ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Saturday, July 30, 2011

തറാവീഹ്

റമളാൻ രാവുകളിൽ മാത്രമുള്ള സുന്നത്ത്‌ നിസ്കാരമാണ്‌ തറാവീഹ്‌. ഇമാം ശർഖ്വാവി(റ) പറയുന്നു: "തറാവീഹ്‌ എന്ന പദം തർവീഹത്‌ എന്ന 'അറബി പദത്തിന്റെ ബഹുവചനമാണ്‌. ഒരു പ്രാവശ്യം വിശ്രമിക്കുക എന്നതാണ്‌ തർവീഹത്തിന്റെ ഭാഷാർത്ഥം. ഈ നിസ്കാരത്തിന്റെ നാല്‌ വീതം റൿഅതുകൾക്കിടയിൽ അൽപ്പസമയം വിശ്രമിക്കാറുണ്ടായിരുന്നത്‌ കൊണ്ടാണ്‌ ഓരോ നന്നാല്‌ റൿഅത്തുകൾക്ക്‌ തർവീഹത്‌ എന്ന പേര്‌ വെക്കപ്പെട്ടത്‌." (ഫഥുൽമുബ്ദി 2/165 നോക്കുക.)

തർവീഹതിന്റെ ബഹുവചനമായ തറാവീഹ്‌ കൊണ്ടുള്ള നാമകരണം തന്നെ ഈ നിസ്കാരത്തിൽ രണ്ടിൽ കൂടുതൽ തർവീഹതുകൾ ഉണ്ടെന്ന്‌ വ്യക്തമാക്കുന്നു. അപ്പോൾ ചുരുങ്ങിയത്‌ പന്ത്രണ്ട്‌ റക്‌'അതുകളെങ്കിലും വേണം. എട്ട്‌ റക്‌'അതുകാർക്ക്‌ തറാവീഹ്‌ എന്ന നാമകരണം ചെയ്യാൻ തന്നെ ന്യായമില്ല. മറിച്ച്‌ തർവീഹതാനി എന്നായിരുന്നു പേര്‌ പറയേണ്ടിയിരുന്നത്‌.

ഈ നിസ്കാരത്തിന്‌ തറാവീഹ്‌ എന്ന നാമം സ്വഹാബതിന്റെ കാലഘട്ടത്തിൽ തന്നെ അറിയപ്പെട്ടിരുന്നു. ഹി. പതിനാലിൽ  റമളാന്‍ രാവുകളിൽ തറാവീഹ്‌ നിസ്കാരം നിലനിർത്തുന്നതിന്‌ വേണ്ടി 'ഉമർ(റ) ഉത്തരവിട്ടതായി ഇമാം മസ്‌'ഊദ് (റ)യുടെ മുറൂജുദ്ദഹബ്‌ 2/328ൽ പ്രസ്താവിച്ചിട്ടുണ്ട്‌. മുഹമ്മദുൽ ബഗ്ദാദി(റ) പറയുന്നു: "(വിപുലമായ) ജമാ'അത്തിലായി തറാവീഹ്‌ നിസ്കാരം ആദ്യമായി നടപ്പിൽ വരുത്തിയത്‌ 'ഉമർ(റ) ആയിരുന്നു." (ബഗ്ദാദി(റ)യുടെ സബാഇകുദ്ദഹബ്‌, പേജ്‌ 165)

ഇമാം അബുല്ലൈസുസ്സമർഖ്വൻദി(റ) 'അലിയ്യുബ്നു അബീത്വാലിബി(റ)ൽനിന്ന്‌ നിവേദനം: "നിശ്ചയം 'ഉമർ(റ) (ഒരു ഇമാമിന്റെ പിന്നിൽ ഒറ്റ ജമാഅത്തായി) സംഘടിപ്പിച്ച ഈ തറാവീഹ്‌ നിസ്കാരത്തിന്‌ അവലംബം എന്നിൽ നിന്ന്‌ കേട്ട ഹദീസായിരുന്നു. ഞാൻ നബി(സ്വ)യിൽനിന്ന്‌ കേട്ടതാണ്‌ പ്രസ്തുത ഹദീസ്‌." (തൻബീഹുസ്സമർഖ്വൻദി, പേജ്‌ 124)

