ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Wednesday, October 19, 2011

പുണ്യ മദീനയിലേക്ക്




അല്ലാഹുവിന്റെ ഹബീബാ‍യ സയ്യിദുനാ റസൂലുല്ലാഹി തങ്ങളുടെ പേരിൽ സ്വലാത്ത് ഉരുവിട്ട് കൊണ്ട് തുടങ്ങാം.


صَلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَزْوٰاجِكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَصْحَابِكَ يٰا سَيِّدِي يٰا رَسُولَ الله
അല്ലാഹു അവന്റെ ഹബീബിന്റെ തിരുസന്നിധിയിൽ ചെന്ന് സലാം പറയാനും അവിടുത്തെ പള്ളിയിൽ നിസ്കരിക്കുവാനും നമുക്കും നമ്മുടെ മാതാ പിതാക്കൾക്കും ഭാര്യ-മക്കൾക്കും തൌഫീഖ് നൽകട്ടെ. ആമീൻ

സത്യവിശ്വാസികളുടെ ജീവിതാഭിലാഷങ്ങളിൽ മുഖ്യമായ ഒന്നാണ് മദീനാ മുനവ്വറ സന്ദർശനം. ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ മദീനാ ശരീഫിൽ ചെന്ന് അശ്‌റഫുൽ ഖൽഖ് റസൂലുല്ലാഹി صلى الله عليه وسلم യെ സന്ദർശിക്കുന്നതിൽ അളവറ്റ പുണ്യമുണ്ട്. അത് അല്ലാഹുവിന്‌ ചെയ്യുന്ന മുഖ്യ ഇബാദത്തുകളിൽ പെട്ടതാണ്. ഇത് ഏറെ പ്രതിഫലമുള്ള സുന്നത്താണെന്ന് മുസ്‌ലിം ലോക പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം. മാലികീ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതന്മാർ അത് നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്.

തന്റെ ജീവിതത്തിൽ റസൂലുല്ലാഹി صلى الله عليه وسلم യെ നേരിൽ കാണാൻ സൌഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സത്യവിശ്വാസി അവിടുന്ന് ഹയാത്തോടെ അന്ത്യവിശ്രമം കൊള്ളുന്ന ഖബറിങ്കൽ ചെന്ന് സന്ദർശനം നടത്തി സായൂജ്യമടയുന്നു. “എന്നെ എന്റെ വിയോഗാനന്തരം ആരെങ്കിലും സന്ദർശിച്ചാൽ അവൻ എന്റെ ജീവിത കാലത്ത് എന്നെ സന്ദർശിച്ചവരെപ്പോലെയായി” എന്ന നബി صلى الله عليه وسلم യുടെ വചനം ശ്രദ്ധേയമാണ്.

അധികപേർക്കും ഹജ്ജ് യാത്രാമുഖേന ലഭ്യമാകുന്ന മഹാ സൌഭാഗ്യമാണ് മദീനാ സന്ദർശനം. ഹജ്ജ് കാലങ്ങളിലല്ലാതെയും നബി صلى الله عليه وسلم യെ സിയാറത്ത് ചെയ്യൽ സുന്നത്തുണ്ട്.
നബി صلى الله عليه وسلم യെ സിയാറത്ത് ചെയ്യുക, പരിശുദ്ധ മസ്‌ജിദുന്നബവിയിൽ നിസ്കരിക്കുക, നബി صلى الله عليه وسلم ഹറമാക്കിയ മദീനാ പട്ടണവും ചരിത്രസ്ഥാനവും ചെന്ന് കാണുക തുടങ്ങി പല ലക്ഷ്യങ്ങളും മദീന യാത്രയിലൂടെ സഫലമാകുന്നു. മദീനയിലേക്ക് യാത്ര പുറപ്പെടുമ്പോൾ നബി صلى الله عليه وسلم യുടെ സിയാറത്തോടൊപ്പം അവിടുത്തെ പള്ളിയിൽ വെച്ചുള്ള നിസ്കാരവും കരുതൽ സുന്നത്താണ്. ഹജ്ജിന് മക്കയിലെത്തുന്നവർ മദീനാ മുനവ്വറ സന്ദർശിക്കതെ തിരിച്ച് പോരൽ സത്യ വിശ്വാസിക്ക് അനുയോജ്യമല്ല.

മദീനയിലേക്കുള്ള യാത്രയിൽ പലതും സ്മരിക്കേണ്ടതുണ്ട്. തിരുനബി صلى الله عليه وسلم യും സിദ്ധീഖ് رضي الله عنه വും മുമ്പ് ഈ വഴിക്ക് മലകളും കുന്നുകളും താണ്ടി പൊരിവെയിലത്ത് കഷ്ടതകൾ സഹിച്ച് ഒട്ടകപ്പുറത്ത് നടത്തിയ ത്യാഗപൂർണ്ണമായ ഹി‌ജ്‌റയുടെ കഥ !നബി صلى الله عليه وسلم കൊച്ചുകുട്ടിയായിരുന്നപ്പോൾ മാതാവ് ആമിനാ ബീവി رضي الله عنها യൊന്നിച്ച് ഇതുവഴി മദീനയിലെ അമ്മാവന്മാരുടെ അടുത്തേക്ക് പോയ കഥ !

