ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, October 18, 2011

നിയ്യത്തിന്റെ രൂപം: ഭാഗം 1

ഹജ്ജിന്റെ നിയ്യത്ത് الإحرام النية
ഇഹ്‌റാം കൊണ്ടുദ്ദേശിക്കുന്നത് താൻ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഹജ്ജ് ചെയ്യുന്നു എന്ന കരുത്താണ്. പലരും ധരിച്ചത് പോലെ ഇഹ്‌റാമിന്റെ വസ്ത്രമോ, അത് ധരിക്കലോ അല്ല. നിയ്യത്തില്ലാതെ ഈ വസ്ത്രം ധരിക്കൽ കൊണ്ട് മാത്രം ഹജ്ജോ,ഉം‌റയോ ശരിയാവുന്നതുമല്ല. ഇഹ്‌റാമിന്റെ കുളി നിർവഹിക്കുന്നത് കൊണ്ടും ഇഹ്‌റാമിൽ നിഷിദ്ധമായ ഷർട്ട് ധരിക്കൽ പോലുള്ള കാര്യങ്ങൾ നിഷിദ്ധമാകുന്നില്ല. നിയ്യത്ത് എപ്പോഴാണോ മനസ്സിൽ കൊണ്ട് വരുന്നത് അപ്പോൾ മാത്രമേ ഇവയൊക്കെ പാലിക്കേണ്ടതുള്ളൂ. ജിദ്ദയിൽ താമസിക്കുന്നവർ തങ്ങളുടെ റൂമിൽ നിന്ന് പുറപ്പെടുമ്പോഴാണ് ഇഹ്‌റാം ചെയ്യേണ്ടത്

ഹജ്ജ് മാത്രം ഉദ്ദേശിക്കുന്നവരുടെ നിയ്യത്തിന്റെ രൂ‍പമാണ് താഴെ

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ نَوَيْتُ الْحَجَّ وَأَحْرَمْتُ بِهِ ِلله تَعَالَى ، لَبَّيْكَ اللَّهُمَّ بِحَجَّةٍ لَبَّيْك ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ
( ബിസ്മീ ചൊല്ലി ‘ഞാൻ ഹജ്ജ് ചെയ്യാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി ഞാൻ ഇഹ്‌റാമിലാവുകയും ചെയ്തു’ എന്ന് മനസ്സിൽ കരുതുകയും ശേഷം മുകളിൽ കൊടുത്ത തൽബിയത്തും സ്വലാത്തും ദുആയും ചൊല്ലുക) നിയ്യത്തിന്റെ ഉടനെ ചൊല്ലുന്ന തൽബിയത്തിൽ ,മുകളിൽ കൊടുത്തത് പോലെ ഹജ്ജ് ആണെങ്കിൽ لبيك اللهم بحجة എന്നും, ഉം‌റയാണെങ്കിൽ لبيك اللهم بعمرة എന്നും ഉൾപ്പെടുത്തൽ സുന്നത്താണ്.

ഈ നിയ്യത്തോടുകൂടെ നാം ഹജ്ജിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിക്കാതെ ഹജ്ജിൽ നിന്ന് വിരമിക്കാനോ, നിഷിദ്ധമായ കാര്യങ്ങൾ ചെയ്യാനോ പാടുള്ളതല്ല. അത് സുന്നത്തായ ഹജ്ജോ ഉം‌റയോ ആണെങ്കിലും ശരി, ഇഹ്‌റാമിൽ പ്രവേശിക്കുന്നതോടുകൂടി അത് നിർവ്വഹിക്കൽ നിർബന്ധമായിത്തീരുന്നു എന്നതാണ് കാരണം.

മറ്റൊരാൾക്ക് വേണ്ടിയാണ് ഹജ്ജ ചെയ്യുന്നതെങ്കിൽ ഇങ്ങിനെ കരുതുക (ഉദാഹരണം )
بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ نَوَيْتُ الْحَجَّ (عَنْ أُمِّي) وَأَحْرَمْتُ بِهِ (عَنْهَا) ِلله تَعَالَى ، لَبَّيْكَ اللَّهُمَّ بِحَجَّةٍ (عَنْهَا) لَبَّيْكْ ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْكْ ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ
(ബിസ്മി ചൊല്ലി, ‘ഞാൻ എന്റെ ഉമ്മാക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി ഞാൻ ഇഹ്‌റാമിലാകുകയും ചെയ്തു’ എന്ന് മനസിൽ കരുതുകയും ശേഷം മുകളിൽ കൊടുത്ത തൽബിയത്തും സ്വലാത്തും ദുആയും ചൊല്ലുക. )


