ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

നോമ്പ് എന്തിനു വേണ്ടി

അല്ലാഹുവിന്റെ ശാസന മുൻ നിറുത്തി ഉണമ പ്രഭാതം മുതൽ ( فجر الصادق ) സൂ‍ര്യാസ്തമയം വരെ പ്രത്യേക കരുത്തോടുകൂടി ആഹാര പാനീയങ്ങൾ ,സംയോഗം മുതലായവ പരിത്യജിക്കുന്ന ആരാധനക്കാണ് നോമ്പ് എന്ന് പറയുന്നത്. വ്രതാനുഷ്ഠാനം ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ പൂർവ്വവേദക്കാർക്കും വിധിക്കപ്പെട്ടിരുന്നു.

അല്ലാഹുവിന്റെ ദീനായ പരിശുദ്ധ ഇസ്‌ലാം ലക്ഷ്യം വെക്കുന്ന വിശിഷ്ട യോഗ്യതകളും നേടിയെടുക്കാൻ മനുഷ്യനെ സജ്ജമാക്കുന്ന ആരാധനയാണ് നോമ്പ്. അത് കൊണ്ടാണ് പൂ‍ർവ്വീക സമുദായങ്ങൾക്കും അത് നിർബന്ധമാക്കപ്പെട്ടത്. അന്ന പാനാദികളിലും വികാര വിചാരങ്ങളിലും ഉള്ള മനുഷ്യന്റെ ആസകതിക്ക് വ്രതം കടിഞ്ഞാണിടുന്നു. ‘ നിങ്ങൾ മുത്തഖികൾ ആകാൻ വേണ്ടി’ എന്നു നോമ്പിന്റെ ലക്ഷ്യമെന്ന നിലക്ക് ഖുർ‌ആൻ സ്പഷ്ടമാക്കിയല്ലോ. മനുഷ്യന്റെ ജീവിതം ഹൃസ്വമാണെങ്കിലും അത് വിജയകരമായെങ്കിലേ അവൻ സൌഭാഗ്യംവാനും മോക്ഷം സിദ്ധിച്ചവനും ആയിത്തീരൂ. അത് ലഭിക്കാൻ സൂക്ഷ്മത അഥവാ ‘ തഖ്‌വ’ അനിവാര്യമാണ്.

ഒരു മുസ്‌ലിം അവന്റെ ജീവിതത്തിന്റെ എല്ലാ ചലനങ്ങളും സൂക്ഷമതയോടേ മാത്രമേ ചെയ്യാവൂ. അവ യഥാവിധി നിർവഹിച്ചാൽ അവന്റെ ജീവിതം വിജയകരമായി. ശരീരത്തെയും ഹൃദയത്തെയും നിയന്ത്രിക്കുക അതിന്നാവശ്യമാണ്. കുറ്റ കൃത്യങ്ങൾക്ക് വശംവദനാകുന്ന മനുഷ്യൻ ഒന്നുകിൽ അതിന്റെ ഭവിഷ്യൽഫലങ്ങൾ ഓർക്കുന്നില്ല. ഇതവന്റെ മാനസിക ദൌർബല്യം കാരണമാണുണ്ടാകുന്നത്. ഇനി ഭവിഷ്യത്ത് അറിഞ്ഞ് കൊണ്ട് തന്നെ ദുർവൃത്തികൾ ചെയ്യുന്നവരോ ? ശരീരത്തെ നിയന്ത്രിക്കുന്നതിൽ പരാജിതരാണവർ. ഈ രണ്ട് വിധം വ്യതിയാനങ്ങളിൽ നിന്നും മുക്തി നേടാനുള്ള ശക്തമായ പരിശീലനമാണ് നോമ്പ്മുഖേന മനുഷ്യൻ നേടുന്നത്.

ദരിദ്രനും ധനികനും തമ്മിലുള്ള അകൽച്ച പരിഹൃതമാകുവാൻ പര്യാപ്‌തമായ ഒരു മാ‍ധ്യമം കൂടിയാണ് വ്രതാനുഷ്ഠാനം. ജീവിതത്തിന്റെ സമുന്നതങ്ങളിൽ വിരാചിക്കുന്ന പലർക്കും തങ്ങളുടെ പരിസരങ്ങളിൽ നരകിച്ച് കഴിഞ്ഞ് കൂടുന്ന പട്ടിണിപ്പാവങ്ങളെപറ്റി ഒന്നുമറിയില്ല. പത്ത് പതിനഞ്ച് മണിക്കൂർ അന്നപാനാദികൾ വർജിച്ച് കഴിച്ച് കൂട്ടുമ്പോൾ അവർ ദാരിദ്ര്യത്തെയും ദരിദ്രന്മാരെയും മനസ്സിലാക്കും. അല്ലാഹു തങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹമായ സമ്പത്തിന്റെ ഒരു വിഹിതം ആ പാവങ്ങൾക്ക് നൽകാൻ വ്രതം അവരെ അനുസ്മരിപ്പിക്കുന്നു. സമ്പന്ന മനസ്സുകളിൽ ഇതുവഴി ദരിദ്രരോട് അനുകമ്പയും ആർദ്രതയും വളരുകയും ചെയ്യും. ഈ ദൃശ്യമായ ഒട്ടേറെ നേട്ടങ്ങൾ നോമ്പ്‌വഴി ലക്ഷ്യമാക്കുന്നു. ഇതെല്ലാം ഉൾകൊള്ളിച്ച് കൊണ്ടാണ് ‘ നിങ്ങൾ ഭക്തിയുള്ളവരാകാൻ വേണ്ടി’ എന്ന് അല്ലാഹു പറഞ്ഞത്.

ഇനി ആരോഗ്യപരമായി നോക്കിയാലും നോമ്പിന്നു പല മഹത്വങ്ങളുമുണ്ട്. വിവിധ രോഗങ്ങള്‍ക്ക് ഇന്ന് ഡോക്ടര്‍മാര്‍ ശൂപാര്‍ശ ചെയ്യുന്നത് വ്രതമാണ്. അഥവാ അന്നപാനാദികള്‍ വര്‍ജ്ജിക്കല്‍. യാതൊരു വിശ്രമവുമില്ലാതെ പ്രവര്‍ത്തിച്ച്കൊണ്ടിരിക്കുന്ന ദഹനേന്ദ്രിയങ്ങള്‍ക്ക് വ്രതം വിലപ്പെട്ട ഒരു വിശ്രമ വേളയാണ്. ക്രമാതീതമായ ഭക്ഷണവും അജീര്‍ണതയും പല രോഗികളിലും കാണാറുണ്ട്. ഇതിന്നു ഏറ്റവും സുഗമവും പ്രായോഗികവുമാ‍യ പ്രതിവിധി നോമ്പനുഷ്ടിക്കലാണെന്ന് വൈദ്യശാസ്ത്രം അം‌ഗീകരിച്ചിരിക്കുന്നു. ഇന്ന് പല സമുദായങ്ങളും വ്രതാനുഷ്ഠാനം ഒരാരാധനയായി നിര്‍വ്വഹിച്ചുവരുന്നുണ്ടെങ്കിലും അവ വ്യവസ്ഥാപിതമോ പറയത്തക്ക ഫലങ്ങള്‍ കിട്ടുന്നവയോ അല്ല. മുസ്‌ലിംകളുടെ വ്രതാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ അവമുഖേന ലഭിക്കുന്നില്ലെന്നത് അവിതര്‍ക്കിതവും സുസമ്മതവുമായ ഒരു വസ്തുതയാകുന്നു.

No comments:

Post a Comment