ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, October 18, 2011

ദുൽ ഹജ്ജ് ഒമ്പത് –അറഫ

ഹജ്ജിന്റെ ദിന രാത്രങ്ങളിൽ ഏറ്റവും പുണ്ണ്യമേറിയ ദിനമാണ് ദുൽ ഹജ്ജ് ഒമ്പത് അഥവാ അറഫാ ദിനം. ഒമ്പതിന് രാവിലെ സൂര്യൻ ഉദിച്ചാൽ മിനയിൽ നിന്ന് അറഫയിലേക്ക് പുറപ്പെടണം.അറഫയിലേക്ക് പുറപ്പെടുമ്പോൾ

اَللَّهُمَّ إِلَيْكَ تَوَجَّهْتُ وَلِوَجْهِكَ الْكَـرِيمِ أَرَدتُّ فَاجْعَلْ ذَنْبِي مَغْفُورًا وَحَجِّي مَبْرُوراً وَارْحَمْنِي وَلاٰ تُخَيِّبْنِي إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ اَللَّهُمَّ اجْعَلْنِي مِمَّنْ تُبَاهِي بِهِ الْيَوْمَ مَلائِكَتِكَ الْكِرَامْ

ഈ യാത്രയിൽ തൽബിയത്ത് കഴിയുന്നത്ര വർദ്ധിപ്പിക്കുകയും ഉച്ചത്തിൽ ചൊല്ലുകയും വേണം.
ളുഹറ് ബാങ്ക് കൊടുത്തതിനു ശേഷമാണ് അറഫയിലേക് പ്രവേശിക്കേണ്ടത്. പക്ഷെ ഇന്നത്തെ തിരക്ക കാരണം ഇത് പാലിക്കാൻ കഴിയാത്തതിനാൽ ളുഹറ് അവിടെ നിസ്കരിക്കാവുന്നതാണ്.

ദീർഘയാത്രക്കാർക്ക് ളുഹറും അസറും, ജം‌ഉം ഖസ്‌റുമാക്കാവുന്നതാണ്. എന്നാൽ ഹാജിമർക്കെല്ലാവർക്കും ജം‌അ് ആക്കാമെന്ന അഭിപ്രയമനുസരിച്ച് ജം‌അ് ആക്കി നിസ്കരിച്ചാലും ശരിയാകുന്നതാണ്. ഇന്നത്തെ ജനബാഹുല്യവും വുളു ഉണ്ടാക്കാനും മറ്റുമുള്ള ബുദ്ധിമുട്ടും സമയം ലാഭിച്ച് കൂടുതൽ സമയം ദിക്‌റിലും ദുആയിലുമായി മുഴുകുന്നതീനു വേണ്ടിയും അസറിനെ ളുഹറിലേക്ക് ജം‌അ് ആക്കി നിസ്കരിക്കുന്നതായിരിക്കും ഉത്തമം

പക്ഷെ ഖസ്‌റാക്കൽ യാത്രക്കാർക്ക് മാത്രമേ അനുവദനീയമാകൂ. അറഫയിലേക്ക് ചൂരുങ്ങിയത് 82 കിലോമീറ്ററെങ്കിലുമുള്ളവർക്ക് ജം‌ഉം ഖസ്‌റുമാക്കാവുന്നതാണ്.

ഖസ്‌റാക്കുന്നവരോടു കൂടെ പൂർത്തിയാക്കി നിസ്കരിക്കുന്നവർ മ‌അ്മൂമായി നിസ്കരിക്കുന്നതിനു വിരോധമില്ല.ഇമാം സലാം വീട്ടിയതിനു ശേഷം ബാക്കിയുള്ള രണ്ട് റക്‌അത്ത് നിസ്കരിച്ചാൽ മതി.

അറഫയിലോ മിനയിലോ ജുമുഅ ശാഫി‌ഈ മദ്‌ഹബിൽ നിസ്കരിക്കാൻ പറ്റുന്നതല്ല. എന്നാൽ അസീസിയ, ഷീഷാ പോലുള്ള മിനയുടെ പുറത്തുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ജുമുഅ നിസ്കരിക്കാവുന്നതാണ്.

അറഫയിൽ ളുഹറ് നിസ്കരിച്ച ഉടനെ “അറഫയിൽ നിൽക്കുക” എന്ന പുണ്യകർമ്മത്തിൽ വ്യാപൃതനാവണം. അറഫയുടെ അതിരുകളായി അടയാളപ്പെടുത്തിയ ബോർഡുകൾക്കുള്ളിൽ എവിടെ നിന്നാലും മതിയാകുന്നതാണ്. ജബലു റഹ്‌മയുടെ താഴ് ഭാഗത്തായിരുന്നു നബി(സ.അ) നിന്നിരുന്ന സ്ഥലം. സാധിച്ചാൽ അവിടെ നിൽക്കൽ കൂടുതൽ പുണ്യമുള്ളതാണ്. ജമലു റഹ്‌മയുടെ മുകളിൽ കയറൽ പുണ്യമില്ല. നബി (സ.അ) യോ സ്വഹാബത്തോ ചെയ്തിട്ടുമില്ല.

