ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

നോമ്പിന്റെ ഫര്‍‌ളുകള്‍- 1


നോമ്പിനു രണ്ട്‌ നിർബന്ധ ഘടകങ്ങളുണ്ട്‌

1.നിയ്യത്ത്‌
نَوَيْتُ صَوْمَ غَدٍ عَنْ أَدٰاءِ فَرْضِ رَمَضَانَ هٰذِهِ السَّنَةِ للهِ تَعَالَى.
(ഈ കൊല്ലത്തെ റമളാൻ മാസത്തിൽ നിന്നുള്ള അദാആയ ഫർളായ നാളത്തെ നോമ്പിനെ അല്ലാഹുവിനു വേണ്ടി നോറ്റ്‌ വീട്ടുവാൻ ഞാൻ കരുതി) ഇതാണ് നിയ്യത്തിന്റെ പൂർണ്ണ രൂപം

മഗ്‌രിബിന്റെയും സുബ്‌ഹിയുടെയും ഇടക്കുള്ള ഏത്‌ സമയത്തും നിയ്യത്ത്‌ ചെയ്താൽ മതിയാവുന്നതാണ്. നിയ്യത്ത്‌ ചെയ്തതിനു ശേഷം നോമ്പ്‌ നോൽക്കുന്നില്ലെന്ന് കരുതിയാൽ വീണ്ടും നിയ്യത്ത്‌ വേണ്ടി വരുന്നതാണ്. നോമ്പിനു ഊർജ്ജം ലഭിക്കുക എന്ന ഉദ്ദേശത്തോടെ അത്താഴം കഴിച്ചത്‌ കൊണ്ട്‌ നിയ്യത്തിനു പകരം മതിയാവില്ല. വിശ്രമത്തിനോ സംസാരിക്കാനോ പള്ളിയിലിരിക്കുന്നത്‌ കൊണ്ട്‌ ഇഅ്ത്തിക്കാഫ്‌ ആവാത്തത്‌ പോലെ പള്ളിയിലിരിക്കുന്നതിനു ഇഅ്തിക്കാഫിന്റെ കൂലി ലഭിക്കണമെങ്കിൽ ആ നിയ്യത്തുണ്ടായിരിക്കണം. പകൽ നിയ്യത്ത്‌ ആവർത്തിക്കുന്നത്‌ കൊണ്ട്‌ പ്രശ്നമില്ല
രാത്രി നിയ്യത്ത്‌ ചെയ്തോ എന്ന് പകൽ സംശയിക്കുകയും നിയ്യത്ത്‌ ചെയ്തുവെന്ന് ബോധ്യമാവുകയും ചെയ്താൽ കുഴപ്പമില്ല ബോധ്യമായില്ലെങ്കിൽ നോമ്പ്‌ സാധുവല്ല

നിയ്യത്ത്‌ ഹൃദയം കൊണ്ടാണ് നാവുകൊണ്ട്‌ പറയൽ സുന്നത്താണ് മറ്റൊരാൾ ചൊല്ലുന്നത്‌ ഏറ്റ്ചൊല്ലിയത്‌ കൊണ്ട്‌ മാത്രം നിയ്യത്താവില്ല മനസിൽ കരുതുക തന്നെ വേണം

ഓരോദിവസത്തിനും അതാത്‌ രാത്രികളിൽ നിയ്യത്ത്‌ ചെയ്യണം

റമളാൻ ആദ്യ ദിവസം തന്നെ മുഴുവൻ നോമ്പുകൾക്കും ഒന്നായി നിയ്യത്ത്‌ ചെയ്താൽ ആദ്യദിവസത്തേക്ക്‌ മാത്രമേ അത്‌ മതിയാവുകയുള്ളൂ എങ്കിലും ഏതെങ്കിലും ഒരു ദിവസത്തേക്ക്‌ നിയ്യത്ത്‌ മറന്ന് പോയാൽ മാലികീ മദ്‌ഹബ്‌ അനുകരിക്കുന്ന പക്ഷം പ്രസ്തുത നിയ്യത്ത്‌ മതിയാവുന്നതാണ് ഈ സാഹചര്യത്തിൽ ഇമാം അബൂഹനീഫയെ(റ) അനുകരിക്കുകയാണെങ്കിൽ ഉച്ചക്ക്‌ മുമ്പ്‌ നിയ്യത്ത്‌ ചെയ്താലും മതിയാവും. പ്രഭാതം മുതൽ നോമ്പ്‌ മുറിയുന്ന ഒന്നും ചെയ്യരുതെന്ന് മാത്രം

ഏതെങ്കിലും ദിവസം നിയ്യത്ത്‌ വിട്ട്‌ പോകുകയും മുകളിൽ പറഞ്ഞത്പോലെയൊന്നും പാലിക്കാൻ കഴിഞ്ഞതുമില്ലെങ്കിൽ അന്ന് പകൽ നോമ്പ്കാരനെ പോലെ നിയന്ത്രണം(ഇംസാക്ക്‌) പാലിക്കുകയും പിന്നീട്‌ അത്‌ ഖളാഅ് വീട്ടുകയും വേണം

റമളാൻ നോമ്പ്‌ ,നേർച്ച നോമ്പ്‌,പ്രായശ്ചിത്ത നോമ്പ്‌ തുടങ്ങിയ എല്ലാ നിർബന്ധ നോമ്പുകൾക്കും നിയ്യത്ത്‌ രാത്രിയിലാവൽ നിർബന്ധമാണ്. ഇന്ന നോമ്പാണെന്ന് നിർണ്ണയിച്ച്‌ കരുതലും നിർബന്ധം തന്നെ സുന്നത്ത്‌ നോമ്പിനു നിയ്യത്ത്‌ ഉച്ചക്ക്‌ മുമ്പായാൽ മതി പക്ഷെ രാത്രിയിൽ നിയ്യത്ത്‌ ചെയ്തതിനു ശേഷം സുബ്‌ഹി വരെ ഭക്ഷണം കഴിക്കുക, ലൈംഗീക ബന്ധത്തിലേർപ്പെടുക തുടങ്ങിയ നോമ്പ്‌ മുറിക്കുന്ന കാര്യങ്ങൾ ചെയ്തത്‌ കൊണ്ട്‌ നിയ്യത്ത്‌ അസാധുവാകുന്നതല്ല

റമളാനിൽ പറയത്തക്ക കാരണമില്ലാതെ നോമ്പ്‌ ഉപേക്ഷിച്ചവന്ന് പകൽ ബാക്കി സമയം മുഴുവൻ ഇംസാക്ക്‌(നോമ്പിൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ട്‌ നോമ്പ്‌കാരനെ പ്പോലെ പെരുമാറൽ)ചെയ്യൽ നിർബന്ധമാണ്.

എന്നാൽ ആർത്തവമുള്ളവൾ ശുദ്ധിയാവുകയോ യാത്രക്കാരൻ യാത്ര അവസാനിപ്പിക്കുകയോ ആണെങ്കിൽ പകലിൽ ബാക്കിയുള്ള സമയം ഇംസാക്ക്‌ നിർബന്ധമില്ല ഈ ഇംസാക്ക്‌ നോമ്പല്ലെങ്കിലും പ്രതിഫലം ലഭിക്കുന്ന പുണ്യകർമ്മമാണ്.

No comments:

Post a Comment