കുട്ടികളെ ഹജ്ജ് ചെയ്യിപ്പിക്കുന്നവർ : വകതിരിവുള്ള കുട്ടികളാണെങ്കിൽ നമ്മുടെ സമ്മതപ്രകാരം അവരെക്കൊണ്ട് നിയ്യത്ത് ചെയ്യിപ്പിക്കുകയോ , അവർക്ക് വേണ്ടി നമുക്ക് നിയ്യത്ത് ചെയ്യാവുന്നതോ ആണ്. വകതിരിവില്ലാത്ത കുട്ടികളാണെങ്കിൽ അവർക്ക് വേണ്ടി നാം നിയ്യത്ത് ചെയ്യുക ഒരു ഉദാഹരണം കാണുക.
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ نَوَيْتُ الْحَجَّ (عَنْ ابْنِي) وَأَحْرَمْتُهُ بِهِ لله تَعَالى ، لَبَّيْكَ اللّهُمَّ بِحَجَّةٍ (عَنْهُ) لَبَّيْك ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اللهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اللهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ.
(ബിസ്മി ചൊല്ലി, ഞാൻ എന്റെ മകനെ ഹജ്ജ് ചെയ്യിപ്പിക്കാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി അവനേ ഇഹ്‌റാമില്ലാക്കുകയും ചെയ്തു.’ എന്ന് മനസ്സിൽ കരുതുകയും ശേഷം തൽബിയത്തും സ്വലാത്തും ചൊല്ലുകയും ചെയ്യുക )
ഇഹ്‌റാമിൽ പ്രവേശിച്ചുകഴിഞ്ഞാൽ പുരുഷന്മാർക്ക് തലമറക്കലും സാധാരണ രീതിയിലുള്ള വസ്ത്രം ധരിക്കലും നിഷിദ്ധമാണ്.സ്ത്രീകൾക്ക് മുഖം മറക്കലും കൈയുറ ധരിക്കലും അനുവദനീയമല്ല. സുഗന്ധം ഉപയോഗിക്കൽ, തലമുടിയിലും താടിയിലും മീശയിലും എണ്ണ ഉപയോഗിക്കൽ, മുടിയോ നഖമോ നീക്കം ചെയ്യൽ, വിവാഹ ബന്ധം നടത്തൽ, സംയോഗം, മറ്റ് ശൃംഗാരങ്ങൾ എന്നിവ ഇ‌ഹ്‌റാമിൽ സ്ത്രിക്കും പുരുഷനും ഹറാമാണ്.

ഇഹ്‌റാമിലായിരിക്കെ ഹജറുൽ അസ്‌വദ് മുത്തുമ്പോൾ അതിലുള്ള അത്തർ കൈകളിലോ ശരീരത്തിലോ പുരളുന്നത് ശ്രദ്ധിയ്ക്കണം. പരിശുദ്ധ ഹറമിൽ വെച്ചും ഇഹ്‌റാമിലായിരിക്കുമ്പോഴും കളവ്, ഗീബത്ത് പോലുള്ള നിഷിദ്ധമായ സംസാരങ്ങളും വഞ്ചന, അന്യസ്ത്രികളെ നോക്കൽ തുടങ്ങിയ നിഷിദ്ധ പ്രവർത്തനങ്ങളും വൈകാരിക സംസാരങ്ങളും പ്രത്യേകം സൂക്ഷിക്കണം. ഇഹ്‌റാമിലായിരിക്കെ ഇത്തരം ഹറാമുകൾ ചെയ്താൽ അവന്റെ ഹജ്ജ് /ഉം‌റ മബ്‌റൂറാവില്ലെന്നോർക്കുക. അല്ലാഹു കാക്കട്ടെ ആമീൻ

ഇഹ്‌റാമിലാണെങ്കിലും അല്ലെങ്കിലും ഹറമിലെ വേട്ടമൃഗങ്ങൾ, പ്രവുകൾ പോലുള്ളവയെ ഉപദ്രവിക്കാനോ ,ചെടികൾ ,മരങ്ങൾ എന്നിവ നശിപ്പിക്കാനോ പൊട്ടിക്കാനോ പാടില്ല. ഫിദ്‌യ നിർബന്ധമാകുന്ന നിഷിദ്ധങ്ങളാണിവ. എണ്ണയുള്ള ഭക്ഷണം കഴിക്കുമ്പോൾ എണ്ണ ,മീശയിലോ താടിയിലോ ആകുന്നതും സൂക്ഷിക്കണം. സുഗന്ധമുള്ള ടിഷ്യൂ, ഷാമ്പൂ, സോപ്പ് എന്നിവയും ഇഹ്‌റാമിലായിരിക്കെ ഉപയോഗിക്കാൻ പാടുള്ളതല്ല.

കുട്ടികൾ നിഷിദ്ധങ്ങളായ കാര്യങ്ങൾ ചെയ്യുന്നത് ശ്രദ്ധിയ്ക്കണം. ചെയ്താൽ പ്രായശ്ചിത്തം നിർബന്ധമാകും. ചെറിയ കുട്ടികൾക്ക് അടിവസ്ത്രം ധരിപ്പിച്ചാൽ ഹജ്ജ് സ്വഹിഹാകുമെങ്കിലും ഫിദ്‌യ നിർബന്ധമാകും.

No comments:

Post a Comment