാണ്‌. അപ്പോൾ നബി(സ്വ) പറഞ്ഞു. അവർ സത്യമെത്തിച്ചു. അവരുടെ പ്രവർത്തനം എത്ര നല്ലത്‌." (സുനനു അബീദാവൂട്‌ 1/195)

ഈ ഹദീസ്‌ ഇമാം ബൈഹഖ്വി(റ) സുനൻ 2/495ലും ഇബ്നു ഖുസൈമ(റ) സ്വഹീഹ്‌ 1/339ലും മുഹമ്മദു ബ്നു നസ്വ്‌റ്‌(റ) ഖ്വിയാമുല്ലൈൽ പേജ്‌ 90-ലും നിവേദനം ചെയ്തിട്ടുണ്ട്‌. എന്നാൽ 'ഉമർ(റ) ആണ്‌ ഈ നിസ്കാരം ജമാ'അതായി നടപ്പിൽ വരുത്തിയതെന്ന ചിലരുടെ പരാമർശം ഇങ്ങനെ വ്യാഖ്യാനിക്കേണ്ടതാണ്‌. ഒരു ഇമാമിന്റെ കീഴിൽ വിപുലമായ ജമാ'അതായി ആദ്യം നടപ്പിൽ വരുത്തിയത്‌  'ഉമർ(റ) ആകുന്നു.

ഇമാം ശ'അ​‍്‌റാനി(റ) എഴുതുന്നു: "നബി(സ്വ) വഫാതാകുമ്പോൾ വ്യത്യസ്ത വിധേനയായിരുന്നു അവർ നിസ്കരിച്ചിരുന്നത്‌. ചിലർ തനിയെ നിസ്കരിക്കുന്നു. മറ്റുചിലർ ജമാ'അതായും. ഇതു കണ്ടപ്പോൾ 'ഉമർ(റ) പറഞ്ഞു. അല്ലാഹുവാണ്‌ സത്യം. ഞാൻ ഇവരെ ഒരു ഇമാമിന്റെ കീഴിൽ ഒരുമിച്ചുകൂട്ടിയെങ്കിൽ. അതേറ്റവും നന്നായിരുന്നു. അങ്ങനെ ഉബയ്യുബ്നു ക'അ​‍്ബി(റ)ന്റെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു." (ശ'അ​‍്‌റാനി(റ)യുടെ കശ്ഫുൽ ഗുമ്മ, 1/95)

ഇമാം സുയൂത്വി(റ) പറയുന്നു: "ജനങ്ങൾ ഒരു ഇമാമിന്റെ കീഴിൽ മുമ്പ്‌ സംഘടിച്ചിരുന്നില്ല. അവർ വ്യത്യസ്ത സമൂഹങ്ങളായിട്ടായിരുന്നു നിസ്കരിച്ചിരുന്നത്‌." (സുയൂത്വി(റ)യുടെ തൻവീറുൽ ഹവാലിക്‌, 1/104)

നൗഫലു ബ്നു ഇയാസി(റ)ൽ നിന്ന്‌ ഇബ്നു സ'അ​‍്ദ്‌(റ) നിവേദനം: "ഞങ്ങൾ 'ഉമർ(റ)വിന്റെ കാലത്ത്‌ പള്ളിയിൽ വെച്ച്‌ വിവിധ ചേരികളായി നിസ്കരിക്കുകയായിരുന്നു. ഇവിടെ കുറച്ചാളുകൾ, അവിടെ കുറച്ചാളുകൾ. നല്ല ശബ്ദമുള്ള ആളുകളിലേക്ക്‌ ജനങ്ങൾ ആകർഷിക്കുന്നു. ഇതുകണ്ട 'ഉമർ(റ) ഇപ്രകാരം പറഞ്ഞു: "അവർ ഖ്വുർആനിനെ രാഗമാക്കുന്നതായി ഞാൻ കാണുന്നു. അല്ലാഹുവാണ്‌ സത്യം. എനിക്ക്‌ സാധിക്കുന്ന പക്ഷം ഇതിന്‌ ഞാൻ മാറ്റം വരുത്തും. അങ്ങനെ മൂന്ന്‌ രാത്രി കഴിഞ്ഞപ്പോഴേക്കും ഉബയ്യുബ്നു ക'അ​‍്ബ്‌(റ) നോട്‌ നിസ്കരിക്കാൻ ആജ്ഞാപിക്കുകയും ജനങ്ങളെല്ലാം അവരെ തുടർന്നു നിസ്കരിക്കുകയും ചെയ്തു. പിൻ സ്വഫ്ഫിൽ നിന്നിരുന്ന 'ഉമർ(റ) ഇങ്ങനെ പറഞ്ഞു. അല്ലാഹുവാണ്‌ സത്യം. ഇതൊരു ബിദ്‌അതാകുന്ന പക്ഷം ഇത്‌ ഏറ്റവും നല്ല ബിദ്‌അതാണ്‌. (ത്വബഖ്വാതുബ്നി സ'അ​‍്ദ്‌ 5/59)

ഈ ഹദീസ്‌ ഇമാം ബുഖാരി (റ) ഖൽഖ്വുൽ ഖ്വുർആനിലും ജ'അ​‍്ഫറുൽ ഫിർയാബി(റ) സുനനിലും നൗഫൽ(റ) വഴിയായി തന്നെ നിവേദനം ചെയ്തത്തായി കൻസുൽ 'ഉമ്മാൽ 4/238ൽ കാണാം. അപ്പോൾ ബിദ്‌'അതെന്ന്‌ 'ഉമർ(റ) വിശേഷിപ്പിച്ചതു തറാവീഹ്‌ നിസ്കാരത്തെയോ അതിന്റെ ജമാ'അതിനെയോ സംബന്ധിച്ചല്ല. മറിച്ച്‌ ഒരു ഇമാമിന്റെ കീഴിൽ വിപുലമായ ഒറ്റ ജമാ'അതായി നടത്തുന്നതിനെ കുറിച്ചാണെന്ന്‌ വ്യക്തം. (ഔജസുൽ മസാലിക്‌ 1/391 നോക്കുക.)