സ്വഹാബതിന്റെ കാലത്ത്‌ തന്നെ തറാവീഹ്‌ എന്ന നാമം ഈ നിസ്കാരത്തിന്‌ പ്രസിദ്ധമായിരുന്നുവെന്നാണ്‌ 'അലിയ്യുബ്നു അബീത്വാലിബി(റ)ന്റെ ഈ വാക്ക്‌ കുറിക്കുന്നത്‌.  പുത്തൻവാദികൾ പക്ഷേ, ഇവിടെ മുസ്‌ലിംകളോട്‌ പുറംതിരിഞ്ഞുനിൽക്കുന്നു. ഇമാം ബുഖാരി(റ)യാണ്‌ തറാവീഹ്‌ എന്ന പേര്‌ കൊണ്ടുവന്നതെന്ന്‌ ഇവർ ആരോപിക്കുന്നു. ഇമാം ബുഖാരി(റ)ക്കുശേഷം പിൽക്കാല പണ്ഢിതന്മാരാണ്‌ ഈ നാമകരണം ചെയ്തതെന്നാണ്‌ മറ്റു ചിലരുടെ പക്ഷം.

ഒരു മൗലവി എഴുതുന്നു: "പരിശുദ്ധ ഖ്വുർആനിലോ തിരുസുന്നത്തിലോ തറാവീഹ്‌ എന്ന പദം പ്രയോഗിച്ച്‌ കാണാത്തതിനാൽ ഈ പദപ്രയോഗം പിൽക്കാലത്ത്‌ വന്നതാണെന്ന്‌ അനുമാനിക്കാം" (അൽമനാർ, റമളാൻ സ്പേഷ്യൽ പതിപ്പ്‌ 1984 ജൂൺ, പേജ്‌ 50).

റമളാനിൽ പ്രത്യേകമായൊരു നിസ്കാരമില്ലെന്ന്‌ വരുത്തുന്നതിന്‌ വേണ്ടി റമളാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ) പതിനൊന്ന്‌ റക്‌'അത്‌ നിസ്കരിച്ചിരുന്നുവെന്ന ഹദീസ്‌ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട്‌ ഒരു മൗലവി എഴുതുന്നു: "രാത്രി നിസ്കരിക്കുന്ന നിസ്കാരമായതിനാൽ ഖ്വിയാമുല്ലൈൽ എന്ന്‌ പറയുന്നു. ഈ നിസ്കാരം ഉറങ്ങിയതിനുശഷം നിർവഹിക്കുകയാണെങ്കിൽ തഹജ്ജുദ്‌ എന്നും അവസാനം ഒറ്റയായി നിർവഹിക്കുന്നത്‌ കൊണ്ട്‌ വിത്‌റ്‌ എന്നും വിശ്രമിക്കാനുള്ള ഇടവേള ഉളളത്‌ കൊണ്ട്‌ തറാവീഹ്‌ എന്നും പല പേരുകളിൽ വിളിക്കപ്പെടുന്നു." (അൽമനാർ, റമളാൻ സ്പേഷ്യൽ പതിപ്പ്‌ 1984 ജൂൺ, പേജ്‌ 50)

റമളാനിന്റെ രാത്രികളിൽ ഒരു പ്രത്യേക നിസ്കാരമില്ലെന്ന്‌ ചുരുക്കം. ഈ വാദം മുസ്ലിംകൾ ക്ക്‌ സ്വീകാര്യമല്ല.  ഇബ്നുതൈമിയ്യ പോലും ഈ വിഷയത്തിൽ അവരോട്‌ വിഘടിച്ചിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ വാക്കുകൾ കാണുക.

