ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, October 18, 2011

സ‌അ്യ് - ശര്‍‌ഥുകളും സുന്നത്തുകളും.

ഹജ്ജിന്റെ നിർബന്ധ കാര്യങ്ങളിൽ ഒന്നാണിത്. ഫിദ്‌യ കൊണ്ടോ മറ്റോ പരിഹരിക്കപ്പെടുന്നതല്ല. സ്വഫയിൽ നിന്ന് മർവയിലേക്കും മർവയിൽ നിന്ന് സ്വഫയിലേക്കും നടക്കുന്നതിന് സ‌അ്യ് എന്ന് പറയുന്നു. സ്വഫയിൽ നിന്ന് മർവയിലെത്തിയാൽ ഒരു സ‌അ്യ് ആയി. തിരിച്ചെത്തിയാൽ രണ്ടെണ്ണമായി.

പൂർണ്ണവും സ്വഹീഹുമായ ഖുദൂമിന്റെ ത്വവാഫിന് ശേഷം ഹജ്ജിന്റെ ഫർളായ സ‌അ്യ ചെയ്യാവുന്നതാണ്. അറഫയിൽ നിൽക്കുന്നതിനു മുമ്പ് ഏത് സമയത്തും ഖുദൂമിന്റെ ത്വവാഫ് ചെയ്യാവുന്നതാണ്. എട്ടിന് രാത്രി മിനയിലെത്തിയവർക്ക് പോലും മക്കത്ത് പോയി ഖുദൂമിന്റെ ത്വവാഫും ശേഷം ഹജ്ജിന്റെ ഫർളായ സ‌അ്യും ചെയ്യാവുന്നതാണ്. തിരക്കേറിയ ഇന്നത്തെ സാഹചര്യത്തിൽ മുൻ‌കൂട്ടി സ‌അ്യ് ചെയ്യുന്നതായിരിക്കും നല്ലത്. (മുൻ‌കൂട്ടി )ഇപ്പോൾ സ‌അ്യ് ചെയ്താൽ പിന്നീറ്റ് സ‌അ്യ് ചെയ്യാൻ പാടില്ല.
സ‌അ്യിന്റെ ശർത്വുകൾ1) ഒന്ന്,മൂന്ന് തുടങ്ങിയ ഒറ്റയായ സ‌അ്യുകൾ സ്വഫയിൽ നിന്നും ,ഇരട്ട സ‌അ്യുകൾ മർ‌വയിൽ നിന്നും തുടങ്ങുക.

2) പ്രയാണത്തിന് മറ്റ് ലക്ഷ്യങ്ങളില്ലാതിരിക്കുക. മോഷ്ടാവിന്റെ പിന്തുടരുകയോ മറ്റോ ആണെങ്കിൽ സ‌അ്യായി പരിഗണിക്കപ്പെടുന്നതല്ല.

3) നടത്തം, സ്വഫാ മർവകളുടെ താഴ്‌വരയിൽ നീളത്തിലായിരിക്കുക.

4) വഴിദൂരം പൂർണമായും പ്രാപിക്കുക

5) ഫർളിന്റെയോ ഖുദൂമിന്റെയോ ത്വവാഫിനു ശേഷമാവുക.

6) ഉറപ്പായും എഴുതവണയാവുക. വാഹനത്തിലും സ‌അ്യ് ചെയ്യാവുന്നതാണ്. എണ്ണത്തിൽ സംശയിച്ചാൽ ഉറപ്പായ എണ്ണം സ്വികരിക്കണം.


സ‌അ്യിന്റെ സുന്നത്തുകൾ :

1) സ‌അ‌‌്യ് ത്വവാഫിന്റെ ഉടനെയാവുക. (രണ്ടിനുമിടയിൽ സമയം വൈകിയാലും സാധുവാകുന്നതാണ് )

2) പുരുഷന്മാർ രണ്ട് പച്ച ലൈറ്റുകൾക്കിടയിൽ(ഉള്ള സ്ഥലത്ത്) വേഗത്തിൽ നടക്കുക.

3) ഔറത്ത് വെളിവാക്കാതിരിക്കുക.

4) വുളു ഉണ്ടായിരിക്കുക.

5) നടന്ന് കൊണ്ട് സ‌അ്യ് ചെയ്യുക

6) ദിക്‌റുകൾ ചൊല്ലുക

7) സഫ-മർവകളിൽ കയറിയാൽ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും നോക്കുകയും ചെയ്യുക എന്നിവയെല്ലാം സുന്നത്തുകളാണ്.


ഉം‌റയുടെയോ ഹജ്ജിന്റെയോ ഭാഗമായല്ലാതെ ത്വവാഫിനെപ്പോലെ സ‌അ്യ് സ്വന്തമായി ചെയ്യൽ സുന്നത്തോ പുണ്യമോ അല്ല.

സഫ-മർവയുടെ ഇടയിൽ അല്ലാഹുവിന്ന് വേണ്ടി ഹജ്ജിന്റെ / ഉം‌റയുടെ സ‌അ്യ് ഞാൻ ചെയ്യുന്നു എന്നാണ് നിയ്യത്ത്.

ഹറമിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സ‌അ്യ് ചെയ്യുന്ന സ്ഥലവും (മസ്‌അയും ) വീതി കൂട്ടിയിട്ടുണ്ട്. കഴിയുമെങ്കിൽ പഴയ സ്ഥലത്ത്കൂടെ സ‌അ്യ് ചെയ്യലായിരിക്കും നല്ലത്. (മർവയിൽ നിന്ന് സ്വഫയിലേക്ക് നടക്കുന്ന ഭാഗം മുഴുവനും പഴയതാണ് തിരക്കില്ലാത്തപ്പോൾ ഈ സ്ഥലത്തുകൂടെ തന്നെ സ്വഫയിൽ നിന്ന് മർവയിലേക്കും തിരിച്ചും നടക്കാവുന്നതാ‍ണ്. മുകളിലും അണ്ടർ ഗ്രൌണ്ടിലും ഇന്ന് സ‌അ്യിനുള്ള സൌകര്യമുണ്ട്. ഇവിടെയൊക്കെ പഴയ സ്ഥലത്തിലൂടെ സ‌അ്യ് ചെയ്യാൻ പറ്റുമോ എന്ന് നോക്കുന്നത് നല്ലതാണ് )


അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:

Post a Comment