ബിദ്‌'അതെന്ന പരാമർശം

ഇബ്നു തൈമിയ്യ എഴുതുന്നു: "ബിദ്‌'അതെന്ന ഈ നാമകരണം വെറും ഭാഷാപരമായ പ്രയോഗമാണ്‌. ശർ'ഇയ്യായ ബിദ്‌അതല്ല. നേരത്തെ ചെയ്തിട്ടില്ലാത്ത ഏതൊരു പ്രവൃത്തിയെക്കുറിച്ചും ഭാഷാപരമായി ബിദ്‌'അതെന്നു പറയാം. അതു കൊണ്ട്‌ മാത്രം ശർ'ഇൽ ബിദ്‌'അതാകില്ല. ശർ'ഇയ്യായ രേഖകളിലൊന്നിന്റെയും പിൻബലമില്ലാതെ ഉടലെടുത്തതിനാണ്‌ ശർ'ഇൽ ബിദ്‌'അതെന്ന്‌ പറയുന്നത്‌(ഇഖ്വ്തിൾവാഅ​‍്‌, പേജ്‌ 279).

ഒരു ഇമാമിന്റെ കീഴിൽ വിപുലമായ ജമാ'അതായി തറാവീഹ്‌ സംഘടിപ്പിച്ചതു ആദ്യമായി 'ഉമർ(റ) ആ യത്‌ കൊണ്ട്‌ ഭാഷാപരമായി അതിനെക്കുറിച്ച്‌ ബിദ്‌'അതെന്ന്‌ പരാമർശിക്കാം. എങ്കിലും നബി(സ്വ) തന്നെ ജമാഅതായി നിസ്കരിച്ചതും ജമാഅതായി സ്വഹാബാക്കൾ നിസ്കരിച്ചതിനെ നബി(സ്വ) അംഗീകരിച്ചതും നാം വിശദീകരിച്ചിട്ടുണ്ട്‌. ഇത്‌ 'ഉമർ(റ)വിന്‌ രേഖയായി ഉള്ളതു കൊണ്ട്‌ തന്നെ ശർ'ഇന്റെ സാങ്കേതികത്വത്തിൽ ഇതിനെ ബിദ്‌'അതെന്ന്‌ വിശേഷിപ്പിച്ചു കൂടെന്നാണ്‌ ഇബ്നുതൈമിയ്യ പറയുന്നത്‌. ഇക്കാര്യം ഇബ്നുതൈമിയ്യ തന്നെ തന്റെ മിൻഹാജുസ്സുന്നത്തിന്നബവിയ്യ 4/274ൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്‌. ഇപ്രകാരം ഇബ്നുഹജരിൽ ഹൈതമി(റ) ഫതാവൽ ഹദീസിയ്യ പേജ്‌ 200ലും പ്രസ്താവിച്ചതായി കാണാം.

ഇമാം ശർഖ്വാവി(റ) എഴുതുന്നു: "റമൾവാനിലെ നിസ്കാരം ഒരിക്കലും ബിദ്‌'അതല്ല. അബൂബക്ര്(റ), 'ഉമർ(റ) എന്നിവരോട്‌ എന്റെ ശേഷം നിങ്ങൾ പൈന്തുടരുക എന്ന്‌ നബി (സ്വ) പ്രസ്താവിച്ചിട്ടുണ്ട്‌. ഉമർ (റ) ചെയ്തതിന്‌ സ്വഹാബത്‌ ഇജ്മാഅ​‍്‌ ഉണ്ടായതോടെ ബിദ്‌'അതെന്ന നാമം തന്നെ ഇല്ലാതായി. അ തൊരു അവിതർക്കിതമായ കാര്യമാവുകയും ചെയ്തു" (ശർഖ്വാവി(റ)യുടെ ഫഥുൽ മുബ്ദി, 2/165).

ശൈഖ്‌ ശബീർ അഹ്മദിന്റെ വാക്കുകൾ കാണുക: "ബിദ്‌'അതെന്ന പരാമർശം തന്നെ 'ഉമർ(റ)വിൽനിന്ന്‌ അത്‌ ശരിയാകുമെങ്കിലും നമ്മെ അപേക്ഷിച്ച്‌ ആ നാമം തന്നെ തീരേ പ്രയോഗിച്ചു കൂടാ. ഭാഷാപരമെന്നോ സാങ്കേതികമെന്നോ ഉള്ള വ്യത്യാസം കൂടാതെ തന്നെ. കാരണം ഖുലഫാഉർറാശിദുകളടക്കമുള്ള സ്വഹാബതിന്റെ ചര്യയാണത്‌. അവരുടെ ചര്യയോട്‌ പിൻതുടരാനാണ്‌ നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്‌. അപ്പോൾ പിന്നെ ഖുലഫാഉർറാശിദുകളും സ്വഹാബത്‌, താബി'ഉകൾ, മുൻകാല ഇമാമുകൾ മുഴുക്കെയും ആചരിച്ചുപോന്ന ഒരുകാര്യത്തെ സംബന്ധിച്ച്‌ ബിദ്‌'അതെന്ന പ്രയോഗം അദബ്‌ കേടിൽനിന്ന്‌ മുക്തമല്ല തന്നെ." (ശബീർ അഹ്മദിന്റെ ഫഥുൽ മുൽഹിം, 2/318)