"എന്നാൽ തറാവീഹ്‌ നിസ്കാരം ശർ'ഇൽ പുതുതായി ഉടലെടുത്തത്തല്ല. പ്രത്യുത, നബി(സ്വ)യുടെ വാക്ക്‌ കൊണ്ടും പ്രവൃത്തികൊണ്ടും സ്ഥിരപ്പെട്ട സുന്നതാണത്‌. അവിടുന്ന്‌ ഇപ്രകാരം പറഞ്ഞു. നിശ്ചയം അല്ലാഹു റമൾവാൻ നോമ്പ്‌ നിങ്ങളുടെ മേൽ ഫർൾവാക്കിയിരിക്കുന്നു. റമൾവാനിന്റെ നിസ്കാരത്തെ ഞാൻ നിങ്ങൾക്ക്‌ സുന്നത്താക്കുകുയം ചെയ്തിരിക്കുന്നു." (ഇഖ്തിളാഉസ്വിറാത്വിൽ മുസ്തഖീം, പേജ്‌ 275)

ഇബ്നുതൈമിയ്യ ഉദ്ധരിച്ച ഈ ഹദീസ്‌ അബൂഹുറയ്‌റ(റ)യിൽനിന്ന്‌ ഇമാം ദാറഖ്വുത്നി(റ) നിവേദനം ചെയ്തത്തായി ഇമാം ഇബ്നുൽ 'അറബി(റ)യുടെ ശർഹുത്തിർമിദി 4/20ൽ കാണാം. അതിന്റെ നിവേദക പരമ്പരയിലുള്ളവർ യോഗ്യരാണെന്ന്‌ ഇമാം സുബ്കി(റ) തന്റെ ഫതാവ 1/158ൽ പ്രസ്താവിച്ചിട്ടുണ്ട്‌.


ഇതുപോലെ 'അബ്ദുറഹ്മാൻ(റ)ൽ നിന്ന്‌ ഹാഫിൾവ്‌ ഇബ്നു അബീശൈബ(റ) മുസ്വന്നഫ്‌ 2/392ലും ഇമാം ഇബ്നുഖുസൈമ(റ) സ്വഹീഹ്‌ 3/335ലും നിവേദനം ചെയ്തിട്ടുണ്ട്‌. ഇമാം അഹ്‌ മദുബ്നുഹമ്പൽ(റ) നിവേദനം ചെയ്തത്തായി നെയിലുൽ ഔത്വാർ 3/53ലും ഇമാം നസാഇ (റ), ഇബ്നുമാജ(റ), ബൈഹഖ്വി(റ) തുടങ്ങിയവർ നിവേദനം ചെയ്തത്തായി അദ്ദുർറുൽ മാൻ സ്വൂർ 1/184ലും കാണാം.

സൽമാൻ(റ)വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: "ശ'അ​‍്ബാനിൽ നിന്നുള്ള അവസാന ദിനത്തിൽ നബി(സ്വ) ഞങ്ങളെ ഇപ്രകാരം അഭിസംബോധന ചെയ്തു: "ഓ ജനങ്ങളേ, നിശ്ച യം ഒരു മഹത്തായ മാസം കൊണ്ട്‌ അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. പുണ്യമേറിയ മാസമാണത്‌. ആയിരം മാസങ്ങളെക്കാൾ ഉത്തമമായൊരു രാത്രി ആ മാസത്തിലുണ്ട്‌. പ്രസ്തു ത മാസത്തിൽ നോമ്പനുഷ്ഠിക്കൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. അതിന്റെ രാവുകളിൽ നിസ്കരിക്കുന്നത്‌ സുന്നതുമാക്കിയിരിക്കുന്നു."

ഈ ഹദീസ്‌ സൽമാൻ(റ)വിൽ നിന്ന്‌ ഇബ്നുഖുസൈമ(റ) സ്വഹീഹ്‌ 3/191ലും ഇമാം ബഗ്‌വി മ'ആലിമുത്തൻസീൽ 1/133ലും അബുല്ലൈസുസ്സമർഖ്വൻദി(റ) തൻബീഹ്‌ പേജ്‌ 124-ലും നിവേദനം ചെയ്തിട്ടുണ്ട്‌. ഇബ്നുഹിബ്ബാൻ(റ) നിവേദനം ച്ചേ​‍്‌യതത്തായി അത്തർഗീബു വത്തർഹീബ്‌ 2/218ലും ഇബ്നുന്നജ്ജാർ(റ) നിവേദനം ചെയ്തത്തായി കൻസുൽ 'ഉമ്മാൽ 4/323ലും അഖ്വീലി, ബൈഹഖ്വി, ഖത്വീബ്‌, ഇസ്വ്ബഹാനി(റ.ഹും.) തുടങ്ങിയവർ നിവേദനം ചെയ്തത്തായി അദ്ദുർ റുൽ മൻസ്വൂർ 1/184ലും കാണാം.

