ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 12, 2011

മദ്യപാനവും ആരോഗ്യപ്രശ്‌നങ്ങളും

കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്നുകോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടിയോളം സ്ഥിരം മദ്യാപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും ചികിത്സ ആവശ്യമുള്ള ഒരു രോഗമാണ്.

മദ്യപാനം-വിവിധ ഘട്ടങ്ങള്‍
പ്രാഥമിക ഘട്ടം: തുടക്കത്തില്‍ പാര്‍ട്ടികളിലോ വിനോദയാത്രയിലോ കുടുംബ പരിപാടിയിലോ മദ്യപാനം തുടങ്ങിവെക്കുന്നു. ലഭിക്കുന്ന ലഹരിമൂലം കാലക്രമേണ കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടുവരുന്നു. മാത്രമല്ല, ലഹരി നിലനിര്‍ത്താന്‍ വ്യക്തിക്ക് കൂടുതല്‍ അളവില്‍ മദ്യപിക്കേണ്ടിവരുന്നു.
മധ്യഘട്ടം: ഈ അവസ്ഥയില്‍ ആത്മനിയന്ത്രണം പാടെ നഷ്ടപ്പെട്ട രോഗി മദ്യപാനത്തെ സ്വയം ന്യായീകരിക്കാന്‍ സാമ്പത്തിക പ്രശ്‌നങ്ങളാലോ, കുടുംബപ്രശ്‌നങ്ങളാലോ ആണ് താന്‍ മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. കുടുംബ ബന്ധം തകരല്‍, ദാമ്പത്യബന്ധം വേര്‍പെടല്‍, ജോലി നഷ്ടപ്പെടല്‍, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണമാകുന്നു.
അവസാനഘട്ടം: ഈ ഘട്ടത്തില്‍ രോഗി ശാരീരികമായും മാനസികമായും പാടേ നശിക്കുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയില്‍, മദ്യപിക്കാന്‍ വേണ്ടി കടം വാങ്ങുക, നുണ പറയുക, കളവ് നടത്തുക എന്നിവ സ്വഭാവത്തിന്റെ ഭാഗമായി തീരുന്നു. കുടി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ കാരണം മദ്യം ഉപേക്ഷിക്കുക ഇവര്‍ക്ക് ബുദ്ധിമുട്ടായിത്തീരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍
കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന സുഖകരമായ അവസ്ഥ കഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ഏകാഗ്രത കുറയുകയും ചിന്ത പതുക്കെയാവുകയും ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരികയും ചെയ്യുന്നു. പേശീനിയന്ത്രണം കുറയുകയും സംസാരത്തിന് കുഴച്ചില്‍ ഉണ്ടാവുകയും നടത്തത്തിനും ചലനത്തിനും നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു.
മദ്യം ആമാശയത്തിന്റെയും കുടലിന്റെയും സങ്കോചവികാസങ്ങള്‍ തടസ്സപ്പെടുത്തുകയും ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുടലില്‍ പുണ്ണ്, ചെറുകുടലിലെ വ്രണങ്ങള്‍ വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. 
മദ്യം കരളിനെ ബാധിക്കുന്ന വിഷമാണ്. തുടക്കത്തില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റിലിവറും പിന്നീട് മദ്യപാനം തുടര്‍ന്നാല്‍ കരള്‍വീക്കം, മഹോദരം എന്നീ അവസ്ഥകളും ഉണ്ടാകുന്നു.

(ഡോ. പി എന്‍ സുരേഷ് കുമാര്‍
മാതൃഭൂമി ആരോഗ്യം)

No comments:

Post a Comment