ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, October 18, 2011

ഹജ്ജ് നിര്‍ബന്ധമാകുന്നവര്‍



بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

പ്രിയ സഹോദരന്മാരെ, സര്‍വ്വശക്തനായ അല്ലാഹു നമുക്കും മാതാപിതാക്കള്‍ക്കും ഭാര്യാ - മക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിശുദ്ധ മക്കയില്‍ ചെന്ന് മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജും ഉം‌റയും ചെയ്യാനും വിശുദ്ധ മദീനയില്‍ ചെന്ന് നബി (സ) യെ സിയാറത്ത് ചെയ്യാനും ഭാഗ്യം തന്നു അനുഗ്രഹിക്കട്ടെ آمين. പരിശുദ്ധ ഹജ്ജ് കർമ്മവുമായി ബന്ധപ്പെട്ട വിഷയങ്ങൾ /ദു‌ആ ,ദിക്‌റുകൾ എല്ലാവർക്കുമായി പോസ്റ്റ് ചെയ്യുന്നു. നാഥൻ സ്വികരിക്കുമാറാകട്ടെ آمين

ഭാഗം-01

ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള, മക്കയിലെത്തി ഹജ്ജ്, ഉം‌റ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള സ്വതന്ത്രരായ എല്ലാ മുസ്‌ലിംകള്‍ക്കും ഹജ്ജ്, ഉം‌റ എന്നിവ നിര്‍ബന്ധമാണ്.

ഹജ്ജ്, ഉം‌റ നിര്‍വ്വഹിക്കുന്നതിനുള്ള ശേഷി , ആറു കാര്യങ്ങളൊത്തുവരുമ്പോഴാണ് യാഥാര്‍ത്ഥ്യമായിത്തീരുക.
1. യാത്രയിലാവശ്യമായ ഭക്ഷണവും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമായവരുടെ തിരിച്ചുവരും വരെയുള്ള ചെലവും ലഭിക്കുക.
2. മക്കയുടെ ദൂരദിക്കിലുള്ളവര്‍ക്കും 132 കിലോമീറ്ററിനിടയില്‍ തന്നെയുള്ള നടക്കാനാകുന്നവര്‍ക്കും മക്കയിലെത്തിച്ചേരുന്നതിനാവശ്യമായ വാഹനം ലഭിക്കുക.
3. യാത്രാ ചെലവും ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കാവശ്യമായ ചെലവും വാഹനവുമെല്ലാം , അവധിയെടുത്ത കടം, താമസിക്കനുള്ള വീട് എന്നിവ കഴിച്ച് ശിഷ്ടമുള്ളതാകുക.
4. തന്റെ ശരീരം , യാത്രയിലാവശ്യമായ വസ്തുക്കള്‍ എന്നിവയെല്ലാം സുരക്ഷിതമായി എത്തിച്ചേരാന്‍ കഴിയും വിധത്തില്‍ വഴി സുരക്ഷിതമാവുക.
5. കഠിനമായി വിഷമമില്ലാതെ വാഹനത്തിലിരിക്കാ‍നും യാത്രചെയ്യാനും ആരോഗ്യമുണ്ടാവുക, വഴികാട്ടിയില്ലാത്ത അന്ധന് ഹജ്ജ് നിര്‍ബന്ധമില്ല.
6. ഈ അഞ്ച് കാര്യങ്ങളും ഒത്ത്ചേരുന്നതോടൊപ്പം മക്കയിലെത്തിച്ചേരാനുള്ള സമയവും സന്ദര്‍ഭവും ലഭിക്കുക.

വാര്‍ധക്യം നിമിത്തമോ തളര്‍വാതം കാ‍രണമോ പോകാന്‍ സാ‍ധിക്കാത്തവര്‍, അവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കാന്‍ സന്നദ്ധരായവരെ ലഭിച്ചാല്‍ നിലവാരക്കൂലി നല്‍കിയാണെങ്കില്‍ പോലും അതു നിര്‍വ്വഹിക്കാനയക്കല്‍ നിര്‍ബന്ധമാണ്. ഹജ്ജ് നിര്‍ബന്ധമുള്ളവര്‍ മരണമടഞ്ഞാല്‍ അതു ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്യപ്പെട്ടവരോ , അനന്തരാവകാശികളോ, ന്യായാധിപനോ അവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യുകയോ പ്രതിനിധികളെ അയക്കുകയോ വേണം. ചെലവെല്ലാം അനന്തര സ്വത്തില്‍ നിന്നെടുക്കേണ്ടതാണ്. വേണ്ടത്ര അനന്തര സ്വത്തോ വാടകയോ ഇല്ലെങ്കില്‍ അവര്‍ക്കതു നിര്‍ബന്ധമില്ല, എങ്കിലും സുന്നത്താണ്.

ഹജ്ജിനു പോകാന്‍ സാധിക്കുന്ന ആളുകള്‍ മക്കയില്‍ ചെന്ന് ഹജ്ജ് ചെയ്യുക തന്നെ വേണം. അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ പോയി ഹജ്ജ് ചെയ്യാന്‍ പറ്റില്ല. അശക്തര്‍, തങ്ങള്‍ക്ക് വേണ്ടി ഹജ്ജ് ഉം‌റ നിര്‍വ്വഹിക്കുന്നതിനും പ്രതിനിധികളെ അയക്കല്‍ നിര്‍ബന്ധം. അവരുടെ അനുമതിയോടെ സുന്നത്തായ ഹജ്ജിലും പ്രാതിനിധ്യം ആകാം. സുന്നത്തായ ഹജ്ജില്‍ അവന്‍ വസിയ്യത്ത് ചെയ്തെങ്കില്‍ മാത്രമേ പറ്റൂ.

ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധനകളെല്ലാം ഒത്തിണങ്ങിയവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഹജ്ജ് നിർബന്ധമുള്ളൂ.ഒരാൾക്ക് കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം, ആദിയായ സൌകര്യങ്ങൾ ലഭ്യമായിട്ടും, ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവൻ ജൂതനോ നസ്‌റാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല എന്ന നബി വചനം ഹജ്ജിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും വ്യക്തമാക്കിത്തരുന്നു. അനേകം നബിവചനങ്ങളിലും ആയത്തുകളിലും ഹജ്ജിന്റെ മഹത്വത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്‍

No comments:

Post a Comment