'ഉമർ(റ) ഉബയ്യുബ്നു ക'അ​‍്ബി(റ)ന്റെ നേതൃത്വത്തിൽ തറാവീഹ്‌ നിസ്കാരം ജമാ'അതായി പുനഃസംഘടിപ്പിച്ചതു സംബന്ധിച്ച്‌ ഇമാം അബൂഹനീഫ(റ)യോട്‌ ചോദിച്ചപ്പോൾ ഇപ്രകാരം മറുപടി പറഞ്ഞു: "തറാവീഹ്‌ നിസ്കാരം തീർച്ചയായും ശർ'ഇൽ ശക്തിയാർജ്ജിച്ച സുന്നതാണ്‌. 'ഉമർ(റ) സ്വന്തമായി മെനഞ്ഞെടുത്തത്തല്ല അത്‌. നബി(സ്വ)യിൽ നിന്നുള്ള ഒരു രേഖയുടെ അടിസ്ഥാനമില്ലാതെ 'ഉമർ(റ) തറാവീഹ്‌ നിസ്കാരം ഒരു ഇമാമിന്റെ കീഴിലായി സംഘടിപ്പിച്ചിട്ടില്ലെന്ന്‌ വ്യക്തം. പ്രസ്തുത സംഭവത്തിന്‌ 'ഉസ്മാൻ, 'അലി, ഇബ്നു മസ'​‍്‌ഊട്‌, 'അബ്ബാസ്‌, ഇബ്നു 'അബ്ബാസ്‌, ത്വൽഹത്‌, സുബൈർ, മു'ആദ്‌, ഉബയ്യ്‌ (റ.ഹും.) തുടങ്ങി അനവധി മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബാക്കൾ സാക്ഷികളാണ്‌. 'ഉമർ(റ) തറാവീഹ്‌ നിസ്കാരം ഒരു ഇമാമിന്റെ കീഴിൽ സംഘടിപ്പിച്ചതിന്‌ അവരാരും എതിർപ്പ്‌ പ്രകടിപ്പിച്ചിട്ടില്ല. മറിച്ച്‌ 'ഉമർ(റ)ന്‌ പൈന്തുണ പ്രഖ്യാപിക്കുകയാണ്‌ ഉണ്ടായത്‌." (ഇഥാഫ്‌ 3/417)

ഇമാം അബൂഹനീഫ(റ) ഉദ്ദേശിക്കുന്ന മേൽ പറഞ്ഞ 'രേഖ' ഇമാം സുബ്കി(റ) രേഖപ്പെടുത്തുന്നത്‌ കാണുക. ഇമാം സുബ്കി(റ) പറയുന്നു: "തൽവിഷയമായി ഹദീസുകളിൽനിന്നും പണ്ഢിതന്മാർക്കുള്ള രേഖ ഇവയാണ്‌. അബൂഹുറയ്‌റ(റ)വിൽ നിന്ന്‌ നിവേദനം. "നിശ്ചയം നബി(സ്വ) പറഞ്ഞു. വിശ്വാസത്തോടെയും പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെയും റമൾവാനിൽ ആരെങ്കിലും നിസ്കരിച്ചാൽ മുമ്പ്‌ കഴിഞ്ഞുപോയ അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും." (ബുഖാരി, മുസ്ലിം)