വഴിയിൽ അബവാ‌അ് എന്ന സ്ഥലത്ത് വെച്ച് ആറു വയസായ തിരുനബി صلى الله عليه وسلم യെ വേലക്കാരിയുടെ കയ്യിൽ ഏല്പിച്ച് ആമിനാ ബീവി رضي الله عنها അന്ത്യയാത്ര പറഞ്ഞ കഥ !

പിൽക്കാലത്ത് ജേതാവായി പന്ത്രണ്ടായിരം പടയാളികളൊന്നിച്ച് മക്കാ ഫത്‌ഹിന്ന് ഇത് വഴി കടന്നു പോയ അഭിമാനകരമായ കഥ !

ഏറ്റവുമൊടുവിൽ വിടവാങ്ങൽ പ്രസംഗം നടന്ന ഹജ്ജത്തുൽ വിദാ‌ഇലേക്ക് പതിനായരങ്ങളുടെ അകമ്പടിയോടെ നടത്തിയ ആവേശ്വോജ്ജലമായ ഹജ്ജ് യാത്രയുടെ ഐതിഹാസികമായ കഥ !..

ഈ സ്മരണകളുടെ വേലിയേറ്റത്തോടൊപ്പം പ്രിയപ്പെട്ട നബി കരീം صلى الله عليه وسلم യുടെ പേരിൽ ധാരാളം സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടായിരിക്കണം മദീനാ യാത്ര.
യാത്രയിലെ ഓരോ കാഴ്ചയും നമ്മെ അല്ലാഹുവിന്റെ ഹബീബായ റസൂലുല്ലാഹി صلى الله عليه وسلم യിലേക്ക് അടുപ്പിക്കുന്നതായിരിക്കണം. അവിടുന്നാണല്ലോ അല്ലാഹുവിലേക്കുള്ള നമ്മുടെ വഴികാട്ടി മദീനാ ശരീഫിലെത്തിയാൽ വളരെ മര്യാദയോടും ശാന്തതയോടും കൂടി വർത്തിക്കണം. ഈ പ്രദേശം മഹാനായ നബി صلى الله عليه وسلم യുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണെന്ന ഓർമ്മ വേണം. ഹിജ്‌റയിൽ നബി صلى الله عليه وسلم മദീനയിലെത്തിയപ്പോൾ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് അവിടുന്ന് മസ്ജിദുന്നബവി സ്ഥാപിച്ചത്.

നബി صلى الله عليه وسلمതങ്ങളും സ്വഹാബത്തും ചേർന്ന് നിർമ്മിച്ച പള്ളിയുടെ അന്നത്തെ വിസ്തീർണ്ണം കേവലം 33/35 ചതുരശ്രമീറ്ററായിരുന്നു. പിന്നീട് വിപുലീകരണങ്ങൾക്ക് ശേഷം നബി صلى الله عليه وسلم യുടെ വഫാത്തിന്റെ സമയത്ത് 2475 ചതുരശ്ര മീറ്റർ വ്യാപ്‌തിയുണ്ടായിരുന്നു. മസ്ജിദുന്നബവി ഇന്ന് വളരെ വിശാലമാണ്. പല ഭരണാധികാരികളും അതേറെ വികസിപ്പിച്ചിട്ടുണ്ട് മണ്മറഞ്ഞ ഖാദിമുൽ ഹറമൈനി ഫഹദ് രാജാവും (غفره الله تعالى وأسكنه فسيح جناته) ഇപ്പോഴത്തെ ഭരണാധികാരി അബ്‌ദുല്ലാ രാജാവും (حفظه الله ) നൽകിയ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം നൽകട്ടേ. മക്കയിലെ മസ്ജിദുൽ ഹറാം കഴിച്ചാൽ ലോകത്ത് ഏറ്റവും ശ്രേഷ്ഠമാ‍യ പള്ളി മസ്ജിദുന്നബവിയാണ്. നബി صلى الله عليه وسلم പറയുന്നു. ‘എന്റെ ഈ പള്ളിയിൽ വെച്ചുള്ള നിസ്കാരം മസ്ജിദുൽ ഹറാമല്ലാത്ത മറ്റു പള്ളികളിൽ വെച്ച് ആയിരം തവണാ നിസ്കരിക്കുന്നതിനു തുല്യമാണ്’ (ബുഖാരി, മൂസ്‌ലിം)

മദീനാ പള്ളിയിൽ നാല്‌പത് ജമാ‌അത്തുകളിൽ സംബന്ധിക്കുന്നതിൽ പ്രത്യേക പുണ്യമുണ്ടെന്ന് നബി صلى الله عليه وسلم അരുളിയിരിക്കുന്നു. ‘ ഒരു വഖ്തും ഒഴിവാക്കാതെ തുടർച്ചയായി നാല്‌‌പത് വഖ്‌ത് നിസ്കാരം എന്റെ പള്ളിയിൽ ആരെങ്കിലും നിസ്കരിച്ചാൽ അവരെ നരക ശിക്ഷ, കപട വിശ്വാസം എന്നിവയിൽ നിന്ന് രക്ഷപ്പെട്ടതായി എഴുതപ്പെടുന്നതാണ്’ (അഹ്‌മദ് ).

1 comment:

  1. MyFitnessPal - Merkur 34C Review - Deccasino
    I recently purchased หารายได้เสริม a Merkur 34C, a black and red model razor from Merkur. It's not 샌즈카지노 a bad razor, 메리트카지노 but it's a great option if you're looking for a

    ReplyDelete