അറഫയിലും അറഫയിലേക്ക് പോകുന്ന വഴികളിലും അപകടങ്ങളിൽ‌പെടലും കൂട്ടം തെറ്റലുമൊക്കെ സാധാരണ സംഭവങ്ങളാ‍ണിന്ന്. എന്ത് സംഭവിച്ചാലും എന്ത് വിലകൊടുത്തും അല്പ സമയമെങ്കിലും അറഫയിൽ നിൽക്കാൻ ശ്രമം നടത്തണം. അറഫ ലഭിക്കാതിരുന്നാൽ ഹജ്ജ് ലഭിക്കുകയില്ലെന്ന് ഓർക്കുക. എന്തെങ്കിലും കാരണത്താൽ ഹോസ്പിറ്റലിൽ അഡിമിറ്റാകുകയോ മറ്റോ ചെയ്താൽ സുബ്‌ഹിയുടെ മുമ്പ് ഒരല്പ സമയമെങ്കിലും അറഫയിൽ ഏതെങ്കിലും വിധേന എത്തിപ്പെടാൻ കഴിയുമോ എന്ന് നോക്കണം.
അറഫയിൽ നിൽക്കുന്നതിന് പ്രത്യേക നിയ്യത്തുകളൊന്നും ആവശ്യമില്ല. രണ്ട് കാര്യങ്ങൾ മാത്രമാണ് നിർബന്ധമുള്ളത്.

ഒന്ന് : നിശ്ചിത സമയത്തിനുള്ളിലായിരിക്കുക.

അത് ,അറഫ ദിവസം ളുഹറ് വാങ്ക് കൊടുത്ത് മുതൽ അടുത്ത സുബ്‌ഹി വാങ്ക് വരേക്കുമാണ്.
ഈ സമയത്തിനുള്ളിൽ എപ്പോഴെങ്കിലും ഒരു സെക്കന്റ് അവിടെയുണ്ടായാൽ അവനു അറഫ ലഭിയ്ക്കും

രണ്ട്: ഇബാദത്തിന് അർഹതയുള്ളവനായിരിക്കണം. കുട്ടികളുടെയും ഉറങ്ങിയവരുടെയുമൊക്കെ അറഫ ശരിയാകുന്നതാണ്. അബോധാവസ്ഥയിൽ ശരിയാകുന്നതല്ല.

അറഫയിൽ നിൽക്കൽ നഷ്ടപ്പെട്ടാൽ ഹജ്ജ് നഷ്ടപ്പെടും, ഹജ്ജിലെ സുപ്രധാന ഘടകം അറഫയാണ്. അറഫ ഹറമിൽ പെട്ടെ സ്ഥലമല്ല.

ളുഹറ് നിസ്കാരാന്തരം തൽബിയത്തിലും ദിക്‌റിലും സ്വലാത്തിലും ദുആയിലുമായി മുഴുകുകയാണ് വേണ്ടത്. തന്റെയും മാതാപിതാക്കളുടെയും കുടുംബത്തിന്റെയും ഗുരുവര്യരുടെയും സ്ഥാനങ്ങൾ വർദ്ധിക്കാനും പാപമോചനത്തിനും ഹുസ്‌നുൽ ഖാതിമത്തിനും സ്വർഗം ലഭിക്കാനുമൊക്കെ പ്രത്യേകം ദുആ ചെയ്യുക.

ഇത്രയും ശ്രേഷ്ഠതയുള്ള ഒരു ദിവസവും സ്ഥലവും വേറേ ജീവിതത്തിൽ കിട്ടുകയില്ല. അത് തികച്ചും ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. അറഫയിൽ രാവിലെ നേരത്തെയെത്തി അല്പം വിശ്രമിക്കുന്നത് അറഫയുടെ അറഫയുടെ സമയമായ ളുഹ്‌റിനു ശേഷമുള്ള സമയത്ത് കൂടുതൽ ഉന്മേഷത്തോടെ ഇബാദത്തുകളിൽ മുഴുകാൻ കഴിയും. അറഫയിൽ ഉൾപ്പെടുത്താൻ പറ്റിയ ചില ദിക്‌റുകളാണ് താഴെ. എണ്ണങ്ങൾ ക്‌ളിപ്തമല്ല. കൂട്ടുകയും കുറക്കുകയുമൊക്കെയാവാം.

No comments:

Post a Comment