'ആഇശ(റ)യിൽനിന്ന്‌ നിവേദനം: "നിശ്ചയം നബി(സ്വ) (വീട്ടിൽനിന്ന്‌) പുറപ്പെട്ടു. ശേഷം പള്ളിയിൽ വെച്ചു നിസ്കരിച്ചു. നേരം പുലർന്നപ്പോൾ ജനങ്ങൾ ഇതുസംബന്ധമായി സംസാരിച്ചു. രണ്ടാം ദിവസം നേരത്തേതിലുപരി ആളുകൾ സംഘടിച്ചു. നബി    (സ്വ)യോടൊപ്പം നിസ്കരിച്ചു. പിറ്റേ ദിവസം നേരം പുലർന്നപ്പോൾ ജനങ്ങൾ ഇതുസംബന്ധമായി സംസാരിച്ചു. മൂന്നാം രാത്രി ആയപ്പോഴേക്ക്‌ പള്ളിയിൽ ജനബാഹുല്യമായി. അന്നും നബി(സ്വ) നിസ്കാരത്തിലേക്ക്‌ പുറപ്പെടുകയും ജനങ്ങൾ നബി(സ്വ)യോടൊപ്പം നിസ്കരിക്കുകയുംചെയ്തു. നാലാം രാത്രി ആയപ്പോഴേക്ക്‌ പള്ളി ജനങ്ങളെ ഉൾക്കൊള്ളാതെ വന്നു." അബൂദാവൂടി(റ)ന്റെ വാചകമാണിത്‌. ഇമാം മുസ്ലിമി(റ)ന്റെ നിവേദനവും ഏകദേശം ഇതുപോലെത്തന്നെ." (ഫതാവാ സുബ്കി 1/157)

ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി(റ)യുടെ അശ്നൽ മത്വാലിബ്‌ 1/200, ഇമാം ​‍െ'എനി(റ)യുടെ 'ഉംദതുൽ ഖ്വാരി 5/267 എന്നിവ നോക്കുക. ഇമാം സറഖ്സി(റ) പറയുന്നു: "തറാവീഹ്‌ നിസ്കാരം സുന്നതാണെന്ന്‌ മുസ്ലിം ഉമ്മത്‌ ഏകോപിച്ചിട്ടുണ്ട്‌. അഹ്ലുൽ ഖ്വിബ്ലയിൽപ്പെട്ട ആരും ഇതിനെ എതിർത്തിട്ടില്ല. റാഫിൾവികൾ മാത്രമേ എതിർത്തിട്ടുള്ളൂ." (സറഖ്സി(റ)യുടെ മബ്സൂഥ്വ്‌ 2/143) ഇത്‌ ഫതാവാ സുബ്കി 1/156ലും ഉദ്ധരിച്ചിട്ടുണ്ട്‌. "പുത്തൻ പ്രസ്ഥാനക്കാരിൽ ഏറ്റവും ദുഷ്ടനായ നള്ള്വാമിന്റെ പക്ഷം 'ഉമർ(റ) മെനഞ്ഞെടുത്തത്താണ്‌ തറാവീഹ്‌ നിസ്കാരമെന്നാണ്‌." (കിതാബുൽ ഫർക്ഖ്‌ പേജ്‌ 148 നോക്കുക.)

ചുരുക്കത്തിൽ റമൾവാനിന്റെ രാവുകളിൽ മാത്രമുള്ളതും തറാവീഹെന്ന പേരിൽ അറിയപ്പെടുന്നതുമായ പ്രത്യേക നിസ്കാരം ഹദീസുകൾ കൊണ്ട്‌ തെളിഞ്ഞതും മുസ്ലിം ലോകം ഏകോപിച്ചംഗീകരിച്ചതുമായിരിക്കെ അങ്ങനെ ഒരു പ്രത്യേക നിസ്കാരമില്ലെന്ന്‌ പറയുന്ന പുത്തൻവാദി കൾ മുസ്ലിം ലോകത്തോട്‌ പുറം തിരിഞ്ഞു നിൽക്കുന്നവരും മുൻകാല ബിദ'ഈ പ്രസ്ഥാനത്തിന്റെ നേതാവ്‌ നള്ള്വാമിന്റെയും മുസ്ലിം ലോകം അവഗണിച്ചു തള്ളിയ റാഫിൾവികളുടെയും പഴഞ്ചൻ വാദങ്ങൾ ഏറ്റുപറയുന്നവരുമാണെന്ന്‌ വ്യക്തം.